സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എതിരേയുള്ള കേസ് തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഡല്‍ഹി കോടതി റദ്ദാക്കി. സോണിയ ഗാന്ധി 1983ല്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്നുവര്‍ഷം മുമ്പ് 1980-ല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തുവെന്നായിരുന്നു പരാതി. വിശദമായ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി വിഷയം മജിസ്ട്രേറ്റിന് തിരികെ അയച്ച ഡല്‍ഹി കോടതി, വാദങ്ങള്‍ വീണ്ടും കേള്‍ക്കാനും നിര്‍ദേശിച്ചു.
മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയ തീരുമാനം, പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റൗസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെ വാക്കാല്‍ വ്യക്തമാക്കി. ആരോപണങ്ങളില്‍ മറുപടി നല്‍കാനും സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യത്തിന് സമയം നല്‍കാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജഡ്ജി നിരീക്ഷിച്ചു.
ഇതോടെ കൂടുതല്‍ അന്വേഷണമുണ്ടാകും. നേരത്തെ സോണിയ ഗാന്ധി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന് തെളിയിക്കാനുള്ള തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു 2025 സെപ്റ്റംബറില്‍ പരാതി തള്ളിയത്. റോസ് അവന്യൂ കോടതിയിലെ സെന്‍ട്രല്‍ ഡല്‍ഹി കോര്‍ട്ട് ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റായ അഭിഭാഷകന് വികാസ് ത്രിപാഠിയായിരുന്നു പരാതി നല്‍കിയത്.
Tags : Deepika DeepikaNewspaper BreakingNews dismissal of the case against Sonia Gandh