പ്രതീകാത്മക ചിത്രം
കണ്ണൂർ: റബർ കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി വീണ്ടും വ്യവസായ ലോബി. രണ്ടു ദിവസമായി വ്യവസായികൾ വിപണിയിൽനിന്നു മാറിനിൽക്കുകയാണ്. പ്രാദേശിക വിപണിയിൽ റബർ വില 268 രൂപയിലേക്കു കൂപ്പുകുത്തി. ഈ മാസം രണ്ടിന് 300 രൂപയ്ക്കു ഷീറ്റ് വാങ്ങിയ വ്യവസായികൾ ഇന്നലെ 270 രൂപയിലേക്കു താഴ്ത്തുകയും ചരക്കെടുക്കുന്നതിൽനിന്നു വിട്ടുനിൽക്കുകയുമായിരുന്നു. ഒറ്റ ദിവസംകൊണ്ട് അഞ്ചു രൂപയാണു വില താഴ്ത്തിയത്.
കഴിഞ്ഞ ദിവസം 275 രൂപയായിരുന്നു വ്യവസായികൾ അറിയിച്ച വില. റബർ ലഭ്യത കുറവാണെന്നു ചൂണ്ടിക്കാട്ടി ടയർ കന്പനികളുടെ സംഘടന കഴിഞ്ഞദിവസം കേന്ദ്രസർക്കാരിനു കത്തു നൽകിയതിനു പിന്നാലെ വിപണിയിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനം വിലയിടിക്കാനുള്ള ആസൂത്രിതനീക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന റബറിന്റെ 70 ശതമാനവും വാങ്ങുന്നത് ടയർ കന്പനികളാണ്. വില കുറയുന്പോൾ അവർ ആഭ്യന്തര മാർക്കറ്റിൽനിന്നു വാങ്ങുകയും വില കൂടുന്പോൾ സർക്കാരിൽ സമ്മർദം ചെലുത്തി ഇറക്കുമതി തീരുവ കുറപ്പിക്കുകയുമാണു പതിവ്. ഇത്തവണയും റബർ ഇറക്കുമതിക്കു നീക്കം നടക്കുന്നതായി സൂചനയുണ്ട്. തീരുവയില്ലാതെ റബർ ഇറക്കുമതി അനുവദിക്കണമെന്നാവശ്യപ്പെട്ട് ടയർ നിർമാതാക്കളുടെ സംഘടനയായ ‘ആത്മ’(എടിഎംഎ-ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) കേന്ദ്രസർക്കാരിന് ഈ മാസം ആറിന് കത്തയച്ചിരുന്നു. സ്വാഭാവിക റബറിന്റെ വില കിലോഗ്രാമിന് 300 രൂപ പിന്നിട്ടപ്പോഴാണു ടയർ കന്പനികൾ കത്തയച്ചത്.
അന്താരാഷ്ട്ര വില, രാജ്യത്തെ ഉത്പാദനവും ആവശ്യവും, ഡോളർ-രൂപ വിനിമയ നിരക്ക്, ക്രൂഡ് ഓയിൽ വില, ഇറക്കുമതി തീരുവ, കാലാവസ്ഥ എന്നിവയ്ക്കൊപ്പം ടയർ കന്പനികളുടെ തന്ത്രങ്ങളുമാണു കാലങ്ങളായി റബർവില നിയന്ത്രിക്കുന്നത്.
രാജ്യത്ത് 14.27 ലക്ഷം ടൺ റബർ ആവശ്യമെന്നാണു കണക്കുകൾ. 8.75 ലക്ഷം ടൺ മാത്രമാണ് ഉത്പാദനം. സീസൺ ആരംഭിച്ചിരിക്കേ കേരളത്തിലും ഉത്പാദനം വളരെ കുറവാണെന്നാണു പ്രാഥമിക വിവരം. പകൽച്ചൂടും പട്ടമരപ്പും കാരണം പാൽ ഉത്പാദനം കുറഞ്ഞിരിക്കുകയാണ്.
അന്താരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലാണ് വിലകുറയാൻ കാരണമെന്ന വാദവും ഉയരുന്നുണ്ട്. ഒക്ടോബർ 30ന് അന്താരാഷ്ട്ര വില 268 രൂപയായിരുന്നു. നവംബർ 13ന് അത് 256 വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ 264ലേക്കു തിരിച്ചുകയറി.
കേരള സർക്കാർ ഇപ്പോഴും 250 രൂപയാണ് താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. മാർക്കറ്റിൽ ഇതിനേക്കാൾ ഉയർന്ന വിലയുള്ളതിനാൽ അടുത്തകാലത്തൊന്നും ഇൻസെന്റീവ് തുക നല്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അടുത്തകാലത്ത് ഇതുസംബന്ധിച്ച് വിവാദം ഉയരുകയും ചെയ്തിരുന്നു. 250 രൂപയിലും കുറച്ച് ചരക്ക് മാർക്കറ്റിൽ എത്തിക്കാനുള്ള ആസൂത്രിതനീക്കം നടക്കുന്നതായും സംശയമുയരുന്നുണ്ട്.
Tags : rubber prices Deepika DeepikaNewspaper BreakingNews Industrial lobby drives down