National
ന്യൂഡല്ഹി: വിവാദങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്എ) വ്യവസ്ഥകള് കൂടുതല് കര്ക്കശമാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതി കേന്ദ്രസര്ക്കാര് വിജ്ഞാപനം ചെയ്തു. ഭാഗികമായെങ്കിലും വിദേശ സംഭാവന ലഭിച്ച എല്ലാ സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും പ്രവര്ത്തനങ്ങളില് രാഷ്ട്രീയ ഉള്ളടക്കവും വിദേശികളുടെ നേരിട്ടുള്ള പ്രവര്ത്തനങ്ങളും നിരോധിച്ചു.
സമൂഹമാധ്യമ അക്കൗണ്ടുകള് പ്രഖ്യാപിക്കണം, പ്രഖ്യാപിത ഉദ്ദേശ്യങ്ങളും നിര്ദിഷ്ട പ്രവര്ത്തനമേഖലകളും പ്രവര്ത്തനങ്ങളും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വെളിപ്പെടുത്തണം, നിര്ദിഷ്ട പ്രവര്ത്തനങ്ങളില് മാത്രം തുടരണം തുടങ്ങിയ നിരവധി വ്യവസ്ഥകള് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ എഫ്സിആര്എ ഭേദഗതിയില് ഉള്പ്പെടുത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി 28 പേജുള്ള സര്ക്കാര് വിജ്ഞാപനം അസാധാരണ ഗസറ്റായി തിങ്കളാഴ്ചയാണു പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എഫ്സിആര്എ ഭേദഗതി നിയമം പ്രസിദ്ധീകരിച്ചെങ്കിലും പാര്ലമെന്റിലും പുറത്തും വലിയ പ്രതിഷേധം ഉയര്ന്നതിനെത്തുടര്ന്ന് തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു. കേരളത്തില് ക്രൈസ്തവ വോട്ടര്മാരെ ആശങ്കയിലാഴ്ത്തിയ എഫ്സിആര്എ ഭേദഗതികള് ബിജെപിക്ക് തെരഞ്ഞെടുപ്പില് തിരിച്ചടിയായെന്നും വിലയിരുത്തപ്പെട്ടു.
ഭേദഗതിപ്രകാരം വിദേശ പൗരന്മാരെ പ്രധാന പ്രവര്ത്തകരായി ഉള്പ്പെടുത്തിയിരിക്കുന്ന എന്ജിഒകള്ക്ക് രജിസ്ട്രേഷന് നല്കില്ല. ഇന്ത്യന് വംശജര് ഒഴികെയുള്ള വിദേശപൗരന്മാര് പ്രധാനികളായുള്ള ഏതൊരു അസോസിയേഷനെയും നിയമപ്രകാരം രജിസ്ട്രേഷന് നല്കുന്നതിനോ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള മുന്കൂര് അനുമതിക്കോ സാധാരണഗതിയില് പരിഗണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം, പ്രത്യേക ഉത്തരവിലൂടെ അത്തരം കേസുകള് അനുവദിക്കുന്നതിന് കേന്ദ്രസര്ക്കാരിനുള്ള വ്യവസ്ഥ നിലനിര്ത്തി.
രജിസ്ട്രേഷന് അര്ഹതയുള്ള നിരവധി വിഭാഗങ്ങളില്നിന്നു മതപരിവര്ത്തനം ഒഴിവാക്കിയിട്ടുണ്ടെന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ ദുരുപയോഗിക്കപ്പെടുമോയെന്ന ആശങ്കയുണ്ട്.
ന്യൂനപക്ഷവിഭാഗങ്ങളുടെ എന്ജിഒകളെ ലക്ഷ്യമിട്ടാണിതെന്ന് കരുതുന്നു. എഫ്സിആര്എ രജിസ്ട്രേഷന് തേടുന്ന എന്ജിഒകള് അവരുടെ കൃത്യമായ ഉദ്ദേശ്യവും പ്രവര്ത്തിക്കാന് ഉദ്ദേശിക്കുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം വിശ്വാസാധിഷ്ഠിത പ്രവര്ത്തനങ്ങളുടെ ഒരു ശ്രേണിയും പുതിയ ഭേദഗതിയില് അനുവദിക്കുന്നുണ്ട്.
വാര്ത്തകളോ സമകാലിക സംഭവങ്ങളോ നിര്മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. എന്ജിഒകള് അല്ലെങ്കില് അവരുടെ പ്രധാന പ്രവര്ത്തകര് ഏതെങ്കിലും പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നു പ്രഖ്യാപിക്കണമെന്നും നിയമഭേദഗതിയിലുണ്ട്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തന്ത്രപ്രധാന തസ്തികകളിൽ ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണം നേരിടുന്നവരെയടക്കം നിയമിച്ച നടപടിയിൽ തിരുത്തൽ വരുത്താൻ ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
ആരോപണ വിധേയരെ തന്ത്രപ്രധാന തസ്തികകളിൽ നിയമിച്ച നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ, ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേവസ്വത്തിലെ സുപ്രധാന തസ്തികകളിൽ വിജിലൻസ് അന്വേഷണം നേരിടുന്നവരെ ഉൾപ്പെടെ നിയമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ 24 ഉത്തരവുകളിൽ 20 എണ്ണത്തിലും തിരുത്തൽ വരുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഉത്തരവുകളിൽ തിരുത്തൽ വരുത്തുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
Sports
കൊച്ചി: ഇന്ത്യയും ഹോങ്കോംഗും തമ്മില് 31ന് നടക്കുന്ന എഎഫ്സി ഏഷ്യന് കപ്പിന്റെ അവസാന റൗണ്ട് യോഗ്യതാ മത്സരത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനവും ഇന്ത്യന് ടീമിന്റെ പരിശീലനവും മുടക്കിയ നടപടി വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സ്റ്റേഡിയം ഉടമസ്ഥരായ ഗ്രേറ്റര് കൊച്ചി ഡെവലപ്മെന്റ് അഥോറിറ്റി (ജിസിഡിഎ).
ഇന്ത്യന് ടീമിനെയും മാധ്യമങ്ങളെയും സ്റ്റേഡിയത്തില്നിന്നു പുറത്താക്കിയത് നിയമപരമായ കാരണങ്ങളാലാണെന്നാണ് ജിസിഡിഎയുടെ വിശദീകരണം.
നാളെ ഉച്ചയ്ക്ക് ഒന്നിനു മുമ്പായി സുരക്ഷാനിക്ഷേപ (സെക്യൂരിറ്റി ഡെപ്പോസിറ്റ്) തുക അടച്ചില്ലെങ്കില് സ്റ്റേഡിയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും കരാറും റദ്ദാക്കുമെന്നും ജിസിഡിഎ പുറത്തിറക്കിയ കുറിപ്പില് പറയുന്നു.
Sports
കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാർ ലംഘിച്ച സിംബാബ് വെ ഫാസ്റ്റ് ബൗളർ ബ്ലെസിംഗ് മുസറബാനിക്കെതിരേ നിയമ നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).
ഷമാർ ജോസഫിന് പകരക്കാരനായി 1.1 കോടി രൂപയ്ക്കാണ് മുസാറബാനി ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ, ഈ കരാർ അവഗണിച്ച് താരം ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് മുസറബാനി കോൽക്കത്തയിൽ എത്തിയത്. മാർച്ച് 26 മുതൽ മെയ് മൂന്നു വരെ നടക്കാനിരിക്കുന്ന പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോയത് കരാർ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പിസിബി വ്യക്തമാക്കി.
പിഎസ്എൽ കരാർ ഒപ്പിട്ട ശേഷം താരങ്ങൾ ഐപിഎല്ലിലേക്ക് മാറുന്ന രണ്ടാമത് സംഭവമാണിത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പെഷവാർ സാൽമിയുമായുള്ള കരാർ ലംഘിച്ച് മുംബൈ ഇന്ത്യൻസിൽ ചേർന്നിരുന്നു. തുടർന്ന് ബോഷിന് ഒരു സീസണിൽ പിഎസ്എല്ലിൽ കളിക്കുന്നതിന് പിസിബി വിലക്കേർപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ചട്ടം ലംഘിച്ചു സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിച്ചതായി ആരോപണം. യുഡിഎഫിന്റെ പുതുയുഗ യാത്രയിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവരാവകാശ കമ്മീഷണറുടെ തെരഞ്ഞെടുപ്പു സമിതി അംഗമെന്ന നിലയിൽ ആ ദിവസം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പു സമിതി അംഗമായ പ്രതിപക്ഷ നേതാവിനെ ചട്ടപ്രകാരമല്ല ചീഫ് സെക്രട്ടറി ക്ഷണിച്ചതെന്നും പരാതിയുണ്ട്.
പ്രതിപക്ഷ നേതാവ് അസൗകര്യം അറിയിച്ച ദിവസം ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് വിവരാവകാശ കമ്മീഷൻ അംഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ്.
കഴിഞ്ഞ 23ന് ഇതിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നില്ല. 22നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രതിപക്ഷ നേതാവിന് ലഭിച്ചത്. യുഡിഎഫിന്റെ പുതുയുഗയാത്ര നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ചട്ടപ്രകാരമല്ല ക്ഷണമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിക്കാത മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാവുകൂടിയായ ഹരിലാലിനെ കമ്മീഷൻ അംഗമായി ശിപാർശ ചെയ്യുകയായിരുന്നു. ഇത് ലോക്ഭവന് കൈമാറിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല.
കമ്മീഷനിലെ ഒരു ഒഴിവ് നികത്താനായി കഴിഞ്ഞ ഒക്ടോബറിലാണ് അപേക്ഷ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തശേഷം നിയമനത്തിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യവും മിനിറ്റ്സിൽ രേഖപ്പെടുത്തിയാണ് ശിപാർശ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്ന് സൂചിപ്പിച്ചാണ് ശിപാർശ ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയത്. ഗവർണർ അംഗീകരിച്ചാൽ മാത്രമേ നിയമനത്തിന് അംഗീകാരമാകൂ.
Kerala
കണ്ണൂര്: പയ്യന്നൂരില് പോലീസിനെ ബോംബറിഞ്ഞ് വധിക്കാന് ശ്രമിച്ചെന്ന കേസില് ജയില്വാസത്തിനു ശിക്ഷിക്കപ്പെട്ട സിപിഎം യുവനേതാവ് പരോള് ചട്ടങ്ങൾ ലംഘിച്ച് സിപിഎം പരിപാടിയിൽ പങ്കെടുത്തു. 20 വർഷത്തേക്കു കോടതി തടവിന് ശിക്ഷിച്ച വി.കെ. നിഷാദാണ് പരോൾ ചട്ടം ലംഘിച്ച് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരെ ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരേ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പരിപാടിയിലാണു നിഷാദ് പങ്കടുത്തത്. രോഗബാധിതനായ പിതാവിനെ പരിചരിക്കണമെന്ന് കാണിച്ചു നിഷാദ് നൽകിയ അപേക്ഷയിലായിരുന്നു പരോൾ അനുവദിച്ചത്.
2012 ഓഗസ്റ്റില് പയ്യന്നൂര് പോലീസ് സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ് പോലീസുകാരെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. പരോള് കാലാവധിയില് ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന് പാടില്ലെന്ന ചട്ടമാണ് വി.കെ. നിഷാദ് ലംഘിച്ചത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതിനിനിടെ കോടതി ശിക്ഷിച്ചതിനാൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിനു കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വി.കെ. നിഷാദിനെ കൂടാതെ സി.വി. നന്ദകുമാറിനെയുമായിരുന്നു തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
National
ന്യൂഡൽഹി: രാജ്യത്തെ 41 കോടി വാഹനങ്ങളില് 70 ശതമാനത്തിലധികവും നിർബന്ധമായും പാലിക്കേണ്ട ഒന്നല്ലെങ്കിൽ മറ്റേതെങ്കിലും നിയമങ്ങൾ പാലിക്കാറില്ലെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം.
