അസം ഖാൻ
ന്യൂഡൽഹി: സമാജ്വാദി പാർട്ടി മുതിർന്ന നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ മുഹമ്മദ് അസം ഖാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാജ പാൻകാർഡ് കേസിൽ അലഹബാദ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ ദാസ്ന ജയിലിലേക്ക് അദ്ദേഹത്തെ മാറ്റും.
റാംപൂർ മുഹമ്മദ് അലി ജൗഹർ സർവകലാശാലയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. ഗാസിയാബാദിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് അസം ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജൗഹർ സർവകലാശാലയുടെ നിർമാണത്തിനും ഫണ്ടിംഗിനും പൊതുമരാമത്ത് വികസന ഫണ്ടുകൾ അനധികൃതമായി വകമാറ്റി മാറ്റിയെന്നും, കർഷകരുടെ ഭൂമിയും ശത്രുസ്വത്തുക്കളും അനധികൃതമായി പിടിച്ചെടുത്തെന്നുമാണ് ഇഡി കണ്ടെത്തിയത്.
കേസിന്റെ ഭാഗമായി സർവകലാശാലയുടെ 426.46 കോടി രൂപ മൂല്യമുള്ള (നിലവിലെ വിപണി മൂല്യം ഏകദേശം 1,170 കോടി രൂപ) സ്ഥലവും കെട്ടിടങ്ങളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. 78-കാരനായ അസം ഖാന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലിൽ കൃത്യമായ വൈദ്യസഹായം ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് അറസ്റ്റ് എന്ന് അസം ഖാന്റെ അഭിഭാഷകർ ആരോപിച്ചപ്പോൾ, ചോദ്യം ചെയ്യലിൽ നിന്ന് അദ്ദേഹം വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.
Tags : AssamKhan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash