International
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിലെ കീവിലുള്ള ചരിത്രപ്രസിദ്ധമായ ക്രിസ്ത്യൻ ആശ്രമത്തോടു ചേർന്നുള്ള കത്തീഡ്രൽ കത്തിനശിച്ചു.
കീവ് പെച്ചേഴ്സ് ലാവ്ര ആശ്രമസമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഡോർമിഷൻ കത്തീഡ്രലാണ് ഇന്നലെ പുലര്‍ച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തില്‍ അഗ്നിക്കിരയായത്. കത്തീഡ്രലിന്റെ താഴികക്കുടങ്ങൾക്കു ചുറ്റും തീജ്വാലകൾ ഉയരുന്ന ചിത്രങ്ങള്‍ രാജ്യാന്തരമാധ്യമങ്ങള്‍ പുറത്തുവിട്ടു.
കിഴക്കൻ യൂറോപ്പിലെ ഏറെ പ്രശസ്തമായ ക്രൈസ്തവ തീർഥാടനകേന്ദ്രമാണ് ദിനിപ്രോ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കീവ് പെച്ചേഴ്സ് ലാവ്ര അഥവാ ‘മോണസ്ട്രി ഓഫ് ദ കേവ്സ്’ (ഗുഹകളുടെ ആശ്രമം). ഈ ആശ്രമസമുച്ചയത്തിന് അടിയിലായി 600 മീറ്ററിലധികം നീളത്തിൽ പരന്നുകിടക്കുന്ന വലിയൊരു ഭൂഗർഭ ഗുഹാശൃംഖലയുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആത്മീയകേന്ദ്രംകൂടിയാണിത്.
കീവിനു പുറമെ ഖാർകീവ്, ദിനിപ്രോ തുടങ്ങി നിരവധി പ്രദേശങ്ങളിലും റഷ്യ ആക്രമണം നടത്തി. സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ സർക്കാർ അറിയിച്ചു.
കീവിൽ മാത്രം അഞ്ചുപേർ കൊല്ലപ്പെട്ടു. 70 മിസൈലുകളും 611 ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും യുദ്ധം ഇനിയും തുടരുമെന്ന ആ രാജ്യത്തിന്റെ മുന്നറിയിപ്പാണ് ഇതു സൂചിപ്പിക്കുന്നതെന്നും യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കീവ് പെച്ചേഴ്സ് ലാവ്രയ്ക്കു നേരേ നടന്ന ആക്രമണത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളുടെ പട്ടികയിൽ റഷ്യൻ നേതാവ് വ്ലാഡിമിർ പുടിൻ തന്റെ പേര് ഉൾപ്പെടുത്തിയെന്ന് യുക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.
സാംസ്കാരിക പൈതൃകത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഐഎസ് ഭീകരരെ മറികടന്ന റഷ്യൻ ഭീകരതയാണ് ഇപ്പോൾ കാണുന്നതെന്നും റഷ്യന്‍ ഭരണകൂട ക്രൂരതയ്ക്കെതിരേ യുനെസ്കോയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളും പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാര്‍ച്ചിൽ പടിഞ്ഞാറൻ യുക്രെയ്ന് നഗരമായ ലിവിവിലെ ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമസമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആശ്രമത്തിനു നേരേ മാർച്ച് 24നാണ് ആക്രമണമുണ്ടായത്.
District News
മുണ്ടക്കയം: പുഞ്ചവയൽ മേഖലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പുഞ്ചവയൽ വയലുങ്കൽ ജോജിയുടെ വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന് ഭാഗികമായി കേടുപാടും സംഭവിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് പ്രദേശത്ത് അതിശക്തമായ ഇടിമിന്നലുണ്ടായത്.
ഇടിമിന്നലിൽ വയലുങ്കൽ ജോജിയുടെ ടിവി, ഫ്രിഡ്ജ് അടക്കമുള്ള നിരവധി വീട്ടുപകരണങ്ങൾ നശിച്ചു. കൂടാതെ വീടിന്റെ വയറിംഗും വീട്ടിലേക്ക് വൈദ്യുതി എത്തുന്ന സർവീസ് വയറും കത്തി നശിച്ചു.