നിയന്ത്രണ വിധേയമായ മലിനീകരണത്തിന്റെ സർട്ടിഫിക്കറ്റ് (പിയുസി), ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളിൽ ഏതെങ്കിലുമൊക്കെ രാജ്യത്തെ 70 ശതമാനം വാഹനങ്ങളും പാലിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ഗതാഗത മന്ത്രാലയം ഈ കണക്കുകളുൾപ്പെട്ടിട്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ച നടന്നൊരു യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതിനിധികളുമായി പങ്കുവച്ചിട്ടുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ മൂന്നിൽ രണ്ടും ഇരുചക്രവാഹനങ്ങളാണ്- ഏകദേശം 23.5 കോടി വരുമിത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമനിർവഹണത്തിലെ വീഴ്ചകൾക്കെതിരേ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാഹന ഉടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് നിശ്ചിത സമയപരിധിക്കുളളിൽ ഉറപ്പാക്കാൻ കേന്ദ്രം ഒരു നിയമച്ചട്ടക്കൂടും നിർദേശിച്ചിട്ടുണ്ട്.അനുവദനീയമായ സമയപരിധിക്കുള്ളിൽ നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ തനിയെ ഡീ-രജിസ്റ്റർ ചെയ്യപ്പെടുമെന്നതാണ് വ്യവസ്ഥ.
Kerala
തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്നും 23ന് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നു കരുതുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. കോടതിയിൽനിന്ന് ഉടൻതന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽപി, യുപി, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരായി.
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്ഥിരീകരണം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തരമായി പ്രസിദ്ധീകരിച്ച് 23നുതന്നെ നിയമന ഉത്തരവുകൾ നൽകും.
Kerala
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനും ഇടപെടാൻ നിയമങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും നിയമങ്ങൾ പ്രയോഗിക്കാതിരുന്നതാണ് സംസ്ഥാനത്തു സുരക്ഷിതത്വമില്ലാതെ ദേശീയപാത നിർമിക്കുന്നതിനെ തുടർന്ന് അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
കളക്ടർമാർക്കും പോലീസിനും തൊഴിൽ വകുപ്പിനും ദേശീയപാത വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും അടക്കം നിർമാണത്തിലെ അപാകതകളും സുരക്ഷിതത്വമില്ലായ്മയും പൊടിശല്യവും തടയാൻ നിയമത്തിൽ ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിർമാണ സൈറ്റുകളിലെ സുരക്ഷ ഉറപ്പാക്കാൻ 1996ലെ ബിസിഒഡബ്ല്യു നിയമപ്രകാരം തൊഴിൽ വകുപ്പിനും ദേശീയപാതയുടെ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർമാർക്കും പൊതുമരാമത്ത് വകുപ്പിനും ഇടപെടാനാകും.പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കും ഇടപെടാനാകും.
നിർമാണം നടക്കുന്പോഴും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്നാണ് വിവിധ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നത്. ഇതിന്റെ നഗ്നമായ ലംഘനമാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ സുരക്ഷ പരിശോധിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേയും കേസ് അടക്കമുള്ള നിയമ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയും.
ദേശീയപാത കേന്ദ്ര പട്ടികയിലാണ് ഉൾപ്പെടുത്തിയതെങ്കിലും പൊതു ക്രമം (പബ്ലിക് ഓർഡർ), പോലീസ്, റോഡ് സുരക്ഷാ നടപ്പാക്കൽ എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ചുമതലയിലാണ് വിഭാവനം ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമൂലമുണ്ടാകുന്ന മരണം, ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ, പൊതുവഴിയിൽ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാർക്കും എൻജിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ ഇട്ട് പോലീസിന് കേസെടുക്കാം. അസ്ഥിരമായ മണ്തിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകട സാഹചര്യങ്ങളിൽ ജില്ലാ/സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ഉത്തരവിടാനാകും.
അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പോലീസിനുള്ള കടമകളും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ, കേരളത്തിലെ പോലീസ് ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിച്ച് സംസ്ഥാന സർക്കാരിന് പൈസ ഉണ്ടാക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും സംസ്ഥാനത്തു വ്യാപകമാണ്.
സുരക്ഷിതമല്ലാത്ത പാതകളിൽ ഗതാഗതം നിയന്ത്രിക്കേണ്ടതും ബാരിക്കേഡുകളും സൈനേജുകളും ലൈറ്റിംഗ് തുടങ്ങിയവ നിർബന്ധമാക്കേണ്ടതും പോലീസിന്റെ അധികാര പരിധിയിൽ വരുന്നവയാണ്. ഇതോടൊപ്പം കേരള റോഡ് സുരക്ഷാ അഥോറിറ്റി ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇവിടെ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടില്ലെന്നതു വ്യക്തമാണ്.