പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രകൃതിക്ഷോ ഭവും ശക്തമായ മഴയും മൂലം സംസ്ഥാനത്ത് 67.44 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി മന്ത്രിസഭാ വിലയിരുത്തൽ. പ്രാഥമിക കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 23,537 കർഷകരെ പ്രകൃതിക്ഷോഭം നേരിട്ടു ബാധിച്ചതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കാർഷിക വിളകൾക്കു നൽകുന്ന നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു ഹെക്ടർ (രണ്ടര ഏക്കർ) നെൽകൃഷി നശിച്ചാൽ തുച്ഛമായ 13,500 രൂപ മാത്രമാണ് കർഷകനു നഷ്ടപരിഹാരമായി ലഭിക്കുന്നത്. വർധിപ്പിച്ച നഷ്ടപരിഹാരത്തുകയുടെ മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി 1,882 ഹെക്ടർ കൃഷിയിടങ്ങളാണു നശിച്ചത്. എല്ലാ ജില്ലകളിലെയും കാർഷിക മേഖലയെ നാശനഷ്ടം ബാധിച്ചു. കൂടുതൽ നാശനഷ്ടം നെൽകൃഷിക്കും വാഴകൃഷിക്കുമാണ്. സംസ്ഥാനത്തെ ആകെ സാന്പത്തിക നഷ്ടത്തിന്റെ ഏകദേശം 80 ശതമാനത്തിലധികവും ഈ രണ്ടു വിളകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
കൂടുതൽ കൃഷിനഷ്ടം ആലപ്പുഴ (13.05 കോടി) ജില്ലയിലാണ്. തുടർന്ന് വയനാട് (12.96 കോടി), പത്തനംതിട്ട (9.37 കോടി), മലപ്പുറം (7.88 കോടി), എറണാകുളം (4.96 കോടി) ജില്ലകളാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. 5,303 കർഷകർ ബാധിക്കപ്പെട്ട പത്തനംതിട്ടയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ ദുരിതമനുഭവിച്ച ജില്ല.
മലപ്പുറം ജില്ലയിൽ 7.88 കോടിയുടെ നഷ്ടമുണ്ടായി. വാഴകൃഷിക്കും നെൽകൃഷിക്കുമാണ് കൂടുതൽ നഷ്ടം.
എറണാകുളം ജില്ലയിൽ 4.96 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ നെല്ല്, വാഴ, ജാതി, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിളകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കണ്ണൂർ (3.38 കോടി), കോട്ടയം (3.28 കോടി), ഇടുക്കി (3.27 കോടി), കൊല്ലം (2.94 കോടി), കോഴിക്കോട് (2.74 കോടി) ജില്ലകളിലും ഗണ്യമായ നഷ്ടമുണ്ടായി. തിരുവനന്തപുരം (1.72 കോടി), കാസർഗോഡ് (1.04 കോടി), തൃശൂർ (69.62 ലക്ഷം), പാലക്കാട് (17.38 ലക്ഷം).

തിരുവനന്തപുരം: പ്രളയം നേരിട്ട ചെറുകിട വ്യാപാരികൾക്കും സംരംഭകർക്കും ആശ്വാസമായി 12 ലക്ഷം രൂപ വരെയുള്ള "ഉജ്ജീവന’ സോഫ്റ്റ് ലോണ് സ്കീം പ്രഖ്യാപിച്ച് മന്ത്രിസഭ. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്കാണു വായ്പയുടെ പ്രയോജനം.
ഹോംസ്റ്റേകൾ, കിസാൻ കാർഡുടമകൾ, ക്ഷീരകർഷകർ, താറാവ് അടക്കം പക്ഷികളെ വളർത്തുന്നവർ, തേനീച്ച കർഷകർ, ടൂറിസ്റ്റ്- കൊമേഴ്സ്യൽ വാഹന ഉടമകൾ തുടങ്ങിയവർക്കെല്ലാം വായ്പ ലഭിക്കുമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ബാങ്കുകളുമായി ചേർന്നാണു പദ്ധതി നടപ്പാക്കുക.
മൂന്ന് സ്കീമുകളായാണു പദ്ധതി നടപ്പാക്കുക. 12 ലക്ഷം വരെ വായ്പയെടുക്കുന്നവർക്ക് 25 ശതമാനം വായ്പാത്തുകയോ പരമാവധി മൂന്നു ലക്ഷം രൂപയോ മാർജിൻ തുകയായി സർക്കാർ ബാങ്കിനു നൽകും. മാർജിൻ തുക വേണ്ടാത്തവർക്ക് അഞ്ചു വർഷത്തെ വായ്പയുടെ 9 % പലിശ സർക്കാർ നൽകും. മുൻപ് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കും അഞ്ചു വർഷത്തേക്ക് 9 % പലിശ സർക്കാർ നൽകും.
വെള്ളംകയറി കടകൾ നശിച്ചവർക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കും ഓരോ കടയ്ക്കും 10,000 രൂപ ഒറ്റത്തവണ ആശ്വാസ ധനസഹായം നൽകും. പത്തനംതിട്ടയിലും ഈരാറ്റുപേട്ടയിലുമടക്കം നിരവധി കടകളിലാണു വെള്ളം കയറിയത്. ആദ്യമായാണ് വ്യാപാരികൾക്ക് ഇത്തരമൊരു സർക്കാർ സഹായം.
മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ ഭവനനിർമാണ പദ്ധതി നടപ്പാക്കും. കടൽഭിത്തി പരമാവധി സ്ഥലത്ത് ഉടൻ നിർമിക്കും. ആവശ്യമായ സ്ഥലത്തെല്ലാം ജിയോ ബാഗുകൾ നൽകും.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും. സംസ്കാര ചെലവിനായി 10,000 രൂപയും നൽകും. പ്രളയത്തിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും വീടു തകർന്നവർക്ക് ആറു ലക്ഷവും നൽകും.
ദുരിതാശ്വാസ ക്യാന്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും വീടുകളിൽ വെള്ളംകയറിയ എല്ലാവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ അടിയന്തര സഹായമായി നൽകും. വീടുകളിൽ വെള്ളംകയറി മാറിത്താമസിക്കേണ്ടിവരുന്നവർക്ക് വീട്ടുവാടകയും ബാധിക്കപ്പെട്ട കുടുംബങ്ങളിലെ ഒരു റേഷൻ കാർഡിലെ രണ്ട് അംഗങ്ങൾക്കു പ്രതിദിനം 300 രൂപ വീതവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : NaturalDisasters Agricultural Damage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash