ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം ലെയോ പതിനാലാമൻ മാർപാപ്പ തീർഥാടകരെ അഭിസംബോധന ചെയ്തപ്പോൾ
വത്തിക്കാൻ സിറ്റി: യൂറോപ്പിലുടനീളം സീറോമലബാർ സഭ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ ലെയോ പതിനാലാമൻ മാർപാപ്പ പ്രശംസിച്ചു. ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.
“സീറോമലബാർ വിശ്വാസികളെയും അവരുടെ ഇടയന്മാരെയും സ്വാഗതം ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. പ്രിയ സുഹൃത്തുക്കളേ, യൂറോപ്പിലുടനീളം നിങ്ങളുടെ സമൂഹം കൈവരിച്ച വളർച്ചയ്ക്കായി, നിങ്ങളോടൊപ്പം ചേർന്ന് ഞാനും കർത്താവിന് നന്ദി അർപ്പിക്കുകയാണ്” -മാർപാപ്പ പറഞ്ഞു.
യൂറോപ്പിലുള്ള സീറോമലബാർ സഭാ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാൻ നിയമിച്ച പ്രത്യേക സംവിധാനമായ സീറോമലബാർ സഭാ അപ്പസ്തോലിക് വിസിറ്റേഷന്‍ പത്തു വർഷം തികഞ്ഞ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഈ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്.
അപ്പസ്തോലിക് വിസിറ്റേഷന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് റോമിൽ ഇന്നലെ തുടക്കമായി. റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്തോസിയ ബസിലിക്കയിൽ സീറോമലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ഇന്നലെ ആഘോഷമായ വിശുദ്ധ കുർബാനയുണ്ടായിരുന്നു. വിശുദ്ധ കുർബാനയിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സീറോമലബാർ വിശ്വാസികൾ പങ്കെടുത്തു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന സീറോമലബാർ വിശ്വാസികൾക്ക് ആരാധനാക്രമവും പൈതൃകവും നഷ്ടപ്പെടാതെ പ്രാർഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും സൗകര്യങ്ങൾ ഒരുക്കുക, മിഷൻ കേന്ദ്രങ്ങളും പുതിയ ഇടവകകളും രൂപീകരിക്കുക എന്നിവയാണ് അപ്പസ്തോലിക് വിസിറ്റേഷന്റെ പ്രധാന ലക്ഷ്യം.
Tags : Deepika DeepikaNewspaper BreakingNews Pope praises growth of the Syro-Malabar Church