മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും ചെളിയും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള പദ്ധതി റവന്യു- ജലവിഭവ വകുപ്പുകൾ ചേർന്ന് തയാറാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മഴ മാറിയാൽ ഇതിനുള്ള നടപടി തുടങ്ങും. നദികളിലും അണക്കെട്ടുകളിലും 2018ലെ മഹാപ്രളയം മുതൽ മണ്ണും ചെളിയും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ചെറിയ മഴ പെയ്യുന്പോൾതന്നെ നദികളും അണക്കെട്ടുകളും നിറഞ്ഞുകവിയുന്നു. അടുത്ത വർഷം ഇത്തരം സാഹചര്യം ഒഴിവാക്കും. മണലും ചെളിയും നീക്കുന്നതോടെ 50 മുതൽ 60 ശതമാനം വരെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും.
തണ്ണീർമുക്കത്തെ 90ഓളം ഷട്ടറുകൾ തുറന്നിട്ടാണു കുട്ടനാട്ടിൽ ഇത്രയെങ്കിലും പ്രശ്നം കുറക്കാൻ കഴിഞ്ഞത്. വേന്പനാട് കായലിലെ ചെളി നീക്കാൻ ഡ്രഡ്ജിംഗ് വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുഴകളുടെ ഭൂമി കൈയേറിയിട്ടുണ്ട്. അതിനായി പുഴകളുടെ ഓഡിറ്റ് നടത്തും.
തോടുകളിലും കനാലുകളിലും തടാകങ്ങളിലുമെല്ലാം പരിശോധന നടത്തും. സർക്കാർ ആസ്തികളുടെ രജിസ്ട്രി തയാറാക്കുന്നതിൽ പുഴകളും തോടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുഴയെ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്യാധുനിക ദുരന്ത പ്രതിരോധ സംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിനുതന്നെ മാതൃകയായ അത്യാധുനിക ദുരന്ത പ്രതിരോധ സംവിധാനം (ഡിസാസ്റ്റർ റസിലിയൻസ്) കേരളത്തിൽ നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിന്റെ ഭാഗമായി കാലാവസ്ഥാ പ്രവചനത്തിനും മുന്നറിയിപ്പു സംവിധാനത്തിനും ആധുനിക സങ്കേതങ്ങൾ നടപ്പാക്കും.
അപകട, പ്രളയ സാധ്യതാ മേഖലകളിലെല്ലാം ഫ്ളഡ് മാപ്പിംഗ് നടത്തും. ഡാം മാനേജ്മെന്റിന് ആധുനിക സംവിധാനം നടപ്പാക്കും. ദുരന്തനിവാരണ അഥോറിറ്റി സംവിധാനം ആധുനികീകരിക്കും. മികച്ച ടീം അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Decision Rivers Dams Sand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash