തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് ഇന്ന് 100 ദിനം. വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ലഭിച്ചതോടെ സ്ത്രീ ശാക്തീകരണ വഴിയിലെ ചരിത്രപരമായ അടയാളപ്പെടുത്തലായി പദ്ധതി മാറിയിട്ടുണ്ട്.
ഇക്കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനത്തോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കാക്കുന്നത്. ദൈനംദിനം തൊഴിലിടങ്ങളിലേക്കു പോകുന്ന സ്ത്രീകള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കുമെല്ലാം പ്രതിമാസ ചെലവില്‍ നല്ലൊരു തുക ലാഭിക്കുന്നതിനു പ്രിയദര്‍ശിനി പദ്ധതി കാരണമായിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 15ന് ആണ് പദ്ധതിക്കു തുടക്കമായത്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകളായിരുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച ശേഷം കെഎസ്ആര്‍ടിസിയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായതായാണ് സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. പ്രൈവറ്റ് ബസുകളില്‍ യാത്ര ചെയ്തിരുന്നവരും പുതുതായുള്ള യാത്രക്കാരും ഇതില്‍ ഉള്‍പ്പെടും.
സംസ്ഥാനത്ത് 3125 ഓര്‍ഡിനറി ബസുകളിലാണ് നിലവില്‍ സൗജന്യ യാത്രയുള്ളത്. പ്രതിദിനം ആകെ യാത്രക്കാരുടെ എണ്ണം 18 ലക്ഷം ആയിരുന്നത് പ്രിയദര്‍ശിനി പദ്ധതി വന്നതോടെ ശരാശരി 22 ലക്ഷമായി ഉയര്‍ന്നു. ഓര്‍ഡിനറി ബസുകളെല്ലാം ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. 2025 ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ യാത്രക്കാര്‍ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള 2026 ജൂണ്‍ 15-ജൂലൈ 14 കാലയളവില്‍ 5.75 കോടിയായി ഉയര്‍ന്നു. ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്.
സ്വകാര്യമേഖലക്ക് നഷ്ടം
പ്രിയദര്‍ശിനി യാത്രകളുടെ 100 നാളുകള്‍ പിന്നിടുമ്പോള്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കിയതടക്കമുള്ള നിരവധി ക്രമക്കേടുകളും കണ്ടെത്തി. പ്രിയദര്‍ശനി യാത്രയ്ക്കെതിരേ ഇക്കാലയളവില്‍ വലിയ എതിര്‍പ്പുമായി സ്വകാര്യ ബസ് ഉടമകളും രംഗത്തെത്തി. സ്വകാര്യ ബസ് മേഖലയ്ക്ക് ആദ്യ ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. സംസ്ഥാനത്ത് 500-ല്‍ അധികം ബസുകള്‍ ഓട്ടം നിര്‍ത്തി. പ്രിയദര്‍ശിനി ബസുകളില്‍ കയറുന്ന സ്ത്രീകള്‍ക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചയും വിവാദവുമായി. പിന്നാലെ മന്ത്രി ക്ഷമാപണം നടത്തുകയും ചെയ്തു.
മന്ത്രി ഇന്ന് തമ്പാനൂരിൽ
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. അതേസമയം നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Priyadarshini Free Travel