പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: പ്രവാസി ക്ഷേമ പെന്ഷന് വിതരണം മുടങ്ങിയിട്ട് നാലുമാസം. യുഡിഎഫ് അധികാരത്തില്‍ എത്തിയശേഷം ആദ്യ രണ്ടു മാസം മാത്രമാണു പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍നിന്നു പെന്ഷന് അനുവദിച്ചത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാ മാസവും ആദ്യ ആഴ്ച വിതരണം ചെയ്തിരുന്നതാണ് പ്രവാസി പെന്ഷന്.
ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടന വൈകുന്നതാണു പെന്ഷന് മുടങ്ങാൻ മുഖ്യകാരണമെന്ന് ഇടത് ആഭിമുഖ്യമുള്ള കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. സരുണ്‍ മാണി, വയനാട് ജില്ലാ ഭാരവാഹികളായ പി.ടി. മന്‍സൂര്‍, കെ. സേതുമാധവന്, ബഷീര്‍ അരപ്പറ്റ എന്നിവര്‍ പറഞ്ഞു. വിദേശജോലി മതിയാക്കി തിരികെ എത്തിയവര്‍, പ്രവാസത്തില്‍ തുടരുന്നവര്‍, എന്‍ആര്‍കെ എന്നീ വിഭാഗങ്ങളില്‍ അംശാദായം അടച്ചവർക്കാണ് പെന്ഷന് മുടങ്ങിയിരിക്കുന്നത്.
നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുവെന്ന ആരോപണം കേരള പ്രവാസി സംഘം ഉയര്‍ത്തുന്നുണ്ട്. 7,000 മുതല്‍ 16,000 വരെ രൂപയായിരുന്നു ഇന്‍ഷ്വറന്‍സ് വാര്‍ഷിക പ്രീമിയം. ഇത് 38,000 മുതല്‍ 78,000 വരെയാക്കി വര്‍ധിപ്പിക്കാന്‍ നീക്കം നടന്നുവരികയാണ്. പ്രീമിയം ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത് അനേകര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി ഗുണഭോക്താക്കളാകാന്‍ കഴിയാത്ത സാഹചര്യം ഒരുക്കുമെന്നു സംഘം ഭാരവാഹികള്‍ പറയുന്നു. വിവിധ പ്രവാസി സാന്ത്വന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന ആരോപണവും സംഘം ഭാരവാഹികള്‍ ഉന്നയിക്കുന്നു.
പെന്ഷന് സമയബന്ധിതമായി വിതരണം ചെയ്യണമെന്നതടക്കമുള്ളാവശ്യങ്ങള് ഉന്നയിച്ച് വ്യാഴാഴ്ച എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാര്‍ച്ചും 27, 28 തീയതികളില്‍ സത്യഗ്രഹവും സംഘടിപ്പിക്കാന്‍ പ്രവാസി സംഘം തീരുമാനിച്ചിട്ടുണ്ട്.
Tags : Expatriate pension Deepika DeepikaNewspaper BreakingNews disbursement