ന്യൂഡൽഹിയിൽ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിച്ച പ്രതീകാത്മക "ജനകീയ വിചാരണ’ നടപടികൾക്ക് മുൻ ലോക്സഭാ സ്പീക്കർ
ന്യൂഡൽഹി: ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ രൂക്ഷവിമർശനവും ‘ജനകീയ വിചാരണ’യുമായി പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലുള്ള പത്താം നമ്പർ വസതിയിലാണു രാജ്യത്തിന്റെ ചരിത്രത്തിലെ വേറിട്ട പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. ലക്ഷങ്ങൾ പങ്കെടുക്കുന്ന ഇന്നത്തെ മഹാറാലിക്കു മുന്നോടിയായി ഗ്യാനേഷ് കുമാറിനെതിരേ ആറു പ്രധാന ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രവും നേതാക്കൾ വേദിയിൽ അവതരിപ്പിച്ചു.
► പൂന്തോട്ടത്തിൽ പ്രതീകാത്മക പാർലമെന്റ്
ഖാർഗെയുടെ വസതിയിലെ പൂന്തോട്ടത്തിൽ പച്ചപ്പരവതാനി വിരിച്ച്, പാർലമെന്റിന്റെ മാതൃകയിലാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചത്. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ സ്പീക്കറുടെ പദവി അലങ്കരിച്ചപ്പോൾ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഗ്യാനേഷ് കുമാറിനെതിരേ ആറു പോയിന്റുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജനകീയവിചാരണയ്ക്ക് തുടക്കമിട്ടു.
എസ്ഐആർ പ്രക്രിയയിലൂടെ ലക്ഷക്കണക്കിനു പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചെന്നും തെരഞ്ഞെടുപ്പു കമ്മിഷനെ മുൻനിർത്തി കേന്ദ്രസർക്കാർ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും തുടർന്നു സംസാരിച്ച പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
► ഇരകളുടെ മൊഴികളും വോട്ടെടുപ്പും
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിപക്ഷ എംപിമാർക്കുപുറമെ എസ്ഐആർ വഴി വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ട സാധാരണ പൗരന്മാരും വിദ്യാർഥികളും സാമൂഹ്യപ്രവർത്തകരും തങ്ങളുടെ അനുഭവങ്ങൾ വേദിയിൽ പങ്കുവച്ചു.
ഖാർഗെയുടെ പ്രമേയത്തെ പിന്തുണച്ചു സംസാരിച്ച ഇന്ത്യ സഖ്യം നേതാക്കളെല്ലാം തങ്ങളുടെ സംസ്ഥാനങ്ങളിൽ എസ്ഐആറിലൂടെ എങ്ങനെ തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെട്ടുവെന്നും മോദി-ഷാ-ഗ്യാനേഷ് ത്രയം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. എസ്ഐആറിൽ എന്തെല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവെന്നും വോട്ടവകാശങ്ങൾ എങ്ങനെ നിഷേധിക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ കമ്മിഷൻ നടത്തിയ ഗൂഢാലോചനകളും വേദിയിൽ സംസാരിച്ചവർ പങ്കുവച്ചു.
പരിപാടിയിൽ 20 മിനിറ്റോളം നീണ്ട ശക്തമായ പ്രസംഗമാണു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയത്. തുടർന്ന് ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം "സഭാംഗങ്ങ'ളായിരുന്ന എല്ലാവരും കൈകളുയർത്തി ഐക്കണ്ഠ്യേന പാസാക്കി.
സ്പീക്കറുടെ സമാപന പ്രസംഗത്തിനും ദേശീയഗാനാലാപനത്തിനും ശേഷമാണ് പ്രതീകാത്മക പാർലമെന്റ് പിരിഞ്ഞത്. ഗ്യാനേഷ് കുമാർ പുറത്താകുന്നതുവരെ സമരം തുടരുമെന്ന് സഖ്യനേതാക്കൾ വ്യക്തമാക്കി.
Tags : PeoplesTrial GyaneshKumar Opposition IndiaAlliance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash