National
പൂന: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഇതുവരെ കൃത്യമായ തെളിവുകളോ ദൃക്സാക്ഷിമൊഴികളോ ഇല്ലെന്ന് പോലീസ്. കേസിലെ മുഖ്യപ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കാനായി പോലീസ് കോടതിയെ സമീപിച്ചു.
ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ സിയയുടെ കാമുകനും കൂട്ടുപ്രതിയുമായ ചേതൻ ചൗധരി ഒരു ഹൂഡി ധരിച്ച് പ്രദേശത്ത് നിൽക്കുന്നത് മാത്രമാണുള്ളത്. ഡമ്മി ഉപയോഗിച്ച് പോലീസ് കുറ്റകൃത്യം പുനരാവിഷ്കരിച്ചെങ്കിലും കേതനെ തള്ളിയിട്ടതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അതിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ കണ്ടെത്താനായി നുണപരിശോധന നടത്താനുള്ള നീക്കവുമായി പോലീസ് മുന്നോട്ടുപോകുന്നത്.
സിയയുടെയും ചേതന്റെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനിയുള്ള അന്വേഷണത്തിന് നുണപരിശോധന ആവശ്യമാണെന്നാണ് പോലീസിന്റെ നിലപാട്. നുണപരിശോധനയിൽ നിർണായകമായ പലവിവരങ്ങളും ലഭിച്ചേക്കുമെന്ന് പോലീസ് പറയുന്നു.
കേസന്വേഷണത്തിൽ പരിമിതമായ തെളിവുകൾ മാത്രമുള്ള സാഹചര്യത്തിലാണ് പോലീസ് നുണപരിശോധന നടത്താറുള്ളത്. എന്നാൽ, നുണപരിശോധന ഫലം പ്രധാന തെളിവായി കോടതി അംഗീകരിക്കാറില്ല. മറിച്ച് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്താനായാണ് പോലീസ് നുണപരിശോധനയെ ആശ്രയിക്കുന്നത്. അതേസമയം, നുണപരിശോധനയ്ക്ക് മുൻപ് നിയമപരവും സാങ്കേതികപരവുമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സിയയുടെ അഭിഭാഷകൻ വിപുൽ ദുശിംഗ് പ്രതികരിച്ചു. നുണപരിശോധനയ്ക്ക് പ്രതിയുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും.
ആദ്യം കേസ് അന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസിൽ ഏതെങ്കിലും രീതിയിൽ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയിൽ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആ എൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
അന്വേഷണത്തിന് തടസങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇഡിക്ക് ഇനി അതിവേഗം സമൻസ് നൽകി വിളിപ്പിക്കാം, ചോദ്യം ചെയ്യാം തുടർനടപടികളുമാകാം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ, 2016 മുതൽ 2020, 21 വരെ മകൾ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആർഎല്ലിൽ നിന്ന് സേവനമൊന്നുമില്ലാതെ 2.78 കോടി രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
Leader Page
1887ൽ സീറോമലബാർ സഭയുടെ കോട്ടയം, തൃശൂർ വികാരിയാത്തുകളുടെ സ്ഥാപനം ആഗോള കത്തോലിക്കാ സഭയുടെ സാധാരണ ഭരണക്രമത്തിലെ ഒരു അനിവാര്യ നടപടിയായിരുന്നു. എന്നാൽ, മാർത്തോമ്മാ നസ്രാണിസഭയെ സംബന്ധിച്ചിടത്തോളം അതൊരു കുതിച്ചുചാട്ടമായിരുന്നു; പ്രത്യേകിച്ചും സുറിയാനി സഭയുടെ അഭൂതപൂർവമായ വളർച്ചയുടെ പശ്ചാത്തലത്തിൽ.
തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണം ഭാരതത്തിൽ ക്രിസ്തുവിശ്വാസത്തിനു ബീജാവാപം ചെയ്തു. ഒന്നാം നൂറ്റാണ്ടിൽത്തന്നെ സഭ ഇവിടെ വേരുറപ്പിച്ചു. ഭാരതത്തനിമയുള്ള ആചാരങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും പുലർത്തി സ്വയംഭരണത്തോടെ സന്തോഷമായും സമാധാനമായും ഇതര മതങ്ങളോട് സൗഹാർദത്തിലും ജീവിച്ചുപോന്ന ഒരു ജനസമൂഹമായിരുന്നു നസ്രാണി ക്രിസ്ത്യാനികൾ. “സംസ്കാരത്തിൽ ഹൈന്ദവവും മതപരമായി ക്രിസ്തീയവും ആരാധനാപരമായി പൗരസ്ത്യവും” എന്നാണ് ഫാ. പ്ലാസിഡ് പൊടിപാറ സിഎംഐ നസ്രാണി സഭയെ വിശേഷിപ്പിച്ചിട്ടുള്ളത്.
