പുരാനഗരമായ ട്രോയിയിൽ കണ്ടെത്തിയ എല്ലുകൊണ്ടു നിർമിച്ച ഓടക്കുഴലിന്റെ ഭാഗം..
ഗ്രീക്ക് മഹാകവി ഹോമറിന്റെ ഇതിഹാസകാവ്യങ്ങളിലെ മഹാനഗരം, 'ട്രോയി'യിൽനിന്നു കണ്ടെത്തിയ ചരിത്രശേഷിപ്പുകൾ ലോകത്തെ അദ്ഭുതപ്പെടുത്തുന്നതായി! വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ട്രോയ് നഗരാവശിഷ്ടങ്ങളിൽനിന്നു കണ്ടെത്തിയത് അത്യപൂർവമായ 'ഓടക്കുഴൽ' ആണ്! നിർമിച്ചിരിക്കുന്നതോ, 'എല്ല്' ഉപയോഗിച്ച്! മുരളികയുടെ പഴക്കം ഏകദേശം 2,800 വർഷം! മറ്റൊരു പ്രത്യേകതകൂടി ഇതിനുണ്ട്, ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങളിൽനിന്നു കണ്ടെടുക്കുന്ന ആദ്യത്തെ സംഗീതോപകരണമാണിത്!
പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച ഖനനങ്ങളിലൂടെ നിരവധി ചരിത്രവസ്തുക്കൾ പുരാവസ്തുഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. സ്വർണ കിരീടങ്ങൾ, നൂറിലേറെ ഇരട്ടപ്പിടിയുള്ള വീഞ്ഞുകപ്പുകൾ, വെങ്കലയുഗത്തിലെ അസ്ത്രങ്ങൾ, വിവിധ ആയുധങ്ങൾ തുടങ്ങിയവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
എന്നാൽ, ഓടക്കുഴലിന്റെ കണ്ടെത്തൽ ട്രോയ് ജനതയുടെ സംഗീതസംസ്കാരം വെളിപ്പെടുത്തുന്നതാണെന്നു ഗവേഷകർ പറഞ്ഞു. പുരാതന അനറ്റോലിയൻ ഗ്രന്ഥങ്ങളും മറ്റും ട്രോയിയിലെ ആചാരങ്ങളിലും സാമൂഹിക ജീവിതത്തിലും സംഗീതത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നുവെന്നു തെളിവുകൾ നൽകുന്നതാണ്. എന്നാൽ, അതിനെ സാധൂകരിക്കാൻ ഭൗതികരേഖകളൊന്നും ഇതുവരെ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇലിയഡ്-ഒഡീസി രചനാകാലം
ബിസി എട്ടാം നൂറ്റാണ്ടിലെയാണു കണ്ടെത്തിയ ഓടക്കുഴൽ. അതായത്, ഇതിഹാസകവി ഹോമർ തന്റെ ഇലിയഡും ഒഡീസിയും രചിച്ച കാലഘട്ടം. ട്രോയിയുടെ അവശിഷ്ടങ്ങളെ ഒൻപത് പാളികളായി തിരിച്ചിരിക്കുന്നു, ഇതിൽ ഓരോ പാളിയും നഗരത്തിന്റെ ചരിത്രത്തിലെ വ്യത്യസ്തമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ ട്രോയി നഗരം ഏതാണ്ട് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നാണു ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയായി പുതിയ കണ്ടെത്തൽ.
കണ്ടെത്തലിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നു ഖനനത്തിനു നേതൃത്വം കൊടുക്കുന്ന റുസ്റ്റെം അസ്ലൻ. ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനായി സംഗീതസംവിധായകൻ ലുഡ്വിഗ് ഗൊറാൻസൺ ഉപയോഗിച്ചത് പുരാതന ഗ്രീസിലെ 'ഔലോസ്' എന്ന വിൻഡ് ഇൻസ്ട്രുമെന്റിന്റെ മാതൃകയായിരുന്നു. സിനിമയിൽ ഒഡീസിയസ് കേൾക്കുന്ന സൈറണുകളുടെ ഗാനത്തിന്റെ വികാരങ്ങൾ അതേപടി പ്രതിഫലിപ്പിക്കുന്ന, ആ സംഗീതവിസ്മയത്തിന്റെ അതേ കാലഘട്ടത്തിൽ നിന്നുള്ള യഥാർഥ മുരളിക ട്രോയിയിൽനിന്നു കണ്ടെത്തിയതു ഖനന ചരിത്രത്തിലെ കൗതുകകരമായ യാദൃശ്ചികതയാണെന്ന് അസ്ലൻ പറഞ്ഞു.

4,500 വർഷം പഴക്കമുള്ള കളിമൺ ശിൽപം
ഓടക്കുഴലിനു പുറമെ, മനുഷ്യരൂപത്തിലുള്ള കളിമൺ ശിൽപത്തിന്റെ തലഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഇതിന് 4,500-ാളം വർഷം പഴക്കമുണ്ട്. മതപരമായ അല്ലെങ്കിൽ ആചാരപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതാകാം. ട്രോയ് നഗരകവാടത്തിനു സമീപത്തു നിന്നാണു ശിൽപഭാഗം ലഭിച്ചത്. വെങ്കലയുഗത്തിന്റെ തുടക്കകാലംമുതലുള്ള പ്രദേശം ബിസി 2300 ഓടെ അഗ്നിക്കിരയാകുകയായിരുന്നു.
1870-ൽ ജർമൻ വ്യവസായിയും പുരാവസ്തു ഗവേഷകനുമായ ഹെൻറിക് ഷ്ലീമാൻ ആണ് ട്രോയിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ട്രോയിയിലെ രാജാവായ പ്രിയാമിന്റെ നിധി എന്നു വിളിക്കപ്പെടുന്ന സ്വർണം, വെള്ളി ശേഖരങ്ങൾ ലഭിച്ചതും ഇവിടെ നിന്നാണ്. എന്നാൽ, ഈ അവശിഷ്ടങ്ങൾക്ക് ട്രോജൻ യുദ്ധം നടന്നതായി കരുതപ്പെടുന്ന ബിസി പതിമൂന്നാം നൂറ്റാണ്ടേക്കാൾ ആയിരം വർഷത്തോളം പഴക്കമുണ്ടായിരുന്നു എന്നാണു പിന്നീടു വ്യക്തമായത്. ഇതിഹാസങ്ങളിലെ ട്രോയ് നഗരം തിരയുന്നതിനിടയിൽ ധൃതിപിടിച്ച് ഖനനം നടത്തിയ ഷ്ലീമാൻ, വൻ നാശം വരുത്തിവച്ചത്, ചരിത്രത്തിലെ വൈപരീത്യമായി അവശേഷിക്കുന്നു.
Tags : AncientCityTroy International BoneFlute Troy Homer TheIliad TheOdyssey Archeology ScienceNews