Kerala
വൈപ്പിന്‍: റോഡില്‍ മാര്‍ഗതടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത കാര്‍ യാത്രികനെ കല്ലുകൊണ്ട് ഇടിച്ചതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശി വിപിന്‍ വര്‍ഗീസിനാണ് ഇടിയേറ്റത്. കഴിഞ്ഞ ദിവസം മാലിപ്പുറം പാലത്തിന് സമീപം സുഹൃത്തിന്റെ കാറില്‍ സഞ്ചരിക്കവേയാണ് സംഭവം.
അലക്ഷ്യമായി റോഡ് മറികടന്ന ഒരു കാല്‍നടയാത്രക്കാരനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ മാര്‍ഗ തടസം സൃഷ്ടിക്കുകയും റോഡില്‍ കിടന്ന കല്ലെടുത്ത് വിപിന്‍ വര്‍ഗീസിനെ മുഖത്ത് ഇടിക്കുകയും ആയിരുന്നു.
സംഭവത്തില്‍ എളങ്കുന്നപ്പുഴ സ്വദേശി ആന്റണി എന്നയാള്‍ക്കെതിരെ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.
Kerala
കോഴിക്കോട്: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ തനിക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ ജെബി മേത്തര്‍.
കര്‍ശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
Kerala
കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയുടെ നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശത്ത് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലിസിൽ പരാതി നൽകാൻ പുഷ്പലത സ്റ്റേഷനിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
പരാതി നൽകി എത്തിയ ഉടൻ ഷിംജിത്ത് പുഷ്പലതയെ സൗഹൃദപൂർവം വിളിച്ചുവരുത്തി വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിന്റെ ഭാഗത്തുമാണ് പരിക്കേറ്റത്. പരിക്കേറ്റ പുഷ്പലതയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്നർ ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ശനിയാഴ്ചയാണെന്നും കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലീസിബിന്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിന്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
ഇത് തേച്ചുമാച്ചു കളഞ്ഞ കേസാണ്. വിഎസിന്റെ കാലത്ത് മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ല. കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു.
അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും. പാതിവഴിയിൽ ഉപേക്ഷിച്ച പരാതിയാണ്, അന്വേഷണമാണ്. പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് എസ്ഐ ജി. ഗോകുലിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.
വീടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പിടികൂടുമെന്നും, ആഭ്യന്തരമന്ത്രിയുടെ നിർദേശം ഉള്ളതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തിവച്ചിരിക്കുന്നതെന്നും എസ്ഐ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ എസ്എഫ്ഐ നേതൃത്വം പുറത്തുവിട്ടു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കുകയും തുടർന്ന് പൊലിസിന്റെ ലാത്തിച്ചാർജ് ഉണ്ടാകുകയും ചെയ്തിരുന്നു.
ഇതിൽ കന്റോൺമെന്റ് സിഐക്കും എസ്ഐക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ശബ്ദരേഖ പുറത്തുവിട്ടത്. സംഭവത്തിൽ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് എഡിജിപി പി. വിജയൻ നിർദേശം നൽകിയിട്ടുണ്ട്.
Kerala
വൈപ്പിന്‍: അനധികൃതമായി കായല്‍ നികത്തി ബര്‍ത്ത് നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി പരാതി. കാളമുക്കിനു തെക്ക് പണിക്കര്പടി ഭാഗത്ത് ബര്‍ത്ത് നിര്‍മിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് യാര്‍ഡ് കമ്പനി ശ്രമിക്കുന്നതായാണ് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി പി.വി. ജയന് കൊച്ചിന് പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി കായലില്‍ ഗോശ്രീപുരം ഹാര്‍ബറിനു തെക്കുവശത്തായി ഏകദേശം 50 മീറ്റര്‍ ഭാഗത്ത് ബര്‍ത്ത് നിര്‍മാണത്തിനായി കുറ്റിയടിക്കുന്നതായി പരാതിയില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ക്കായുള്ള കപ്പലുകള്‍ അടുപ്പിക്കുന്നതിനാണ് ഇവിടെ ബര്‍ത്ത് നിര്‍മിക്കുന്നത് എന്നാണ് ആരോപണം.
എന്നാല്‍ ഈ ഭാഗം വള്ളങ്ങള്‍ കടലിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന പ്രധാന ചാലാണെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ബര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാക്കി കപ്പലുകള്‍ അടുപ്പിച്ചാല്‍ മത്സ്യബന്ധനയാനങ്ങളുടെ സഞ്ചാരപാത സ്ഥിരമായി തടസപ്പെടും.
കായലില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ചെറുവഞ്ചി മത്സ്യത്തൊഴിലാളികളെയും നിര്‍മാണം പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ പ്രദേശത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണം എന്നാണ് മത്സ്യത്തൊഴിലാളി യൂണിയന്റെ ആവശ്യം.
National
ലക്നോ: സ്ത്രീധനം കൊണ്ടുവരാത്തതിനു യുവതിയെ ശുചിമുറി ഉപയോഗിക്കുന്നതിൽനിന്നു വിലക്കി ഭർതൃവീട്ടുകാർ. ഉത്തർപ്രദേശിലെ ഭധോഹിയിലായിരുന്നു അസാധാരണ ക്രൂരത അരങ്ങേറിയത്.
റോഷൻതാര സ്വദേശിനിയായ ഷബ്നമാണു പരാതിക്കാരി. സ്ത്രീധനമായി 50,000 രൂപ കൊണ്ടുവരണമെന്നായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം.
എന്നാൽ ഷബ്നം ഇത് നിഷേധിച്ചു. ഇതോടെ വീട്ടിലെ ശുചിമുറി പൂട്ടിയിടുകയും ഉപയോഗിക്കുന്നതിൽനിന്നു തന്നെ തടയുകയും ചെയ്തതായി ഷബ്നം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഭർതൃപിതാവ് ബുനിയാദ്, ഭർത്താവിന്റെ സഹോദരന്മാരായ ഇല്യാസ്, നൻകു, സഹോദരിമാരായ സന, റെഹാന എന്നിവർക്കെതിരേ സിറ്റി കൊട്വാലി പൊലിസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. രാവിലെ ഇരുപതുകാരിയായ ഷബ്നം ശുചിമുറി ഉപയോഗിക്കാൻ ചെന്നപ്പോൾ വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. വാതിൽ തുറക്കാൻ ഭർത്താവിന്റെ വീട്ടുകാരോട് ആവശ്യപ്പെടുകയും സ്വയം തുറക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, അവർ തന്നെ മർദിച്ചു.
പിതാവിൽനിന്ന് 50,000 രൂപ കൊണ്ടുവന്നാൽ മാത്രമേ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കൂവെന്ന് പറയുകയും ചെയ്തതായി ഷബ്നം ആരോപിക്കുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് ഉപയോഗിക്കേണ്ടി വരുമ്പോൾ മാത്രം ശുചിമുറി തുറക്കുകയും പിന്നീട് പൂട്ടിയിടുകയുമാണു ചെയ്തിരുന്നതെന്നും ഷബ്നം പറയുന്നു.
Kerala
കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകി. കേസിൽ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന് കാട്ടി പരാതിക്കാരനായ ദിനേശ് മേനോൻ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന് എംഎൽഎയായി തുടരാൻ അർഹതയില്ലെന്നാണ് ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്.
എന്നാൽ, ഒറ്റ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ മാത്രമാണ് അയോഗ്യത ബാധകമാകൂ എന്നാണ് മാണി സി. കാപ്പന്റെ ഭാഗത്തുനിന്ന് കോടതിയിൽ ഉന്നയിച്ച വാദം.
ഈ സാഹചര്യത്തിലാണ് വിഷയം നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദേശം നൽകിയിരിക്കുന്നത്.
Kerala
കോട്ടയം: മുഖ്യമന്ത്രി വിഡി സതീശനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകയ്ക്ക് എതിരെ പരാതി. പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് പരാതി.
കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി നടി അന്‍സിബ ഹസന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
അന്‍സിബയുടെ പരാതിയില്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലിസ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അന്‍സിബയുടെ പരാതി.
ഇതില്‍ ലക്ഷ്മിപ്രിയക്കെതിരെ മാത്രമാണ് കേസ് എടുത്തത്, ബാക്കിയുള്ളവരെ പൊലിസ് മനപൂര്‍വം ഒഴിവാക്കി എന്നാണ് അന്‍സിബ ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.
Movies
വീടിനു സമീപത്തുള്ള ക്ഷേത്രത്തിൽ നിന്നും അർധരാത്രിക്ക് ശേഷവും ഉച്ചഭാഷിണിയിലൂടെ അമിത ശബ്ദത്തിൽ പാട്ടുവെക്കുന്നതിനെതിരെ പരാതിയുമായി നടൻ അല്ലു സിരീഷ്.
ഹൈദരാബാദിലെ വിനോബ നഗറിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദശല്യത്തിനെതിരെ ഹൈദരാബാദ് സിറ്റി പൊലിസിനെ ടാഗ് ചെയ്താണ് നടൻ എക്സിൽ രംഗത്തെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും പോലും അനുവദനീയമായ പരിധിയും ലംഘിച്ച് പാട്ടുകൾ കേൾപ്പിക്കുകയാണെന്ന് നടൻ വ്യക്തമാക്കി.
Kerala
വൈപ്പിന്‍: പൊലിസില്‍ പരാതി നല്കി എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. ഞാറക്കല്‍ വാളൂരാന്‍ വീട്ടില്‍ സരിന് (41) ആണ് ആക്രമണത്തിന് ഇരയായത്. ഞാറക്കല്‍ സ്വദേശിയായ അജിത്ത് എന്നയാള്‍ വീശിയ കത്തി തടുത്തതിനെ തുടര്‍ന്ന് കൈവിരല്‍ മുറിവേറ്റ സരിന് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഞാറക്കലിലെ അക്ഷയ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഭവം. സരിന്റെ പരാതിയില്‍ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.
District News
മഞ്ചേരി: ദന്പതിമാരെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മഞ്ചേരി പൊലിസ് കേസെടുത്തു. കാളികാവ് അഞ്ചച്ചവിടി മുതുകോടൻ സമീർ ബാബു (39) ആണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ 23ന് മഞ്ചേരി മേലാക്കത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും ഭാര്യയും കാറിൽ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കാളികാവിലേക്ക് പോകവേ മേലാക്കത്ത് വച്ച് മറ്റൊരു വാഹനം ഇവരുടെ കാറിൽ ഇടിച്ചു.
ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ നടക്കുന്നതിനിടെ ബിച്ചുവെന്ന് പേരുള്ള ഒരാൾ സമീർ ബാബുവിനെ മുഖത്തടിക്കുകയുമായിരുന്നു. അടിയിൽ പരാതിക്കാരന്റെ പല്ല് നഷ്ടപ്പെട്ടു. ഭർത്താവിനെ മർദിക്കുന്നത് തടയാനെത്തിയ ഭാര്യയെ പ്രതി തള്ളി താഴെയിട്ടുവെന്നുമാണ് പരാതി. മഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നടി അൻസിബ ഹസനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലിസിന് നിർദേശം നൽകി.
അശ്ലീല പരാമർശങ്ങളോടെ ലക്ഷ്മി പ്രിയ തന്നെ വ്യക്തിയധിക്ഷേപം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് കാണിച്ച് അൻസിബ നേരത്തെ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.
Kerala
കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകി. രണ്ടു മൃതദേഹമാണ് അഴുകിയത്. സെപ്റ്റംബര്‍ 16ന് കുളിമുറിയില്‍ തെന്നിവീണ് മരിച്ച വയോധികയുടെയും മറ്റൊരാളുടെ മൃതദേഹവുമാണ് അഴുകിയത്. മൊബൈല്‍ ഫ്രീസര്‍ തകരാറിലായതാണ് മൃതദേഹം അഴുകാന്‍ കാരണമായത്.
വയോധികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായാണ് പറവൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ എട്ടോടെ പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴാണ് സര്ജന് മൃതദേഹം അഴുകിയ വിവരം ബന്ധുക്കളെ അറിയിക്കുന്നത്.
മൃതദേഹത്തിന്റെ താഴെ ഭാഗത്ത് മാത്രമാണ് തണുപ്പ് ലഭിച്ചതെന്നും മുകളിലേക്ക് തണുപ്പ് ലഭിച്ചില്ലെന്നുമാണ് മെഡിക്കല്‍ കോളജില്‍ നിന്നും അറിയിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത് എന്നാണ് വയോധികയുടെ കുടുംബത്തിന്റെ ആരോപണം.
മൃതദേഹം എത്തിച്ചപ്പോള്‍ തന്നെ മൂന്നു ദിവസം പഴകിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പിന്നാലെ ആരോഗ്യമന്ത്രിക്കും പൊലിസിലും മുന്‍സിപ്പാലിറ്റി അധികൃതര്‍ക്കും ഉള്‍പ്പെടെ വയോധികയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു.
Kerala
കൊച്ചി: ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര വാഹനം ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്.
സർക്കാർ പദവി ദുരുപയോഗം ചെയ്തുവെന്നും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറാണ് മന്ത്രി ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചത്.
ഔദ്യോഗിക വാഹനത്തിന് പകരം ആഡംബര കാറിലുള്ള മന്ത്രിയുടെ സഞ്ചാരം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മന്ത്രി വാഹനം ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നീക്കം. എന്നാൽ എംപിയുടെ പരാതിയിൽ പൊലിസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ കമ്മിഷന്റെ തീരുമാനങ്ങളോടും ഉത്തരവുകളോടും വിയോജിപ്പ് പ്രകടിപ്പിച്ചതായി മഹുവ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വോട്ടർമാരെ ചേർക്കൽ, ഒഴിവാക്കൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ വോട്ടർ രജിസ്ട്രേഷൻ നടപടികളിലെ മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മറ്റ് അംഗങ്ങളുടെ രേഖാമൂലമുള്ള വിയോജിപ്പുകളെ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അധികാരമില്ലെന്നാണ് മഹുവ മൊയ്ത്രയുടെ പ്രധാന വാദം.
കമ്മിഷന്റെ കൂട്ടായ അംഗീകാരമില്ലാത്ത ആശയവിനിമയങ്ങൾ പുറപ്പെടുവിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അവകാശമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
National
ചെന്നൈ: പ്രമുഖ ചലച്ചിത്ര താരം അംബികയ്ക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരി രാധ രംഗത്ത്. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രധാന പരാതി.
ചെന്നൈ പൊലിസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് രാധ പരാതി നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഈ വലിയ സാമ്പത്തിക വിവാദം സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നഗരസഭയിലെ നേമം സോണൽ ഓഫീസിൽ കെട്ടിട ക്രമവൽക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ച സംഭവത്തിൽ മേയർ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി. സെപ്റ്റംബർ 20-നാണ് മേയർ ഇത് സംബന്ധിച്ച കത്ത് നൽകിയത്.
സെപ്റ്റംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീർ എന്നയാൾ നേമം സോണൽ ഓഫീസിലെത്തി എ.ആർ. മൻസൂർ എന്നയാളുടെ പേരിൽ കെട്ടിട ക്രമവൽക്കരണ ഫീസ് അടയ്ക്കുന്നതിനുള്ള വിവരങ്ങൾ തേടുകയും രേഖകൾ ഹാജരാക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഇയാൾ നൽകിയ കെട്ടിട സർട്ടിഫിക്കറ്റും ക്രമവൽക്കരണ ഫീസ് രസീതും പരിശോധിച്ച ഉദ്യോഗസ്ഥർക്ക് അവ വ്യാജമാണെന്ന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
ഓഫീസ് രേഖകൾ പ്രകാരം ഈ കെട്ടിടത്തിന്റെ യഥാർഥ നികുതിദായകൻ രാജേശ്വരിയാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നേമം സോണൽ റവന്യൂ ഇൻസ്പെക്ടർ മേയർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലിസിൽ പരാതി നൽകിയത്.
സെപ്റ്റംബർ അഞ്ചിന്റെ തീയതിയിലുള്ള ബിൽഡിംഗ് സർട്ടിഫിക്കറ്റിന്റെ പകർപ്പും നികുതി രസീതുകളും പരാതിയോടൊപ്പം പൊലിസിന് കൈമാറിയിട്ടുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം നടത്തി വ്യാജ രേഖകൾ നിർമിച്ചവരെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് മേയറുടെ ആവശ്യം.
Kerala
കൊച്ചി: മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു വച്ചത് ചോദ്യം ചെയ്തതിന് അയല്‍വാസിയും മകനും മര്‍ദിച്ചതായി പരാതി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര പട്ടത്താഴത്ത് സന്ദീപിന് (43) ആണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം വീടിന് മുന്നിലുള്ള റോഡില്‍ വച്ചായിരുന്നു സംഭവം.
വാക്കേറ്റത്തെ തുടര്‍ന്ന് അയല്‍വാസിയായ വിനോദും മകന് വിഷ്ണുവും കരിങ്കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സന്ദീപ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുനമ്പം പൊലിസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
Kerala
കൊച്ചി: ആലുവ ജില്ലാശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടോടു കൂടിയാണ് ഡോക്ടറെ കാണാനെത്തിയ രണ്ടുപേര്‍ കെ.കെ ലാലു എന്നയാളെ മര്‍ദിച്ചത്. വാഹനം തട്ടി മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് റിസ്വാന് എന്ന യുവാവും മറ്റൊരു യുവാവും ജില്ലാശുപത്രിയില്‍ എത്തിയത്.
ഡോക്ടറെ കണ്ടതിനു ശേഷം വിരലില്‍ മാത്രം ബാന്‍ഡേജ് ചുറ്റിയാല്‍ പോരായെന്നും കൈ പൂര്‍ണമായി ചുറ്റണമെന്നും പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ അത് ചെയ്യാന്‍ കഴിയുള്ളൂ എന്ന് നഴ്സിംഗ് അസിസ്റ്റന്റ് പറഞ്ഞതില്‍ ഇഷ്ടപ്പെടാതെ രോഗി മുഖത്ത് അടിക്കുകയായിരുന്നു.
രോഗിയുടെ കൂടെയുണ്ടായിരുന്ന യുവാവും റൂമിലേക്ക് കയറി വന്ന് ഇദ്ദേഹത്തെ ആക്രമിച്ചു. ഒച്ച കേട്ട് സെക്യൂരിറ്റി ജീവനക്കാരന് ഓടി വന്നതോടെ രണ്ടുപേരും പുറത്തേക്ക് പോവുകയായിരുന്നു. മര്‍ദനമേറ്റ നേഴ്സിംഗ് അസിസ്റ്റന്റ് പൊലിസില്‍ പരാതി നല്കി.
Kerala
കോഴിക്കോട്: കുന്ദമംഗലം മുറിയനാൽ അങ്ങാടിയിലെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന സംഭവത്തിൽ വഴിതിരിവ്. വണ്ടിനെ ഭക്ഷണത്തിലിടുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം ഹോട്ടലുടമ റഫീഖ് പൊലിസിൽ പരാതി നൽകി.
വണ്ട് കണ്ടെത്തിയെന്ന പരാതിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ഹോട്ടലുടമയുടെ പരാതിയിൽ പറയുന്നു. 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹോട്ടലിന്റെ സൽപ്പേര് നശിപ്പിക്കാനും പണം തട്ടാനുമാണ് ചിലർ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഹോട്ടലുടമ പറഞ്ഞു.
ഭക്ഷണത്തിൽ മനപ്പൂർവം വണ്ടിനെ ഇടുകയും തുടർന്ന് ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.
ഈ സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും, തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടലുടമ പുറത്തുവിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് പരാതിക്കാരിലൊരാളായ കൊടുവള്ളി കളരാന്തരി വട്ടത്താംപോയിൽ അൻവറിന്റെ വാദം.
സംഭവത്തിൽ അൻവർ ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെ കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുടമയ്ക്ക് എതിരായ ഇത്തരം സാമൂഹിക വിരുദ്ധ നീക്കങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുകയുണ്ടായി.
Kerala
കൊച്ചി: മത്സ്യങ്ങള്‍ വിറ്റ വകയില്‍ 11,07,664 രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന് പരാതി. ഹാര്‍ബറുകളില്‍ നിന്നും മത്സ്യങ്ങള്‍ ലേലത്തില്‍ വാങ്ങി കയറ്റുമതി കമ്പനികള്‍ക്ക് നല്കുന്ന എപിഡി ആന്‍ഡ് കമ്പനിയുടെ ഉടമ ഞാറക്കല്‍ പറപ്പിള്ളി റിച്ചാര്‍ഡ് നല്കിയ പരാതിയില്‍ അരൂരിലെ റോയല്‍ മറൈന്‍ എന്ന സ്ഥാപനത്തിനെതിരെ കേസ് എടുത്തു.
2023 ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള ദിവസങ്ങളില്‍ 86,66,780 രൂപയുടെ മത്സ്യങ്ങള്‍ നല്കിയ വകയില്‍ 11,07,664 രൂപ ഇനിയും കയറ്റുമതി കമ്പനി നല്കാന് ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത് ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് എപിഡി ആന്‍ഡ് കമ്പനി ഉടമ ഞാറക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്.
Kerala
കോട്ടയം: വിവാഹച്ചടങ്ങിന് കേറ്ററിംഗ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് കേറ്ററിംഗുകാർ പണം വാങ്ങി വീട്ടുകാരെ ചതിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പൊലിസിൽ പരാതി നൽകി. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെത്തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്നുമാണ് ഭക്ഷണം എത്തിച്ച് നൽകിയത്.
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഉദയം എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. എന്നാൽ വെൽക്കം ഡ്രിങ്ക് പോലും സമയത്ത് ലഭിച്ചില്ല.
തുടർന്ന് അന്വേഷിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ നിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽ പെട്ടെന്നും ഉടൻ മറ്റൊരു വാഹനത്തിൽ എത്തുമെന്നും സംഘം മറുപടി നൽകി. എന്നാൽ പിന്നീട് ഫോൺ വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് ഇവർ അറിയിച്ചത്. സമാനമായ രീതിയിൽ മുണ്ടക്കയം ചോറ്റിയിലും ഇവർ ഭക്ഷണം എത്തിച്ചില്ല.
മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിരുന്നത്. വിവാഹത്തലേന്നത്തെ ഭക്ഷണം കൃത്യമായി എത്തിച്ചിരുന്നെങ്കിലും വിവാഹ ദിവസം കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ കേറ്ററിംഗ് ഉടമ ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്തു. ആലപ്പുഴ നഗരസഭ അധ്യക്ഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ നഗരസഭ അധ്യക്ഷയെ പൂതനയെന്നും അഴിമതിക്കാരിയെന്നും രാജു അപ്സര വിളിച്ചിരുന്നു. ആലപ്പുഴ സൗത്ത് പൊലിസാണ് കേസെടുത്തത്.
National
ഗോഹട്ടി: ആസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മുൻ ഐഎഎസ് ഓഫിസർ ദേബാശിഷ് ശർമ ബിജെപി സ്ഥാനാർഥി.
നാഗാവ് ഡിസ്ട്രിക്ട് കമ്മിഷണറായിരുന്ന ശർമ സെപ്റ്റംബർ മൂന്നിനാണ് സർവീസിൽനിന്നു സ്വയം വിരമിച്ചത്.
സെപ്റ്റംബർ എട്ടിനു ബിജെപിയിൽ ചേർന്നു.നാഗാവ് ഡിസ്ട്രിക്ട് കമ്മിഷണർ എന്ന നിലയിൽ ദേബാശിഷ് ശർമ കൈക്കൊണ്ട വിവിധ നടപടികൾ പുനഃപരിശോധിക്കണമെന്നും ശർമയ്ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി റക്കിബുൾ ഹുസൈൻ കഴിഞ്ഞയാഴ്ച ആസാം ചീഫ് ഇലക്ടറൽ ഓഫിസർക്കു പരാതി നല്‍കിയിരുന്നു.
പരാതി ഇലക്ഷൻ കമ്മിഷനു കൈമാറിയതായി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു.
കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയി രാജിവച്ച് ബിജെപിയിൽ ചേർന്നതുമൂലമാണ് നാഗാവിൽ ഉപതെരഞ്ഞെടുപ്പ്.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിനെതിരേ നവമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകി.
അദ്ദേഹത്തിന്റെ ചരമവാർത്തകൾക്കും ചിത്രങ്ങൾക്കും താഴെയാണ് ഒരുകൂട്ടം ആളുകൾ അധിക്ഷേപകരമായ കമന്റുകൾ പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരേ കർശന നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ ഡിജിപിക്കു പരാതി നൽകി.