വിദേശീയർ കച്ചവടത്തിനും മതപ്രചാരണത്തിനുമായി ഭാരതത്തിൽ വന്ന് ഭാരതീയരെ അടിമപ്പെടുത്തിയതു മുതൽ നസ്രാണി കത്തോലിക്കർ പാലിച്ചുപോന്നിരുന്ന പല പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉപേക്ഷിക്കാനും പകരം വിദേശീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കാനും നിർബന്ധിതരായി. വിദേശ മിഷനറിമാരുടെ ഭരണനുകത്തിൽനിന്നു കുതറിമാറാൻ മലയാളത്തനിമയുടെ ഏറ്റം കരുത്തുറ്റ വക്താക്കളായ സുറിയാനിക്കാർ അഭിലഷിച്ചു.
ആദ്യത്തെ സ്വാതന്ത്ര്യസമരം
വിദേശ ഭരണത്തിനെതിരേ ഒരു വിഭാഗം നസ്രാണികൾ 1653ൽ മട്ടാഞ്ചേരിയിലുള്ള ഒരു ദേവാലയത്തിനു മുന്നിൽ സ്ഥിതിചെയ്തിരുന്ന കുരിശിൽ ഒരു കയർ കെട്ടി സത്യപ്രതിജ്ഞ ചെയ്തിരുന്നു: “മേലിൽ പോർച്ചുഗീസ് പരിഷകൾക്ക് കീഴ്പ്പെട്ട് ജീവിക്കില്ല” എന്ന്. ഇതാണ് കൂനൻകുരിശ് സത്യമായി അറിയപ്പെടുന്നത്. ഭാരതത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യസമരമായിരുന്നു ഇത്. ഇങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇവർ ‘പുത്തൻകൂറ്റുകാർ’ എന്നും, മാർത്തോമ്മാ നസ്രാണി സഭയിൽ മാർപാപ്പയോട് വിധേയത്വം പുലർത്തി നിന്നവർ ‘പഴയകൂറ്റുകാർ’ എന്നും അറിയപ്പെട്ടു. പുത്തൻകൂറ്റുകാർക്ക് കത്തോലിക്കാ സഭയോടോ സഭയുടെ വിശ്വാസസത്യങ്ങളോടോ വിയോജിപ്പില്ലായിരുന്നെങ്കിലും വിദേശഭരണം അവർക്ക് അസ്വീകാര്യമായിരുന്നു. എന്നാൽ, പഴയകൂറ്റുകാർ മാർപാപ്പയോടു വിധേയപ്പെട്ടുതന്നെ സ്വന്തം ജാതിയിൽപ്പെട്ട മെത്രാനുവേണ്ടിയും സ്വയംഭരണത്തിനുവേണ്ടിയും പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി പാറേമ്മാക്കൽ തോമാ കത്തനാരും കരിയാറ്റിൽ ജോസഫ് മെത്രാപ്പോലീത്തയും നൽകിയ നേതൃത്വം അവിസ്മരണീയമാണ്.
