പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി. സെന്തുറൈക്ക് സമീപമുള്ള തളവായ് പൊലിസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കടേശൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഒക്ടോബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പൊലിസ് കോൺസ്റ്റബിൾ രാജാകണ്ണും വെങ്കടേശനും പട്രോളിംഗ് നടത്തുന്നതിനിടയിൽ സ്വകാര്യ സിമന്‍റ് ഫാക്ടറിക്ക് സമീപം മൂന്നുപേർ മദ്യപിക്കുന്നത് കാണുകയും അവിടം വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് പുലർച്ചെയോടെ ഇതേസംഘം വിനായകർ ക്ഷേത്രത്തിന് സമീപം വീണ്ടും മദ്യപിക്കുന്നത് പട്രോളിംഗ് സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെടുകയും, ഇത് വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ കോൺസ്റ്റബിൾ രാജാകണ്ണിനെ തടഞ്ഞുവച്ച് വെങ്കടേശന്‍റെ മുഖത്തും തലയിലും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ വെങ്കടേശൻ ബോധരഹിതനായി വീഴുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു പൊലിസുകാർ ഉടൻതന്നെ ഇദ്ദേഹത്തെ സെന്തുറൈ സർക്കാർ ആശുപത്രിയിലും പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെങ്കടേശൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതികളായ മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : Crime HomeGuard Death Drinking Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash