District News
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ഭൂഗർഭജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് സൂസമ്മ മാത്യു അധ്യക്ഷത വഹിച്ചു.
ഇതോടൊപ്പം സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണ വിതരണവും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ പി. ജീരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിനിമോൾ തടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി, പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ, എസ്എംസി ചെയർമാൻ പി.ബി. രാധാകൃഷ്ണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ എം.പി. രാജേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ആശാ ദേവ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി.എസ്. സുരേഷ് ഗോപാൽ എന്നിവർ പ്രസംഗിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപിന്റെ ഫണ്ടിൽനിന്ന് കുഴൽകിണർ നിർമിക്കുകയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത പദ്ധതിയാണിത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
District News
തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ് ക ജ്വരവും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്പോൾ തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതിയെക്കുറിച്ച് ആരോഗ്യവിദഗ്ധർ അപകട മുന്നറിയിപ്പു നൽകുന്നു.
കേരളത്തിലെ ഉപരിതലത്തിലെ കിണറുകൾ, ആറുകൾ, കുളങ്ങൾ എന്നിവയിൽനിന്നു പടരുന്ന ബാക്ടീരിയകളും മറ്റ് അണുബാധകളുംകൊണ്ടു നിരവധി മരണങ്ങൾ സമീപകാലത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം സച്ചിദാനന്ദൻ എന്നയാൾ മരണമടഞ്ഞത് അമീബിക് മസ്തിഷ്കജ്വരം കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കുഴൽ കിണറിൽനിന്നും ശുദ്ധീകരിച്ച ജലസ്രോതസുകളിൽ നിന്നുമുള്ള കുഴൽവഴിയുള്ള കുടിവെള്ള പദ്ധതികൾ താരതമ്യേന സുരക്ഷിതമാണ് എന്നാണ് കരുതുന്നതെങ്കിലും കാലഹരണപ്പെട്ട നെയ്യാർ അരുവിപ്പുറം പൈപ്പ് ലൈനാണു തലസ്ഥാനത്തി നു ഭീഷണി. 1934-ൽ തുടങ്ങിയ ഈ വിതരണ പദ്ധതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പഴയ മണ്, ലോഹ പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതുമിക്ക സ്ഥലങ്ങളിലും ആഴത്തില്ല ഇവ ഇട്ടിരിക്കുന്നത്.
ഇതുവേഗം പൊട്ടാനും മലിനജലവുമായി കലരാനും ഇടയുണ്ട്. മാലിന്യത്തോടുകളുടെ അടുത്തുകൂടി പൈപ്പുകൾ പോകുന്നതും ഭീഷണിയാണ്. അപൂർവം ചില സ്ഥലങ്ങളിൽ കുഴലുകൾ പരിഷ്കരിക്കുകയും പുതിയ പദ്ധതികൾ വരികയും ചെയ്തിട്ടുണ്ട്. ഇവ കുറെയൊക്കെ സുരക്ഷിതമാണ്.
"പഴയ പെപ്പിൽ ഒരു പോയിന്റിൽ ഒന്നു സ്പർശിച്ചാൽ പോലും അണുബാധ ഉണ്ടാകാം. അങ്ങനെവന്നാൽ മാരകമായ ബാക്ടീരിയ അണുബാധ പകർച്ച വ്യാധിയായി മാറാം. നമ്മുടെ പൈപ്പ് ലൈൻ പദ്ധതി അടിയന്തരമായി ആരോഗ്യപരമായി അഴിച്ചുപണിയണം' പൊതുജന ആരോഗ്യ വിദഗ്ധനും ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്റുമായ ഡോ. വി. മോഹനൻ നായർ പറയുന്നു.
തലസ്ഥാനത്താണ് പ്രശ്നം കൂടുതൽ ഗൗരവം. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ തട്ടുകടകളുടെയും രാത്രി ഭക്ഷണ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണം എന്നാണ് വിദഗ്ധർ പറയുന്നത്. വേണ്ടത്ര വേവിക്കാത്ത ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ, കൃത്യമായി തിളപ്പിക്കാത്ത വെള്ളം, വായ കഴുകുന്ന വെള്ളം എന്നിവ വഴിയെല്ലാം രോഗസാധ്യത കൂടാം.
ഇ-കോളി ബാക്ടീരിയ ഉണ്ടാക്കുന്ന കുടൽ രോഗങ്ങളും മരണത്തിനു കാരണമാകുന്ന അമീബിക് മസ്തിഷ്ക ജ്വരവും മാത്രമല്ല, സാംക്രമിക രോഗങ്ങൾക്കും കുടിവെള്ള ശുചിത്വക്കുറവ് വഴി വഴി വയ്ക്കും. ഈ രോഗങ്ങൾ വഴി പകർച്ചപ്പനിയും കോളറ പോലുള്ള മറ്റു സാംക്രമിക രോഗങ്ങളും തിരിച്ചു വരാമെന്നും വിദഗ്ധർ പറയുന്നു.
തിരുവനന്തപുരത്തെ പഴയ ശുദ്ധജലവിതരണ പദ്ധതിയിൽ ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഉടൻ ഇടപെടേണ്ടതുണ്ട്.
Kerala
തൃശൂർ: സർക്കാർ നിർമിക്കുന്ന മദ്യത്തിനു പേരിടാനും ലോഗോയ്ക്കും പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചതിനെതിരേ ഹൈക്കോടതിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ. മികച്ച എൻട്രികൾക്കു സമ്മാനവും വാഗ്ദാനം ചെയ്തിരുന്നു.
ഇതു സംസ്ഥാനത്തിന്റെ മദ്യനയത്തിനും നിലവിലുള്ള നിയമങ്ങൾക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു പൊതുതാത്പര്യഹർജി അയച്ചത്. അപേക്ഷ ക്ഷണിച്ച നടപടി ഉടൻ പിൻവലിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.
