പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. കാരണം രേഖാമൂലം നല്കാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അറസ്റ്റ് ഭരണഘടനയുടെ 22(1)-ാം അനുച്ഛേദ പ്രകാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാൽ അതേ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതി വേണം. പ്രതിക്ക് അറസ്റ്റിന്റെ കാരണങ്ങൾ എഴുതി നൽകിയശേഷം മാത്രമേ മജിസ്ട്രേറ്റിന് അപേക്ഷ നൽകാവൂ. ആദ്യ അറസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥൻ ഈ അപേക്ഷ സാക്ഷ്യപ്പെടുത്തണം. കൂടാതെ, ആദ്യതവണ കാരണങ്ങൾ നൽകാത്തതിനുള്ള വിശദീകരണവും അപേക്ഷയിലുണ്ടാകണമെന്ന് ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സാധാരണ ക്രിമിനൽ കേസുകളിലായാലും, യുഎപിഎ, പിഎംഎൽഎ തുടങ്ങിയ പ്രത്യേക നിയമപ്രകാരമുള്ള കേസുകളിലായാലും അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിൽ പൊലിസ് ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേയുള്ള ലൈംഗികാതിക്രമ കേസിൽ പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്ത ശിരോമണി അകാലിദൾ നേതാവ് ജസ്കരൻ സിംഗ് ഡിയോളിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കാരണം രേഖാമൂലം അറിയിക്കാതെതന്നെ അറസ്റ്റ് ചെയ്തെന്നും പിന്നീട് 24 മണിക്കൂറിലധികം മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കാതെ കസ്റ്റഡിയിൽ പാർപ്പിച്ചു എന്നുമാണ് ഹർജിക്കാരന്റെ വാദം.
പ്രതിയെ രണ്ടാമത് അറസ്റ്റ് ചെയ്യുന്നതിന് ഉന്നത ഉദ്യോഗസ്ഥന്റെ അനുമതി പൊലിസിന് ആവശ്യമാണ്. കൂടാതെ കേസിലെ തുടരന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തിൽ പൊലിസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സർവീസ് ബുക്കിൽ അത് രേഖപ്പെടുത്തി വകുപ്പുതല നടപടി സ്വീകരിക്കണം. വിധിയുടെ പകർപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാർക്ക് നൽകാനും കോടതി നിർദേശിച്ചു.
മനസിലാകുന്ന ഭാഷയിൽ വേണം
ഏതെങ്കിലും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ്, എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന കൃത്യമായ കാരണം രേഖാമൂലം മനസിലാകുന്ന ഭാഷയിൽ അദ്ദേഹത്തെ അറിയിക്കണം.
കൂടാതെ, അറസ്റ്റിലായ വ്യക്തിക്ക് ഇഷ്ടമുള്ള ഒരു അഭിഭാഷകനെ കണ്ട് നിയമോപദേശം തേടാനുള്ള അവകാശവും ഭരണഘടനയിലെ ഈ അനുച്ഛേദം ഉറപ്പ് നൽകുന്നു. ഏത് വിഭാഗത്തിൽപ്പെടുന്ന കുറ്റകൃത്യങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്.
Tags : Deepika DeepikaNewspaper BreakingNews Reasons for arrest must be communicated