വി.ഡി. സതീശൻ
ന്യൂഡൽഹി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ടു ഡിസംബർ ഒന്നിന് വിപുലമായ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. "സഹാനുഭൂതിയോടെയുള്ള സദ്ഭരണം’എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനൊപ്പം ഡിസാസ്റ്റർ മാനേജ്മെന്റ് റെസീലിയൻസ് പ്രോജക്ടും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഭരണനിർവഹണത്തിന് എഐ സഹായം
സർക്കാർ ഓഫീസുകളിൽ ഫയലുകൾ കുന്നുകൂടുന്നത് ഒഴിവാക്കാനും കൃത്യസമയത്തു തീർപ്പാക്കാനും നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെയുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കും. സംസ്ഥാനത്തു ഡാറ്റാ ഡ്രിവൺ ഗവേണൻസ് നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്ബോർഡ് സജ്ജമാക്കും. പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേന്ദ്രസർക്കാരിൽനിന്നു വിവിധ പദ്ധതികൾക്കായി ലഭിക്കേണ്ട ഫണ്ടുകൾ നേടിയെടുക്കാൻ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കി സമർപ്പിക്കും. കേരളത്തിന്റെ സ്വപ്നപദ്ധതിയായ "മിഷൻ സമുദ്ര’യ്ക്കുവേണ്ടി മാരിടൈം നിയമം കൊണ്ടുവരുമെന്നും സംസ്ഥാനത്തെ തുറമുഖനഗരമാക്കി മാറ്റി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, കേരളത്തെ ഒരു ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറു മാസത്തെ ഭരണനേട്ടങ്ങൾ
അധികാരത്തിലെത്തി ആറു മാസം പൂർത്തിയാക്കിയ യുഡിഎഫ് സർക്കാർ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ വിജയകരമായി നടപ്പാക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കു കെഎസ്ആർടിസിയിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’പദ്ധതിയും രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും സർക്കാർ യാഥാർഥ്യമാക്കി. ആശാ വർക്കർമാർ, പാചകത്തൊഴിലാളികൾ എന്നിവരുടെ വേതനത്തിൽ വർധനവ് വരുത്താനും സാധിച്ചു.
കിഫ്ബിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി അതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മാരിടൈം മ്യൂസിയം, കൊച്ചിയിലെ ഓഷ്യനേറിയം എന്നീ പദ്ധതികളുടെ നടപടികൾ ആരംഭിച്ചു. സിംഗപ്പുർ മാതൃകയിൽ കൊച്ചിയിൽ ഇന്റർനാഷണൽ ഗ്ലോബൽ കൺവൻഷൻ സെന്റർ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞു. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ പ്രഖ്യാപിച്ച 588 പദ്ധതികളിൽ 568 എണ്ണവും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Persons with Disabilities Deepika DeepikaNewspaper BreakingNews Upliftment of Persons Disabilities