ന്യൂഡൽഹി: ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിക്ക് പിന്തുണയുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ്അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറ. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത്. വോട്ടവകാശം സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി നവംബർ ഒന്നിന് രാംലീല മൈതാനത്ത് എത്തണമെന്ന് നേഹ ബോറ ജനങ്ങളോട് അഭ്യർഥിച്ചു.
കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നേഹ ബോറയുടെ പ്രതികരണം. റാലിക്ക് പാർട്ടിയുടെ പിന്തുണയുണ്ടെന്നും രാജ്യമാണ് എല്ലാത്തിനും മുകളിലെന്നും എക്സിലെ കുറിപ്പിൽ അഭിജിത് ദീപ്കെ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ചലോ ഡൽഹി മാർച്ചിൽ അണിചേരാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജനങ്ങളോട് അഭ്യർഥിച്ചു.
മാർച്ചിനിടെ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന നടപടികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് ഇത്തരം സാഹചര്യങ്ങളിൽ തന്ത്രങ്ങൾ പ്രയോഗിക്കാൻ ധൈര്യമുണ്ടാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രാഷ്ട്രീയ ചായ്വുകൾ പരിഗണിക്കാതെ വിദ്യാർഥി സംഘടനകൾ മാർച്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യവും ഉയർത്തിയാണ് ഇന്ത്യാ സഖ്യം പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ, വിദ്യാർഥി സംഘടനകളുടെ പിന്തുണയോടെ റാലി നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.