കോൽക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ രണ്ടാഴ്ചകൂടി ജയിലിൽ തുടരും. ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് രണ്ടു ദശകം മുന്പ് രജിസ്റ്റർ ചെയ്ത കേസിൽ മിലൻ പ്രധാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കാൻ തീരുമാനിച്ചതോടെയാണിത്. പൂർവ മേദിനിപുർ കോണ്ടായി ജുഡീഷ്യൽ കോടതിയുടേതാണു തീരുമാനം.
2007ലെ നന്ദിഗ്രാം സംഭവവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത നാല് കേസുകളുടെ ഭാഗമായി അടുത്തമാസം മൂന്നുവരെ മിലൻ പ്രധാനെ ഹാൽദിയ സബ്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധനിയമപ്രകാരമുള്ള കേസിലെ നടപടി. എന്നാൽ, കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് മിലൻ പ്രധാന്റെ അഭിഭാഷകൻ അയാൻ ഭട്ടാചാർജി പറഞ്ഞു.
രണ്ട് കോടതികളുടെയും വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രചാരണരംഗത്ത് സജീവമാകാൻ സ്ഥാനാർഥിക്കു കഴിയുമോ എന്നതിൽ അണികൾക്ക് ആശങ്കയുണ്ട്. ഒക്ടോബർ ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം, ഭവാനിപുർ മണ്ഡലങ്ങളിൽ വിജയിച്ച സുവേന്ദു അധികാരി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ നന്ദിഗ്രാമിലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Congress candidate remanded for 14 days