ഇരുപതാം നൂറ്റാണ്ടിലേക്ക്
1831ൽ കേരള കർമലീത്താ സുറിയാനി സന്യാസസമൂഹം (സിഎംഐ) മാന്നാനത്ത് ഉദയം ചെയ്തപ്പോൾ ഭാരതീയ സന്യാസശൈലിയിൽ മറ്റാരുടെയും പ്രേരണയാലല്ലാതെ മലയാളക്കരയിലെ സ്ത്രീ-പുരുഷന്മാർക്ക് സന്യസിച്ചും സ്വയമർപ്പിച്ചും സഭയെയും സമുദായത്തെയും സേവിക്കാനുള്ള വേദികളും വഴികളും തുറന്നുകിട്ടി. മാന്നാനം ആശ്രമം സുറിയാനിക്കാരുടെ നവോത്ഥാനോർജകേന്ദ്രമായിരുന്നു. ഷെവ. ഐ.സി. ചാക്കോയുടെ വാക്കുകളിൽ, “അര ശതാബ്ദക്കാലത്തേക്ക്, മാന്നാനം സുറിയാനിക്കാരുടെ കേന്ദ്രമായിരുന്നു. തൃശൂർ മുതൽ ചങ്ങനാശേരി വരെയുള്ള പഴയകൂറ്റുകാരുടെയെല്ലാം അഭിമാനസ്തംഭങ്ങൾ നിന്നിരുന്നത് മാന്നാനത്തായിരുന്നു.” സുറിയാനിക്കാർക്ക് പ്രത്യേകം മെത്രാന്മാർ ഉണ്ടായതിനു ശേഷമാണ് മാന്നാനത്തിന്റെ പ്രാധാന്യം മെത്രാസനമന്ദിരങ്ങളിലേക്കു മാറിയത്.
മാന്നാനത്തു താമസിച്ചിരുന്ന ആദ്യത്തെ പ്രിയോർ ജനറാൾമാർ രണ്ടുപേരും (വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വന്ദ്യ പോരൂക്കര കുര്യാക്കോസ് എലീശ്വാച്ചനും) ജനങ്ങളുടെ ഹൃദയത്തിൽ പഴയ അർക്കദിയാക്കോന്മാരുടെ സ്ഥാനമാണ് വഹിച്ചിരുന്നത്. അവർ മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടില്ലെങ്കിലും അവരുടെ അഭിപ്രായങ്ങൾ സുറിയാനി സഭയുടെ വടക്കും തെക്കുമുള്ള സകല സുറിയാനിക്കാരാലും ആദരിക്കപ്പെട്ടിരുന്നു.
സ്വന്തം ജാതിയിൽപ്പെട്ട മെത്രാനും സ്വയം ഭരണവും
ചാവറയച്ചന്റെ മരണശേഷം നസ്രാണിസഭയിൽ സ്വന്തം ജാതിയിൽപ്പെട്ട മെത്രാനും സഭയുടെ സ്വയം ഭരണലബ്ധിക്കും വേണ്ടിയുള്ള പരിശ്രമങ്ങൾ പൂർവാധികം ശക്തമായി. കേരള കർമലീത്താ സന്യാസ വൈദികരായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകിയത്. നസ്രാണി സഭയിൽനിന്ന് വിദേശഭരണത്തെ കെട്ടുകെട്ടിക്കാൻ ഏഴ് സന്യാസ വൈദികർ തുനിഞ്ഞിറങ്ങി.
ഇവർ ഒരു മഹാഹർജി തയാറാക്കി മാർപാപ്പയ്ക്കും ഭാരതത്തിലെ മറ്റ് മെത്രാന്മാർക്കും അയച്ചു. ഹർജി തയാറാക്കാൻ നേതൃത്വം നൽകിയവർ മാന്നാനം, പുളിങ്കുന്ന്, എൽത്തുരുത്ത്, അമ്പഴക്കാട് എന്നിവിടങ്ങളിലുള്ള സന്യാസാശ്രമങ്ങളിൽ നസ്രാണികളെ വിളിച്ചുകൂട്ടി സ്വന്തം ജാതിയിൽപ്പെട്ട മെത്രാനുവേണ്ടിയും സ്വയംഭരണ ലബ്ധിക്കുവേണ്ടിയും പദ്ധതികൾ ആവിഷ്കരിച്ചു.
ആ ഏഴ് സന്യാസവൈദികർ 1875 ജൂലൈ 28ന് അയച്ച ഭീമഹർജി പക്ഷേ നസ്രാണിസഭയിൽ വലിയൊരു ദുരന്തത്തിന് കാരണമായിത്തീർന്നു. ഏഴ് സന്യാസ വൈദികരെയും അന്നത്തെ ഭരണ നേതൃത്വത്തിന്റെ ആജ്ഞയാൽ സന്യാസസഭയിൽനിന്നു പുറത്താക്കേണ്ടിവന്നു. അവർ കേരള കർമലീത്താ സഭയുടെയും നസ്രാണിസഭയുടെയും ‘ഏഴ് വ്യാകുലങ്ങ’ളായി അറിയപ്പെട്ടു.
