വോയേജർ പേടകം കലാകാരന്റെ ഭാവനയിൽ
ഹൂസ്റ്റൺ: നാസയുടെ വോയേജർ ഒന്നാം പേടകം ഒരു ‘പ്രകാശദിന’ ദൂരം പിന്നിട്ടു. മനുഷ്യനിർമിതമായ ഒരു വസ്തു ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യം. പ്രകാശം 24 മണിക്കൂറിൽ പിന്നിടുന്ന ദൂരമാണ് ഒരു പ്രകാശദിനം. ഏതാണ്ട് 2600 കോടി കിലോമീറ്റർ വരുമിത്.
വിക്ഷേപണത്തിന്റെ 49-ാം വർഷമാണ് വോയേജർ ഒന്നാം പേടകം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.46നാണ് ഒരു പ്രകാശദിനം പൂർത്തിയാക്കിയതെന്നു നാസ അറിയിച്ചു.
അതായത് പേടകം ഇപ്പോൾ ഭൂമിയിൽനിന്ന് 2600 കോടി കിലോമീറ്റർ അകലെയാണ്. പേടകത്തിൽനിന്നുള്ള സിഗ്നലുകൾ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ എത്താൻ 24 മണിക്കൂർ എടുക്കും.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യാഴം, ശനി ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ 1977 സെപ്റ്റംബർ അഞ്ചിന് വിക്ഷേപിച്ചതാണ് വോയേജർ ഒന്നാം പേടകം. സൗരയൂഥവും പിന്നിട്ട പേടകം 2012ൽ നക്ഷത്രങ്ങൾക്കിടയിലെ ഇന്റർസ്റ്റെല്ലർ ബഹിരാകാശത്തു പ്രവേശിച്ച് യാത്ര തുടരുകയായിരുന്നു.
ഇപ്പോൾ മണിക്കൂറിൽ 61,000 കിലോമീർ വേഗത്തിലാണ് സഞ്ചാരം. ആണവസാങ്കേതികവിദ്യയിലാണു പേടകം പ്രവർത്തിക്കുന്നത്. ബഹിരാകാശത്തെ വികിരണങ്ങൾ, കാന്തിക മേഖലകൾ തുടങ്ങിയവയെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ പേടകം ഭൂമിയിലേക്ക് അയച്ചു. മൂന്നുനാലു വർഷം കൂടി വോയേജറിൽനിന്ന് സിഗ്നലുകൾ ലഭിച്ചേക്കുമെന്നാണു നാസ കണക്കുകൂട്ടുന്നത്.
അന്യഗ്രഹജീവികളെങ്ങാനും കണ്ടെത്തുന്ന സാഹചര്യമുണ്ടായാൽ 55 ഭാഷകളിൽ അവർക്കുള്ള അഭിവാദ്യവും മനുഷ്യരാശിയെ പ്രതിനിധീകരിച്ച് അന്നത്തെ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ എഴുതിയ സന്ദേശവും വോയേജർ ഒന്നാം പേടകത്തിലുണ്ട്.
1977 ഓഗസ്റ്റ് 20ന് വോയേജർ രണ്ടാം പേടകം നാസ വിക്ഷേപിച്ചിരുന്നു. 2018ൽ ഇന്റർസ്റ്റെല്ലർ മേഖലയിൽ പ്രവേശിച്ച ഈ പേടകം ഇപ്പോൾ ഭൂമിയിൽനിന്ന് 2,100 കോടി കിലോമീറ്റർ അകലെയാണ്.
Tags : NASA Voyager 1 Deepika DeepikaNewspaper BreakingNews NASA Voyager 1 spacecraft