നവമാധ്യമങ്ങളിലെ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ട സ്ക്രീൻ ഷോട്ടുകളും പത്രപ്രവർത്തക യൂണിയൻ പൊലിസിനു കൈമാറിയിട്ടുണ്ട്.
Kerala
കൊച്ചി: സാമ്പത്തികതട്ടിപ്പുകേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന്റെ പരാതിയില്‍, സിപിഎം നേതാവ് പി. ശശിക്കെതിരേ പൊലിസ് അന്വേഷണം ശക്തമാക്കി.കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയേക്കും.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയെന്നാണു വിവരം.
കൊച്ചി ഡിസിപി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പരാതിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഷര്‍ഷാദ് നൽകിയ പരാതി ആഭ്യന്തരവകുപ്പിനു കൈമാറുകയായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോയ്ക്കു നല്കിയ കത്ത് ചോര്‍ന്നതും അന്വേഷിക്കും.
തന്റെ അറസ്റ്റിലെ ഗൂഢാലോചന അന്വേഷിക്ക ണമെന്ന് പരാതിയില്‍ മുഹമ്മദ് ഷര്‍ഷാദ് ആവശ്യപ്പെട്ടു. പി. ശശി അടക്കമുള്ളവരുടെ ഫോണ്‍ റിക്കാര്‍ഡുകളും വാട്സാപ് ചാറ്റുകളും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കണമെന്ന അന്‍സിബയുടെ പരാതി വീണ്ടും പരിഗണിക്കാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്കി ഹൈക്കോടതി. തെളിവുകള്‍ പരിശോധിച്ച് കേസ് എടുക്കേണ്ട കുറ്റകൃത്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി.
ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേസ് എടുക്കാന്‍ പാലാരിവട്ടം പൊലിസ് വിസമ്മതിച്ചിരുന്നു. പിന്നാലെ അന്‍സിബ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അപകീര്‍ത്തി കേസ് മാത്രമേ എടുക്കാന്‍ ആവുകയുള്ളു എന്ന നിലപാടാണ് എടുത്തത്. ഇതിനെതിരെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.
അന്‍സിബയുടെ പരാതി വീണ്ടും പരിഗണിക്കണം. കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോയെന്ന് മജിസ്ട്രേറ്റ് പരിശോധിക്കണം, തെളിവ് ശേഖരണത്തിന് പൊലിസ് അന്വേഷണം ആവശ്യമാണോ എന്നതും പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
National
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരേ ഗുരുതരമായ ലൈംഗികപീഡന ആരോപണവുമായി വിദ്യാർഥിനികൾ രംഗത്ത്. പത്തിലധികം വിദ്യാർഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. വിഷയം സർവകലാശാലയുടെ ആഭ്യന്തര പരാതിപരിഹാര സമിതി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കാമ്പസിനുള്ളിൽ താമസിക്കുന്ന പ്രഫസർ, അവധിദിവസങ്ങളിലെ ഒത്തുചേരലുകൾക്കായി വിദ്യാർഥിനികളെ സ്വന്തം വസതിയിലേക്കു ക്ഷണിക്കുകയും അവിടെവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. കൂടാതെ, ക്ലാസിൽ അശ്ലീല പരാമർശങ്ങൾ നടത്തിയതായും വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പറയുന്നു.
ഒരു മാസം മുമ്പാണ് ആദ്യ പരാതി നൽകിയത്. അടുത്തിടെ സമാനമായ ആരോപണങ്ങളുമായി കൂടുതൽ പരാതികൾ ഉയർന്നതോടെ മുതിർന്ന വിദ്യാർഥികളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തനിക്കെതിരേയുള്ള പരാതികളെക്കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ആരോപണവിധേയനായ പ്രഫസർ പ്രതികരിച്ചു.
വിഷയം നിലവിൽ അന്വേഷണഘട്ടത്തിലായതിനാൽ പരാതികളെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഐസിസി തയാറായില്ല. വിഷയത്തിൽ പ്രതികരിച്ച ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്, ലൈംഗികാതിക്രമ ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നത് ഐസിസിയാണെന്നും താൻ ആ സമിതിയിൽ അംഗമല്ലെന്നും വ്യക്തമാക്കി.
Kerala
കൊച്ചി: കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ്. കാലടി പൊലിസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് ശ്രീമൂലനഗരം സ്വദേശി സുജിത്ത് ജയന് (32) എസ്പിക്ക് പരാതി നല്കി. സെപ്റ്റംബര്‍ രണ്ടിന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് സ്റ്റേഷനിലെത്തിച്ച് രാത്രി വരെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം.
കാലടി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ നിസാര്‍, ധനേഷ്, അജ്മല്‍, രഞ്ജിത്ത് എന്നി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. നഗ്നനാക്കി മര്‍ദിച്ചു, ജനനേന്ദ്രിയത്തില്‍ ബൂട്ടിട്ട് മര്‍ദിച്ചു, ഇന്റര്‍ലോക് കട്ട കൊണ്ട് മുതുകില്‍ ഇടിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളും പരാതിയിലുണ്ട്.
സുഹൃത്തുക്കള്‍ ക്രിമിനല്‍ കേസില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ബുധനാഴ്ച ശ്രീമൂലനഗറിലെ വീട്ടില്‍ നിന്നാണ് സുജിത്തിനെ പൊലിസ് പിടിച്ചു കൊണ്ടുപോയത്. എന്നാല്‍ സ്റ്റേഷനില്‍ എത്തിയശേഷം ഇതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. പേരും ജാതിയും മാത്രം ചോദിച്ച് അത് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പിന്നാലെയാണ് ക്രൂര മര്‍ദനമുണ്ടായത്.
എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവറാണ് സുജിത്ത്. അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് സുജിത്തിനെ സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കുന്നത്. സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചശേഷം സുജിത്ത് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴ വാഴക്കാല സ്വദേശിയായ 25കാരിയുടെ മോര്‍ഫ് ചിത്രങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി പരാതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ബന്ധുവിന്റെ ഫോണിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നതായാണ് വിവരം.
നിലവില്‍ ജോലിയുടെ ആവശ്യത്തിനായി കടവന്ത്രയില്‍ താമസിക്കുന്ന യുവതി കടവന്ത്ര പൊലിസിലാണ് പരാതി നല്‍കിയത്. മൂന്ന് ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതായാണ് വിവരം.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ അശ്ലീല രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കടവന്ത്ര പൊലിസില്‍ മോര്‍ഫിംഗുമായി ബന്ധപ്പെട്ട് പുതിയ പരാതി എത്തിയിരിക്കുന്നത്.
മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ കിളിമാനൂര്‍ സ്വദേശി വി.എസ്. ശ്രീഹരി അധ്യാപകരുടെയും സഹപാഠികളുടെയും മാത്രമല്ല, ബന്ധുക്കളുടെയും മറ്റ് ചില പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകളില്‍ പങ്കുവച്ചിരുന്നതായും കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടെലിഗ്രാം ഗ്രൂപ്പുകളില്‍ ആരൊക്കെ പങ്കാളികളാണ് എന്നത് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയാണ് മുഖ്യസൂത്രധാരന്‍ എന്നാണ് ശ്രീഹരി നല്കിയ മൊഴി.
