കോഴിക്കോട് ചാത്തമംഗലം എൻഐടി സ്പോർട്സ് കോംപ്ലക്സിൽ നടന്ന 68-ാമതു സംസ്ഥാന സ്കൂൾ അത്ലറ്റിക്സിൽ ജനറൽ സ്കൂൾ വിഭാഗത്തിൽ ജേതാക്കളായ മലപ്പുറം കടകശേരി ഐഡിയൽ ഇം
ചാത്തമംഗലം (കോഴിക്കോട്): സംസ്ഥാന സ്കൂൾ കായികമേളയിലെ അവസാന ഇനം. സീനിയർ ആൺകുട്ടികളുടെ 4x 400 മീറ്റർ റിലേ. മൂന്നാം ലാപ്പ് വരെ ഏറെ മുന്നിലായിരുന്നു മലപ്പുറം.
അവസാന ലാപ്പിൽ തൃശൂർ കുതിച്ചപ്പോൾ ആവേശകരമായ ഫിനിഷിംഗ്. ലൈൻ തൊടുംമുമ്പ് ആഘോഷിക്കാനുള്ള മലപ്പുറം താരത്തിന്റെ അതിരുകടന്ന ഉത്സാഹത്തിൽ പണി പാളിപ്പോയേനെ. എന്തായാലും മീറ്റ് റിക്കാർഡോടെ മലപ്പുറം റിലേ പിടിച്ചു. ഒപ്പം തുടർച്ചയായ മൂന്നാം കിരീടവും. വെള്ളി നേടിയ തൃശൂരിനും റിക്കാർഡ് മെച്ചപ്പെടുത്തിയതിന്റെ അഭിമാനം പങ്കിടാം.
മലപ്പുറത്തിന്റ കണക്കിൽ 19 സ്വർണം. 23 വെള്ളി. 19 വെങ്കലം. 204.3 പോയിന്റ്. മലപ്പുറത്തിനു വെല്ലുവിളി ഉയർത്താനെത്തിയ പാലക്കാടിന് 14 സ്വർണം. 18 വെള്ളി. 16 വെങ്കലം. 161.5 പോയിന്റ്.
മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴയ്ക്ക് 10 സ്വർണം. ഒമ്പത് വെള്ളി. 12 വെങ്കലം. 109 പോയിന്റ്. തിരുവനന്തപുരത്തെ മറികടന്ന ആലപ്പുഴ ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റി. നാലാമതായ തിരുവനന്തപുരത്തിന് 96 പോയിന്റേ കിട്ടിയുള്ളൂ.
സ്കൂളുകളിൽ ഐഡിയൽ കടകശേരിയായിരുന്നു ഇത്തവണയും മലപ്പുറത്തെ ചുമലിലേറ്റിയത്. നാവാമുകുന്ദ സ്കൂളിന്റെ അഭാവത്തിൽ വന്ന അധികഭാരം അവർ ട്രാക്കിലും ഫീൽഡിലും മികവോടെ ഇറക്കിവച്ചു.
കടകശേരി സ്കൂളിന് എട്ട് സ്വർണം. 10 വെള്ളി. ആറ് വെങ്കലം. 75.3 പോയിന്റ്. രണ്ടാംസ്ഥാനത്തുള്ള പാലക്കാട് വടവന്നൂർ സ്കൂളിന് അഞ്ച് സ്വർണം, മൂന്ന് വെള്ളിയുമടക്കം 34 പോയിന്റ്.
മലപ്പുറം ആലത്തിയൂർ സ്കൂളിന് നാല് സ്വർണം. നാല് വെള്ളി. രണ്ട് വെങ്കലം. 34 പോയിന്റ്. നാലാംസ്ഥാനത്ത് വന്നത് സെന്റ ജോസഫ്സ് ജിഎച്ച്എസ്എസ് ആലപ്പുഴ. അഞ്ചാം സ്ഥാനത്ത് സികെഎം എച്ച്എസ്എസ് കോരുത്തോട് കോട്ടയം. ആതിഥേയർക്കുവേണ്ടി പൊരുതിയ കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് 23 പോയിന്റോടെ ആറാംസ്ഥാനത്തായി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് 22 പോയിന്റ് നേടി.
നീന്തിക്കയറിയവർ
നീന്തലിലും ഗെയിംസിലും നേടിയ ആധിപത്യമാണ് തിരുവനന്തപുരത്തെ ഓവറോൾ മികവിനു പിന്നിൽ. 2000 എന്ന നാഴികക്കല്ല് പിന്നിട്ട ആഹ്ലാദവും അവർക്കൊപ്പം.
മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിന് അവർതന്നെ രണ്ടാമതും അവകാശികൾ. ഗെയിംസിൽ 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്. നീന്തലിൽ 606 പോയിന്റും.
ഗെയിംസിന്റെ അവസാനദിവസമായ ഇന്നലെ സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ കോഴിക്കോട് ജേതാക്കളായി. തൃശൂരാണ് രണ്ടാമത്. സീനിയർ പെൺകുട്ടികളിൽ കോഴിക്കോടിനെ തോൽപ്പിച്ച എറണാകുളം സ്വർണം നേടി.
കൊല്ലത്തു കാണാം...
കോഴിക്കോട്: ഒരാഴ്ച ട്രാക്കിനെയും ഫീൽഡിനെയും തീപിടിപ്പിച്ച കായിക മാമാങ്കത്തിനു കോഴിക്കോട് എൻഐടി സ്റ്റേഡിയത്തിൽ കൊടിയിറങ്ങി; അടുത്ത വർഷം കൊല്ലത്ത് കാണാമെന്ന ഉറപ്പോടെ... ഇന്നലെ വൈകുന്നേരം മന്ത്രിമാരും ജനപ്രതിനിധികളും മുൻ കായികതാരങ്ങളും അണിനിരന്ന പ്രൗഢഗംഭീരമായ സമാപനചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് പുതിയ കായികസംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും കായികരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ പുതിയ കായികനിയമം തയാറാക്കിവരികയാണെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തിരിച്ചുവരവ് നടത്തി തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍. സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ 10 സ്വര്‍ണവും എട്ട് വെള്ളിയും 12 വെങ്കലവുമടക്കം 30 മെഡലുകളോടെ 85.3 പോയിന്റും ഒന്നാം സ്ഥാനവും. എട്ടു വർഷത്തിനുശേഷമുള്ള തിരിച്ചുവരവ്. 53 കുട്ടികളുമായാണ് ഇക്കുറി ജിവി രാജ എത്തിയത്.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിവി രാജയുടെ ശ്രീഹരി കരിക്കൻ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മീറ്റ് റിക്കാർഡോടെ സ്വർണം നേടിയിരുന്നു. കഴിഞ്ഞ തവണ ആറു സ്വര്‍ണം ഉള്‍പ്പടെ 13 മെഡലുകളാണ് ജിവി രാജയ്ക്കു ലഭിച്ചത്. കുറച്ചു വര്‍ഷങ്ങളായി ചെറിയ രീതിയില്‍ നടത്തിയ മുന്നേറ്റം ഈ കായികമേളയില്‍ പൂര്‍ണതയിലെത്തിക്കാന്‍ സാധിച്ചെന്ന് മുഖ്യപരിശീലകന്‍ കെ.എസ്. അജിമോന് പറഞ്ഞു. 2019 മുതല്‍ ജില്ലകളില്‍നിന്നു കായികതാരങ്ങളെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് നടത്തിയിരുന്നു. ജിവി രാജയുടെ താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും പരിശീലകനായ അജിത്ത് ഇട്ടി വര്‍ഗീസ് പറഞ്ഞു. എസ്.കെ. അഖില്‍ മറ്റൊരു പരിശീലകനാണ്. പി.ടി. ജോസഫാണ് ടീം മാനേജര്‍.
സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ 14 പോയിന്റോടെ സായ് തലശേരിയാണ് രണ്ടാംസ്ഥാനത്ത്. 11 പോയിന്റോടെ ഭരണങ്ങാനം സിഎസ്എച്ച്എസ്എച്ച് ജിഎച്ച്എസ് മൂന്നാമതെത്തി. കീരംപാറ എംഎ കോളജ് സ്പോർട്സ് ഹോസ്റ്റൽ, കുന്നംകുളം ജിബിവിഎച്ച്എസ്എസ് എന്നിവ നാലും അഞ്ചും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചു കേരള സ്പോർട്സ് ജേണലിറ്റ്സ് അസോസിയേഷൻ നൽകുന്ന മികച്ച പുരുഷ അത്ലറ്റിനുള്ള യു.എച്ച്. സിദ്ധിക് മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും, മികച്ച വനിതാ താരത്തിനുള്ള പി.ടി. ബേബി മെമ്മോറിയൽ അവാർഡ് അനാമിക അജേഷിനും. പ്രീജ ശ്രീധരൻ, പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന്, 5000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി ജൂനിയർ വിഭാഗം 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മീറ്റ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു.
ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ അനാമിക സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടി. കൂടാതെ 4x100, 4x400 മീറ്റർ റിലേകളിൽ സ്വർണവും 400 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി.
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിന്റ് സെക്രട്ടറിയും കോച്ചുമായ പി.ഐ. ബാബു, ഇന്ത്യൻ മുൻ കോച്ച് കെ. എസ്. അജിമോൻ, അത്ലറ്റിക് കോച്ച് ഡോ. ജിമ്മി ജോസഫ്, കായിക മാധ്യമപ്രവർത്തകൻ ജോമിച്ചൻ ജോസ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്.
കോഴിക്കോട്: ജീവിതത്തിലെ പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ ട്രാക്കിലും ഫീല്‍ഡിലും മികവിന്റെ ഉയരങ്ങള്‍ കീഴടക്കി അബിയ ആന്‍ ജിജി. സാമ്പത്തിക പരാധീനതകള്‍ പരിശീലനത്തിന് തടസമായതൊന്നും കോട്ടയം മുരിക്കുംവയല്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കുതിപ്പിനെ ബാധിച്ചില്ല.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.63 മീറ്റര്‍ ഉയരം മറികടന്നാണ് അബിയ സ്വര്‍ണം നേടിയത്. ട്രിപ്പിള്‍ ജംപിലും ഒന്നാമതായിരുന്നു. കഴിഞ്ഞ വർഷം ഒഡിഷയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിൽ റിക്കാര്‍ഡോടെ സ്വര്‍ണം നേടി.
അബിയയുടെ കായികമികവിനു കരുത്തു പകരുന്നത് മുന്‍ നേവി ഉദ്യോഗസ്ഥന് സന്തോഷ് ജോര്‍ജിന്റെ ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയാണ്. നാലുവര്‍ഷമായി സന്തോഷിന്റെ കീഴില്‍ പരിശീലിക്കുന്നു. അബിയ ഉള്‍പ്പടെയുള്ള കുട്ടികള്‍ക്കു സൗജന്യമായാണ് സന്തോഷ് ജോർജ് പരിശീലനം നല്‍കുന്നത്. ടാപ്പിംഗ് തൊഴിലാളിയായ അച്ഛന് ജിജിയും സ്വകാര്യ ആശുപത്രിയില്‍ നഴ്സായ അമ്മ അന്നമ്മയുമാണ് അബിയയുടെ കരുത്ത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിന് സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് വീട് ലഭിച്ചത്.
കോഴിക്കോട്: മീറ്റ് റിക്കാര്‍ഡുകളൊന്നും കണ്ടില്ലെങ്കിലും സംസ്ഥാന സ്കൂള്‍ കായികമേളയിലെ 200 മീറ്റര്‍ ഫൈനലില്‍ ആവേശപ്പോരാട്ടമായിരുന്നു. വളവും നേര്‍വഴിയും പിന്നിട്ട് ഫിനിഷിംഗ് ലൈനിലേക്ക് കുതിച്ചെത്തിയ യുവതാരങ്ങള്‍ വേഗത്തിന്റെയും കരുത്തിന്റെയും മികവ് ട്രാക്കില്‍ തെളിയിച്ചു.
സബ്ജൂനിയര് ഗേള്‍സ് വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ഹര്‍ഷ ജോണ്‍ സ്വര്‍ണം നേടി (26.23 സെക്കന്‍ഡ്). 400 മീറ്ററിലും ഹര്‍ഷ സ്വര്‍ണം നേടിയിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂളിലെ എസ്. സങ്കീര്‍ത്തന (27.15) രണ്ടാംസ്ഥാനവും ആലപ്പുഴ തമ്പക്കച്ചുവട് ഗവ. യുപി സ്കൂളിലെ എസ്. സ്നേഹ (27.55) മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ ബോയ്സില് പാലക്കാട് മാത്തൂരിലെ സിഎഫ്ഡിവിഎച്ച്എസ്എസിലെ പി. പ്രഹ്ലാദ് സ്വര്‍ണം നേടി (24.74). കോഴിക്കോട് മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ ഫസല്‍ മുഹമ്മദിന് (25.23) വെള്ളിയും മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂളിലെ കെ.വി. മുഹമ്മദ് ഇസാന് വെങ്കലവും (25.51) ലഭിച്ചു.
ജൂനിയര്‍ ഗേള്‍സില്‍ തലശേരി സായിയിലെ ഇവാന ടോമി (25.26) സ്വര്‍ണത്തിൽ മുത്തമിട്ടു. 400 മീറ്ററിലും സ്വര്‍ണം ലഭിച്ചിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ സ്നേഹ ശ്യാമിന് (25.85) വെള്ളിയും ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ജില്‍ഷ ജിനിലിന് (26.06) വെങ്കലവും ലഭിച്ചു.
ജൂനിയര്‍ ബോയ്സില് കോട്ടയം കോരുത്തോട് സികെഎംഎച്ച്എസ്എസിലെ വിഷ്ണു യാദവിനാണ് (22.05) സ്വര്‍ണം. ലോംഗ്ജംപില് വിഷ്ണു റിക്കാര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്എസ്എസിലെ മിലന് ജോര്‍ജ് (22.41) വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ എന്‍. അനുദേവ് (22.50) വെങ്കലവും സ്വന്തമാക്കി.
25.47 സെക്കന്‍ഡിൽ ഓടിയെത്തി സീനിയര്‍ ഗേള്‍സില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ആര്. ശ്രേയ സ്വര്‍ണം നേടി. 400 മീറ്ററിലും 100 മീറ്ററിലും ശ്രേയയ്ക്കു വെള്ളിമെഡല്‍ ലഭിച്ചിരുന്നു. 4x100 റിലേയില്‍ സ്വര്‍ണവും ലഭിച്ചിരുന്നു. തൃശൂര്‍ ആളൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സി. അന്നാ മരിയ വെള്ളിയും (26.13) പാലക്കാട് മാത്തൂരിലെ സിഎഫ്ഡിവിഎച്ച്എസ്എസിലെ ഡി. ദില്‍സ (26.36) വെങ്കലവും നേടി.
സീനിയര്‍ ബോയ്സില് കുന്നംകുളം ഗവ. വിഎച്ച് എസ്എസിലെ കെ.ജെ. എബിന് സ്വര്‍ണം ലഭിച്ചു. 21.79 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 400 മീറ്ററിലും എബിന് സ്വര്‍ണം ലഭിച്ചിരുന്നു. ആലപ്പുഴ ചാരമംഗലത്തെ ഗവ. ഡിവിഎച്ച്എസ്എസിലെ ടി.എം. അതുലിനു വെള്ളിയും (21.85) തിരുവനന്തപുരം ജിവി രാജയിലെ ജെറിന് സി. ജോൺ (22.27) വെങ്കലവും നേടി.

കോഴിക്കോട്: വിവിധ ഇനങ്ങളിലെ മിന്നുംപ്രകടനങ്ങളിലൂടെ കെ.ജെ. എബിന്, നിവേദ്യ കലാധർ, വിഷ്ണു യാദവ്, അല്‍ക്ക ഷിനോജ്, എം. ശ്രീഹരി, ഹര്‍ഷ ജോണ്‍ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയര്‍ പെണ്‍കുട്ടികളില്‍ വടവന്നൂര്‍ വിഎംഎച്ച്എസിലെ നിവേദ്യ കലാധര്‍ ദീര്‍ഘദൂരത്തിലും മധ്യദൂരത്തിലും ഒരുപോലെ മികവു കാട്ടി. 400, 800, 1500 മീറ്ററുകളില്‍ സ്വര്‍ണം നേടി 15 പോയിന്റോടെയാണ് നിവേദ്യ വാരിയെടുത്തത്.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുന്നംകുളം ഗവ. വിഎച്ച്എസ്എസിലെ വേഗരാജാവായ കെ.ജെ. എബിനാണ് ചാന്പ്യൻ. 200, 400 മീറ്ററുകളില്‍ സ്വര്‍ണം. 10 പോയിന്റ്.
ജൂനിയര്‍ ആണ്‍കുട്ടികളിൽ കോട്ടയം കോരുത്തോട് സികെഎംഎച്ച്എസ്എസിലെ വിഷ്ണു യാദവ് 200 മീറ്ററിലും ലോംഗ്ജംപിലും സ്വർണവും 100 മീറ്ററില്‍ വെള്ളിയും നേടി. 13 പോയിന്റാണ് സമ്പാദ്യം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അല്‍ക്ക ഷിനോജും 13 പോയിന്റോടെ ചാമ്പ്യനായി. 800, 1500 മീറ്ററുകളില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയുമാണ് അല്‍ക്കയുടെ നേട്ടം.
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ എം. ശ്രീഹരി 11 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായി. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ശ്രീഹരി 80 മീറ്റര്‍ ഹര്‍ഡില്‍സിലും ലോംഗ്ജംപിലും വെള്ളിയും സ്വന്തമാക്കി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ഹര്‍ഷ ജോണാണ് താരമായി മാറിയത്. 200, 400 മീറ്ററുകളില്‍ സ്വര്‍ണം നേടിയ ഹര്‍ഷ 100 മീറ്ററില്‍ വെള്ളിയും നേടി, 13 പോയിന്റോടെയാണ് വ്യക്തിഗത ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.

