Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drought

പുല്‍പ്പള്ളി പഞ്ചായത്തിനെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നതിന് നിവേദനം

കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനവും സൂപ്പര്‍ എല്‍നിനോ പ്രഭാവവും മൂലം വലിയതോതില്‍ മഴക്കുറവ് അനുഭവപ്പെടുന്ന പുല്‍പ്പള്ളി പഞ്ചായത്തിനെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിന് പ്രസിഡന്‍റ് ബിന്ദു പ്രകാശിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജലക്ഷാമത്തിന്‍റെ പിടിയിലമരുകയാണ്. ജൂണില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതോടെ പഞ്ചായത്തില്‍ വരള്‍ച്ച അനുഭവപ്പെടുകയാണ്. സെപ്റ്റംബറിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്.

സാധാരണഗതിയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലും തുടര്‍ന്നുള്ള മാസങ്ങളിലും പുല്‍പ്പള്ളിയില്‍ താരതമ്യേന ഭേദപ്പെട്ട അളവില്‍ മഴ ലഭിക്കേണ്ടതുണ്ട്.

എന്നാല്‍ ഈ വര്‍ഷം ഒക്ടോബറോടെ മഴ നിലച്ചു. ഈ കാലയളവില്‍ ലഭിച്ച മൊത്തം മഴയുടെ അളവ് സാധാരണ ലഭിക്കേണ്ട മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 65 ശതമാനത്തോളം കുറവാണ്. മഴക്കുറവും തുടര്‍ച്ചയായ വരള്‍ച്ചാദിനങ്ങളും പഞ്ചായത്തിലെ കാര്‍ഷിക മേഖലയെയും ജനജീവിതത്തെയും പ്രതിസന്ധിയിലാക്കുകയാണ്.

2022ല്‍ പുല്‍പ്പള്ളിയില്‍ മഴക്കുറവ് അനുഭവപ്പെട്ടിരുന്നു. അക്കൊല്ലം ഏപ്രിലില്‍ മഴ പെയ്തില്ല. മേയില്‍ 75.4 മില്ലി മീറ്ററും ജൂണില്‍ 54 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. ഈ സാഹചര്യം ഈ വര്‍ഷം ആവര്‍ത്തിക്കുകയാണ്. ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജിയുടെ വെതര്‍ ലാബുമായി ചേര്‍ന്ന് ശേഖരിച്ച കാലാവസ്ഥാവിവരങ്ങള്‍ പ്രകാരം പുല്‍പ്പള്ളി മേഖലയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 47 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് ഉണ്ടായാല്‍ത്തന്നെ ഒരു പ്രദേശത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. നെല്ല്, ക്ഷീരമേഖല, തോട്ടവിള മേഖലകള്‍ എന്നിവയുള്‍പ്പടെ എല്ലാ ബാധിത സമൂഹങ്ങള്‍ക്കും ദുരിതാശ്വാസം ഉറപ്പാക്കണമെന്ന ആവശ്യം നിവേദനത്തിലുണ്ട്.

ഇതിന്‍റെ പകര്‍പ്പ് കൃഷിമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുനെല്ലി പഞ്ചായത്തും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലും മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്.

Kerala

വേനൽ ചൂടും വരൾച്ചയും; കൃഷി കരിഞ്ഞുണങ്ങുന്നു

കോട്ടയം: വേനൽ ചൂടിൽ ജില്ലയിൽ പലയിടത്തും കൃഷികൾ ഉണങ്ങി നശിക്കുന്നു. കടുത്ത ചൂടിൽ പുഴ, തോട്, കിണർ ഉൾപ്പെടെ വറ്റി വരണ്ടുതുടങ്ങിയതിനു പുറമേയാണു കൃഷികൾ ഉണങ്ങി നശിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കർഷകരുടെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.

വാഴ, കാപ്പി, കുരുമുളക്, ഏലം, ജാതി, കൊക്കോ അടക്കമുള്ള കൃഷികളാണ് ഉണക്കു ബാധിച്ചു കരിഞ്ഞു നശിക്കുന്നത്. സാധാരണ വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകൾക്കും ഇത്തവണത്തെ കൊടുംചൂടിൽ പിടിച്ചു നിൽക്കാനാകുന്നില്ല. കമുകു കർഷകരും പ്രതിസന്ധിയിലാണ്.

ലക്ഷങ്ങൾ വായ്പ എടുത്ത് രാപ്പകൽ അധ്വാനിച്ച് വളർത്തിയെടുത്ത വാഴകൾ കുല വെട്ടുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥയിലാണ് വാഴ കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വെള്ളമില്ലാതെ വന്നതോടെയാണ് വാഴക്കുലകൾ വിളയുന്നതിന് മുൻപ് തന്നെ വാഴകൾ ഒടിഞ്ഞ് വീഴുന്നതെന്ന് കർഷകർ പറയുന്നു.

വിവിധ ബാങ്കുകളിൽ നിന്നായി ലക്ഷത്തോളം രൂപ വായ്പയെടുത്ത് വാഴക്കൃഷി നടത്തിവരുന്ന കർഷകരും പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളിൽ വേനൽ ഉണ്ടാകുമെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ ഇത്തവണ മഴ പെയ്യാതെ വന്നതിനാൽ വാഴകൾ ഭൂരിഭാഗവും കുലച്ചതിനുശേഷം ഒടിഞ്ഞു പോവുകയാണ് ചെയ്തത്.

വാഴയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ വാഴ ഒടിയുന്നതിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വേനൽ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണ ഹൈറേഞ്ചിലെ കർഷകരും നേരിടുന്നത്.

നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. എല്ലാ വിളകളും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് തെങ്ങുകളെ വരെ വരൾച്ച ബാധിച്ചു. ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിഗ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി.

ക്ഷീര കർഷകരും പ്രതിസന്ധിയിൽ

വയലുകളിലെ കുളങ്ങൾ വറ്റിയതും പുല്ല് കരിഞ്ഞുണങ്ങിയതും പോത്ത് വളർത്തുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൂട് കാരണം പാൽ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ കാലിത്തീറ്റയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ് ക്ഷീര കർഷകർ.

പുഴയിൽ വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്തെ കർഷകർക്കു മാത്രമാണ് അൽപ്പമാശ്വസമുള്ളത്. മഴ നേരത്തെ എത്തിയില്ലെങ്കിൽ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും.

Latest News

Corehub Up