District News
നീലേശ്വരം: സ്റ്റോപ്പുള്ള സ്ഥലത്തേക്ക് ടിക്കറ്റ് നൽകാത്തത് ചോദ്യം ചെയ്ത യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ കൈയേറ്റം ചെയ്തതായി പരാതി. പടന്നക്കാട് നെഹ്റു കോളജ് ജീവനക്കാരൻ കരിന്തളം കുമ്പളപ്പള്ളിയിലെ വി.വി. രാജ്മോഹൻ (54) ആണ് മൂകാംബിക ബസ് കണ്ടക്ടർക്കെതിരെ നീലേശ്വരം പൊലീസിലും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ, കാസർഗോഡ് ആർടിഒ, കാഞ്ഞങ്ങാട് ജോയിന്റ് ആർടിഒ എന്നിവർക്കും പരാതി നൽകിയത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി കോയിത്തട്ടയിൽ നിന്ന് ബസിൽ കയറിയ രാജ്മോഹൻ പടന്നക്കാട് നെഹ്റു കോളേജ് സ്റ്റോപ്പിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നെഹ്റു കോളജിന് മുന്നിൽ സ്റ്റോപ്പില്ലെന്നും വേണമെങ്കിൽ നീലേശ്വരത്തേക്ക് ടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് കണ്ടക്ടർ 23 രൂപയുടെ ടിക്കറ്റ് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥിരമായി ഈ റൂട്ടിൽ യാത്രചെയ്യുന്ന ആളെന്ന നിലയിൽ നെഹ്റു കോളജിന് സമീപം സ്റ്റോപ്പ് ഉണ്ടെന്ന് രാജ്മോഹൻ പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ കണ്ടക്ടർ തയ്യാറായില്ല. ബസ് നീലേശ്വരത്ത് എത്തിയപ്പോൾ അടുത്ത സ്റ്റോപ്പ് ഏതാണെന്ന് രാജ്മോഹൻ ചോദിച്ചു. ഇതോടെ കണ്ടക്ടർ പ്രകോപിതനായി മറ്റു യാത്രക്കാരുടെ മുന്നിൽ വച്ച് കൈയേറ്റം നടത്തിയതായാണ് രാജ്മോഹന്റെ പരാതി. പരിക്കേറ്റ രാജ്മോഹനൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പൊലീസിനും മോട്ടോർവാഹന വകുപ്പ് അധികൃതർക്കും പരാതി നൽകിയത്.
District News
കട്ടപ്പന: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അഞ്ചംഗ സംഘം മര്‍ദിച്ചതായി പരാതി. ഉപ്പുതറ മാട്ടുത്താവളം മൈലാടുംപാറയില്‍ പ്രിന്‍സ് തോമസിനെയാണ് മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കട്ടപ്പന ആനക്കാംപൊയ്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് പ്രിന്‍സ്. ചൊവ്വാഴ്ച സര്‍വീസ് അവസാനിപ്പിച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുംവഴി വെള്ളയാംകുടി-പൊന്നിക്കവല റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് നേതൃത്വം നല്കിയ രണ്ടുപേരെ തനിക്ക് അറിയാമെന്നും ഇവര്‍ തന്റെ പ്രദേശവാസികളാണെന്നും പ്രിന്‍സ് പറഞ്ഞു. ഇരുമ്പുവടി ഉപയോഗിച്ചുണ്ടായ ആക്രമണത്തില്‍ പ്രിന്‍സിന്റെ കൈക്കും വയറിനും പരിക്കേറ്റു. തന്റെ തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂട്ടിപാസും മൊബൈല്‍ ഫോണും മൂന്നു പവന്റെ സ്വര്‍ണമാലയും അക്രമികൾ കവര്‍ന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സമീപവാസികള്‍ മദ്യപിച്ചശേഷം യാതൊരു കാരണവും കൂടാതെ തന്നെ ഫോണ്‍ വിളിച്ച് അസഭ്യം പറയുകയും ഇതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇവര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നു പ്രിന്‍സ് പറഞ്ഞു. പരിക്കേറ്റ പ്രിന്‍സ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന പോലീസില്‍ പരാതിയും നല്കി.
District News
കോട്ടയം: നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്തു എഴുപതോളം വിദ്യാര്‍ഥികളില്‍നിന്ന് പണം തട്ടിയതായി പരാതി. നാഗമ്പടത്തെ വേ ടു സ്റ്റഡി എന്ന റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്.
ഹൈദരാബാദിലെ മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് പഠനത്തിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് സ്ഥാപനം വിദ്യാർഥികളിൽ നിന്നും പണം പിരിച്ചത്. വിദ്യാർഥികളുടെ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റും സ്ഥാപനം കൈവശപ്പെടുത്തിയിരുന്നു. ഒരു വിദ്യാര്‍ഥിയില്‍നിന്ന് 1.42 ലക്ഷം മുതല്‍ 2.42 ലക്ഷം വരെ വാങ്ങിയതായും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് ഇന്നലെ വെസ്റ്റ് പോലീസ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി.
തട്ടിപ്പിനിരയായ വിദ്യാര്‍ഥികളും രക്ഷിതാക്കളും വേ ടു സ്റ്റഡിയിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു. പ്രതിഷേധം വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചു.
Kerala
തൃശൂർ: ‘അഴിമതി കണ്ടാൽ മിണ്ടാതിരിക്കരുത്... പറയുന്നതു സംസ്ഥാനത്ത് അഴിമതി തടയാൻ നിയോഗിക്കപ്പെട്ട വിജിലൻസാണ്. എന്നുവച്ച് വായിൽ തോന്നിയപോലെ അഴിമതിയാരോപണങ്ങളുമായി വിജിലൻസിന്റെ നാലയലത്തേക്കു വന്നേക്കരുത്’- ഇങ്ങനെയവർ പറയുന്നില്ലെങ്കിലും പരാതി അറിയിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിജിലൻസ് പുറത്തുവിട്ട സാമൂഹ്യമാധ്യമ പോസ്റ്ററുകളും നിർദേശങ്ങളും വെളിവാക്കുന്നത് അത്തരമൊരു മുന്നറിയിപ്പാണ്. അഴിമതി നടത്തുന്നവർ നാടിന് അപമാനവും തലവേദനയുമാണ്, പരാതി അറിയിക്കുന്നവരും അങ്ങനെയാകരുതേയെന്നാണു നിർദേശത്തിന്റെ സാരം.
സിനിമകളിലെ രംഗങ്ങളും നടന്മാരുടെ ഡയലോഗുകളുമെല്ലാം കടമെടുത്തുള്ള രസകരമായ പോസ്റ്റർ ആവിഷ്കാരത്തിലൂടെയാണ് അഴിമതിപരാതികളിലെ വ്യക്തതക്കുറവും പരാതിക്കാർക്കുള്ള നിർദേശങ്ങളും വിജിലൻസ് അറിയിച്ചത്. ഉള്ളടക്കം സിനിമയിൽ ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടറോടു “സാറേ... ഞാനൊരു കുതിരയെ വിഴുങ്ങി” എന്നു പറയുന്ന രംഗത്തിന്റെ എഐ പോസ്റ്ററിലൂടെ, അഴിമതി സംബന്ധിച്ച പരാതികൾ മാത്രം അറിയിക്കണമെന്നു ബോധവത്കരിക്കുന്നു.
“എനിക്കു പറയാനുള്ളത് അതീവ രഹസ്യമാണ്. പക്ഷേ, അതിപ്പോൾ പറയാൻ കഴിയില്ല”-എന്നിങ്ങനെ വ്യക്തതയില്ലാതെ പരാതി പറയുന്നവർ ഉണ്ടെന്ന് മറ്റൊരു സിനിമാ ഡയലോഗ് പോസ്റ്ററിൽ വ്യക്തമാക്കുന്നു.
‘റാംജി റാവു സ്പീക്കിംഗ്’സിനിമയിലെ നടൻ ഇന്നസെന്റിന്റെ ഫോണ്‍ സംഭാഷണം കടമെടുത്ത് “ഞാൻ പരാതി ഒരു തവണ അയച്ചു, വേണമെങ്കിൽ മണിക്കൂർ ഇടവെട്ട് ഒരോന്നുവച്ച് അയയ്ക്കാമെന്ന” പോസ്റ്ററിലൂടെ, ഒരു പരാതി പലതവണ അയയ്ക്കേണ്ടെന്നു വിജിലൻസ് ഓർമിപ്പിക്കുന്നു.
ബിവറേജസിൽ സ്റ്റോക്കില്ലെന്നു പറഞ്ഞ് ക്വാർട്ടർ മാത്രം നല്കി വൻ അഴിമതിയാണു നടക്കുന്നതെന്നു മദ്യലഹരിയിൽ വിളിക്കുന്നവരെയും വ്യക്തിപരമായ വൈരാഗ്യങ്ങൾ തീർക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നവരെയും ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരാതിയായി നല്കുന്നവരെയും പോസ്റ്ററിൽ കളിയാക്കിക്കൊണ്ടുതന്നെ ബോധവത്കരിക്കുകയാണ്.
പരാതിപ്പെടുന്നവരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകൾ കണ്ടാലറിയാം, പൊള്ളയായ പരാതികൾ വിജിലൻസിനുണ്ടാക്കുന്ന തലവേദന എത്രയെന്ന്.
District News
എരുമപ്പെട്ടി: പഞ്ചായത്ത് വഴി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് കൈവശംവയ്ക്കാൻ അനുമതിനൽകിയ എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരേ മന്ത്രിക്ക് പരാതിനൽകി വാർഡ് മെമ്പർ ഫ്രിജോ വടക്കൂട്ട്.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ഉൾപ്പെടുന്ന മുട്ടിക്കൽ കർക്കിടകത്തുകാവ് റോഡിന്റെ കിഴക്ക് പുഴയിലേക്കുളള 12 അടിയിലധികം വീതിയുള്ള റോഡാണ് പഞ്ചായത്ത് ഭരണസമിതി സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരം സ്വകാര്യ വ്യക്തി കെെയേറിയിരിക്കുന്നത്.
പ്രദേശത്തുള്ള കർഷകരുടെ സഞ്ചാരസ്വാതന്ത്ര്യവും ഇതുമൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, മുൻ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ ബിന്ദു ഗിരീഷ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഭൂമി കെെയേറാൻ അനുമതി നൽകിയിട്ടുള്ളതെന്നാണ് ആരോപണം.
സമീപ ഭൂവുടമയായ കർഷകൻ പഞ്ചായത്തിനുനൽകിയ പരാതിയിൽ കോട്ടപ്പുറം വില്ലേജ് ഓഫീസർ കെെയേറ്റം സ്ഥിരീകരിച്ച് വിശദമായ മറുപടി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി കെെയേറ്റം ഒഴിപ്പിച്ച് വഴിതുറന്നുകൊടുക്കാൻ നിലവിലെ വാർഡ് മെമ്പർ ഫ്രിജോ വടക്കൂട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് നടപ്പിലാക്കാൻ ഇപ്പോഴത്തെ പ്രസിഡന്റോ, സെക്രട്ടറിയോ തയാറാകുന്നില്ലെന്നും ഇതിനെതിരേ ജില്ലാ പഞ്ചായത്ത് ഡയറക്ടർക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും വാർഡ് മെമ്പർ ഫ്രിജോ വടക്കൂട്ട് അറിയിച്ചു.
Kerala
കോട്ടയം: പാലാ നഗരസഭയിലെ വിമത കൗൺസിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. ജില്ലയിലെ കോൺഗ്രസ് നേതൃത്വം ആണ് പരാതി നൽകിയത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം കൗൺസിലർമാരെ അയോഗ്യരാക്കണം എന്നാണ് ആവശ്യം. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതിൽ നാലു കോൺഗ്രസ് കൗൺസിലർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
Kerala
കൊച്ചി: ബിജെപി നേതാവും ഇന്‍ഫ്ലുവന്‍സറുമായ റോബിന് രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്കി കണ്ടന്റ് ക്രിയേറ്റര്‍ വേദ് ലക്ഷ്മിയും ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവും. വേദ ലക്ഷ്മിയില്‍ നിന്നും 8 ലക്ഷം രൂപയും അഭില്ദേവില് നിന്നും 45 ലക്ഷം രൂപയുമാണ് റോബിന് വാങ്ങിയത്.
എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വേദ് ലക്ഷ്മിയും അഭില്‍ദേവും ആരോപിക്കുന്നത്. ചെറിയ തുകകള്‍ ആയി വാങ്ങിയ ശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കി, പിന്നീട് പലപ്പോഴായി വലിയ തുകകള്‍ വാങ്ങുകയായിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് പണം നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ റോബിന് തള്ളി. 42,53,500 ലക്ഷം രൂപയാണ് ഇവര്‍ക്ക് കൊടുക്കാനുണ്ടായതെന്നും 43,22,500 രൂപ താന്‍ തിരിച്ചു നല്കി എന്നും 69,000 രൂപ തിരിച്ചിങ്ങോട്ട് തരാനുണ്ടെന്നും റോബിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം, റോബിന് പണം വാങ്ങിയത് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ അഭില്‍ദേവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. റോബിന്റെ ശബ്ദ സന്ദേശങ്ങളും വീഡിയോയുമടക്കം വേദ് ലക്ഷ്മിയും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ റോബിന് വാര്‍ത്താസമ്മേളനം വിളിക്കുകയും പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: കമ്പ്യൂട്ടര്‍ ക്ലാസില്‍ പോയ 20 വയസുകാരിയെ കാണാനില്ലെന്ന് പരാതി. അമ്മ മുളവുകാട് പോലീസില്‍ പരാതി നല്കി. വല്ലാര്‍പാടം സ്വദേശിനിയെയാണ് കാണാതായത്.
ചൊവ്വാഴ്ച രാവിലെ കലൂരിലുള്ള കമ്പ്യൂട്ടര്‍ ക്ലാസിലേക്ക് പോയതാണ്. എന്നാല്‍ വൈകുന്നേരമായിട്ടും തിരികെ വരാതിരുന്ന സാഹചര്യത്തിലാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശിവസൂര്യ (17) എന്ന വിദ്യാർഥിയാണ് നാടുവിട്ടത്. 'ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം കളിക്കുന്നത് പതിവായത് മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനുപിന്നാലെ ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോണും മാതാപിതാക്കൾ വാങ്ങി വെച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് വിദ്യാർഥി വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.
മൂന്നുദിവസം മുന്‍പാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഈ സമയം വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയെ കണ്ടെത്താനായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻരെ തീരുമാനം.
Kerala
മലപ്പുറം: ബംഗളൂരുവിലേയ്ക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്.
നഴ്സിംസ് പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതാണ് ഇംതിയാസ്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ഇംതിയാസ് വീട്ടുകാരെ ഫോണില്‍ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോളജില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അവസാനമായി ഫോണ്‍ സന്ദേശം ലഭിച്ച ലൊക്കേഷന്‍ കേന്ദ്രീകരിച്ചും ബംഗളൂരു പോലീസിന്റെ സഹായത്തോടെയും താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
District News
തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസുകാരനെ ഓട്ടോ ഡ്രൈവർ മർദിച്ചതായി പരാതി. പള്ളിയിലെ ഗാനപരിശീലനത്തിനായി പോകുകയായിരുന്ന വിദ്യാർഥിയെ സൗജന്യമായി പള്ളിയിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ഡ്രൈവർ, വഴി തെറ്റിയതോടെ റോഡിൽ വച്ച് വഴക്ക് പറയുകയും പിന്നീട് പള്ളിയ്ക്ക് മുന്നിൽ വച്ച് കവിളത്തടിക്കുകയും കഴുത്തിൽ പിടിച്ചു ഞെരിക്കുകയും ചെയ്തതായി പറയുന്നു.
പേടിച്ചു പോയ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരുമെത്തിയപ്പോഴും ഡ്രൈവർ തർക്കിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ കാണപ്പെട്ട മദ്യക്കുപ്പികളെയും പൊട്ടിയ ഗ്ലാസ് കഷണങ്ങളെയും കുറിച്ച് ചോദിച്ചതാണ് ഡ്രൈവറുടെ ഇഷ്ടക്കേടിനിടയാക്കിയതെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികളും പറയുന്നു. മർദനമേറ്റ കുട്ടിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം ഹിൽപാലസ് പൊലിസിൽ പരാതി നൽകി.
District News
മൂവാറ്റുപുഴ : വീട്ടൂര്‍ വനത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴ - പട്ടിമറ്റം - കാക്കനാട് റോഡിന് ഇരുവശവും വന്‍തോതില്‍ മാലിന്യം തള്ളുന്നെന്ന് പരാതി.
മധ്യകേരളത്തിലെ വിവിധ ഫോറസ്റ്റ് റേഞ്ചുകളില്‍ നിന്നുള്ള തടികള്‍ ലേലം ചെയ്യുന്ന പ്രധാന കേന്ദ്രവും, വിശാലമായ തേക്ക്, സോഷ്യല്‍ ഫോറസ്ട്രി പ്ലാന്റേഷനുകളും ഉള്‍പ്പെടുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണിത്. പൊലിസിന്റെ മുന്നറിയിപ്പ് ബോര്‍ഡും സിസിടിവി കാമറയും സ്ഥാപിച്ചിട്ടുള്ള വനഭാഗത്തു തന്നെയാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി തള്ളുന്ന മാലിന്യങ്ങള്‍ തെരുവുനായ്ക്കളും പക്ഷികളും വലിച്ചിടുകയാണ്. അധികാരികള്‍ അടിയന്തരമായി ഇടപെട്ട് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തൊടുപുഴ: ഹൈക്കോടതി സ്റ്റേ ഉത്തരവ് മറികടന്ന് നെടിയശാലയിലെ കള്ളുഷാപ്പ് തുറന്നതായി പരാതി. ഇതിനെതിരേ മദ്യവിരുദ്ധ സമരസമിതി നല്കിയ പരാതിയിൽ എക്സൈസ് ഷാപ്പ് അടപ്പിച്ചു.
ജനവാസ മേഖലയില്‍ പ്രധാന റോഡിനോടു ചേര്‍ന്ന് കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ ഏതാനും മാസമായി സമരത്തിലാണ്. ഇതിനിടെയാണ് സമരസമിതി ഹൈക്കോടതിയെ സമീപിച്ച് ഷാപ്പ് തുറക്കാനുള്ള ശ്രമത്തിനെതിരേ സ്റ്റേ ഉത്തരവ് വാങ്ങിയത്. ഇതു നിലനില്‍ക്കേയാണ് കഴിഞ്ഞ ദിവസം കള്ളുഷാപ്പ് തുറന്നത്.
Kerala
ബംഗളൂരു: മംഗളൂരു ശ്രീനിവാസ കോളജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ രണ്ട് മലയാളി വിദ്യാർഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാർഥികളും മലയാളികളാണെന്ന് പോലീസ് അറിയിച്ചു.
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർഥികളെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് സീനിയർ വിദ്യാർഥികളായ ആറുപേരെ പാണ്ഡേശ്വർ പോലീസ് അറസ്റ്റ് ചെയ്തത്.
കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പോലീസിനോട് വെളിപ്പെടുത്തി. ബുധനാഴ്ച ചായ കുടിക്കാൻ കോളജിന് സമീപത്തെ കടയിലെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ആയിരുന്നു.
തങ്ങളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർഥികൾ അസഭ്യം പറഞ്ഞതായി ആദർശും ജസിനും പറഞ്ഞു. പിന്നാലെ ആദർശിന്റെ തല കൈ കൊണ്ട് പിടിച്ച് തിരിച്ചു.
ഇതോടെ ഭയന്ന ജസിൻ സമീപത്തെ കടയിലെത്തി പോലീസ് സ്റ്റേഷന്റെ നമ്പർ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോളർ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്.
ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് പരാതി എഴുതി വാങ്ങി. പ്രതികളായ ആറ് മലയാളികളെയും അറസ്റ്റ് ചെയ്തു. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളാണ് ഇവർ. ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ നടപടി എടുക്കുമെന്ന് കോളജ് മാനേജ്മെന്റ് വ്യക്തമാക്കി.
National
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി ലോക്സഭാംഗവുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ രംഗത്തെത്തിയിരുന്നത്.
2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണിനെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേസിന്റെ പശ്ചാത്തലം
2016നും 2019നുമിടയിൽ ഗുസ്തി ഫെഡറേഷന്റെ ഓഫീസിലും ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു താരങ്ങളുടെ പരാതി.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ 2023ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസ് കേസെടുക്കാൻ തയാറായത്. തുടക്കത്തിൽ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നെങ്കിലും പിന്നീട് ആ പരാതി പിൻവലിക്കപ്പെടുകയായിരുന്നു.
District News
ആലുവ: തോട്ടക്കാട്ടുകരയിലെ വടക്കേ മണപ്പുറത്ത് മേയാൻ വിടുന്ന നാൽക്കാലികൾ മോഷണം പോകുന്നതായി പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാസങ്ങൾ നീണ്ട അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തിയിട്ടും പോലീസ് നടപടികൾ എടുക്കുന്നില്ലെന്നുമാണ് ഉടമകളുടെ പരാതി.
കഴിഞ്ഞ 23 ന് തോട്ടക്കാട്ടുകര വള്ളുക്കണ്ടത്തിൽ സൂര്യ മിഥുൻെറ വടക്കേ മണപ്പുറത്ത് കെട്ടിയിട്ടിരുന്ന ഒരു പോത്തും എരുമയും മിനി ലോറിയിലെത്തിയവർ കടത്തിയിരുന്നു. ഗർഭിണിയായ എരുമയ്ക്കും പോത്തിനുമായി രണ്ട് ലക്ഷത്തോളം രൂപ വിലവരും. ഉടമ തന്നെ അന്വേഷണം നടത്തി എളന്തിക്കര സ്വദേശിയായ ഇറച്ചിവെട്ടുകാരന്റേതാണ് വാഹനമെന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം വാഹനം പിടിച്ചെടുത്ത് പോലീസ് കസ്റ്റഡിയിൽ വച്ചെങ്കിലും രണ്ട് ദിവസം മുമ്പ് വിട്ടു നൽകിയതായി ഉടമ പറഞ്ഞു. സിസിടിവിയിലെ വാഹന നമ്പർ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ആറ് മാസം മുമ്പ് മണപ്പുറത്ത് താമസിക്കുന്ന മണിയുടെ രണ്ട് പശുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിലെ മോഷ്ടാക്കളേയും പിടികൂടാനായിട്ടില്ല.
Kerala
കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിനെതിരേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിന് എടവന നല്കിയ പരാതിയില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
എസ്. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരനെ തനിച്ചു കേട്ട് തീരുമാനമെടുത്തശേഷം റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി.
അതേസമയം, കോടതി നിര്‍ദേശപ്രകാരം നേരത്തേ നിശ്ചയിച്ച ഹിയറിംഗില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആഭ്യന്തരവകുപ്പിനെ കോടതി വിമര്‍ശിച്ചു.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ചാനലിലൂടെ നടി ലക്ഷ്മിപ്രിയ തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നടി അന്‍സിബ ഹസന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ക്രിമിനല്‍ കേസെടുക്കാനുള്ള ആവശ്യം അനുവദിക്കാതെ മാനനഷ്ടത്തിനു കേസെടുക്കാമെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേയാണു ഹര്‍ജി.
District News
കട്ടപ്പന: കാഞ്ചിയാര്‍ കല്‍ത്തൊട്ടിയില്‍ കിടപ്പുരോഗിയായ മാതാവിനെ മകനും മരുമകളും ചേർന്ന് മര്‍ദിച്ചതായി പരാതി. കല്‍ത്തൊട്ടി കുരുവിക്കാട്ട് സുശീല രവിക്കാണ് മര്‍ദനമേറ്റത്.
16 വര്‍ഷമായി സന്ധി വാതം ബാധിച്ച് കിടപ്പിലാണ് സുശീല. ഇവരുടെ ഭര്‍ത്താവ് രണ്ടു വര്‍ഷംമുമ്പ് മരിച്ചു. മകനും മരുമകളും സുശീലയും ഒരു വീട്ടിലാണ് താമസം. ഇവർ രണ്ടുപേരും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് സുശീല പറഞ്ഞു.
സംഭവത്തില്‍ സുശീലയുടെ പെണ്മക്കളായ സവിത, സരിത എന്നിവര്‍ ചേര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്കി. അമ്മയെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും അമ്മയെ നോക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. പരിക്കേറ്റ സുശീലയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
District News
അങ്ങാടിപ്പുറം: വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി അങ്ങാടിപ്പുറം യൂണിറ്റ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. യൂണിറ്റ് ഭാരവാഹികളായ അബ്ദുൾ സലാം യൂണിവേഴ്സൽ, ഹസൻ ജയ് ജവാൻ, ശശി കളേഴ്സ്, സുരേന്ദ്രൻ എന്നിവരാണ് നിവേദനം നൽകിയത്.
അങ്ങാടിപ്പുറത്തും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. ടൗണിലും നാട്ടിട വഴികളിലും തെരുവുനായകളുടെ ആക്രമണം കൂടിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. തുടർന്നാണ് വീണ്ടും പരാതി സൽകിയത്.
Kerala
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരേ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
പ്രധാനമന്ത്രിയെയും അമ്മയെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ജാന്‍മണിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം.
ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസാരിക്കവേ ജാന്‍ മണി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള ഉപാധിയായി സമൂഹമാധ്യമങ്ങളെ കാണരുതെന്നും പ്രവണതകള്‍ക്കെതിരേ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും നവ്യ ഹരിദാസ് പറഞ്ഞു.
