പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആർഎസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 12 പ്രതികളിൽ 11 പേർക്കും ജീവപര്യന്തം കഠിനതടവും 95,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സിപിഎം പ്രവർത്തകരും നേതാക്കളുമാണ് കേസിലെ പ്രതികൾ.
രാഷ്ട്രീയവിരോധം കാരണം 2008 ഒക്ടോബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പുലർച്ചെ 5.50-ഓടെ കോട്ടമുകളിൽ രഞ്ജിത്ത് നടത്തിവന്നിരുന്ന ‘വിനായക ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്’ എന്ന കടയിൽ അതിക്രമിച്ചുകയറിയ സംഘം രഞ്ജിത്തിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അമ്പലമുക്ക് കൃഷ്ണകുമാറാണ് കേസിലെ ഒന്നാം പ്രതി. ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കർ, ഗോഡ്വിൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. സിപിഎം നേതാവായ ഹരിപ്രസാദിന്റെയും അനുയായികളായ അനി, രഞ്ജിത്ത്, കരാട്ടെ സുരേഷ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
രണ്ടു കാറുകളിലും ഒരു ബൈക്കിലുമായാണ് വെട്ടുകത്തിയും കൊടുവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അക്രമിസംഘം എത്തിയതെന്നും, ഇതിൽ നാലുപേർ കടയ്ക്കുള്ളിൽക്കയറി രഞ്ജിത്തിനെ വെട്ടിവീഴ്ത്തിയെന്നും കേസിലെ ഒന്നാം സാക്ഷിയായ വിനോദ് കോടതിയിൽ മൊഴി നൽകിയിരുന്നു.
വിചാരണ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും, മൂന്നു മുതൽ 11 വരെയുള്ള പ്രതികളെ തിരുവനന്തപുരം ജില്ലാ ജയിലിലേക്കുമാണ് അയച്ചത്. അതിനിടെ, കേസിന്റെ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിന്റെ ഭാഗമായി സാക്ഷികളെയും മറ്റും പ്രതികളുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.ഇതേത്തുടർന്ന് വിചാരണ നീതിപൂർവകമാക്കാൻ രഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരം സാക്ഷികൾക്ക് പൊലിസ് സുരക്ഷ ഏർപ്പെടുത്തിയതിന് ശേഷമാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്
Tags : Ranjith Murder Case Deepika DeepikaNewspaper BreakingNews Mannanthala Ranjith Murder Case