പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: വിദേശ തൊഴിലാളികൾക്കുള്ള തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അമേരിക്കൻ തൊഴിൽവകുപ്പ് നിർദേശിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകൾ, നഴ്സുമാർ എന്നിവർ മുതൽ ഉന്നത വൈദഗ്ധ്യം ആവശ്യമുള്ള പ്രൊഫഷണലുകൾ വരെയുള്ള തസ്തികകളിലേക്കു നിയമനം നടത്തുമ്പോൾ അമേരിക്കൻ പൗരന്മാർക്ക് പ്രഥമ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുമുന്പ് തൊഴിലവസരങ്ങളെക്കുറിച്ച് പരസ്യം നൽകേണ്ട കുറഞ്ഞ കാലാവധി നിലവിലെ 30 ദിവസത്തിൽനിന്ന് 90 കലണ്ടർദിവസമായി ഉയർത്തും.
പരമ്പരാഗത പത്രപ്പരസ്യങ്ങൾക്കു പകരം കമ്പനി വെബ്സൈറ്റുകൾ, ജോബ് പോർട്ടലുകൾ, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയുള്ള ഓൺലൈൻ റിക്രൂട്ട്മെന്റിലേക്കു മാറണമെന്ന് നിർദേശം വ്യക്തമാക്കുന്നു. വിദേശ തൊഴിലാളികളെ മാത്രം ലക്ഷ്യം വച്ച് ജോലിയുടെ യോഗ്യതകളിൽ മാറ്റം വരുത്തുന്നതിനും നിയന്ത്രണമുണ്ടാകും.
വിദേശികൾക്കു വീസ സ്പോൺസർ ചെയ്യുന്നതിനുമുന്പ് യോഗ്യരായ അമേരിക്കൻ ഉദ്യോഗാർഥികളെ കണ്ടെത്താൻ തൊഴിലുടമകൾ ആത്മാർഥമായ ശ്രമം നടത്തിയോയെന്ന കാര്യത്തിൽ കർശന പരിശോധനയുണ്ടാകും.കഴിഞ്ഞ 20 വർഷത്തിനിടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്.