കോഴിക്കോട്: “ഷോട്ട്പുട്ടില്‍ നീ സ്വര്‍ണം നേടും...” മത്സരത്തിനിറങ്ങും മുമ്പ് അച്ഛന് സുമേഷ് പറഞ്ഞ വാക്ക് ആദ്യ ജ്യോതീശ്വറിനു വിജയത്തിലേക്കുള്ള പ്രോത്സാഹനവും ആത്മവിശ്വാസമായിരുന്നു.
അച്ഛന്റെ പ്രതീക്ഷ തെറ്റിക്കാതെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 9.43 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞ് ആദ്യ ജ്യോതീശ്വര് സ്വര്‍ണം സ്വന്തമാക്കി.
കോതമംഗലം സെന്റ് സ്റ്റീഫന്‍സ് ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആദ്യയുടെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഓട്ടത്തിലും ചാട്ടത്തിലുമായിരുന്നു കായികരംഗത്തെ തുടക്കം. പിന്നീട് ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ കോതമംഗലം എംഎ അക്കാദമിയിലാണ് പരിശീലനം.
കായികരംഗത്തോടുള്ള താത്പര്യം പകര്ന്നുനല്കിയത് അച്ഛന് സുമേഷ്. 108 ആംബുലന്‍സ് ഡ്രൈവറായ സുമേഷ് പ്രാദേശിക ക്രിക്കറ്റ് താരവുമാണ്. ശ്രീജയാണ് അമ്മ. സഹോദരന് ആദി ജ്യോതീശ്വര് വോളിബോള്‍ താരം.

കോഴിക്കോട്: അവസാന ലാപ്പിലെ കുതിപ്പിൽ തൃശൂരിനെ തലനാരിഴയ്ക്കു കീഴടക്കി മലപ്പുറം റിക്കാർഡ് വേഗത്തിൽ ബാറ്റണുമായി ഫിനിഷിംഗ് ലൈൻ കടന്നു. അതോടെ, സംസ്ഥാന സ്കൂള്‍ കായികമേളയുടെ അവസാന ഇനമായ 4x400 മീറ്റര്‍ റിലേ ട്രാക്കിനെ ആവേശത്തിരയിലാറാടിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ 4x400 റിലേയിൽ മലപ്പുറം മൂന്ന് മിനിറ്റ് 17.91 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് റിക്കാർഡ് ബുക്കിൽ ഇടം നേടിയത്. 2012ല്‍ ഇടുക്കി സ്ഥാപിച്ച മൂന്ന് മിനിറ്റ് 19.81 സെക്കന്‍ഡ് വഴിമാറി. വെള്ളി നേടിയ തൃശൂരും റിക്കാർഡ് മെച്ചപ്പെടുത്തി. മൂന്ന് മിനിറ്റ് 18 സെക്കന്‍ഡിലാണ് തൃശൂർ ഫിനിഷ് ചെയ്തത്. തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.
സീനിയര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ മൂന്ന് മിനിറ്റ് 59.89 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ആലപ്പുഴ ഒന്നാമതെത്തി. നാല് മിനിറ്റ് 07.40 മിനിറ്റില്‍ ഫിനിഷ് ചെയ്ത പാലക്കാട് വെള്ളിയും നാല് മിനിറ്റ് 11.47 മിനിറ്റില്‍ ഓടിയെത്തിയ മലപ്പുറം വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 4x400 റിലേയിൽ കണ്ണൂരാണ് ആദ്യം ഫിനിഷിംഗ് ലൈന്‍ തൊട്ടത്-മൂന്ന് മിനിറ്റ് 58.36 സെക്കന്‍ഡ്. പാലക്കാട് നാല് മിനിറ്റ് 03.75 മിനിറ്റില്‍ വെള്ളി നേടിയപ്പോള്‍ നാല് മിനിറ്റ് 06.75 മിനിറ്റില്‍ കോട്ടയം വെങ്കലം പിടിച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 4x400 റിലേയില്‍ മൂന്ന് മിനിറ്റ് 22.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാട് ഒന്നാം സ്ഥാനം സ്വന്തമാക്കി. മലപ്പുറം വെള്ളിയും ആലപ്പുഴ വെങ്കലവും സ്വന്തമാക്കി.
Tags : Athletics Malappuram HatTrick Championships Sports SchoolSportsMeet