പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിക്ക് തുടക്കം. വോട്ട് ബചാവോ ദേശ് ബചാവോ എന്ന മുദ്രാവാക്യം പതിപ്പിച്ച വാഹനത്തിലാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവർ രാംലീല മൈതാനിയിലേക്ക് യാത്ര തിരിച്ചത്. നാല് ബസുകളിലായി എംപിമാരും രാംലീല മൈതാനിയിലേക്ക് എത്തി.
ഡൽഹിയിലെ രാജാജി മാർഗിലുള്ള ഖാർഗെയുടെ വസതിയിൽ നിന്നുമാണ് റാലി ആരംഭിച്ചത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയ നേതാക്കളും റാലിക്കായി ഒത്തുകൂടി.
കേരള ഹൗസിൽ നിന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും പുറപ്പെട്ടത്. എഐസിസി ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും എത്തി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാർച്ചിനായി പുറപ്പെട്ടു. ദേശീയ പതാകയേന്തിയ പ്രവർത്തകരും റാലിയെ അനുഗമിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക മോക് പാർലമെന്റ് ചേർന്നിരുന്നു. ഗ്യാനേഷ് കുമാറിന്റെ പരസ്യ വിചാരണയ്ക്കായാണ് ഇന്ത്യ സഖ്യ നേതാക്കൾ ഖാർഗെയുടെ വസതിയിൽ ഒത്തുചേർന്നത്. വരും ദിവസങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായുള്ള സമരം കടുപ്പിക്കാനാണ് ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത്. റാലിയെ തുടർന്ന് ദേശീയ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.
Tags : ChaloDelhiMarch RahulGandhi ChaloDelhi DelhiRamlilaMaidan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash