പാറേൽ പള്ളി
പാറേല്‍ പള്ളിയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എന്റെ മനസില്‍ ആദ്യം തെളിയുന്നത് എന്റെ അമ്മച്ചിയുടെ മുഖമാണ്. പാറേല്‍ പള്ളിയുമായി എന്നെ അടുപ്പിച്ചത് അമ്മച്ചിയാണ്. കുട്ടിക്കാലത്ത് അമ്മച്ചിയുടെ കൈപിടിച്ച് അവിടേക്കു പോയിരുന്ന യാത്രകളുടെ നേര്‍ത്ത ഓര്‍മകള്‍ ഇന്നും മനസിലുണ്ട്. കാലം മായ്ച്ചുകളയാത്ത ആ ഓര്‍മകളില്‍ പെരുന്നാളിന്റെ നിറപ്പകിട്ടും ബാല്യത്തിന്റെ നിഷ്കളങ്കമായ സന്തോഷങ്ങളും അമ്മച്ചിയുടെ സ്നേഹവുമെല്ലാം നിറഞ്ഞുനില്ക്കുന്നു.
പെരുന്നാള്‍കാലത്ത് മാത്രം വാങ്ങാന്‍ കിട്ടിയിരുന്ന, എണ്ണയൊഴിച്ച് ഓടിക്കുന്ന ഒരു കളി ബോട്ടുണ്ടായിരുന്നു. അന്നത്തെ എന്റെ ഏറ്റവും വലിയ മോഹങ്ങളിലൊന്നായിരുന്നു അത്. എല്ലാ പെരുന്നാളിനും അമ്മച്ചി എനിക്കൊരു ബോട്ട് വാങ്ങിത്തരും. കൂടെ അമ്മച്ചിക്കൊരു ചീനച്ചട്ടിയും. പെരുന്നാളിന്റെ ആര്‍ഭാടമായിരുന്നു വാഴനാരില്‍ കെട്ടിയ ഉഴുന്നാടയും ഹല്‍വയും ഈന്തപ്പഴവുമൊക്കെ. അന്നത്തെ സാമ്പത്തിക സാഹചര്യം വച്ച് അമ്മച്ചി എല്ലാം അൽപാൽപം വാങ്ങിത്തരുമായിരുന്നു.
പാറേല്‍ മാതാവിന് എന്റെ ഹൃദയത്തില്‍ എന്നും ഒരിടമുണ്ട്. വിശ്വാസത്തിനുമപ്പുറം വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവാത്ത ആത്മബന്ധമാണത്. ജീവിതത്തിലെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ആരംഭിക്കുന്നതിനുമുമ്പ്, ഒരു യാത്ര പുറപ്പെടുന്നതിനുമുമ്പ്, മനസിനെ അലട്ടുന്ന വിഷമങ്ങളുണ്ടാകുമ്പോള്‍, പാറേല്‍ മാതാവിന്റെ സന്നിധിയില്‍ ഒന്നെത്താന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവിടെ നേര്‍ച്ചയിട്ട്, മനസിലുള്ളതെല്ലാം മാതാവിനോടു പറഞ്ഞു പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നത് വലിയ ആശ്വാസവും ധൈര്യവുമാണ്.
എന്റെ നേരേ മൂത്ത ചേച്ചിയുടെ ജനനവുമായി ബന്ധപ്പെട്ട് അപ്പനും അമ്മച്ചിയും പറഞ്ഞുതന്നിട്ടുള്ള ഒരു സംഭവകഥ ഓര്‍ക്കുന്നു. ചികിത്സാ സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. ചേച്ചിയെ പ്രസവിക്കുന്ന സമയത്ത് അമ്മച്ചിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടത്തിലാകുമെന്ന അവസ്ഥ. ആ നിസഹായാവസ്ഥയില്‍ എന്റെ അപ്പന് കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പാറേല്‍ മാതാവിന്റെ സന്നിധിയിലേക്കായിരുന്നു.
ഇനിമുതല്‍ മുടക്കം വരാതെ നിത്യസഹായ മാതാവിന്റെ നൊവേന ചൊല്ലിക്കൊള്ളാമെന്ന് അപ്പന് നേര്‍ച്ച നേര്‍ന്നു. അദ്ഭുതമെന്നോണം അമ്മച്ചിയും കുഞ്ഞും ആ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. അന്നത്തെ ആ നേര്‍ച്ച പിന്നീട് ഞങ്ങളുടെ കുടുംബജീവിതത്തിന്റെ ഭാഗമായി മാറി. അപ്പനും അമ്മച്ചിയും ഞങ്ങള്‍ മക്കളും ചേര്‍ന്ന് എല്ലാ ശനിയാഴ്ചയും മാതാവിന്റെ നൊവേന ചൊല്ലുമായിരുന്നു. ചേച്ചിയുടെ വിവാഹം വരെ ആ പതിവ് മുടങ്ങിയിരുന്നില്ല. പാറേല്‍ മാതാവിനെ ഓര്‍ക്കുമ്പോഴെല്ലാം തുമ്പേച്ചിറയിലച്ചന്റെ ഹൃദയസ്പര്‍ശിയായ ആ വരികള്‍ മനസില്‍ മുഴങ്ങും. “എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ, നിന്നെ ഞാന്‍ ഓര്‍ക്കുന്നു, മിഴിനീരോടെ...”
(തയാറാക്കിയത്
ബെന്നി ചിറയിൽ)
Tags : Chinese wok for Grandma Deepika DeepikaNewspaper BreakingNews boat for me Chinese wok Grandma