ചാവറ യൗസേപ്പച്ചൻ, കീരി (ഇരിമ്പൻ) വറുഗീസച്ചൻ, മീനാട്ടൂർ മാണിയച്ചൻ, മാതേയ്ക്കൽ മത്തായി അച്ചൻ, ളൂയിസ് പഴേപറമ്പിലച്ചൻ, ശങ്കുരിക്കൽ പൗലോസച്ചൻ, തറവട്ടത്തിൽ ഹില്ലാരിയോസച്ചൻ എന്നീ ഏഴു സന്യാസവൈദികരിൽ പ്രധാനിയായ ളൂയീസ് പഴേപറമ്പിൽ പിന്നീട് എറണാകുളം രൂപതയുടെ മെത്രാനായി അവരോധിക്കപ്പെട്ടു. മറ്റുള്ളവർ വിവിധ ഇടവകകളിൽ വൈദികവൃത്തിയിൽ തന്നെ തുടരുകയും തങ്ങളുടെ ദൗത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ മാർപാപ്പയുടെ ഒരു പ്രതിനിധിയെ മാന്നാനത്തേക്ക് അയയ്ക്കണമെന്നും ഹർജിയിൽ അപേക്ഷിച്ചു. കാരണം, മാന്നാനമായിരുന്നു സുറിയാനിക്കാരുടെ പ്രധാന കേന്ദ്രം.
മാന്നാനം സൂനഹദോസ്
1876 ഫെബ്രുവരി 21ന് ഹർജിയെക്കുറിച്ചുള്ള ചർച്ച വത്തിക്കാനിൽ നടക്കുകയും മാർച്ച് 26ന് ‘ഓപ്പർദെത്ത്’ എന്ന തിരുവെഴുത്തു വഴി മലബാർ പ്രശ്നം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ അന്നത്തെ ബോംബെ വികാരി അപ്പസ്തോലിക്ക ലെയോ മൊയ്റീനെ മലബാറിലെ അപ്പസ്തോലിക് വിസിറ്ററായി നിയമിക്കുകയും ചെയ്തു. അദ്ദേഹം കേരളത്തിൽ തന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തത് മാന്നാനം ആശ്രമമായിരുന്നു. 1876 മേയ് 23 മുതൽ 26 വരെ അദ്ദേഹം മാന്നാനം ആശ്രമത്തിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടുകയും നസ്രാണിസഭയുടെ പ്രശ്നങ്ങൾ പഠിക്കുകയും തന്റെ കണ്ടെത്തലുകൾ പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തു. ‘മാന്നാനം മഹായോഗം, മാന്നാനം സൂനഹദോസ്’ തുടങ്ങിയ പേരുകളിൽ ഈ യോഗം അറിയപ്പെട്ടു.
1876 മേയ് 23 ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച മാന്നാനം മഹായോഗത്തിൽ, നസ്രാണിസഭാംഗങ്ങളുടെ ദുരനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യോഗാംഗങ്ങൾ പങ്കുവച്ചു. മേലൂസ് ശീശ്മയെ സഭയിൽനിന്ന് ഇല്ലാതാക്കാനുള്ള ചർച്ചകൾ നടന്നതോടൊപ്പം നസ്രാണിസഭാംഗങ്ങളുടെയും വൈദികരുടെയും നിവേദനങ്ങൾ സ്വീകരിക്കാനും ചർച്ച ചെയ്യാനും പ്രത്യേക സൗകര്യങ്ങൾ യോഗത്തിൽ നടപ്പിലാക്കിയിരുന്നു. നസ്രാണികളുടെ ഐക്യം പുനഃസ്ഥാപിക്കുകയായിരുന്നു മറ്റൊരു ചർച്ചാവിഷയം.
സന്യാസസഭാംഗങ്ങളെയും വൈദികരെയും പ്രത്യേകം പ്രത്യേകം കണ്ട് അവരുടെ അഭിപ്രായങ്ങളും ആവലാതികളും യോഗം സ്വീകരിച്ചിരുന്നു. യോഗത്തിന്റെ ദ്വിഭാഷിയായി നിയമിക്കപ്പെട്ടത് നസ്രാണി സ്വാതന്ത്ര്യസമര സേനാനികളിൽ പ്രധാനിയായിരുന്ന നിധീരിക്കൽ മാണിക്കത്തനാരാണ്.
