കിഫ്ബി
തിരുവനന്തപുരം: കിഫ്ബിയുടെ മറവിൽ നടന്ന ഭൂമി തട്ടിപ്പിൽ കണ്ണൂരിലെ അഞ്ചു സഹകരണസംഘങ്ങൾക്കു പങ്കെന്നു സൂചന. സഹകരണ ബാങ്കുകളും കർഷകരുടെ പേരിലുള്ള സഹകരണ സംഘങ്ങളും ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ വഴിയും ഭൂമി ഇടപാടും വിലനിർണയ തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഫയലുകളും വിജിലൻസ് അന്വേഷണസംഘത്തിനു കൈമാറും.
1030 ഏക്കർ ഭൂമി ഏറ്റെടുത്ത കണ്ണൂരിലെ പ്രദേശങ്ങളിൽ ഇതിന് ആറു മാസം മുൻപ് ചില സഹകരണ ബാങ്കുകളും സംഘങ്ങളും ഇവയുടെ ശാഖകളും വഴി വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടി. ഭൂമിയുടെ ന്യായവില ഉയർത്താനായിരുന്നു സഹകരണ സംഘങ്ങളുടെ റിയൽ എസ്റ്റേറ്റ് പരിപാടി നടന്നത്. സെന്റിന് 50,000 രൂപ പോലും വിലയില്ലാതിരുന്ന പ്രദേശങ്ങളിൽ 2.5 ലക്ഷം രൂപ നിരക്കിലായിരുന്നു ഭൂമി ഇടപാട്.
അടുത്തിടെ നടന്ന ഭൂമി വിൽപന വിലയുടെ ശരാശരിയാണ് ഭൂമിയുടെ ന്യായവിലയായി കണക്കാക്കുക. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ന്യായവില ഉയർത്താനുള്ള നടപടികളായിരുന്നു സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും നേതൃത്വത്തിൽ നടത്തിയതെന്നാണു വിലയിരുത്തൽ.
പിന്നീട് വ്യവസായ വകുപ്പ് സ്ഥാപനമായ കിൻഫ്ര വഴി കിഫ്ബി 1030 ഏക്കർ ഭൂമി ഏറ്റെടുത്തപ്പോഴും ഭൂമിവിലയുടെ പകുതിയോളം തുക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും അക്കൗണ്ടുകളിൽ എത്തിയതായും കണ്ടെത്തിയിരുന്നു. കല്ലുവെട്ടുകുഴികളാണ് വൻതുകയ്ക്കു കിഫ്ബി ഏറ്റെടുത്തത്.
കല്ലുവെട്ടു പ്രദേശങ്ങളാണ് ഏറ്റെടുത്തതെന്ന സുധാപിള്ള കമ്മിറ്റിയുടെ ശിപാർശകൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമ്മതിച്ചിരുന്നു. കണ്ണൂർ വിമാനത്താവള വികസനത്തിനായാണ് കൂടാലി, പട്ടാന്നൂർ, ഇരിട്ടി, പോളാരി തുടങ്ങിയ മേഖലകളിൽ ഭൂമി ഏറ്റെടുത്തതെന്നായിരുന്നു വാദം.
എന്നാൽ, വിമാനത്താവള വികസനത്തിനായി ഇതിന്റെ മൂന്നര കിലോമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുത്താൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നാണു വിലയിരുത്തൽ. ഒറ്റ പ്രദേശത്ത് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ, വിമാനത്താവളത്തിൽനിന്ന് വളരെയേറെ ദൂരമുള്ള പ്രദേശത്തെ ഭൂമിയാണ് ഏറ്റെടുത്തത്. ഇവിടെ പല സ്ട്രെച്ചുകളിലായാണ് ഭൂമി ഏറ്റെടുക്കൽ നടപടി നടന്നത്.
12,500 കോടി രൂപ ചെലവഴിച്ച് 5300 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലെ റിയൽ എസ്റ്റേറ്റ് ബന്ധം അടക്കം വിജിലൻസ് അന്വേഷിക്കുന്പോൾ, സംസ്ഥാന വിജിലൻസിന്റെ ചരിത്രത്തിലെ ഉയർന്ന തുകയുടെ ക്രമക്കേടാണ് അന്വേഷിക്കപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. സർക്കാർ ഖജനാവിൽ നിന്ന് 12,500 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ഭൂമി ക്രമക്കേടാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്കു നയിച്ചത്.
Tags : KIIFBScam CooperativeSocieties Involved KIIFB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash