പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു വഴിതെറ്റുന്ന കൗമാരക്കാരുടെ എണ്ണം കൂടുമ്പോഴും അവരെ തിരുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട പുനരധിവാസകേന്ദ്രങ്ങളില്ല. 18നും 21നും ഇടയില്‍ പ്രായമുള്ള കൗമാര കുറ്റവാളികളെ പാര്‍പ്പിച്ചു വിദ്യാഭ്യാസവും പരിശീലനവും നല്കി സ്വഭാവപരിവര്‍ത്തനം ലക്ഷ്യമിടുന്ന ബോസ്റ്റല്‍ സ്കൂളുകളുടെ അപര്യാപ്തത സംസ്ഥാനത്തെ ഗൗരവമായ പ്രശ്നങ്ങളിലൊന്നാണ്.
സംസ്ഥാനത്തെ ഏക ബോസ്റ്റല്‍ സ്കൂളായ കാക്കനാട്ട് 66 പേരെ പാര്‍പ്പിക്കാനുള്ള അംഗീകൃത ശേഷിയുണ്ടെങ്കിലും നിലവില്‍ 120ഓളം അന്തേവാസികളാണുള്ളത്. തിരക്കിനിടയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.
കൗമാര കുറ്റവാളികളെ മുതിര്‍ന്ന തടവുകാര്‍ക്കൊപ്പം സാധാരണ ജയിലുകളില്‍ പാര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സോണുകളില്‍ ബോസ്റ്റല്‍ സ്കൂളുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജയില്‍വകുപ്പ് ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്നാണ് തിരുവനന്തപുരത്ത് പുതിയ ബോസ്റ്റല്‍ സ്കൂള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത്. നൂറോളം അന്തേവാസികളെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനമാണു ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തനം അടുത്ത മാസം ആദ്യത്തോടെ നടപ്പിലാകുമെന്നാണു പ്രതീക്ഷ.
പ്രത്യേക പരിഗണനയും സംവിധാനങ്ങളും ആവശ്യമായ കൗമാര കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ മേഖലയിലും ഒരു ബോസ്റ്റല്‍ സ്കൂള്‍കൂടി വേണമെന്നാണ് ജയില്‍വകുപ്പിന്റെ ആവശ്യം.
കൗമാരക്കാരെ മുതിര്‍ന്ന തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. മുതിര്‍ന്ന കുറ്റവാളികളുടെ സ്വാധീനത്തിനും ചൂഷണത്തിനും ഇവര്‍ ഇരയാകാനും സാധ്യതയുണ്ട്. ഇതു കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് ഇവരെ നയിക്കാനും ഇടയാക്കാം. അതുകൊണ്ടുതന്നെ പ്രായത്തിനും മാനസികാവസ്ഥയ്ക്കും അനുയോജ്യമായ പ്രത്യേക അന്തരീക്ഷത്തില്‍ ഇവരെ പാര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.
ശിക്ഷയല്ല,തിരുത്തലാണു ലക്ഷ്യം
1961ലെ കേരള ബോസ്റ്റല്‍ സ്കൂള്‍ നിയമപ്രകാരം കൗമാര കുറ്റവാളികള്‍ക്കു പരിശീലനം, വിദ്യാഭ്യാസം, അച്ചടക്കബോധം എന്നിവയിലൂടെ സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കുകയും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുകയുമാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം.
ലഭിക്കാതെപോയ സ്കൂള്‍ അന്തരീക്ഷവും അച്ചടക്കവും കൗമാരക്കാര്‍ക്ക് ഇവിടെ നല്കുന്നു. പഠനത്തോടൊപ്പം കായിക, തൊഴില്‍ നൈപുണ്യ പരിശീലനവും നല്‍കുന്നുണ്ട്.
Tags : Juvenile Delinquents Deepika DeepikaNewspaper BreakingNews No Space for Rehabilitation