പുല്‍പ്പള്ളി പഞ്ചായത്തിലെ മഴക്കുറവ് സൂചിപ്പിക്കുന്ന ഗ്രാഫ്
കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനവും സൂപ്പര്‍ എല്‍നിനോ പ്രഭാവവും മൂലം വലിയതോതില്‍ മഴക്കുറവ് അനുഭവപ്പെടുന്ന പുല്‍പ്പള്ളി പഞ്ചായത്തിനെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിന് പ്രസിഡന്‍റ് ബിന്ദു പ്രകാശിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജലക്ഷാമത്തിന്‍റെ പിടിയിലമരുകയാണ്. ജൂണില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതോടെ പഞ്ചായത്തില്‍ വരള്‍ച്ച അനുഭവപ്പെടുകയാണ്. സെപ്റ്റംബറിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്.
സാധാരണഗതിയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലും തുടര്‍ന്നുള്ള മാസങ്ങളിലും പുല്‍പ്പള്ളിയില്‍ താരതമ്യേന ഭേദപ്പെട്ട അളവില്‍ മഴ ലഭിക്കേണ്ടതുണ്ട്.
എന്നാല്‍ ഈ വര്‍ഷം ഒക്ടോബറോടെ മഴ നിലച്ചു. ഈ കാലയളവില്‍ ലഭിച്ച മൊത്തം മഴയുടെ അളവ് സാധാരണ ലഭിക്കേണ്ട മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 65 ശതമാനത്തോളം കുറവാണ്. മഴക്കുറവും തുടര്‍ച്ചയായ വരള്‍ച്ചാദിനങ്ങളും പഞ്ചായത്തിലെ കാര്‍ഷിക മേഖലയെയും ജനജീവിതത്തെയും പ്രതിസന്ധിയിലാക്കുകയാണ്.
2022ല്‍ പുല്‍പ്പള്ളിയില്‍ മഴക്കുറവ് അനുഭവപ്പെട്ടിരുന്നു. അക്കൊല്ലം ഏപ്രിലില്‍ മഴ പെയ്തില്ല. മേയില്‍ 75.4 മില്ലി മീറ്ററും ജൂണില്‍ 54 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. ഈ സാഹചര്യം ഈ വര്‍ഷം ആവര്‍ത്തിക്കുകയാണ്. ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജിയുടെ വെതര്‍ ലാബുമായി ചേര്‍ന്ന് ശേഖരിച്ച കാലാവസ്ഥാവിവരങ്ങള്‍ പ്രകാരം പുല്‍പ്പള്ളി മേഖലയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 47 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് ഉണ്ടായാല്‍ത്തന്നെ ഒരു പ്രദേശത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. നെല്ല്, ക്ഷീരമേഖല, തോട്ടവിള മേഖലകള്‍ എന്നിവയുള്‍പ്പടെ എല്ലാ ബാധിത സമൂഹങ്ങള്‍ക്കും ദുരിതാശ്വാസം ഉറപ്പാക്കണമെന്ന ആവശ്യം നിവേദനത്തിലുണ്ട്.
ഇതിന്‍റെ പകര്‍പ്പ് കൃഷിമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുനെല്ലി പഞ്ചായത്തും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലും മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്.