വാഷിംഗ്ടൺ ഡിസി: ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുകയാണെന്നും കരാറിനു സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇതിനിടെ സൗദി, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ ഇറാൻ അനുകൂലികൾ ഡ്രോൺ ആക്രമണം നടത്തി. അമേരിക്കൻ സേന ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമണം നിർത്തിവച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നതായി ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയിൽ സ്ഥിരീകരിച്ചു. ഇറാൻ നയതന്ത്രമാർഗം ഉപേക്ഷിച്ചിട്ടില്ല.
ചർച്ച വേണണെന്ന് ഇറാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ സ്വയംപ്രഖ്യാപിത വെടിനിർത്തൽ തുടരുന്നിടത്തോളം കാലം ഇറാൻ ആക്രമണം നടത്തില്ലെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്ക നിയമവിരുദ്ധ നാവിക ഉപരോധത്തിനു ശ്രമിക്കുകയാണെന്ന് ഇറേനിയൻ സൈന്യം ആരോപിച്ചു. ഇതിനു പിന്നാലെ സൗദിയിലെ പെട്രോളിയും ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിൽ. ഇവർക്ക് ഉചിതമായ തിരിച്ചടി നല്കുമെന്ന് സൗദി കൂട്ടിച്ചേർത്തു.
സൗദിയുടെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പെപ്പ്ലൈന് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതികളും അറിയിച്ചു.