പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചുകുലുക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ 14 പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഡൽഹി റൗസ് അവന്യു പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കോടതിയിൽ ഈ മാസം 25 മുതൽ പ്രതിദിന വിചാരണ ആരംഭിക്കുമെന്ന് ജഡ്ജി അജയ് ഗുപ്ത വ്യക്തമാക്കി.
കേസിൽ ഏകദേശം 20,000 പേജുകളുള്ള ബൃഹത്തായ കുറ്റപത്രമാണ് അന്വേഷണ ഏജൻസിയായ സിബിഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ആസ്ഥാനത്തുനിന്ന് മൂന്ന് വിഷയവിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തി നൽകിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഈ വർഷം മേയ് മൂന്നിനു നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി തെളിഞ്ഞതിനെത്തുടർന്ന് മേയ് 12ന് എൻടിഎ പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയും തുടർന്നുണ്ടായ വിദ്യാർഥി ആത്മഹത്യകളും രാജ്യവ്യാപക പ്രതിഷേധങ്ങൾക്കു വഴിവച്ചതോടെ, ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതും വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു.
Tags : NEET Leak Deepika DeepikaNewspaper BreakingNews Court orders framing of charges