സുപ്രീംകോടതി
ന്യൂഡൽഹി: കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം ഭൂമി സർക്കാരിലേക്ക് സ്വയമേവ എത്തിച്ചേരണമെങ്കിൽ പ്രസ്തുത ഭൂമി നിയമത്തിലെ ‘സ്വകാര്യ വനം’ എന്ന നിർവചനത്തിന്റെ പരിധിയിൽ വരണമെന്നു സുപ്രീംകോടതി. മലപ്പുറം ജില്ലയിലെ നിലമ്പൂർ എടക്കര വില്ലേജിൽപ്പെട്ട 12 ഏക്കർ ഭൂമി സ്വകാര്യവനമല്ലെന്നും സർക്കാരിലേക്കു നിക്ഷിപ്തമായിട്ടില്ലെന്നുമുള്ള ലോവർ ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകൾ ചോദ്യം ചെയ്തു സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് നിലവിൽവന്ന 1971 മേയ് 10 വരെ നിർദിഷ്ട ഭൂമി വനമേഖലയോ വനപ്രദേശത്തോടു ചുറ്റപ്പെട്ടതോ അല്ലെന്ന ട്രൈബ്യൂണലിന്റെ കണ്ടെത്തൽ ശരിയാണെന്ന് കോടതി വ്യക്തമാക്കി. തർക്കത്തിനുള്ള 12 ഏക്കർ ഭൂമി വനമേഖലയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടു സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹാജരാക്കിയ 1900ൽ പുറത്തിറക്കിയ വിജ്ഞാപനം തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭൂമി സ്വകാര്യ വനമാണെന്നു തെളിയിക്കാനാണ് സർക്കാർ ഈ പഴയ രേഖ അപ്പീൽ ഘട്ടത്തിൽ ഹാജരാക്കിയത്. 1960ൽ ലഭിച്ച ഭൂമിയിൽ 1976 വരെ കൃഷി നടത്തിയിരുന്നതായും 1988ൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും ഭൂവുടമകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭൂമി സ്വകാര്യവനമാണെന്നു തെളിയിക്കേണ്ട ബാധ്യത അതിൽ അവകാശവാദമുന്നവർക്കാണെന്നും ഈ കേസിൽ ഭൂമിയിൽ കൃഷി നടന്നിരുന്നതായും വനത്തിന്റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്നും കമ്മിഷണറുടെ റിപ്പോർട്ടിലൂടെ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനസർക്കാരിന്റെ പക്കൽ കൃത്യമായ രേഖകളുണ്ടായിട്ടും പ്രസ്തുത ഭൂമി നിയമത്തിന്റെ കീഴിൽ വരുമെന്ന് തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ റേഞ്ച് ഓഫിസർമാർക്കായില്ല. 1971 മേയ് പത്തിനുമുമ്പ് നിർദിഷ്ട ഭൂമി തോട്ടമായോ കൃഷിസ്ഥലമായോ ഉപയോഗിച്ചിരുന്നതാണെന്ന കണ്ടെത്തൽ ശരിവച്ച കോടതി, സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ 2008ലെ വിധിക്കെതിരേയാണു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
Tags : Kerala Private Forest Act Deepika DeepikaNewspaper BreakingNews Supreme Court rules that land not falling under