പി.പി. ദിവ്യ (File Photo)
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ "കാർട്ടൺ ഇന്ത്യ' എന്ന കമ്പനിക്ക് ടെൻഡറില്ലാതെ നിർമാണകരാർ നൽകിയെന്ന കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പി.പി.ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തുടങ്ങി.
അന്വേഷണത്തിന്റെ ആദ്യപടിയെന്നോണം വിജിലൻസ് സംഘം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിലെത്തി ഫയലുകൾ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകളാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കഴിഞ്ഞദിവസം ഓഫിസിലെത്തി രേഖകൾ പിടിച്ചെടുത്തത്. ഫയലുകൾ പരിശോധിക്കുകയാണെന്നും അതിനുശേഷം തുടരന്വേഷണം നടത്തുമെന്നും വിജിലൻസ് സംഘം ദീപിക ഡോട്ട്കോമിനോട് പറഞ്ഞു.
ടെൻഡർ നൽകാതെ കാർട്ടൺ ഇന്ത്യക്ക് കരാർ നൽകുകയും 12 കോടിയിലധികം രൂപയുടെ അഴിമതി നടന്നുവെന്നുമാണ് ഷമ്മാസിന്റെ പരാതിയിൽ പറയുന്നത്. ദിവ്യയും ഭർത്താവും ബിനാമി പേരുകളിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നകാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണവുമായി പൂർണമായീ സഹകരിക്കുമെന്നും പി.പി. ദിവ്യ നേരത്തെതന്നെ പറഞ്ഞിരുന്നു.
Tags : PPDivya Vigilance Investigation Documents