മദ്യത്തിനും മറ്റു ലഹരി ഉത്പന്നങ്ങൾക്കും സർക്കാർ ഒരുതരത്തിലുള്ള പ്രോത്സാഹനമോ പരസ്യമോ നൽകാൻ പാടില്ലെന്നതാണു നിലവിലെ നിയമവ്യവസ്ഥയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരേയും അതിന് അനുമതി നൽകിയ സംസ്ഥാനസർക്കാരിനെതിരെയും അടിയന്തരനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യംകലർന്ന കുടിവെള്ളം മൂന്നുപേരുടെ ജീവനെടുത്തു. ഏതാനുംദിവസങ്ങൾക്കുള്ളിൽ നൂറിലേറെ ആളുകൾ ആശുപത്രിയിലാവുകയും ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചുവെന്നാണു പ്രദേശവാസികൾ പറയുന്നത്.
ക്രിസ്മസ്ദിനത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിനു അസാധാരണഗന്ധം ഉണ്ടായിരുന്നതായി കൗൺസിലർ പറഞ്ഞു. വെള്ളം കുടിച്ച പലരം രോഗംബാധിച്ച് ആശുപത്രിയിലാവുകയും ചെയ്തു.
അതിസാരം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് പ്രദേശത്തെ 2.703 വീടുകളിൽ പരിശോധന നടത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 12,000 ആളുകളെയും പരിശോധിച്ചു. ഇതിൽ 1,146 പേർ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. 111 രോഗികളാണ് ആശുപത്രിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Sports
ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയ ഇംഗ്ലീഷ് താരങ്ങള്‍ അമിത മദ്യപാനത്തിലായിരുന്നെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജിംഗ് ഡയറക്ടര്‍ റോബ് കീ അന്വേഷണം ആരംഭിച്ചതായാണ് സൂചന. പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റ് പോരാട്ടങ്ങള്‍ക്കിടയിലെ ഇടവേളയിലായിരുന്നു സംഭവം.
അഞ്ച് മത്സരപരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റും പരാജയപ്പെട്ട് ഇംഗ്ലണ്ട് ഇതിനോടകം ആഷസ് കൈവിട്ടു. വെറും 11 മത്സരദിനങ്ങളില്‍ 2025-26 ആഷസ് പരമ്പര ഇംഗ്ലണ്ട് കൈവിട്ടെന്നതാണ് ശ്രദ്ധേയം. ഈ നാണക്കേടിന്റെ ഇടയിലാണ് ഇപ്പോള്‍ മദ്യപാന പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്.
ബ്രിസ്ബെയ്നിലെ റിസോട്ട് ടൗണ്‍ ആയ നൂസയിലായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ റിലാക്സേഷനായി ഒത്തുകൂടിയത്. ബ്രിസ്ബെയ്നില്‍ രണ്ടു ദിവസത്തെ മദ്യപാനത്തിനുശേഷമാണ് നൂസയില്‍ ഇംഗ്ലീഷ് താരങ്ങള്‍ ഒത്തുകൂടിയതെന്നാണ് വിവരം.
ടെസ്റ്റിന്റെ ഇടവേളയില്‍ റിലാക്സ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് റോബ് കീയുടെ നിലപാട്. എന്നാല്‍, ടീം അംഗങ്ങള്‍ അമിതമായി മദ്യപിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇംഗ്ലീഷ് താരങ്ങള്‍ ആറ് ദിവസം മദ്യത്തിലായിരുന്നെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും രസകരം ആദ്യ മൂന്നു മത്സരങ്ങളിലായി 11 ദിവസം മാത്രമാണ് കളി നടന്നത്. ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് കളിച്ച ദിനങ്ങളുടെ, പകുതിയില്‍ അധികംദിനങ്ങള് ഇംഗ്ലീഷ് താരങ്ങള്‍ മദ്യത്തിലായിരുന്നെന്നു ചുരുക്കം.
ആഷസില്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ ഏകദിന ടീം ന്യൂസിലന്‍ഡ് പര്യടനത്തിനിടെയും അമിത മദ്യപാനത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ വൈറ്റ്ബോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ബാറ്റര്‍ ജേക്കബ് ബെഥേല്‍ എന്നിവര്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന്റെ തലേ രാത്രിയില്‍ മദ്യത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആഷസിനു തൊട്ടുമുമ്പ് ന്യൂസിലന്‍ഡിലെത്തിയ ഇംഗ്ലണ്ട്, മൂന്നു മത്സര ഏകദിന പരമ്പര 3-0നു കൈവിട്ടിരുന്നു. മൂന്നാം ഏകദിനത്തിന്റെ തലേ രാത്രിയില്‍ ബ്രൂക്കും ബെഥേലും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും ടീം ഡയറക്ടറിന്റെ അന്വേഷണപരിധിയിലുണ്ട്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് ബോക്സിംഗ് ഡേയില്‍ (ഡിസംബര്‍ 26) മെല്‍ബണില്‍ ആരംഭിക്കും.
Kerala
കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ കെഎസ്യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു.
എഎസ്ഐ ശ്രീജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസുകാർക്കാണ് പരിക്കേറ്റത്.
District News
മൂവാറ്റുപുഴ : മൂവാറ്റുപുഴ - കാവുംപടി റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂവാറ്റുപുഴ കാവുംപടി റോഡില്‍ പമ്പ് ഹൗസിന് സമീപം ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായത്.
ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെട്ടത്. പ്രദേശത്തെ കുടിവെള്ള വിതരണവും ഇതോടെ തടസപ്പെട്ടു. വൈകുന്നേരത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തി പൈപ്പ് നന്നാക്കുകയും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.