അപകടമുണ്ടാക്കിയ കാർ, ജയബാലകൃഷ്ണൻ
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍, പ്രതിയായ കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ കുടുംബം പൊലിസില്‍ പരാതി നല്‍കി. ജഡ്ജി സംഭവസ്ഥലത്തെത്തി തെളിവ് നശിപ്പിച്ചെന്നും ഇതിന് അനുയോജ്യമായ നിയമവകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. ചേരാനല്ലൂര്‍ എസ്‌എച്ച്‌ഒയ്ക്കാണ് പരാതി നല്‍കിയത്.
കോടതിയില്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി തയാറാക്കിയിരിക്കുന്നത്. പ്രധാനമായും പത്ത് കാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. അപകടം നടന്ന് ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ ജഡ്ജി സംഭവസ്ഥലത്തെത്തുകയും അവിടെ മൂന്ന് മണിക്കൂറോളം തുടരുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും നശിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പൊലിസ് സ്റ്റേഷനില്‍ ചട്ടവിരുദ്ധമായി എത്തിയ ജഡ്ജി, പൊലിസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജഡ്ജിക്കെതിരെ 238-ാം വകുപ്പ് ചുമത്തണം. കൂടാതെ, പതിനേഴുകാരന്‍ മുന്‍പും വാഹനങ്ങള്‍ ഓടിച്ചിരുന്നതിന്‍റെ ദൃശ്യങ്ങളും വിവരങ്ങളും ഉള്‍പ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാം പേജ് സംഭവത്തിന് പിന്നാലെ ഡിലീറ്റ് ചെയ്യപ്പെട്ടത് തെളിവ് നശിപ്പിക്കലിന്‍റെ ഭാഗമാണോ എന്ന് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Tags : CheranalloorAccident Evidence Judge Jayabalakrishnan Complaint Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash