പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രവേശിച്ച അധ്യാപകരെ പിരിച്ചുവിടാനും സ്ഥാനക്കയറ്റം ലഭിച്ചവരെ മാതൃ തസ്തികയിലേക്ക് തരംതാഴ്ത്താനും നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിന് പിന്നാലെ സർക്കാർ പിൻവലിച്ചു.
അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നടപടി. വിഷയത്തിൽ പുതിയ സർക്കുലർ പിന്നീട് പുറപ്പെടുവിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട അധ്യാപകരെ സേവനത്തിൽ നിന്ന് പുറത്താക്കാനും, കെ-ടെറ്റ് ഇല്ലാതെ പ്രൊമോഷൻ നേടിയവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് തരംതാഴ്ത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കെഎസ്ടിഎ ഉൾപ്പെടെയുള്ള ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉത്തരവിനെതിരെ ശക്തമായി രംഗത്തെത്തി.
ആയിരത്തോളം അധ്യാപകരുടെ ജോലിയെയും ഭാവിയെയും ഗുരുതരമായി ബാധിക്കുന്ന അധ്യാപകവിരുദ്ധ നിലപാടാണിതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. അധ്യാപകരുടെ ആശങ്ക കണക്കിലെടുത്താണ് വിജ്ഞാപനം പിൻവലിക്കാനും പുതിയ സർക്കുലർ ഇറക്കാനും സർക്കാർ തീരുമാനിച്ചത്.
Tags : KTET Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash