ഷെൻജെനിൽ വിമാനമിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സ്വീകരിച്ചാനയിക്കുന്നു.
ഷെൻചെൻ: പ്രഥമ ട്രംപ്-ഷി-പുടിൻ ഉച്ചകോടി ഇന്ന്. ഷെൻജെൻ നഗരത്തിൽ ഏഷ്യാ പസഫിക് സാന്പത്തിക ഉച്ചകോടിയുടെ ഭാഗമായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ച നടത്തുന്നത്.
ചർച്ചയ്ക്കു പ്രത്യേക അജൻഡകൾ നിശ്ചയിച്ചിട്ടില്ലെങ്കിലും ആണവ നിരായുധീകരണം, പശ്ചിമേഷ്യാ സംഘർഷം, യുക്രെയ്ൻ യുദ്ധം തുടങ്ങിയവ വിഷയങ്ങളാകുമെന്നാണു സൂചന. യുക്രെയ്ൻ യുദ്ധം വിഷയമാകില്ലെന്നാണ് അമേരിക്കൻ വൃത്തങ്ങൾ ആദ്യം സൂചിപ്പിച്ചിരുന്നത്.
ആഗോള സമാധാനം, സ്ഥിരത തുടങ്ങിയവ വീണ്ടെടുക്കുന്നതിനുള്ള എന്തെങ്കിലും സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്നില്ല.
ട്രംപിനെ വിമാനത്താവളത്തിൽ സ്വീകരിച്ച് ഷി
യുഎസ് പ്രസിഡന്റ് ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. അടുത്തിടെ ഷി അമേരിക്കയിലെത്തിയപ്പോഴും ട്രംപ് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ട്രംപിന്റെ അപൂർവ നയതന്ത്രനീക്കം ഷി ഇന്നലെ ആവർത്തിക്കുകയായിരുന്നു.
എയർഫോഴ്സ് വൺ വിമാനത്തിൽനിന്നിറങ്ങിയ ട്രംപിനെ ഷി ആലിംഗനം ചെയ്തു വരവേറ്റു. പട്ടാളക്കാരുടെ ഗാർഡ് ഓഫ് ഓണറും യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും കുട്ടികളുടെ പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു.
പുടിനെ സ്വീകരിക്കാൻ പാർട്ടി നേതാവ്
ട്രംപിനു മുന്പേ റഷ്യൻ പ്രസിഡന്റ് പുടിൻ ഷെൻജെനിൽ വിമാനമിറങ്ങിയിരുന്നു. എന്നാൽ ഷി നേരിട്ടു സ്വീകരിക്കാനെത്തിയില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാവ് കായ് ക്വി ആണ് പുടിനെ സ്വീകരിച്ചത്.
ഇന്നലത്തെ വിരുന്നിൽ പുടിനും ട്രംപും ഷിയും പരസ്പരം കണ്ടു. ഇതിനു മുന്പായി പുടിനുമായും ട്രംപുമായും ഷി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.
Tags : Trump-Xi-Putin Deepika DeepikaNewspaper BreakingNews gathering of world powers