തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കോടതി വളപ്പിന് പുറത്ത് നാടകീയ രംഗങ്ങൾ. പ്രതികളുമായി വരുന്ന വാഹനം കണ്ടതോടെ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്ന ബിജെപി പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ഇതോടെ ബസിനുള്ളിലുണ്ടായിരുന്ന പ്രതികളും ബിജെപി പ്രവർത്തകർക്ക് നേരെ തിരികെ ആക്രോശിച്ചതോടെ രംഗം വഷളായി. തുടർന്ന് ബിജെപി പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തേക്ക് കൂടുതൽ പൊലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം കേസിലെ ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.
കേസിലാകെ 12 പ്രതികളാണുള്ളതെങ്കിലും 11 പേരാണ് വിചാരണ നേരിട്ടത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടബോർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.