ചാത്തമംഗലം (കോഴിക്കോട്): സംസ്ഥാന സ്കൂൾ കായികമേളയിലെ അവസാന ഇനം. സീനിയർ ആൺകുട്ടികളുടെ 4x 400 മീറ്റർ റിലേ. മൂന്നാം ലാപ്പ് വരെ ഏറെ മുന്നിലായിരുന്നു മലപ്പുറം.
അവസാന ലാപ്പിൽ തൃശൂർ കുതിച്ചപ്പോൾ ആവേശകരമായ ഫിനിഷിംഗ്. ലൈൻ തൊടുംമുമ്പ് ആഘോഷിക്കാനുള്ള മലപ്പുറം താരത്തിന്റെ അതിരുകടന്ന ഉത്സാഹത്തിൽ പണി പാളിപ്പോയേനെ. എന്തായാലും മീറ്റ് റിക്കാർഡോടെ മലപ്പുറം റിലേ പിടിച്ചു. ഒപ്പം തുടർച്ചയായ മൂന്നാം കിരീടവും. വെള്ളി നേടിയ തൃശൂരിനും റിക്കാർഡ് മെച്ചപ്പെടുത്തിയതിന്റെ അഭിമാനം പങ്കിടാം.
മലപ്പുറത്തിന്റ കണക്കിൽ 19 സ്വർണം. 23 വെള്ളി. 19 വെങ്കലം. 204.3 പോയിന്റ്. മലപ്പുറത്തിനു വെല്ലുവിളി ഉയർത്താനെത്തിയ പാലക്കാടിന് 14 സ്വർണം. 18 വെള്ളി. 16 വെങ്കലം. 161.5 പോയിന്റ്.
മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴയ്ക്ക് 10 സ്വർണം. ഒമ്പത് വെള്ളി. 12 വെങ്കലം. 109 പോയിന്റ്. തിരുവനന്തപുരത്തെ മറികടന്ന ആലപ്പുഴ ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റി. നാലാമതായ തിരുവനന്തപുരത്തിന് 96 പോയിന്റേ കിട്ടിയുള്ളൂ.
സ്കൂളുകളിൽ ഐഡിയൽ കടകശേരിയായിരുന്നു ഇത്തവണയും മലപ്പുറത്തെ ചുമലിലേറ്റിയത്. നാവാമുകുന്ദ സ്കൂളിന്റെ അഭാവത്തിൽ വന്ന അധികഭാരം അവർ ട്രാക്കിലും ഫീൽഡിലും മികവോടെ ഇറക്കിവച്ചു.
കടകശേരി സ്കൂളിന് എട്ട് സ്വർണം. 10 വെള്ളി. ആറ് വെങ്കലം. 75.3 പോയിന്റ്. രണ്ടാംസ്ഥാനത്തുള്ള പാലക്കാട് വടവന്നൂർ സ്കൂളിന് അഞ്ച് സ്വർണം, മൂന്ന് വെള്ളിയുമടക്കം 34 പോയിന്റ്.
മലപ്പുറം ആലത്തിയൂർ സ്കൂളിന് നാല് സ്വർണം. നാല് വെള്ളി. രണ്ട് വെങ്കലം. 34 പോയിന്റ്. നാലാംസ്ഥാനത്ത് വന്നത് സെന്റ ജോസഫ്സ് ജിഎച്ച്എസ്എസ് ആലപ്പുഴ. അഞ്ചാം സ്ഥാനത്ത് സികെഎം എച്ച്എസ്എസ് കോരുത്തോട് കോട്ടയം. ആതിഥേയർക്കുവേണ്ടി പൊരുതിയ കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് 23 പോയിന്റോടെ ആറാംസ്ഥാനത്തായി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് 22 പോയിന്റ് നേടി.
നീന്തിക്കയറിയവർ
നീന്തലിലും ഗെയിംസിലും നേടിയ ആധിപത്യമാണ് തിരുവനന്തപുരത്തെ ഓവറോൾ മികവിനു പിന്നിൽ. 2000 എന്ന നാഴികക്കല്ല് പിന്നിട്ട ആഹ്ലാദവും അവർക്കൊപ്പം.
മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിന് അവർതന്നെ രണ്ടാമതും അവകാശികൾ. ഗെയിംസിൽ 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്. നീന്തലിൽ 606 പോയിന്റും.
ഗെയിംസിന്റെ അവസാനദിവസമായ ഇന്നലെ സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ കോഴിക്കോട് ജേതാക്കളായി. തൃശൂരാണ് രണ്ടാമത്. സീനിയർ പെൺകുട്ടികളിൽ കോഴിക്കോടിനെ തോൽപ്പിച്ച എറണാകുളം സ്വർണം നേടി.
കൊല്ലത്തു കാണാം...
കോഴിക്കോട്: ഒരാഴ്ച ട്രാക്കിനെയും ഫീൽഡിനെയും തീപിടിപ്പിച്ച കായിക മാമാങ്കത്തിനു കോഴിക്കോട് എൻഐടി സ്റ്റേഡിയത്തിൽ കൊടിയിറങ്ങി; അടുത്ത വർഷം കൊല്ലത്ത് കാണാമെന്ന ഉറപ്പോടെ... ഇന്നലെ വൈകുന്നേരം മന്ത്രിമാരും ജനപ്രതിനിധികളും മുൻ കായികതാരങ്ങളും അണിനിരന്ന പ്രൗഢഗംഭീരമായ സമാപനചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് പുതിയ കായികസംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും കായികരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ പുതിയ കായികനിയമം തയാറാക്കിവരികയാണെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.