Kerala
കൊച്ചി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നു കാണാതായി. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടയിലാണ് ഇക്കാര്യം വ്യക്തമായത്.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സിബിഐ അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്. സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ തുറന്നുനോക്കിയപ്പോഴാണ് തൂവാല അതിലില്ലെന്നു മനസിലായത്.
തൂവാല സൂക്ഷിച്ച കടലാസ് കവറിനുമുകളില്‍ എലി കരണ്ടു കൊണ്ടുപോയി എന്ന് എഴുതിവച്ചിരുന്നു. തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതായും കാണപ്പെട്ടു.
ഫസൽ വധത്തിനുശേഷം റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ തൂവാല കിട്ടിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്ത്തകർക്കാണെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണു സിബിഐയുടെ വാദം.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ ഉന്നയിക്കുന്ന സംശയങ്ങൾ ഇന്ന് പോലീസ് മൊഴിയായി രേഖപ്പെടുത്തും.
ഇന്നലെ വൈകുന്നേരം നിതിൻ രാജിന്റെ അച്ഛൻ വൈ.എൽ. രാജൻ, നിതിൻ രാജിന്റെ സഹോദരി രാഖി, സഹോദരീ ഭർത്താവ് അശോകൻ എന്നിവർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിനെ കണ്ടിരുന്നു.
കെട്ടിടത്തിൽനിന്നു ചാടി തറയിൽ വീണപ്പോൾ നിതിനു മരണം സംഭവിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ എത്തിച്ച ശേഷം ആവശ്യമായ ചികിത്സ ലഭ്യമായില്ലെന്നും കുടുംബം ആരോപിച്ചു. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്നു കുടുംബം സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേത്തുടർന്നാണ് ഇവരുടെ സംശയങ്ങൾ മൊഴിയായി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. മരണത്തിനിടയാക്കിയ മുഴുവനാളുകള്ക്കതിരേയും കേസെടുക്കണമെന്നു നിതിന്‍ രാജിന്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെങ്കിലും മകന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേർക്കും ശിക്ഷ ഉറപ്പാക്കുന്നതു വരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് രാജൻ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പഠിച്ച് ഡോക്ടറായി പുറത്തിറങ്ങണമെന്നായിരുന്നു മകന്റെ ആഗ്രഹം.
ലോൺ ആപ്പിൽനിന്ന് വായ്പ എടുത്തത് കുടുംബം അറിഞ്ഞുകൊണ്ടുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ കോളജ് അധികൃതർ വീട്ടുകാരെ അറിയിക്കണമായിരുന്നു. എന്നാൽ അത്തരമൊരു നീക്കം കോളജധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പകരം പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി നിതിൻ രാജിനെ അഞ്ചംഗ സംഘം മാനസികമായി പീഡിപ്പിക്കുകയാണു ചെയ്തത്.
ഇതിൽ മാനസികമായി തകർന്നുപോയതിനെത്തുടർന്നാണ് കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി ജീവനൊടുക്കിയത്. എന്നാൽ മാനേജ്മെന്റ് കുറ്റക്കാരെ രക്ഷിക്കാൻ ഇത് കേവലം ഒരു ആത്മഹത്യ എന്ന രീതിയിൽ വരുത്തിത്തീര്‍ക്കുകയാണ്.
മകന്റെ മരണത്തിന് ഉത്തരവാദിയായ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണം. മകനെ അനുകൂലിച്ച് സംസാരിച്ച് വിദ്യാർഥികളെയെല്ലാം മാനേജ്മെന്റ് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണു ചെയ്തത്. ഏതൊക്കെ മേലാളന്മാർ ശ്രമിച്ചാലും നീതിക്കായി അവസാനം വരെ പൊരുതും. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളച്ചൊടിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അത് അനുവദിക്കില്ല.
