പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നു നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലിക്കെതിരേ കോൺഗ്രസിനെ ലക്ഷ്യമിട്ടു സിക്ക് വിരുദ്ധ കലാപബാധിതരുടെ മാർച്ച് സംഘടിപ്പിച്ചു രാഷ്ട്രീയ പ്രത്യാക്രമണം നടത്താൻ ബിജെപി.
കോൺഗ്രസ് നേതൃത്വം നൽകുന്ന റാലിയെ പ്രതിരോധിക്കാൻ സിക്ക് സമൂഹത്തെ മുൻനിർത്തി ഡൽഹിയിലുടനീളം പ്രതിഷേധ പ്രകടനങ്ങളും മാർച്ചുകളും പൊതുയോഗങ്ങളും നടത്താനാണു ബിജെപിയുടെ പദ്ധതി.
1984ലെ സംഭവങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും കലാപത്തിൽ കോൺഗ്രസ് കൈക്കൊണ്ട നിലപാടുകളെ ചോദ്യം ചെയ്യാനുമാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി വ്യക്തമാക്കി. പടിഞ്ഞാറൻ ഡൽഹിയിലെ ഹരിനഗറിലാണ് ഇന്നു പ്രധാന പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിക്ക് അംഗരക്ഷകരുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നവംബർ ഒന്നുമുതൽ മൂന്നുവരെ രാജ്യത്ത് സിക്ക് വിരുദ്ധ കലാപമുണ്ടായത്.
കലാപബാധിതരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മാർച്ചിലൂടെ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും ബിജെപി ലക്ഷ്യമിടുന്നു.
Tags : BJP Mobilize vctims AntiSikhRiots CongressRally