പ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസുകാരനെ ഓട്ടോ ഡ്രൈവർ മർദിച്ചതായി പരാതി. പള്ളിയിലെ ഗാനപരിശീലനത്തിനായി പോകുകയായിരുന്ന വിദ്യാർഥിയെ സൗജന്യമായി പള്ളിയിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ഡ്രൈവർ, വഴി തെറ്റിയതോടെ റോഡിൽ വച്ച് വഴക്ക് പറയുകയും പിന്നീട് പള്ളിയ്ക്ക് മുന്നിൽ വച്ച് കവിളത്തടിക്കുകയും കഴുത്തിൽ പിടിച്ചു ഞെരിക്കുകയും ചെയ്തതായി പറയുന്നു.
പേടിച്ചു പോയ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരുമെത്തിയപ്പോഴും ഡ്രൈവർ തർക്കിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ കാണപ്പെട്ട മദ്യക്കുപ്പികളെയും പൊട്ടിയ ഗ്ലാസ് കഷണങ്ങളെയും കുറിച്ച് ചോദിച്ചതാണ് ഡ്രൈവറുടെ ഇഷ്ടക്കേടിനിടയാക്കിയതെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികളും പറയുന്നു. മർദനമേറ്റ കുട്ടിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം ഹിൽപാലസ് പൊലിസിൽ പരാതി നൽകി.
Tags : Nattuvishesham DistrictNews DeepikaNews Complaint