Kerala
കണ്ണൂർ: കാസർഗോഡ് ഇവിഎം കോഴ ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരേ കെപിസിസിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റ് സണ്ണി ജോസഫ്.
ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കും.
ജന്തർ മന്തറിലെ സമരവേദിയിലാണ് നേതാക്കളെന്നും അതിനാലാണ് തീരുമാനം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരേയുള്ള സോഷ്യൽ മീഡിയ വ്യാജ പ്രചാരണം ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
District News
കാളികാവ്: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോജി കെ. അലക്സിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. നിരവധി കേസുകളില്‍ പ്രതിയായ ഉദരംപൊയില്‍ സ്വദേശി കുപ്പനത്ത് റഹ്മത്തുള്ളക്കെതിരേ കാളികാവ് പോലീസില്‍ പരാതി നല്കി. സര്‍വകക്ഷി സംഘം നേരിട്ട് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് റഹ്മത്തുള്ള.
കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ സര്‍വകക്ഷി നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ സമരത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ചതില്‍ പ്രകോപിതനായാണ് വധഭീഷണി. മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന റഹ്മത്തുള്ള മുമ്പും ഒട്ടനവധി അക്രമണങ്ങള്‍ നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന റഹ്മത്തുളള ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്.
അക്രമിയും ഒരു പൊതു ശല്യക്കാരനുമായ റഹ്മത്തുള്ളക്കെതിരേ നിയമ പരമായ നടപടികൾ സ്വീകരിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. ജോജി കെ അലക്സ്, എന്‍. നൗഷാദ്, ഐ. മുജീബ് റഹ്മാന്, എ.കെ. മുഹമ്മദാലി, ബി. ബാബുസലാം, ഒ.പി. നവാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തി കാളികാവ് സിഐ ബി. ഷാജിമോന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ.ശ്രീമതിക്കെതിരെ വ്യാജവാർത്തകൾ നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഷയം ഗൗരവമായി എടുത്ത മുഖ്യമന്ത്രി പരാതിയിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകുകയും തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മാപ്പില്ലെന്നും ഉറച്ച നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. അപകീർത്തികരമായ വാർത്ത നൽകിയ പലരും ഫോണിൽ വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. പാർട്ടി വ്യത്യാസമില്ലാതെ കോൺഗ്രസ്, ബിജെപി നേതാക്കൾ വരെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
മുമ്പ് കോൺഗ്രസ് നേതാവ് പി.ടി.തോമസ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം നിയമനടപടിക്ക് പോയില്ല. എന്നാൽ ഇനി വിട്ടുവീഴ്ചയില്ല. സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ചുള്ള പോർവിളികൾ എല്ലാവരും അവസാനിപ്പിക്കണം.
പി.കെ. ശശിക്കെതിരായ പീഡന പരാതി പരിശോധിച്ചതിനെക്കുറിച്ച് സംസാരിക്കുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ഏതോ മുൻ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന പ്രചാരണം അപമാനിക്കാൻ വേണ്ടിയുള്ളതാണെന്നും കാലങ്ങളായി തുടരുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും ശ്രീമതി പറഞ്ഞു.
District News
വെള്ളരിക്കുണ്ട്: കെഎസ്ആർടിസി കൊറിയർ സർവീസിനെതിരേ പരാതിയുമായി നർക്കിലക്കാട് സ്വദേശി എം.വി. ജോസ്. ജൂലൈ 17 വെള്ളിയാഴ്ചയാണ് ജോസ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നു പ്രധാനപ്പെട്ട രേഖകൾ അങ്കമാലിയിലേക്ക് കൊറിയർ അയക്കുന്നത്. ഉച്ചയ്ക്ക് 2.40 നുള്ള പാലാ ബസിൽ കൊറിയർ കൊടുത്തുവിടുമെന്നും അതു രാത്രിയോടെ തൃശൂരിൽ എത്തുമെന്നും അവിടെ നിന്ന് പിറ്റേന്ന് ഉച്ചയ്ക്കു മുന്‍പായി അങ്കമാലിയിൽ എത്തിക്കുമെന്നുമാണ് ബുക്ക് ചെയ്തപ്പോൾ അറിയിച്ചത്.
എന്നാൽ തൃശൂരിൽ ഏൽപിക്കാതെ പാലാ ഡിപ്പോയിലാണ് കൊറിയർ ഏൽപിച്ചത്. ഇത് അവിടെ നിന്നു വീണ്ടും തിരിച്ച് അങ്കമാലിയിലേക്ക് അയക്കുകയായിരുന്നു. അതിനാൽ വൈകുന്നേരം ആറോടെയാണ് കൊറിയർ ലഭിച്ചത്. പിറ്റേന്ന് ഞായറാഴ്ച ആയത് കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടന്നില്ലെന്നും കെഎസ്ആർടിസിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് വലിയ നഷ്ടം നേരിട്ടതായും അദ്ദേഹം കെഎസ്ആർടിസി ജനറൽ മാനേജർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു. അപകീര്‍ത്തി എന്നതിലപ്പുറം ഈ പരാതിയിന്മേല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കഴിയില്ലെന്നാണു പ്രോസിക്യൂഷന് മുഖേന കേസ് പരിഗണിക്കുന്ന എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്.
അന്‍സിബ നല്കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചനയോ മറ്റു കുറ്റകൃത്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കുന്നു. കേസില്‍ ഈ മാസം 27ന് വിധി പറയും. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് അന്‍സിബയുടെ ആരോപണം.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി പോലീസിന്റെ വിശദീകരണം തേടുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നലെ സമര്‍പ്പിച്ചത്.
District News
കുമ്പളങ്ങി: സിപിഎം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റി ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ ടി.ഡി. സജീവനെ ആക്രമിച്ചതായി പരാതി. കുമ്പളങ്ങി കടുങ്ങാംപറമ്പ് വീട്ടിൽ ജോസ്മോനെതിരായാണ് പരാതി. ഇന്നലെ ഉച്ചക്ക് 1.30 ഓടെ പഴങ്ങാട് പള്ളിക്ക് സമീപത്തായിരുന്നു സംഭവം.
ജോസ്മോൻ മദ്യപിക്കുന്ന അസഭ്യം പറയുന്നത് കുറച്ചുനാളുകൾക്കു മുമ്പ് ടി.ഡി. സജീവൻ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. സജീവന്റെ തലയ്ക്കും ചെവിക്കും പരിക്കുണ്ട്. പോലീസിൽ പരാതി നൽകി. പരിക്കേറ്റ സജീവൻ ചികിത്സയിലാണ്.
Kerala
കൊച്ചി: ലക്ഷമിപ്രിയക്കെതിരെ അന്‍സിബ ഹസന് നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനാവില്ലെന്ന നിലപാടില്‍ പ്രോസിക്യൂഷന്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തെളിവുകളൊന്നും കേസില്‍ ഇല്ല എന്നാണ് പ്രോസിക്യൂഷന്റെ വാദം.
ഈ പരാതി ഒരു ക്രിമിനല്‍ കേസ് എന്നതിലുപരി അപകീര്‍ത്തി കേസ് ആയി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുളളു എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസില്‍ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി.
ലക്ഷ്മിപ്രിയ, കാന്‍ മീഡിയ ചാനല്‍ ഉടമ, ശ്വേത മേനോന് എന്നിവര്‍ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കേസ് പോലീസ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ജില്ലാ പോലീസ് മേധാവിയെ അന്‍സിബ സമീപിച്ചു.
പിന്നാലെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. രമേശ് ചെന്നിത്തല ഒരു വാര്‍ത്താസമ്മേളനത്തിനിടെ അന്‍സിബയുടെ പരാതിയില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ പരസ്യ നിലപാടിന് തികച്ചും വിരുദ്ധമായ സമീപനമാണ് പ്രോസിക്യൂഷന് ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്
പോലീസ് മന്ത്രിയെ പറഞ്ഞു പറ്റിക്കുകയാണെന്നും കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടില്ലെന്ന് വ്യക്തമാക്കി അന്‍സിബയും സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ചെന്നിത്തല മറ്റൊരു വാര്‍ത്താസമ്മേളനത്തിലും പറഞ്ഞിരുന്നു.