സുപ്രീംകോടതി
ന്യൂഡൽഹി: സ്വകാര്യ സർവകലാശാലകൾ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടില്ലെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രാജ്യത്തുടനീളമുള്ള സ്വകാര്യ സർവകലാശാലകൾ കഴിഞ്ഞ അഞ്ച് വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകൾ, ഫണ്ട് വിനിയോഗം, ഫീസ് ഘടനകൾ, മിച്ച നിക്ഷേപങ്ങൾ തുടങ്ങിയ രേഖകൾ വെളിപ്പെടുത്തണമെന്ന് ജസ്റ്റീസുമാരായ എ.അമാനുള്ള, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള അമിറ്റി സർവകലാശാലക്കെതിരെ വിദ്യാർഥികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
സർവകലാശാലകളുടെ പ്രവർത്തനങ്ങൾ, ഫീസ്, അഡ്മിഷൻ, ജീവനക്കാരുടെ നിയമനം, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയ വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി ആറ് ആഴ്ചയ്ക്കകം കേന്ദ്ര-സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
2025ൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് (എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് റെഗുലേഷൻ) ബിൽ നിയമസഭാ പാസാക്കിയെങ്കിലും കേരളത്തിൽ നിലവിലിതുവരെ സ്വകാര്യ സർവകലാശാലകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അതേസമയം ഇന്ത്യയിലാകെ 560ഓളം സ്വകാര്യ സർവകലാശാലകൾ ഉണ്ടെന്നാണ് യുജിസിയുടെ കണക്ക്.
Tags : Deepika DeepikaNewspaper BreakingNews Private universities should not be profit