വീടിന്റെ ജനൽ പാളികൾ തകർന്നതിനൊപ്പം ഭിത്തികൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പുരയിടത്തിൽ നിന്ന തെങ്ങിനും ഇടിമിന്നലേറ്റു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ജോജിയുടെ വീടിനുണ്ടായത്. വൃക്കരോഗത്തെത്തുടർന്ന് രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിനു വിധേയനാകുന്ന ജോജിക്ക് ഇടിമിന്നൽ മൂലമുണ്ടായ നാശനഷ്ടത്തിന്റെ ആഘാതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
കൂട്ടിക്കൽ പഞ്ചായത്ത് എട്ടാം വാർഡ് ഞർക്കാട് ഭാഗത്തും കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായി. കാരക്കാട്ട് മനോജിന്റെ വീടിന് ഭാഗികമായ കേടുപാട് സംഭവിച്ചു. കാരക്കാട്ട് തങ്കച്ചൻ, പള്ളത്തുകുഴിയിൽ ശശി, പുളിച്ചമാക്കൽ സിബി എന്നിവരുടെ വീട്ടുപകരണങ്ങളും ഇടിമിന്നലിൽ കത്തി നശിച്ചു. പ്രദേശത്തെ നിരവധി മരങ്ങൾക്കും ഇടിമിന്നലേറ്റു.
District News
മറ്റം: നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിൽ പുതുതായി നിർമിച്ച പരിശുദ്ധ ത്രിത്വ പ്രാർഥനാലയത്തിന്റെ വെഞ്ചരിപ്പും മാർപാപ്പയുടെ പ്രോ എക്ലേസിയ എത്ത് പൊന്തിഫിച്ചെ ബഹുമതിക്ക് അർഹനായ ഫാ. തോമസ് കാക്കശേരിക്കു സ്വീകരണവും നൽകി. വെഞ്ചരിപ്പു കർമം ഫാ. തോമസ് കാക്കശേരി നിർവഹിച്ചു.
ഇടവക വികാരി ഫാ. ഡോ. ഫ്രാൻസിസ് ആളൂർ, ഡീക്കൻ മെബിൻ കീറ്റിക്കൽ സിഎംഐ എന്നിവർ സഹകാർമികരായി. മാതാവിന്റെ വണക്കമാസം കാലം കൂടുന്നതിന്റെ ഭാഗമായി യൂത്ത് സിഎൽസി ഒരുക്കിയ ചക്കപ്പായ നേർച്ച വിതരണം നടന്നു. കൈക്കാരൻമാരായ സി.കെ. ജോയ്, കെ.എസ്. ഷാജ്, എം.ജെ. ജോഷി, സി.ടി. സ്പാർട്ടക്സ് എ ന്നിവർ നേതൃത്വം നൽകി.
District News
കോതമംഗലം: ഇന്നലെ വൈകുന്നേരം വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ കുട്ടമ്പുഴയിൽ രണ്ട് വീടുകൾക്ക് നാശം. പ്രദേശത്ത് മരങ്ങൾ വീണ് ട്രാൻസ്ഫോർമറും വ്യാപകമായി വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു. വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി.
കുട്ടമ്പുഴ നൂറേക്കറില്‍ പതിയായിപറമ്പില് ബിന്ദു ആന്റണിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ഷീറ്റുകൊണ്ടുള്ളതായിരുന്നു മേല്‍ക്കൂര. വീട്ടുപകരണങ്ങളും മറ്റും വെള്ളം വീണ് നശിച്ചു. പ്ലാപ്പിള്ളി സിജന് ഇസഹാക്കിന്റെ വീടും തകര്‍ന്നിട്ടുണ്ട്. ഓട് കൊണ്ടുള്ള മേല്‍ക്കൂരയ്ക്കും നാശം സംഭവിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന സിജനും മകനും പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളുള്പ്പടെ നശിച്ചിട്ടുണ്ട്.
കുട്ടമ്പുഴ ഉരുളൻതണ്ണി മേഖലയിൽ മരങ്ങൾ വീണ് 40 ഓളം വൈദ്യുത പോസ്റ്റുകളും ലൈനും തകര്‍ന്നിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വാരപ്പെട്ടി മൈലൂരില്‍ റോഡിലേക്ക് വീണ മരം അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്.
International
ക്വാലാലംപുർ: മലേഷ്യയിലെ ബോർണോ ദ്വീപിലുണ്ടായ തീപിടിത്തത്തിൽ ആയിരം വീടുകൾ നശിച്ചു. ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു മാറ്റേണ്ടിവന്നു.
സബാ സംസ്ഥാനത്തെ സൻഡാകൻ തീരദേശമേഖലയിൽ ശനിയാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. അടുത്ത ടുത്ത് വീടുകളുള്ളതും കാറ്റും തീ അതിവേഗം പടരാനിടയാക്കി.തീപിടിത്തം 9,000 പേരെ ബാധിച്ചതായി അധികൃതർ പറഞ്ഞു. ആരും മരണപ്പെട്ടിട്ടില്ല.
District News
വടക്കഞ്ചേരി: വേല വെടിക്കെട്ടിൽ വടക്കഞ്ചേരി ടൗണിനടുത്തെ പള്ളിക്കാട്, ചെക്കിണി പ്രദേശങ്ങളിലായി അമ്പതിലേറെ വീടുകൾക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. വീടുകളുടെയെല്ലാം ജനൽചില്ലുകൾ തകർന്നു. വാതിലുകൾ ഇളകിവീണു. മേൽക്കൂരയിലെ ഓടുകൾ പൊട്ടിച്ചിതറി.
നിരവധി വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ടൗണിലെ ഗണപതിസഹായം വിഭാഗത്തിന്റെ വെള്ളിയാഴ്ച രാത്രി നടന്ന വെടിക്കെട്ടാണ് വൻ നാശനഷ്ടമുണ്ടാക്കിയത്.
ഹോട്ടൽ ഡയാനക്കടുത്തുള്ള പാടത്തായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതിനടുത്ത് ചുറ്റും വീടുകളുള്ള സ്ഥലമാണ്. മൂന്ന് കിലോമീറ്റർ ദൂരേക്കു വരെ പ്രകമ്പനങ്ങളുണ്ടായി. ദേശീയപാതയുടെ മേൽപ്പാലത്തിനു കേടുപാടുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വെടിക്കെട്ട് നടന്നതിന്റെ ഏറ്റവും അടുത്ത വീടായ ഒലിയാപ്പുറം അജിത്തിന്റെ വീട്ടിലെ ബെഡ് റൂമിലെ ജനാലയിളകി മാറി. ചില്ലുകളല്ലാം തകർന്നു. ബാത്ത്റൂമിന്റെ വാതിൽ പകുതിഭാഗം പൊട്ടിവീണു. ചുമരുകൾ വിണ്ടുകീറി.
മുകളിലെ ജനൽചില്ലുകൾ പൊട്ടിവീണ് പ്രദേശത്താകെ ചില്ലുകൾ പരന്നു. വെടിക്കെട്ട് നടന്ന സ്ഥലത്തുനിന്നും 250 മീറ്റർ മാറിയുള്ള ഇന്ദിര ഉണ്ണികുമാറിന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. മേൽക്കൂരയിലെ ഓടുകൾ ദൂരേക്ക് തെറിച്ചു പോയി. വലിയ തീഗോളവും ഭൂമികുലുക്കവുംപോലെ ഭീകരമായിരുന്നു വെടിക്കെട്ടിന്റെ അവസാനത്തിൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
റോഡിനോട് ചേർന്നുള്ള പള്ളിക്കാട് കോംപ്ലക്സിലും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ചില്ലുകളും വാതിലുകളും തകർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്ന് ഉടമ മോഹനൻ പള്ളിക്കാട് പറഞ്ഞു. കെട്ടിടത്തിലെ കടമുറികൾക്കും വലിയ നാശനഷ്ടമുണ്ട്. അര കിലോമീറ്റർ മാറിയുള്ള ചിരിയങ്കണ്ടത്ത് ആർക്കേഡിലും ജനൽചില്ലുകളും വാതിലുകളും തകർന്നെന്ന് ഉടമ സേവ്യർ പറഞ്ഞു.
പുലിക്കുന്നേൽ ബിജുവിന്റെ വീട്ടിലെ എസിയും സോളാർ പാനലുകളും നശിച്ചു. ചുമരുകളിലെല്ലാം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. നടക്കൽ ജിനോയുടെ വീടിന്റെ മുന്നിലെ ആറടി ഉയരമുള്ള ജനലിലെ ചില്ല് ഒന്നാകെ തകർന്നുവീണു. പൊടിമറ്റത്തിൽ റെജിയുടെ മുകൾനിലയിലെ മുറികളിലുള്ള അലമാര വാതിലുകൾ പൊട്ടിവീണു.
ചുമരുകൾക്ക് പൊട്ടലുകളുണ്ട്. കണിയാമറ്റത്തിൽ ജെന്നി ജോൺ, ഈരൂരിക്കൽ ജോർജ്, സരോജിനി, തങ്ക, റിട്ട.പോലീസ് കൃഷ്ണൻ, അനിത, ചെന്താമര, രാജു, അയ്യപ്പൻ, ഷാജി, ജോയ്സി, ഓവുങ്ങമാലിൽ അഡ്വ.ജെയിംസ്, ഓവുങ്ങമാലിൽ ആനി സ്കറിയ, സുന്ദരൻ, കൊടിയൻപറമ്പിൽ ടോമി, രാധാകൃഷ്ണൻ, പിടിയത്ത് ദേവസി, ഒറ്റതെങ്ങുങ്കൽ ജോസഫ്, തൈപറന്പിൽ ടോമി, പള്ളിക്കാട് കോംപ്ലക്സിനു സമീപം നിർമാണം നടക്കുന്ന ബാബുവിന്റെ വീട് തുടങ്ങി ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകൾക്കെല്ലാം കേടുപാടുണ്ട്.
അനുവദനീയമായതിനേക്കാൾ പതിന്മടങ്ങ് ഉഗ്രസ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതാണ് ഇത്രയേറെ നാശനഷ്ടമുണ്ടാക്കിയതെന്ന് പറയുന്നു. നിരോധിത വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉപയോഗിച്ചത്. ഗൺ പൗഡർ ഉൾപ്പെടെ 15 കിലോ മാത്രമാണ് ഒരു കൂട്ടിൽ നിറക്കാനുള്ള അനുമതിയുള്ളത്.
എന്നാൽ ഇതിൽകൂടുതൽ ഉപയോഗിച്ചിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇത്തരത്തിലുള്ള ആറോ ഏഴോ എണ്ണം അവസാനത്തിൽ പൊട്ടിച്ചു. ഇതാണ് അപകടമുണ്ടാക്കിയത്. ഒരെണ്ണം താഴെ വീണ് പൊട്ടിയതായും പറയുന്നുണ്ട്. പാടത്തുണ്ടായ വലിയ ഗർത്തം മണ്ണിട്ട് മൂടി നിയമ ലംഘന പ്രവൃത്തികൾ പുറത്തു വരാതിരിക്കാനുള്ള ശ്രമങ്ങൾ നടന്നതായും നാട്ടുകാർ പറഞ്ഞു. സംഭവം സംബന്ധിച്ച് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം.
തിങ്ങിനിറഞ്ഞ് വീടുകളുള്ള സ്ഥലത്ത് ഉഗ്രസ്ഫോടനത്തോടെയുള്ള വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളോ പരിശോധനകളോ നടത്തിയില്ലെന്ന് ആരോപണമുണ്ട്. അതേ സമയം വീടുകൾക്കുണ്ടായ കേടുപാടുകൾ ഉടൻ തീർത്തു കൊടുക്കുമെന്ന് വേലകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അപായകരമായ വെടിക്കെട്ടിനെതിരേ രോഷവുമായി പള്ളിക്കാട്ടെ ജനങ്ങൾ
വടക്കഞ്ചേരി: അപായകരമായ വെടിക്കെട്ടിനെതിരേ രോഷവുമായി പള്ളിക്കാട് പ്രദേശത്തെ ജനങ്ങൾ. വടക്കഞ്ചേരി ടൗണിലെ ഗണപതി -നാഗസഹായം വേലയുടെ ഭാഗമായി ഗണപതിസഹായം വിഭാഗം നടത്തിയ വെടിക്കെട്ടാണ് നാട്ടുകാരുടെ വലിയ രോഷ പ്രകടനത്തിനിടയാക്കിയിട്ടുള്ളത്.
വീടുകളിലെ പ്രായമായവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി.
കിടപ്പുരോഗികൾ, ഗർഭിണികൾ, ചെറിയ കുട്ടികൾ എന്നിവരും ബുദ്ധിമുട്ടി. പലർക്കും ശ്വാസംമുട്ടൽ വരെ ഉണ്ടാകുന്ന സ്ഥിതിവന്നു.
District News
കണ്ണൂർ: കയരളം ഒറപ്പടിയിൽ കോൺഗ്രസ് കൊടിമരം വെള്ളിയാഴ്ച രാത്രി നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കൊടികൾ കെട്ടി. നശിപ്പിക്കപ്പെട്ട ഒരു കൊടിയുടെ സ്ഥാനത്ത് അഞ്ച് കൊടികൾ കെട്ടിയാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ രണ്ട് പ്രചരണ ബോർഡുകൾ ഇവിടെ നശിപ്പിക്കപ്പെട്ടിരുന്നു. അന്ന് നാലു ബോർഡുകൾ സ്ഥാപിച്ചു പ്രതിഷേധിച്ചിരുന്നു.
International
ബെയ്റൂട്ട്: ലെബനനിലെ വിവിധയിടങ്ങളിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. പത്ത് മിനിറ്റിനുള്ളിൽ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും തകർത്തതായും ഈ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ലെബനനിലെ പോരാട്ടങ്ങൾക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
യുദ്ധം ആരംഭിച്ച് ഇതുവരെ 130 കുട്ടികളടക്കം 1,500ലധികം ആളുകൾ ലെബനനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം അതായത് 1.2 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. പ്രധാനമായും തെക്കൻ മേഖലകളിലെയും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെയും ഷിയാ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരത്തിൽ വീടൊഴിഞ്ഞു പോയത്.
ഫെബ്രുവരി അവസാനം മുതൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിവന്ന യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലെബനനെയും ഈ സമാധാന കരാറിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ലെബനൻ അറിയിച്ചു.
District News
ചപ്പാരപ്പടവ്: കൃഷിത്തോട്ടം കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് തീപിടിച്ചത്. തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ അമ്മംകുളത്തിനും മടക്കാടിനും ഇടയിലുള്ള റോഡ് സമീപത്തുള്ള റബർ കൃഷിത്തോട്ടത്തിലാണ് തീപിടിച്ചത്. ഒരേക്കറിലധികം സ്ഥലം കത്തി നശിച്ചു.
തളിപ്പറമ്പിൽ നിന്നും വന്ന അഗ്നിശമനസേന തീ പടരുന്ന നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തേക്ക് തീ പടരുന്നത് തടയാനായി.
National
കാളിഗഞ്ച്: ബംഗാളിൽ പാർട്ടി സ്ഥാനാർഥിയോടുള്ള എതിർപ്പിനെത്തുടർന്ന് ഒരു വിഭാഗം സിപിഎം പ്രവർത്തകർ പാർട്ടി ഓഫീസ് തകർത്തു.
നാദിയ ജില്ലയിലെ കാളിഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലിയായിരുന്നു സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. ഫർണിച്ചറുകളും രേഖകളും പ്രവർത്തകർ നശിപ്പിച്ചു.
സബീന യാസ്മിൻ ആണ് കാളിഗഞ്ചിലെ സിപിഎം സ്ഥാനാർഥി. പാർട്ടിയിൽ ഭിന്നതയില്ലെന്ന് സബീന പറഞ്ഞു.
Kerala
കൊച്ചി: ചെല്ലാനത്ത് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്റെ പരിസരത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റോളം കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.
പോലീസും ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം. നിലവിൽ ഇവിടെ കടൽ ഭിത്തികൾ പണിതിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഇറാൻ നാവികസേനയുടെ 42 കപ്പലുകൾ യുഎസ് സൈന്യം തകർത്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ വ്യോമസേനയുടെ ഭൂരിഭാഗവും ആശയവിനിമയ സംവിധാനങ്ങളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ ഷീൽഡ് ഓഫ് അമേരിക്ക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
“ഇറാനിൽ ഞങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്നു, നിങ്ങൾക്കു ഫലം കാണാൻ കഴിയും. ഇത് അതിശയകരമാണ്. മൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾ 42 നാവിക കപ്പലുകൾ തകർത്തു. അവയിൽ ചിലതു വളരെ വലുതാണ്. അവർ ഒരു ആണവായുധത്തിന് വളരെ അടുത്തായിരുന്നു. കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധത്തിൽ അവരുടെ ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയില്ലായിരുന്നെങ്കിൽ എട്ടു മാസം മുമ്പേ ഇറാൻ ആണവശേഷി കൈവരിക്കുമായിരുന്നു’’-ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രയേലും അമേരിക്കയും തുടർച്ചയായ എട്ടാം ദിവസവും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്നലെ ടെഹ്റാനിലെ ഖമനയ്യുടെ കൊട്ടാരത്തിനു സമീപമുള്ള തുരങ്കം തകർത്തതായി ഇസ്രേലി സേന അവകാശപ്പെട്ടു. അതിനിടെ ഇറാന്റെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായും സൈനികതലത്തിൽ ഏകോപനമില്ലെന്നും സൂചനകളുണ്ട്.
ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ മൂന്നാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യ ലക്ഷ്യമാക്കി പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യൂ ബുഷാണു പുറപ്പെട്ടത്. നിലവിൽ അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് എഫ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലുണ്ട്.
Kerala
പെരുവന്താനം: പുരപ്പുറത്ത് പാഞ്ഞു കയറിയ കാട്ടുപന്നി വീട് ഭാഗികമായി തകർത്തു. പെരുവന്താനത്തിനു സമീപം പള്ളി ഭാഗത്താണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. തുമരംമുടിയിൽ ടി.എ. ഷെഫീക്കിന്റെ വീട് തകർത്ത കാട്ടുപന്നി സമീപത്തെ പുരയിടത്തിൽ നിന്ന വീട്ടമ്മയെയും ഇടിച്ചിട്ടു.
ഇന്നലെ രാവിലെയായായിരുന്നു സംഭവം. പാഞ്ഞെത്തിയ രണ്ട് കാട്ടുപന്നികളിൽ ഒന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് നിന്നു ഷെഫീക്കിന്റെ വീടിനു മുകളിലേക്ക് ചാടുകയായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടിന്റെ മേൽക്കൂരയിലൂടെ കാട്ടുപന്നി പരതിയോടിയതോടെ ഷീറ്റുകൾ പാതിയും പൊട്ടിനശിച്ചു.
പുതിയതായി നിർമിച്ച ബാത്റൂമിന്റെ ഷീറ്റുകൾ തകർത്ത് വീടിനുള്ളിലേക്ക് വീണ കാട്ടുപന്നി വീടിനകത്ത് വ്യാപക നാശനഷ്ടമുണ്ടാക്കി. ടോയ്ലറ്റും ബാത്റൂം ഉപകരണങ്ങളും വീട്ടുപകരണങ്ങളും കാട്ടുപന്നി കുത്തി ത്തകർത്തു.
സംഭവം നടക്കുമ്പോൾ ഷെഫീക്കിന്റെ മക്കളായ മുഹമ്മദ് അമീൻ, മുഹമ്മദ് ആതിൽ എന്നിവർ വീടിനകത്തും ഭാര്യ ജാസ്മിൻ വീടിന് പുറത്തുമുണ്ടായിരുന്നു. ഇവരെ കാട്ടുപന്നി ആക്രമിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
പിന്നീട് അടുക്കള വാതിലിലൂടെ പുറത്തേക്ക് പാഞ്ഞ കാട്ടുപന്നി സമീപത്തെ പുരയിടത്തിൽ നിന്ന വീട്ടമ്മയെയും ഇടിച്ചിട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ തത്തൻപാറ ഹസീന ഏബ്രാഹിമിന് നിസാര പരിക്കേറ്റു.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമായി. എട്ടാം വാർഡിലെ രാജഗിരി നഗറിൽ കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വയലുങ്കൽ മോഹനൻദാസ്, കാണിക്കാരൻ ചന്തു, തറയിൽ തോമസ് തുടങ്ങിയവരുടെ കൃഷികളാണു കാട്ടാനകൾ നശിപ്പിച്ചത്.
കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികൾ കാട്ടാനകൾ കുത്തിമറിച്ചിട്ടു തിന്നു. കൃഷി നശിപ്പിക്കുന്നത് തടയാൻ മോഹൻദാസ് സ്വന്തം ചെലവിൽ നിർമിച്ച സോളാർവേലി തകർത്താണു കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയത്. ഏതാനും മാസങ്ങൾക്ക് മുന്‍പു നശിപ്പിച്ച വേലി ഈയിടെയാണു നന്നാക്കിയത്. ഇതാണു കഴിഞ്ഞദിവസം കാട്ടാനകൾ വീണ്ടും തകർത്തത്. നേരത്തെയും കാട്ടാനകൾ പ്രദേശത്ത് വ്യാപക നാശം വിതച്ചിരുന്നു.
Kerala
പാലക്കാട്: വാഴക്കോട് ക്വാറിയിൽ തീപ്പിടുത്തം. ക്വാറിയിൽ സൂക്ഷിച്ച ജലനിധി കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകൾ പൂർണമായി കത്തി. ആളപായമില്ല.
ക്വാറി ഉടമയുടെ മരാമത്ത് പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളും കത്തിനശിച്ചു. സമീപത്തുനിന്ന് പടർന്ന തീ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു.
വടക്കാഞ്ചേരിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ മൂന്നുമണിക്കൂർ സമയത്തെ ശ്രമഫലമായാണ് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കാനായത്.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം മലന്തലപ്പില് 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ഉപജീവനത്തിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകളും കുടുംബാംഗങ്ങളും കണ്ണീരിലാണ്. വഴിയോരക്കടവടം നടത്തിയും സെക്യൂരിറ്റി, ഹോട്ടല്‍ പണിയെടുത്തും മറ്റുമാണ് പലരും ദൈനംദിന ജീവിതത്തിനു വക കണ്ടെത്തുന്നത്. കെട്ടിടം ഉടമകളിലെ രോഗികള്‍ വിദഗ്ധ ചികിത്സ നേടുന്നതിന് കഷ്ടപ്പെടുകയാണ്. കാന്‍സര്‍ ബാധിതരും വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ ഉള്ളവരും കെട്ടിടം ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുണ്ട്.
52 പേരുടെ ഉടമസ്ഥതയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 122 കെട്ടിടം-ക്വാര്‍ട്ടേഴ്സുകളാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നതെന്ന് ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികളായ വി. നിരണ്, ടി.എ. ആസിഫ് അലി, പി.ഒ. താഹിര്‍, കെ. അണ്ണയ്യന്, എം. ഷമീറ എന്നിവര്‍ പറഞ്ഞു.
ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. അതേസമയം നോ ഗോ സോണിലേതടക്കം കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് ലഭിക്കുന്നുണ്ട്. വാടക ഇനത്തില്‍ പ്രതിമാസ വരുമാനം മുന്നില്‍ക്കണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം കടം വാങ്ങിയാണ് പലരും കെട്ടിടങ്ങള്‍ പണിതത്. പതിറ്റാണ്ടുകള്‍ തേയിലത്തോട്ടത്തില്‍ ജോലിചെയ്തു പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും വര്‍ഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ ധനവും കെട്ടിട നിര്‍മാണത്തിനു വിനിയോഗിച്ചവരുണ്ട്.
മുഴുവന്‍ കെട്ടിടം ഉടമകളുടേതുമായി ബാങ്ക് വായ്പ ഇനത്തില്‍ ഏകദേശം ആറ് കോടി രൂപ കുടിശികയാണ്. വരുമാനം നിലച്ചതിനാല്‍ വായ്പ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങി.
കെട്ടിടത്തിന്റെ ഭാഗം കുടുംബസമേതം താമസത്തിന് ഉപയോഗപ്പെടുത്തിയ ഉടമകളുണ്ട്. ഇവര്‍ ഒഴികെ ഉടമകളില്‍ ആര്‍ക്കും സര്‍ക്കാരില്‍നിന് ഒരു സഹായവും ലഭിച്ചില്ലെന്ന് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആവിഷ്കരിച്ച മൈക്രോ പ്ലാനിലും കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തിയില്ല.
വരുമാനം നഷ്ടമായ കെട്ടിടം ഉടമകള്‍ക്ക് ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. 25 ലക്ഷം രൂപ മിനിമം നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ നന്നാക്കി ഉപയോഗപ്പെടുത്താന്‍ അനുവദിക്കണം. മൈക്രോ പ്ലാനില്‍ കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തണം. വായ്പകള്‍ എഴുതിത്തള്ളണം.
ദുരന്തബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവടത്തിന് അനുവദിക്കണം. ഇതൊക്കെയാണ് വെല്‍ഫെയര്‍ അസോസിയേഷന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ സത്വര തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരമുഖം തുറക്കാനാണ് അസോസിയേഷന് തീരുമാനം.
District News
വടകര: കുട്ടോത്ത് ബാങ്ക് റോഡിന് സമീപം തൊഴിലാളി മുക്കില്‍ വീട് കത്തിനശിച്ചു. കുഴിപ്പറമ്പത്ത് ദീപുവിന്റെ വീടിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തീപിടിച്ചത്. മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വടകര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി.സ്റ്റേഷന് ഓഫീസര്‍ കെ.എം. ഷമേജ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സംഘമെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ ഫയലുകളും റിക്കാർഡ് ബുക്കുകളും മുന്‍ ഭരണസമിതി സംരക്ഷിക്കാത്തതിനെത്തുടര്‍ന്ന് നശിച്ചുപോയതായി ആക്ഷേപം. പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 2015 - 20 ഭരണസമിതിയുടെ കാലത്ത് റിക്കാര്‍ഡുകളും ഫയലുകളും നമ്പരിട്ട് പ്രത്യേക മുറിയില്‍ ഫയല്‍ റാക്കുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഈ മുറിയില്‍ ചോര്‍ച്ചയുണ്ടായതോടെ ഇവ പഴയ ലൈബ്രറി ഹാളിലേക്കു മാറ്റുകയായിരുന്നു. മതിയായ സംരക്ഷണമില്ലാതെ വലിച്ചുവാരിയിട്ട ഫയലുകളും റിക്കാർഡുകളും വെള്ളം കയറിയും പൊടിപിടിച്ചും നശിക്കുകയായിരുന്നു.
കഴിഞ്ഞ ഭരണസമിതിയും ഉദ്യോഗസ്ഥരും ഫയലുകള്‍ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന് പറഞ്ഞു. മുന്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ഡിജിറ്റലൈസേഷന് മുന്‍പുള്ള ഒരു ഫയലും വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയതായും ഇവര്‍ ആരോപിച്ചു.
District News
നാദാപുരം: വിലങ്ങാട് മലയങ്ങാട് കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടം കാട് കയറിയില്ല. വീണ്ടും കൃഷി നാശം. തിങ്കളാഴ്ച്ച രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത് കണ്ടത്. കർഷകർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് വാച്ചർമാരും ആർആർടി സംഘവും സ്ഥലത്തെത്തി രാത്രി പന്ത്രണ്ടരയോടെ ആനകളെ കണ്ണവം വനത്തിലേക്ക് തുരത്തിയെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചയോടെ കാട്ടാനക്കൂട്ടം തിരിച്ചെത്തി.
കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, കമുങ്ങ്, റബർ തുടങ്ങിയവ നശിപ്പിച്ചു. എഴുകുന്നേൽ ബാബു, വാഴയിൽ അമ്മത് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വനാതിർത്തിയോട് ചേർന്ന് വൈദ്യുതി കമ്പിവേലിയില്ലാത്ത പൂവ്വത്താം കണ്ടിവഴിയാണ് കാട്ടാനകൾ കൂട്ടമായി മലയങ്ങാട് കൃഷി ഭൂമിയിലെത്തുന്നത്.
സമീപ പ്രദേശമായ ചിറ്റാരി, കുറ്റലോ്ലൂർ, പറക്കാട് ഭാഗങ്ങളിലും കുറച്ച് ദിവസമായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നതായി പ്രദേശവാസികൾ പറഞ്ഞ
District News
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ഏലായിൽ കാട്ടുപന്നികളുടെ കൂട്ട ആക്രമണത്തിൽ കഴിഞ്ഞ ഒദിവസം നശിപ്പിച്ചത് 3000 മൂട് മരച്ചീനിയാണ്. നെല്ലിപ്പറമ്പ് നിർമാല്യത്തിൽ മുരളീധരക്കുറുപ്പിന്റെ മരച്ചീനിക്കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.
മുരളീധരക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള നിലത്തിനുപുറമേ സമീപത്തെ നിലങ്ങൾ കൂടി പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷിയിറക്കിയത്. ഏകദേശം വിളവെടുപ്പിന് പാകമായി വരുന്ന സമയത്താണ് കാട്ടുപന്നികളുടെ അക്രമം ഉണ്ടായത്.
കൃഷി നഷ്ടമായതിനാൽ മറ്റു കർഷകർ നെല്ലിപ്പറമ്പ് ഏലായിലെ ഒട്ടുമിക്ക പാടങ്ങളും തരിശിട്ടിരിക്കുകയായിരുന്നു.സമീപത്തെ ഏലാകളിൽ പന്നിശല്യം ഉണ്ടായിരുന്നെങ്കിലും നെല്ലിപ്പറമ്പ് ഏലായിൽ പന്നികൾ എത്തിയിരുന്നില്ല എന്ന പ്രതീക്ഷയിലാണ് മുരളീധരൻ ഇവിടെ കൃഷിയിറക്കിയത്.
നാട്ടുകാരുടെ പക്കൽ നിന്നും കടം വാങ്ങിയും പലിശയ്ക്ക് എടുത്തുമാണ് അദ്ദേഹം കൃഷി യിറക്കിയത്. ജോലിക്കാരെത്തുന്നതിനുമുൻപ് തന്നെ പാടത്തിറങ്ങുന്ന മുരളീധരൻ ഏറെ വൈകിയാണ് ജോലി അവസാനിപ്പിച്ചിരുന്നത്. പാരമ്പര്യ കർഷകനായ മുരളി കഴിഞ്ഞ വർഷങ്ങളിൽ ചീനി, വാഴ, ചേമ്പ്, ചേന, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയ കൃഷികളാണ് ചെയ്ത് വന്നിരുന്നത്. ഇത്തവണ കൂടുതൽ സ്ഥലത്ത് മരച്ചീനി നടുകയായിരുന്നു.
എന്നാൽ മുരളീധരന്റെ സ്വപ്നങ്ങളെയെല്ലാം തച്ചുടയ്ക്കുന്ന രീതിയിലായിരുന്നു കാട്ടുപന്നികളുടെ ആക്രമണം. ഒരു മൂട് മരച്ചീനി പോലും അവശേഷിക്കാത്ത അവസ്ഥയാണ്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മുരളീധരക്കുറുപ്പ് പറയുന്ന
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലെക്സുകൾ നശിപ്പിച്ചെന്ന പരാതി. ളാലം ബ്ലോക്ക് പഞ്ചായത്തിലെ വലവൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന അലൻ കക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലൈസമ്മ എന്നിവരുടെ ഫ്ലെക്സുകളാണ് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരാജയ ഭീതിയെ തുടർന്ന് എതിർ പാർട്ടിക്കാരാണ് ഫ്ലെക്സുകൾ നശിപ്പിച്ചതെന്ന് സ്ഥാനാർഥികൾ ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Kerala
കൊല്ലം: കൊല്ലം തങ്കശേരി ആൽത്തറമൂടിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് വീടുകൾക്ക് നാശം. ഇവ പൂർണമായും കത്തിനശിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു.
സംഭവം അറിഞ്ഞ ഉടൻതന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
Kerala
തൃശൂർ: സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനിൽ അക്കര തകർത്തത്.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തത്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡർ തകർത്തത്.
മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.