പിണറായി വിജയൻ
അഗളി: കേവലം ആറുമാസത്തെ യുഡിഎഫ് ഭരണംകൊണ്ട് അട്ടപ്പാടിയിലെ ആരോഗ്യരംഗം പൂർണമായും തകർന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അട്ടപ്പാടിയെ വീണ്ടും ദുരിതത്തിലേക്കു തള്ളിവിടുന്ന നയങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലെ സ്കാനിംഗ് സൗകര്യം നിലച്ചതും ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതും ഗുരുതര പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ഉത്തരവാദിത്തമുള്ള അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം താറുമാറായി. സിക്കിൾസെൽ രോഗികൾക്കു ചികിത്സ നൽകിയിരുന്ന ആരോഗ്യപ്രവർത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റി.
ദേശീയ ആരോഗ്യദൗത്യത്തിനു (എൻഎച്ച്എം) കീഴിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ ക്ലിനിക്കുകൾ, ലാബുകൾ, മെഡിക്കൽ യൂണിറ്റുകൾ എന്നിവ പൂർണമായും നിർത്തലാക്കി. ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആംബുലൻസ് ക്ലിനിക്കുകളുടെ കരാറും പുതുക്കിയിട്ടില്ല.
ഗർഭിണികൾക്കുള്ള ജനനി ജന്മരക്ഷ ധനസഹായം മാസങ്ങളായി കുടിശികയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സഹായവും അമ്മമാർക്കു നൽകിയിരുന്ന 2,000 രൂപയുടെ പ്രതിമാസ സഹായവും നിലച്ചു. സാമൂഹിക അടുക്കളകൾ അടച്ചുപൂട്ടി. ആദിവാസി വിദ്യാർഥികൾക്കു പിന്തുണ നൽകിയിരുന്ന മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ സംഭവിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി അദ്ദേഹം സംസാരിച്ചു. ശിശുമരണങ്ങൾ സംഭവിച്ച കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം.
അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ആരോഗ്യസംരക്ഷണ ചുമതല അഗളി ഹെൽത്ത് സെന്ററിൽ ഉറപ്പാക്കണമെന്നും ആരോഗ്യ സംവിധാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Tags : UDF rule destroyed Deepika DeepikaNewspaper BreakingNews UDF rule destroyed Attappady