ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരേയും പ്രതിഷേധിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ചലോ ദില്ലി മാർച്ച് ഇന്ന് ഡൽഹി രാംലീല മൈതാനത്തു നടക്കും.
കൊണാട്ട് പ്ലേസിലെ മിന്റോ റോഡ് ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്ക് 12ന് രാംലീല മൈതാനത്തേക്ക് മാർച്ച് നടത്തി ലക്ഷങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിലൂടെ അറിയിച്ചു.
അതേസമയം, രാംലീല മൈതാനത്തെ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും അങ്ങോട്ടേക്കു മാർച്ച് നടത്തുന്നതിന് ഇന്ത്യ സഖ്യം മുൻകൂട്ടി അനുമതി നേടിയിട്ടില്ലെന്ന് ഡൽഹി പൊലിസ് വാർത്താ ഏജൻസിയോടു പ്രതികരിച്ചു.
എന്നാൽ, നേരത്തേ ഗ്യാനേഷ് കുമാറിനെതിരേ പതിനായിരങ്ങൾ അണിനിരന്ന ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചും അനുമതിയില്ലാതെയാണു സംഘടിപ്പിച്ചിരുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യം മുഴുവൻ ഇന്നു ഡൽഹിയിലേക്ക് എത്തുമെന്നും ഡൽഹി കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ റാലികളിൽ ഒന്നായിരിക്കും ഇതെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.