x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ്

വെബ് ഡെസ്ക്
Published: November 19, 2026 07:08 AM IST | Updated: November 19, 2026 07:08 AM IST

മുഹമ്മദ് റിയാസ്

കൊച്ചി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). മുൻമന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളായ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ എന്നിവർക്ക് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി.

ഈ മാസം അവസാനം ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ 2020-ൽ അവസാനിച്ച മാസപ്പടി ഇടപാടുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഹാജരാകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്നും ഷൈജലും വാരിഷും ഇഡിയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ വാരിഷിനോടും ഷൈജലിനോടും ഉടൻ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളും ഹൈക്കോടതിയിലെ കേസ് നടപടികളും ചൂണ്ടിക്കാട്ടി ഇരുവരും ഒഴികഴിവ് പറയുകയായിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത രണ്ടാം കേസിലെ തുടർനടപടികൾ ഈ മാസം 25 വരെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എങ്കിലും ആദ്യ കേസിൽ സമൻസ് അയക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് ഇഡിയുടെ നിലപാട്. ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിലെ നടപടികൾ മാത്രമാണെന്നും ഇഡി വ്യക്തമാക്കുന്നു.

ടി. വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ എന്നിവരുടെ പേരുകൾ പരാമർശിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് ഹവാലയായി കടത്തിയതാണ് വാരിഷിനെതിരെയുള്ള പ്രധാന ആരോപണം.

ഷൈജലും നിഖിലും റിയാസിന് വേണ്ടി സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നവരാണെന്നും ഇഡി സംശയിക്കുന്നു. കൂടാതെ, 2024 മുതൽ നന്ദുലാലിന്‍റെ പേരിലുള്ള സിം കാർഡ് വീണ ഉപയോഗിച്ചിരുന്നുവെന്നും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഇത് ഉപയോഗിച്ചതായുമാണ് ഇഡിയുടെ നിഗമനം.

ഈ സുപ്രധാന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നാലുപേർക്കും നോട്ടീസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം കേസിലെ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്. അതേസമയം, പിണറായി വിജയനോ മുഹമ്മദ് റിയാസിനോ നോട്ടീസ് അയക്കുന്ന കാര്യത്തിൽ ഇഡി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Tags : ED Notices MohammedRiyas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up