തങ്ങളുടെ കുടുംബത്തിനുണ്ടായതു പോലുള്ള ദുരനുഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാകാതിരിക്കാൻ കൂടിയുള്ള നിയമപോരാട്ടമാണ് നടത്തുന്നതെന്നും രാജൻ പറഞ്ഞു. പട്ടികജന സമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, സാമൂഹ്യപ്രവര്‍ത്തകരായ വി.എം. മാര്‍സല്‍, കണ്ടല സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Kerala
കൊച്ചി: ട്വന്റി20യില്‍നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനെതിരെ ഡീല്‍ ആരോപണം ശക്തമാക്കി പാര്‍ട്ടി ചെയര്മാന് സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് പൂജ ജോമോന് നടത്തിയതെന്ന് ആരോപിച്ച് ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന് ഡീല്‍ ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ ഉറപ്പിച്ചത്. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല്‍ ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില്‍ നടന്ന ഡീല്‍ ചര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത്. ഇതുപോലെ കോളനികളില്‍ കയറി കോണ്‍ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. ട്വന്റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി20 എന്‍ഡിഎയുടെ ഭാഗമായതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ പൂജ ജോമോന് നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ടിൽ തിരിമറിയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണൻ. സമൂഹ മാധ്യമത്തിലൂടെ ബാങ്ക് രേഖകൾ പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ ദിവസവും തിരിമറി നടത്തിയതിന്റെ തെളിവെന്ന് ആരോപിച്ച് ബാങ്ക് രേഖകൾ പുറത്തുവിട്ടിരുന്നു.
കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ ആരോപിച്ച തിരിമറികളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളാണിത്. സൂര്യനെ പോലെ തിളങ്ങുന്ന തെളിവുകൾ ബാക്കിയിരിക്കെ എങ്ങനെയാണു നിങ്ങൾക്ക് വാക്കുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സത്യത്തെ മറച്ചു വയ്ക്കാൻ കഴിയുകയെന്ന് കുഞ്ഞിക്കൃഷ്ണണൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് 2016 നവംബർ മൂന്നിന് 40 ലക്ഷം രൂപ പിൻവലിച്ച് വിവിധ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമാക്കി. പിന്നീട് 25 ലക്ഷം ധനരാജ് അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും 15 ലക്ഷം രൂപ പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്തിട്ടുള്ളത്.
രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള അക്കൗണ്ട് നിലവിലിരിക്കെ 15 ലക്ഷം രൂപ എന്തിനാണ് ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിച്ചത് എന്ന ചോദ്യത്തിന് മറുപടി ഉണ്ടോ? ഇത് എവിടെയും വരവ് ചെലവ് കണക്കിൽ ഉൾപ്പെട്ടിട്ടില്ല എന്നതല്ലേ വസ്തുത?. രണ്ട് ലക്ഷം രൂപ കെ.പി. മധുവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് മാറ്റിയത്.
സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. പോരാട്ടം തുടരുമെന്നും വി. കുഞ്ഞിക്കൃഷ്ണണൻ കുറിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്.
രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി സ്വന്തം പേരിലാക്കി. ഈ പണം വീട് നിർമാണത്തിന് ഉപയോഗിച്ചു. ഇതിന്റെ കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.കുഞ്ഞികൃഷ്ണൻ തെളിവുകള്‍ പുറത്തുവിട്ടത്. ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസിലാക്കും.
അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തുമെന്നും പോരാട്ടം തുടരുകയാണെന്നും വി. കുഞ്ഞികൃഷ്ണൻ കുറിച്ചു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡോ. റോയ് സി.ജെയെ ഉദ്യോഗസ്ഥർ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മർദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.
സംഭവ ദിവസം ആദാന നികുതി വകുപ്പി ഡോ. റോയ് സി.ജെയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും സമ്മർദത്തിലാക്കിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ, ഇക്കാര്യങ്ങൾക്ക് തെളിവില്ലെന്നാണ് എസ്ഐടി കണ്ടെത്തൽ.
ആദായനികുതി വകുപ്പിന്റെ വിശദീകരണവും പ്രാഥമിക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഇതുതന്നെയായിരുന്നു. ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിലും ചോദ്യം ചെയ്തതായി പറഞ്ഞിരുന്നില്ല.
അതേസമയം, കമ്പനിയിലെ ജീവനക്കാരെയും ഡോ. റോയ് സി.ജെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം എസ്ഐടി ചോദ്യം ചെയ്തിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോർട്ട് തയാറാക്കിയത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പോലീസ്.
പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ് സുഹൃത്തുക്കളോട് ഒപ്പം കഴിയാനായിരുന്നു താൽപര്യമെന്നും ഇയാൾ പല ഗേ ഗ്രൂപ്പിലും അംഗമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണന് താല്പര്യം കാണിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന് പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.
കമലേശ്വരം സ്വദേശികളായ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണമെ ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഏഴു ദിവസം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് സംഘം ഇന്ന് അപേക്ഷ നൽകും. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ രാഹുൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടത്തേണ്ടെന്നാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയിൽ അന്തിമ ഉത്തരവ് അറിഞ്ഞതിനുശേഷം മാത്രം ജാമ്യാപേക്ഷയിൽ വാദം നടത്താനാണ് രാഹുലിന്റെ അഭിഭാഷകർ തീരുമാനിച്ചിരിക്കുന്നത്. റിമാൻഡിലായ രാഹുൽ നിലവിൽ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണുള്ളത്.
Kerala
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം നേടാൻ മുസ്ലിം ലീഗ് സ്വതന്ത്രനായ ഇ.യു. ജാഫറിന് 50 ലക്ഷം രൂപ കോഴനൽകിയ സംഭവത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബസന്ത് ലാൽ എന്നിവരെ പ്രതിചേർക്കണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര.
അരക്കോടി ജാഫറിനു നൽകിയതു ഖരരൂപത്തിലാണോ ദ്രാവകരൂപത്തിലാണോ എന്നുമാത്രമാണു തെളിയിക്കേണ്ടത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ കേസ് മുന്നോട്ടുപോകില്ല.
കോഴ വാങ്ങിയ ജാഫറിനെ പ്രതിയാക്കി അറസ്റ്റുചെയ്യണം. തെളിവുകൾ വിജിലൻസ് കോടതിക്കു കൈമാറുമെന്നും അനിൽ അക്കര പറഞ്ഞു.
Kerala
നിലന്പൂർ: മൈസൂരു സ്വദേശി പാരന്പര്യ സിദ്ധവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മൂന്നാം പ്രതിയുമായി നിലന്പൂർ പോലീസിന്റെ തെളിവെടുപ്പ്. നെടുമുണ്ടക്കുന്ന് സ്വദേശി കുന്നേക്കാട് ഷമീം (പൊരി ഷമീം) മിനെയാണ് നിലന്പൂർ സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.
അബുദാബിയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് നിലന്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് എത്തിച്ചത്.
ഒളിവിൽ കിഴയുന്നതിനിടെ ചെന്നൈയിൽവച്ചാണ് സിബിഐ സംഘം ഷമീമിനെ അറസ്റ്റ് ചെയ്തത്. അബുദാബിയിൽ ബിസിനസ് കണ്‍സൾട്ടന്റായിരുന്ന കോഴിക്കോട് സ്വദേശി തത്തമ്മപ്പറന്പിൽ ഹാരിസ്, ഹാരിസിന്റെ മാനേജരായിരുന്ന ഡെൻസി ആന്റണി എന്നിവരെ അബുദാബിയിൽ 2020ൽ കൊലപ്പെടുത്തിയ കേസിലാണ് ഷമീമിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഷമീം ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.
മൈസൂരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായിരുന്ന നിലന്പൂർ സ്വദേശി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പ്രതിയായിരുന്ന ഷമീം കൂട്ടുപ്രതികളോടൊപ്പം ഒളിവിൽ പോയത്.
മറ്റു പ്രതികളെ പോലീസ് എറണാകുളത്തുവച്ച് പിടികൂടിയെങ്കിലും ഷമീമും മറ്റൊരു പ്രതി ഫാസിലും എറണാകുളത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്ന് ഫാസിൽ ഗോവയിൽ മരിച്ചു. ഷമീം വീണ്ടും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
Kerala
കൊച്ചി: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി. പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
ലഹരിമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്.
ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലായിരുന്ന അടിവസ്ത്രത്തിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഡാലോചന, വഞ്ചന, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ നെടുമങ്ങാട് കോടതിയിൽ വിചാരണ നടന്നത്.
ഐപിസി 409-ാം വകുപ്പ് കൂടി ചുമത്തണമെന്നാണ് ഹൈക്കോടതി നിർദേശം. നവംബർ ഇരുപതിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു.