International
അമേരിക്കൻ സ്പേസ് ഏജൻസി നാസ ഒരു 'പാമ്പി'നെ നിർമിച്ചിരിക്കുന്നു! കടിക്കുന്ന പാമ്പ് അല്ല; ജീവനുണ്ടോ എന്നു കണ്ടുപിടിക്കും, ഇവിടെയല്ല, അങ്ങകലെ ശനിയുടെ ഉപഗ്രഹത്തിൽ! ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്സെലാഡെസ് പര്യവേക്ഷണത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പല്ഷന് ലബോറട്ടറിയാണ് എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സര്വേയര് (ഇഇഎല്എസ്) എന്നു പേരിട്ടിരിക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടിനെ നിർമിച്ചത്. ഇതിന്റെ പരീക്ഷണങ്ങൾ തുടരുകയാണു ശാസ്ത്രജ്ഞർ. പ്രതലങ്ങളില് പാമ്പ് ഇഴയുന്നതുപോലെ തന്നെയാണ് റോബോട്ടിന്റെയും സഞ്ചാരം. പാമ്പുകള് തലയുയര്ത്തി പരിസരം നിരീക്ഷിക്കുന്നതുപോലെ ഈ റോബോട്ടും തലയുയര്ത്തി ചുറ്റുപാടുകള് നിരീക്ഷിക്കും.
ജീവൻ തേടി ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്സെലാഡസില് വിന്യസിക്കാന് ലക്ഷ്യമിടുന്ന റോബോട്ടിനു ഭൂമിക്കും ചന്ദ്രനുമപ്പുറത്തേക്കുമുള്ള വിവിധ പ്രതലങ്ങളില് സ്വയം സഞ്ചരിക്കാന് കഴിയും. ജീവന്റെ തുടിപ്പുകളുടെ അന്വേഷണവുമായി എന്സെലാഡസിലെത്തുന്ന റോബോട്ടിന്റെ ദൗത്യം വിജയകരമായിത്തീര്ന്നാല് അതു മനുഷ്യരാശിക്കു വലിയ മുന്നേറ്റമായിരിക്കും.
International
ചൊവ്വയുടെ ഉപരിതലത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരൂഹമായ കുഴികൾ കണ്ടെത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ. ഗെയ്ൽ ക്രേറ്ററിലുള്ള മൗണ്ട് ഷാർപ്പ് പർവതനിരകളിലെ വാലെ ഗ്രാന്ഡെ എന്ന താഴ്വരയിലൂടെ സഞ്ചരിക്കുമ്പോഴാണ് റോവർ അസാധാരണ ഘടനകൾ ക്യാമറയിൽ പകർത്തിയത്.
ഉൽക്കാപതന കുഴികളിൽനിന്നു വ്യത്യസ്തം
ചൊവ്വയിൽ ഉൽക്കാപതനങ്ങൾ മൂലം ഗർത്തങ്ങൾ ഉണ്ടാകുന്നതു സാധാരണയാണെങ്കിലും, ഇപ്പോൾ കണ്ടെത്തിയവ തികച്ചും വ്യത്യസ്തമാണെന്നു നാസ വ്യക്തമാക്കി. സാധാരണയേക്കാൾ കൂടുതൽ വീതിയുള്ളതും എന്നാൽ ആഴം കുറഞ്ഞതുമായ ഘടനയാണ് ഇവയ്ക്കുള്ളത്. മുൻപു ചൊവ്വയിൽ കണ്ടെത്തിയ മറ്റു കുഴികളിൽനിന്നു ഘടനാപരമായി ഇവ വലിയ വ്യത്യാസം പുലർത്തുന്നു.
സാധാരണയായി പാറകൾക്കിടയിൽ കാണപ്പെടുന്ന കാഠിന്യമുള്ള ചെറിയ കല്ലുകളോ ധാതുക്കളോ കാറ്റും മറ്റു ശക്തികളും കാരണം തകർന്നു പോകുമ്പോഴാണ് ഉപരിതലത്തിൽ ചെറിയ കുഴികൾ രൂപപ്പെടുന്നത്. എന്നാൽ പുതിയതായി കണ്ടെത്തിയ മേഖലയിൽ ഇത്തരം കല്ലുകളുടെയോ ധാതുക്കളുടെയോ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് ഇതിന്റെ രൂപീകരണത്തെക്കുറിച്ചുള്ള നിഗൂഢതയേറുന്നത്.
പഠനങ്ങൾ തുടരും
റോവറിലുള്ള 'മാർസ് ഹാൻഡ് ലെൻസ് ഇമേജർ', മാസ്റ്റ്കാം, കെംകാം എന്നീ അത്യാധുനിക ക്യാമറകളും ഉപകരണങ്ങളും ഉപയോഗിച്ചാണ് ഗവേഷകർ വിവരങ്ങൾ ശേഖരിക്കുന്നത്. പല കോണുകളിൽ നിന്നുള്ള ചിത്രങ്ങൾ സംയോജിപ്പിച്ച് ത്രിമാന മാപ്പുകൾ തയാറാക്കി, ഈ കുഴികളുടെ ആഴവും രൂപവും കൃത്യമായി അളന്ന് ഇവയുടെ ഉത്ഭവം മനസിലാക്കാനാണു ശാസ്ത്രജ്ഞരുടെ ശ്രമം.
റോവർ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പാറകളുടെ പാളികളിലും ഘടനയിലും വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തുണ്ടായ പാരിസ്ഥിതിക മാറ്റങ്ങളുടെ സൂചനയാണിതെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു. 14 വർഷമായി ചൊവ്വയിൽ തിരച്ചിൽ തുടരുന്ന ക്യൂരിയോസിറ്റി റോവറിന് ഇപ്പോഴും പുതിയ അത്ഭുതങ്ങൾ സമ്മാനിക്കാൻ കഴിയും എന്നതിന്റെ തെളിവാണു പുതിയ കണ്ടെത്തൽ.
International
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയുന്ന സഞ്ചാരികൾ അവരുടെ വിശ്രമവേളകൾ എങ്ങനെയായിരിക്കും ചെലവഴിക്കുക? പലരും അതേക്കുറിച്ചു ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ബഹിരാകാശത്തെ വിനോദവേളകളിലെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ ബഹിരാകാശയാത്രികൻ അനിൽ മേനോൻ. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തു സഹപ്രവർത്തകർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങളാണു മലയാളി വംശജൻ കൂടിയായ അനിൽ പങ്കുവച്ചത്. എക്സിൽ പങ്കുവച്ച വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്.
മൈക്രോഗ്രാവിറ്റിയിലെ കളിതമാശകൾ
അതിസങ്കീർണമായ ദൗത്യങ്ങൾക്കിടയിൽ, വാരാന്ത്യങ്ങളിലാണു യാത്രികർ വിനോദങ്ങളിൽ ഏർപ്പെടുന്നത്. ഐഎസ്എസിലെ വാസത്തിനിടെ വ്യായാമം, വിവിധ ഗെയിമുകൾ തുടങ്ങിയവയിൽ സഞ്ചാരികൾ ഏർപ്പെടാറുണ്ട്. എന്നാൽ, ഫുട്ബോൾ കളി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. വായുവിൽ ഒഴുകിനടന്ന് ഇവർ പന്തു തട്ടുന്നതും പാസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ബഹിരാകാശ നിലയത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഫുട്ബോൾ ഒന്നിപ്പിക്കുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അനിൽ മേനോൻ കുറിച്ചു.
'ഫുട്ബോൾ, സ്പേസ് സ്റ്റേഷനിൽ ഞങ്ങളെയെല്ലാം ഒന്നിച്ചുനിർത്തുന്നു! വരാനിരിക്കുന്ന തിരക്കുപിടിച്ച ദിവസങ്ങളിലേക്കു സജ്ജരാകാൻ വാരാന്ത്യങ്ങളിലെ ഇത്തരം വിനോദങ്ങൾ ഏറെ സഹായിക്കും...' ദൃശ്യങ്ങൾക്കൊപ്പം അനിൽ മേനോൻ കുറിച്ചു. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ പേശികൾക്കും ശരീരത്തിനും സംഭവിക്കുന്ന വ്യതിയാനങ്ങൾ കുറയ്ക്കാനും മാനസികസന്തോഷം നിലനിർത്താനും ഇത്തരം വ്യായാമങ്ങളും വിനോദങ്ങളും ബഹിരാകാശ സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
എക്സിൽ പങ്കുവെച്ച അപൂർവ ദൃശ്യങ്ങൾക്കു വൻ ജനശ്രദ്ധയാണു ലഭിക്കുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾക്കുമപ്പുറം, നിത്യജീവിതത്തിലെ ലളിതവും മനോഹരവുമായ നിമിഷങ്ങൾ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം നിരവധി പേർ പ്രതികരണങ്ങളിൽ പങ്കുവച്ചു.
കഴിഞ്ഞദിവസം, ഐഎസ്എസിലെ വൈദ്യപരിശോധനയുടെ വീഡിയോ അനിൽ മേനോൻ പങ്കുവച്ചിരുന്നു. അൾട്രാസൗണ്ട് സ്കാനിംഗിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ അന്തരീക്ഷത്തിൽ പരസ്പര സഹകരണത്തോടെയാണു വൈദ്യപരിശോധനകൾ പൂർത്തിയാക്കുന്നത്. ഭൂമിയിലുള്ള വിദഗ്ധ ഡോക്ടർമാരുടെ തത്സമയ സഹായവും യാത്രികർക്കു ലഭിക്കും. ഭൂമിയിൽ ലഭിക്കുന്ന സ്കാനിംഗ് മെഡിക്കൽസംഘം വിശകലനം ചെയ്യുന്നു. തുടർ പരിശോധനകൾ ആവശ്യമാണോ എന്നു തീരുമാനിക്കുകയും ചെയ്യുന്നു.
International
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നിർണായകമായ അറ്റകുറ്റപ്പണികളും ശാസ്ത്രീയ ദൗത്യങ്ങളും പൂർത്തിയാക്കി ചരിത്രത്തിലേക്ക് നടന്നുകയറി വനിതാ ബഹിരാകാശ യാത്രികർ.
നാസയുടെ ജെസീക്ക മെയർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട് എന്നിവരാണ് ആറു മണിക്കൂറും 49 മിനിറ്റും നീണ്ട സാഹസികമായ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കിയത്. പൂർണമായും വനിതകൾ മാത്രം പങ്കെടുത്ത ആറാമത്തെ ചരിത്രപരമായ ബഹിരാകാശ നടത്തമാണിത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.10ന് ആരംഭിച്ച ദൗത്യം ഇന്നലെ പുലർച്ചെ 12.59നാണ് അവസാനിച്ചത്.
നിർവഹിച്ച ദൗത്യങ്ങൾ
ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിൽ പുതിയൊരു ‘റിട്രോ റിഫ്ലക്ടർ’ ഇരുവരും ചേർന്നു ഘടിപ്പിച്ചു. മറ്റു പേടകങ്ങൾ നിലയത്തിലേക്ക് അടുക്കുമ്പോഴും ബന്ധിപ്പിക്കുമ്പോഴും കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ ഇതു സഹായിക്കും. കൂടാതെ നിലയത്തിനു പുറത്തുള്ള ഉയർന്ന ശേഷിയുള്ള കാമറ മാറ്റിവയ്ക്കുകയും നിലയത്തിനുപുറത്ത് സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
വൈദ്യുത സംവിധാനങ്ങൾക്കുള്ള ജമ്പർ കേബിളുകൾ ഘടിപ്പിക്കുന്ന ജോലികളും പ്രപഞ്ചത്തിലെ തരംഗങ്ങളെക്കുറിച്ച് പഠിക്കുന്ന ‘ആൽഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിന്റെ’ അറ്റകുറ്റപ്പണികൾക്കുള്ള പ്രാഥമിക ഒരുക്കങ്ങളും ഇരുവരും ചേർന്ന് ആരംഭിച്ചു.
സാഹസിക നിമിഷങ്ങൾ
ബഹിരാകാശത്തെ ശൂന്യതയിലും അതികഠിനമായ അന്തരീക്ഷത്തിലും അതിജീവിക്കാൻ സഹായിക്കുന്ന ഭാരമേറിയ സ്പേസ് സ്യൂട്ടുകൾ ധരിച്ചാണ് ഇരുവരും നിലയത്തിനു പുറത്തെത്തിയത്. അതിനാൽ ബോൾട്ടുകൾ ഊരുന്നതും കേബിളുകൾ ഘടിപ്പിക്കുന്നതും അടക്കമുള്ള ലളിതമായ ജോലികൾ പോലും വളരെ സമയമെടുത്താണ് പൂർത്തിയാക്കിയത്.
ദൗത്യത്തിനിടെ സോഫി അഡെനോട്ടിന്റെ ഇടതുകൈക്ക് നേരിയ ചലനതടസം നേരിട്ടെങ്കിലും സ്പേസ് സ്യൂട്ടിലെ ഗ്ലൗ ഹീറ്റർ ഹാർനെസ് ക്രമീകരിച്ച് ജെസീക്ക മെയർ സമയോചിതമായി പ്രശ്നം പരിഹരിച്ചു. പ്രധാന ജോലികൾ പൂർത്തിയായതോടെ ബാക്കിയുള്ള ചില ചെറിയ ജോലികൾ ഭാവിയിലെ ബഹിരാകാശ നടത്തങ്ങളിലേക്കു മാറ്റിവയ്ക്കാൻ മിഷൻ കൺട്രോൾ നിർദേശിച്ചു.
ബഹിരാകാശ നിലയത്തിന്റെ പരിപാലനത്തിനും നവീകരണത്തിനുമായി നടത്തുന്ന 284-ാമത് സ്പേസ് വാക്കാണിത്. ജെസീക്ക മെയറുടെ ഏഴാമത്തെയും സോഫി അഡെനോട്ടിന്റെ മൂന്നാമത്തെയും ബഹിരാകാശ നടത്തമായിരുന്നു ഇത്.
ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ നാസയിലെ വനിതാ ബഹിരാകാശ യാത്രികരുടെ പട്ടികയിൽ പെഗ്ഗി വിറ്റ്സൺ (10), സുനിത വില്യംസ് (9) എന്നിവർക്ക് തൊട്ടുപിന്നിലായി ജെസീക്ക മെയർ മൂന്നാം സ്ഥാനത്തെത്തി.
International
ആ കോഴിക്കുഞ്ഞിന്റെ പേര് 'കെന്റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
1980-കളുടെ തുടക്കത്തിൽ ഇന്ത്യാനയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോൺ വെല്ലിംഗർ ആണ് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ കോഴിമുട്ടയിലെ ഭ്രൂണവളർച്ച എങ്ങനെയായിരിക്കുമെന്ന ഗവേഷണപദ്ധതി മുന്നോട്ടുവച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സംഘടിപ്പിച്ച വിദ്യാർഥികളുടെ ശാസ്ത്ര മത്സരത്തിൽ ഈ ആശയം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പരീക്ഷണത്തിന് ആവശ്യമായ ഇൻക്യുബേറ്റർ നിർമിക്കാനും തുക കണ്ടെത്താനും ബുദ്ധിമുട്ടിയപ്പോൾ ഫാസ്റ്റ് ഫുഡ് രാജാവ് കെഎഫ്സി സാമ്പത്തിക പിന്തുണ നൽകുകയായിരുന്നു. 'ചിക്സ് ഇൻ സ്പേസ്' (Chix in Space) എന്നു പേരിട്ട പ്രോജക്റ്റിനായി കെഎഫ്സി 50,000 ഡോളർ ധനസഹായം നൽകുകയും പ്രത്യേക ഇൻക്യുബേറ്റർ നിർമിക്കാൻ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.
1986-ൽ ചലഞ്ചർ (Challenger) ബഹിരാകാശ പേടകത്തിലാണു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പേടകം തകർന്നുണ്ടായ ദുരന്തത്തിൽ ഇതിനായുള്ള ഉപകരണങ്ങളും മുട്ടകളും നശിക്കുകയായിരുന്നു. തുടർന്ന്, മൂന്നു വർഷത്തിനുശേഷം, 1989 മാർച്ച് 13-ന് ഡിസ്കവറി പേടകത്തിൽ (STS-29 മിഷൻ) 32 കോഴിമുട്ടകൾ നാസ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇതിൽ പകുതി മുട്ടകൾ വിക്ഷേപണത്തിനു മുൻപ് രണ്ടു ദിവസത്തെ ഭ്രൂണവളർച്ചയുള്ളവയും ബാക്കിയുള്ളത് ഒൻപതു ദിവസത്തെ വളർച്ചയെത്തിയവയുമായിരുന്നു.
International
ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഛിന്നഗ്രഹങ്ങൾ ചിലപ്പോഴൊക്കെ വലിയ വെല്ലുവിളികൾ ഉയർത്തുന്നവയാണ്. നമ്മുടെ ഗ്രഹത്തിനു സമീപത്തുകൂടി നിരവധി ധൂമകേതുക്കൾ കടന്നുപോകാറുണ്ട്. അവയെല്ലാം ബഹിരാകാശഗവേഷകർ നിരീക്ഷിക്കാറുണ്ട്. ആശങ്കയുണർത്തുന്ന ഛിന്നഗ്രഹങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു. ലക്ഷക്കണക്കിനു കിലോമീറ്റർ അകലത്തിലാണു സഞ്ചാരപഥമെങ്കിലും ഗൗരവമായിത്തന്നെയാണ് ശാസ്ത്രലോകം ഇതിനെയെല്ലാം നോക്കിക്കാണുന്നത്.
ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പം മാത്രമുള്ള ഛിന്നഗ്രഹത്തിനു വൻ നഗരങ്ങളെപ്പോലും നാമാവശേഷമാക്കാൻ കഴിയുമെന്ന് ബഹിരാകാശ ഗവേഷകർ പറയുന്നു. പലപ്പോഴും ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക പ്രയാസകരമാണ്. ഇരുണ്ടതും കറഞ്ഞ അളവിൽ പ്രകാശം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇവയെ തിരിച്ചറിയുക ശ്രമകരമാണ്.
എന്നാൽ ഭൂമിക്കുനേരേ വരുന്ന, അപകടം വിതയ്ക്കാവുന്ന സാഹചര്യത്തിൽ ഛിന്നഗ്രഹങ്ങളെ തകർക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. വൻ പ്രഹരശേഷിയോടെ എത്തുന്ന ഇവയെ പൂർണമായും തകർക്കാനുള്ള പരീക്ഷണങ്ങൾ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രതിരോധത്തിന്റെ അവസാനനിരയായാണ് ആണവായുധം പ്രയോഗിക്കുക എന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷണൽ ലാബോറട്ടറിയിലെ ജ്യോതിശാസ്ത്രജ്ഞനായ ഇസയ്യ സാന്റിസ്റ്റീവന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 160 മീറ്റർ വീതിയുള്ള ഛിന്നഗ്രഹത്തിനെതിരേ ഒരു മെഗാടൺ ആണവായുധം ഉപയോഗിച്ചാൽ എന്തു സംഭവിക്കുമെന്ന് പഠിക്കാൻ കംപ്യൂട്ടർ സിമുലേഷൻ ഉപയോഗിക്കുകയായിരുന്നു ഗവേഷകർ.
ആണവായുധം ഛിന്നഗ്രഹത്തിൽ ഇടിക്കണമെന്നില്ല. മീറ്ററുകൾക്കകലെ വച്ചു പൊട്ടിത്തെറിച്ചാൽ മതി. സ്ഫോടനശേഷം ഉണ്ടാകുന്ന എക്സ് റേ എനർജി ചിന്നഗ്രഹത്തിന്റെ ഉപരിതലത്തിലെ താപനില ഉയർത്തുകയും തുടർന്നു തകർക്കുകയും ചെയ്യുന്നു.
ഗവേഷണങ്ങൾക്കായി മൂന്ന് ത്രീഡി സിമുലേഷനുകൾ ഗവേഷകർ സൃഷ്ടിച്ചു. നാസയുടെ OSIRIS-REx ദൗത്യത്തിൽ വിശദമായി പഠിച്ച ബെന്നു എന്ന ഛിന്നഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് അവർ സിമുലേറ്റഡ് ഛിന്നഗ്രഹത്തിന്റെ രൂപവും മറ്റും സൃഷ്ടിച്ചത്. 2013ൽ റഷ്യയിൽ പതിച്ച ചെല്യബിൻസ്ക്, 2018ൽ നൈജീരിയയിൽ പതിച്ച അബ പാനു ഉൽക്കാശില എന്നിവയിൽനിന്നുള്ള വിവരങ്ങളും ഗവേഷകർ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു.
ആണവായുധങ്ങൾ പൂർണമായും ഫലപ്രദമോ
ഒരു സിമുലേഷനിൽ, 10 മീറ്റർ അകലെ വച്ചാണ് ആണവസ്ഫോടനം നടത്തിയത്. ഛിന്നഗ്രഹത്തിന്റെ 98.2 ശതമാനം ഭാഗവും നിശേഷം തകർന്നു. 97 ശതമാനം അവശിഷ്ടങ്ങൾ ഛിന്നഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിൽനിന്നു വിട്ടുപോകാനുള്ള വേഗതയേക്കാൾ കൂടുതൽ വേഗം കൈവരിച്ചെന്നും ഗവേഷകർ പറഞ്ഞു. രണ്ടാമത്തെ സ്ഫോടനം 25 മീറ്റർ അകലെവച്ചാണു നടത്തിയത്. ഇതിൽ വ്യാപകനാശമുണ്ടായി. കുറഞ്ഞ ഊർജം മാത്രമേ, എത്തിയുള്ളുവെങ്കിലും ഉപരിതലത്തിൽ വ്യാപകമായി എക്സ് റേ പതിച്ചു. എന്നിരുന്നാലും, പരീക്ഷണങ്ങളിൽ പരിമിതിയുണ്ട്. ഏറ്റവും ദൈർഘ്യമേറിയ സിമുലേഷൻ 145 മില്ലിസെക്കൻഡ് മാത്രമായിരുന്നു. 1,680 കംപ്യൂട്ടർ പ്രോസസറുകൾ ഉപയോഗിച്ച് പരീക്ഷണം പൂർത്തിയാക്കാൻ 59 ദിവസമെടുത്തു. അതുകൊണ്ട്, കൂടുതൽ കാലം ഛിന്നഗ്രഹത്തിന് എന്തു സംഭവിക്കുമെന്നു കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞില്ല.
വിനാശകരമായ ക്ഷുദ്രഗ്രഹങ്ങളെ നേരിടാൻ ആണവായുധങ്ങൾ പൂർണമായും ഫലപ്രദമെന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ പ്രതിരോധത്തിൽ അവസാന ആശ്രയമായി ആണവായുധങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ പരീക്ഷണങ്ങൾ നിർണായക വിവരങ്ങൾ നൽകുന്നുവെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
International
ബഹിരാകാശത്ത് വിളവെടുപ്പുത്സവം! വിളവെടുത്തതോ, മലയാളി വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ! ഒരു മാസം മുന്പ് ബഹിരാകാശത്തു നട്ടുവളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പാണ് ഗവേഷകർ ആഘോഷത്തോടെ നടത്തിയത്. മാത്രമല്ല, വിളവെടുത്ത പച്ചക്കറികൾ പാചകം ചെയ്തു കഴിക്കുകയും ചെയ്തു അനിൽ, കൂടെ അദ്ദേഹത്തിന്റെ സഹ ബഹിരാകാശയാത്രിക ജെസീക്ക മെയ്റും ഉണ്ടായിരുന്നു. ബ്രോക്കോളി സസ്യകുടുംബത്തിൽപ്പെട്ട കേൽ, വാസബി എന്നീ ഇലക്കറികളാണ് വിളവെടുക്കുകയും പാചകം ചെയ്തു കഴിക്കുകയും ചെയ്തത്. ബഹിരാകാശത്ത് വിഭവങ്ങൾ ഉത്പാദിപ്പിക്കുക വഴി, ഭാവിയിൽ ബഹിരാകാശയാത്രികരെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് നാസയുടെ ലക്ഷ്യം.
വിളവെടുപ്പിന്റെയും പാചകം ചെയ്യുന്നതിന്റെയും വീഡിയോ അനിലും സംഘവും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിട്ടുണ്ട്. നാസയുടെ മഹത്തായ പരീക്ഷണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും ബഹിരാകാശ കൃഷിയിലൂടെ ലഭിച്ചത് മികച്ച ഭക്ഷ്യവസ്തുക്കളാണെന്നും, അതീവ രുചികരമായിരുന്നുവെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് അനിൽ എക്സിൽ കുറിച്ചു. നാസ വെജ്ജി ടീം അംഗങ്ങളെ അനിൽ മേനോൻ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, വെജ്ജി പ്ലാന്റ് ഗ്രോത്ത് ചേംബറിലാണ് അതായത്, ബഹിരാകാശ ഗാർഡൻ എന്നു വളിക്കാവുന്ന പ്രത്യേകമായി ഒരുക്കിയ ഭാഗത്താണ് വിവിധ സസ്യങ്ങളെ ഗവേഷകർ വളർത്തുന്നത്.
നിലവിലെ ഗവേഷണങ്ങൾ, ഭാവിയിൽ ചാന്ദ്രദൗത്യം ഉൾപ്പെടെയുള്ള ഗ്രഹാന്തര അന്വേഷണങ്ങൾക്കു കരുത്തുപകരുമെന്ന് നാസ പറഞ്ഞു. ഭാവിയിൽ പ്രപഞ്ചാന്വേഷണങ്ങൾക്ക് ചന്ദ്രനിൽ താവളമൊരുക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളും തുടരാൻ ലക്ഷ്യമിടുന്ന ചൊവ്വ ഉൾപ്പെടെയുള്ള ഗ്രഹാന്തരഗവേഷണങ്ങളിൽ, സ്വന്തമായി ഭക്ഷണം ഉത്പാദിക്കാൻ കഴിയുക എന്നതു ബഹിരാകാശയാത്രികരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും നാസ പറയുന്നു. മാത്രമല്ല, ഭൂമിയിൽനിന്നു കൊണ്ടുപോകേണ്ട ഭക്ഷ്യവസ്തുക്കളുടെ ഭാരം കുറയ്ക്കാൻ കഴിയുമെന്നും നാസ അഭിപ്രായപ്പെടുന്നു.
ആഴ്ചകൾക്കു മുന്പ്, ചൈനയും ബഹിരാകാശത്തു വൻ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ (Tiangong Space Station) വളർത്തിയെടുത്ത നെല്ല് വിജയകരമായി കൊയ്തെടുത്തിരുന്നു. ഭൂമിക്കു പുറത്തു കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് അദ്ഭുതകരമായ വാർത്തയായിരുന്നു.
ഷെൻഷൗ-23 (Shenzhou-23) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞരാണു കാർഷിക പരീക്ഷണത്തിനു പിന്നിൽ. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ സസ്യങ്ങളുടെ ജനിതകമാറ്റങ്ങളും വളർച്ചയും പഠിക്കുകയാണു പ്രധാനം. മേയിൽ നിലയത്തിലെത്തിച്ച വിത്തുകൾ മുളപ്പിച്ച്, വളർത്തി, പൂവിട്ട് വിത്താക്കി മാറ്റുന്ന സീഡ്-ടു-സീഡ് (Seed-to-Seed) പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയാക്കിയതെന്ന് ചൈനീസ് ഗവേഷകർ പറഞ്ഞു.
ഭൂമിയിൽനിന്നു തുടർച്ചയായി ഭക്ഷണസാധനങ്ങൾ ബഹിരാകാശനിലയത്തിലെത്തിക്കുക എന്നതു ചെലവേറിയതാണെന്നു മാത്രമല്ല, പ്രായോഗികവുമല്ല. അതുകൊണ്ട് അതതു കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഇൻ-സിറ്റു പ്രൊഡക്ഷൻ വികസിപ്പിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ ലക്ഷ്യം. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ വികിരണങ്ങളും സസ്യങ്ങളുടെ ജനിതകഘടനയിൽ വരുത്തിയ മാറ്റങ്ങളും ഗവേഷകർ നിരീക്ഷിക്കും. ഭാവിയിൽ കൂടുതൽ വിളവു നൽകുന്നതും പ്രതിരോധശേഷിയുള്ളതുമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
International
കണ്ടെത്തലുകളും തുടർഗവേഷണങ്ങളും; ശസ്ത്രലോകം അനുമാനിക്കുന്നതുപോലെ സംഭവിച്ചാൽ, ചൊവ്വ വെറും ചെവ്വയായിരിക്കില്ല, ഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിസമ്പന്നഗോളമായിരിക്കും! ഭൂമിയിലെ അതിസമ്പന്നന്മാരുടെ പട്ടികപോലെ ബഹിരാകാശ സന്പന്നപ്പട്ടികയിലെ രാജാവാകും ചുവന്ന ഗ്രഹം! ദോഷങ്ങളുടെ ഗ്രഹം, ആരും കൊതിക്കുന്ന മഹാഗ്രഹമായി മാറും! ചൊവ്വയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നാസയുടെ പെർസിവറൻസ് റോവർ ചൊവ്വയിലെ പാറക്കെട്ടുകളിൽ ലേസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിത കണ്ടെത്തൽ. രത്നക്കല്ലുകൾക്കു സമാനമായ ധാതുക്കളുടെ സാന്നിധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ചൊവ്വയിലെ ജെസെറോ ഗർത്തത്തിനു സമീപമുള്ള പാറകളിലാണ് അമൂല്യരത്നങ്ങളുമായി സാമ്യമുള്ള പദാർഥങ്ങൾ കണ്ടെത്തിയതെന്നും നാസ വ്യക്തമാക്കി.
റോവറിലെ സൂപ്പർകാം എന്ന അത്യാധുനിക ഉപകരണത്തിലെ ലേസർ ഉപയോഗിച്ച് ചൊവ്വയിലെ പാറകളുടെ രാസഘടന പരിശോധിക്കുമ്പോഴാണ് ക്രോമിയം അടങ്ങിയ കോറണ്ടം എന്ന ധാതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്നങ്ങൾ രൂപപ്പെടുന്നത് കോറണ്ടം എന്ന ധാതുവിൽ നിന്നാണ്. ഇത്തരമൊരു പ്രദേശത്ത് ഈ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ഗവേഷകരെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു പാറകളിലെ വിടവുകളിലൂടെ അതിശക്തമായ ചൂടുവെള്ളം ഒഴുകിയതാണ് ധാതുക്കൾ രൂപപ്പെടാൻ കാരണമെന്ന് ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രസംഘം വ്യക്തമാക്കി. ഭൂമിയിലും സമാനമായ സാഹചര്യങ്ങളിലാണ് രത്നക്കല്ലുകൾ രൂപപ്പെടാറുള്ളത്.
മുൻപു കരുതിയതിനേക്കാൾ വളരെ സങ്കീർണമായിരുന്നു ചൊവ്വ എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. ചൊവ്വയിൽ ഒരുകാലത്തു സജീവമായി ജലം ഒഴുകിയിരുന്നു എന്നതിനും അഗ്നിപർവതസ്ഫോടനങ്ങൾ നടന്നിരുന്നു എന്നതിനും ഇതു വീണ്ടും തെളിവ് നൽകുന്നു. കൂടാതെ, ചൂടുവെള്ളവും ധാതുക്കളും സമൃദ്ധമായിരുന്ന ഇത്തരം പരിസ്ഥിതികൾ പണ്ട് സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് അനുയോജ്യമായിരുന്നോ എന്ന കാര്യവും ശാസ്ത്രജ്ഞർ പഠനവിധേയമാക്കുന്നുണ്ട്. ചുവന്ന ഗ്രഹത്തിന്റെ പൗരാണിക സാഹചര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് പുതിയ കണ്ടെത്തൽ. റോവർ ശേഖരിക്കുന്ന സാമ്പിളുകൾ ഭാവിയിൽ ഭൂമിയിലെത്തിച്ച് വിശദമായി പരിശോധിക്കുമെന്നും നാസയിലെ ഗവേഷകർ പറഞ്ഞു.
International
ഭൂമിയുടെ ഉപരിതലത്തിൽനിന്നു മനുഷ്യൻ വിസ്മയത്തോടെ നോക്കിനിന്ന വെണ്ണക്കൽ ശോഭയുള്ള ആകാശഗോളം. കഥകളിലെയും പാട്ടുകളിലെയും വിസ്മയചാരുതയാർന്ന അമ്പിളിമാമൻ. ആ അമ്പിളിമാമന്റെ മടിത്തട്ടിൽ മനുഷ്യൻ താമസിക്കാനൊരുങ്ങുന്നു. അപ്പോളോ ദൗത്യത്തിനുശേഷം, അരനൂറ്റാണ്ടു പിന്നിടുമ്പോൾ ശാസ്ത്രലോകം അതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണു മനുഷ്യചരിത്രത്തിലെ സുപ്രധാന ദൗത്യത്തിനു പിന്നിൽ.
ചന്ദ്രന്റെ ഉപരിതലത്തില് മനുഷ്യനു സ്ഥിരമായ താവളം നിര്മിക്കാനുള്ള സമഗ്ര പദ്ധതിയാണ് നാസ തയാറാക്കിയിരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് (South Pole) സമീപത്താണ് താവളം സ്ഥാപിക്കുക. മനുഷ്യനെ ഭൂമിക്ക് പുറത്തുള്ള മറ്റു ഗ്രഹങ്ങളിലേക്കു കൂടി എത്തിക്കുക എന്ന ദീര്ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് നാസ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പ്രാഥമിക ഘട്ടമെന്ന നിലയില് ഈ വർഷം റോബോട്ടിക് ദൗത്യങ്ങള് ചന്ദ്രനിലെത്തിച്ച് അടിസ്ഥാന സൗകര്യങ്ങള് വിശദമായി പരിശോധിക്കുകയും വലിയ പഠനങ്ങൾ നടത്തുകയും ചെയ്യും. 2027-ല് ഷെഡ്യൂള് ചെയ്തിരിക്കുന്ന ആര്ട്ടെമിസ് III ദൗത്യത്തിലൂടെ വാണിജ്യ ലാന്ഡറുകളും ഉപകരണങ്ങളും ചന്ദ്രനില് എത്തിക്കും. 2028-ല് പ്രതീക്ഷിക്കുന്ന ആര്ട്ടെമിസ് IV ദൗത്യത്തിൽ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തില് വീണ്ടും ഇറക്കുകയും സ്ഥിരതാവളം ലക്ഷ്യമിട്ട് തറക്കല്ലിടുകയും ചെയ്യും.
2030-ൽ മനുഷ്യൻ താമസം തുടങ്ങും
2030-കളോടെ ബഹിരാകാശ യാത്രികര്ക്ക് ചന്ദ്രനിലെ ഈ ക്യാമ്പില് താമസിച്ച് ഗവേഷണങ്ങള് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില് വലിയ അളവില് മഞ്ഞുരൂപത്തില് ജല സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞര് വിശ്വസിക്കുന്നത്. ഇതു ഖനനം ചെയ്തെടുക്കുക എന്നതാണ് നാസയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ബഹിരാകാശയാത്രികര്ക്കു കുടിക്കാനുള്ള വെള്ളം, ശ്വസിക്കാനുള്ള ഓക്സിജന്, ഹൈഡ്രജന് വേര്തിരിച്ചെടുത്ത് റോക്കറ്റ് ഇന്ധനം ഉത്പാദിപ്പിക്കുക തുടങ്ങിയവയും നാസ ലക്ഷ്യമിടുന്നു. ഭൂമിയില്നിന്നു വിഭവങ്ങള് എത്തിക്കുന്നതിനു പകരം ചന്ദ്രനിലെ സ്വാഭാവിക വിഭവങ്ങള് ഉപയോഗപ്പെടുത്തി ജീവിക്കാനുള്ള പരിശീലനക്കളരിയായി മാറ്റുകയാണ് നാസയുടെ ലക്ഷ്യം. മാത്രമല്ല, ചന്ദ്രനിൽ ഉത്പാദിപ്പിക്കുന്ന ഇന്ധനം ഭാവിയിൽ ചൊവ്വാ ദൗത്യങ്ങള്ക്ക് ഉപയോഗപ്പെടുത്താനും നാസ ലക്ഷ്യമിടുന്നു.
ഇനി ലക്ഷ്യം ചൊവ്വ, ജീവന്റെ തെളിവുകള് തേടും
ചന്ദ്രനില് സാങ്കേതികവിദ്യ പൂര്ണമായി വികസിപ്പിച്ച ശേഷം, അടുത്തഘട്ടമായി മനുഷ്യനെ ചൊവ്വയിലിറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചൊവ്വയില് ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന അന്വേഷണങ്ങൾക്ക് അവിടെനിന്നു ശേഖരിക്കുന്ന സാമ്പിളുകള് പരിശോധിച്ച് കൃത്യത വരുത്താനാകുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
International
പട്ടാപ്പകൽ പോലും ഇരുളിലാഴുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനു ദിവസങ്ങൾ മാത്രം! അപൂർവ ആകാശവിസ്മയം ഓഗസ്റ്റ് 12-ന്. സൂര്യനെ ചന്ദ്രൻ പൂർണമായി മറയ്ക്കുന്ന സമ്പൂർണ സൂര്യഗ്രഹണമാണു സംഭവിക്കുക. ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികളും ഗവേഷകരും ഏറെ ആകാംക്ഷയോടെയാണ് അപൂർവ പ്രതിഭാസത്തിനായി കാത്തിരിക്കുന്നത്.
അതേസമയം, ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പ്രാദേശിക സമയം, ഓഗസ്റ്റ് 12 രാത്രി 9.45 മുതൽ 13 പുലർച്ചെ 2.15 വരെയാണു സമയം. രാത്രിയായതിനാൽ രാജ്യത്തു ഗ്രഹണം കാണാൻ സാധിക്കില്ല.
ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, വടക്കൻ റഷ്യ, അറ്റ്ലാന്റിക് സമുദ്രഭാഗങ്ങൾ, സ്പെയിൻ, പോർച്ചുഗലിന്റെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമ്പൂർണ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകുക. ഇതിനുപുറമേ, അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, കാനഡ, യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.
ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കൃത്യമായി കടന്നുപോകുമ്പോൾ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സമ്പൂർണ സൂര്യഗ്രഹണം. ഗ്രഹണസമയത്ത് പകൽ പോലും രാത്രി പോലെ മാറും. അന്തരീക്ഷം ഇരുളുകയും താപനില പെട്ടെന്ന് കുറയുകയും ചെയ്യും. സാധാരണ സമയങ്ങളിൽ കാണാൻ സാധിക്കാത്ത സൂര്യന്റെ ബാഹ്യഅന്തരീക്ഷമായ കൊറോണ ദൃശ്യമാകുന്നു എന്നതാണ് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ പ്രധാന സവിശേഷത.
International
വാഷിംഗ്ടൺ ഡിസി: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി യാത്രികൻ ഡോ. അനിൽ മേനോൻ ആദ്യ സ്പേസ്വോക്ക് നടത്തി. പരിചയസമ്പന്നയായ യാത്രിക ജെസീക്ക മെയറും കൂടെയുണ്ടായിരുന്നു.
ജെസീക്കയുടെ ആറാമത്തെ നടത്തമായിരുന്നു. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നേരം 603ന് നിലയത്തിനു പുറത്തെത്തിയ യാത്രികർ പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി പുറത്തുള്ള ഊർജ സംവിധാനങ്ങളിൽ മാറ്റം വരുത്തി. ആറ് മണിക്കൂറും 27 മിനിറ്റും നടത്തം നീണ്ടുനിന്നു.
നിലയത്തിലെ ഊർജോൽപാദനം ഗണ്യമായി വർധിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ സോളർ പാനലുകൾ. ഇതു നിലയത്തിന്റെ ശേഷിക്കുന്ന കാലത്തെ പ്രവർത്തനങ്ങൾക്കു കൂടുതൽ ശക്തി നൽകും.
ദൗത്യ കാലാവധി പൂർത്തിയാകുമ്പോൾ നിലയത്തെ സുരക്ഷിതവും നിയന്ത്രിതവുമായി ഭ്രമണപഥത്തിൽനിന്ന് ഇറക്കുന്നതിലും ഇവ നിർണായക പങ്കുവഹിക്കും.
International
ചന്ദ്രനിൽ വൻ കൂട്ടിയിടി സംഭവിച്ചിരിക്കുന്നു, മണിക്കൂറുകൾക്കു മുൻപ്..! ഭൂമിക്കു ദോഷകരമായി മാറുന്നില്ലെങ്കിലും ചന്ദ്രനിൽ ഇടിച്ചിറങ്ങിയ റോക്കറ്റിന്റെ കൂറ്റൻ അവശിഷ്ടം ഭാവിയിലെ ബഹിരാകാശ ഗവേഷണ മേഖലയിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതായി ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ബഹിരാകാശത്ത് മാസങ്ങളായി നിയന്ത്രണമില്ലാതെ ചുറ്റിത്തിരിയുന്ന സ്പേസ് എക്സ് റോക്കറ്റിന്റെ ഭീമാകാരമായ ഭാഗമാണ് ചന്ദ്രന്റെ ഉപരിതലത്തിൽ അതിവേഗത്തിൽ പതിച്ചത്. ഒരു വലിയ സ്കൂൾ ബസിന്റെ വലുപ്പമുള്ളതും 4,000 കിലോഗ്രാമോളം ഭാരവമുള്ള റോക്കറ്റിന്റെ ഭാഗം മണിക്കൂറിൽ 8,690 കിലോമീറ്റർ വേഗത്തിലാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്കു കൂപ്പുകുത്തിയത്. ചന്ദ്രന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ഐൻസ്റ്റീൻ ഗർത്തത്തിലാണ് റോക്കറ്റ് അവശിഷ്ടം തകർന്നുവീണത്. കൂട്ടിയിടിക്കുശേഷം ചന്ദ്രനിൽ എന്തൊക്കെ സംഭവിക്കുന്നുവെന്ന് നാസ നിരീക്ഷിക്കുകയാണ്.
2025 ജനുവരിയിലാണ് ഫയർഫ്ലൈ എയറോസ്പേസിന്റെ (Firefly Aerospace) ലൂണാർ ലാൻഡറിനെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 (Falcon 9) റോക്കറ്റ് കുതിച്ചുയർന്നത്. ലാൻഡറിനെ ചന്ദ്രനിലേക്കുള്ള പാതയിൽ എത്തിച്ച ശേഷം, റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്ത് ഉപേക്ഷിക്കുകയായിരുന്നു. സാധാരണയായി ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ ഉപയോഗിക്കുന്ന റോക്കറ്റ് ഭാഗങ്ങൾ ദൗത്യത്തിനു ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചശേഷം കത്തിയമരുകയോ സമുദ്രത്തിൽ പതിക്കുകയോ ചെയ്യാം. എന്നാൽ, റോക്കറ്റിന്റെ ഭാഗം ഭൂമിയിൽനിന്ന് ഏറെ അകലെ ബഹിരാകാശത്ത് തങ്ങിനിൽക്കാൻ ഇടയായി. ഇന്ധനം പൂർണമായും തീർന്നതോടെ ഈ കൂറ്റൻ ഇരുമ്പുഭാഗം അനിയന്ത്രിത ബഹിരാകാശ മാലിന്യമായി മാറി.
മനുഷ്യന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തു കിടന്ന റോക്കറ്റ് ഭാഗം ചന്ദ്രനിൽ പതിക്കുന്ന പാതയിലേക്ക് എത്തിയതിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ട്. സൗരവാതങ്ങൾ, സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും സംയുക്ത ഗുരുത്വാകർഷണ ബലങ്ങൾ എന്നിവ ചേർന്ന് റോക്കറ്റിന്റെ ഭ്രമണപഥത്തെ ക്രമേണ ചന്ദ്രന് അഭിമുഖമായി തിരിച്ചുവിടുകയായിരുന്നു.
അതിവേഗത്തിലുള്ള ഈ കൂട്ടിയിടിയിൽ ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് വൻതോതിൽ ധൂളീപടലങ്ങൾ ഉയരും. സൂര്യപ്രകാശം തട്ടുമ്പോൾ പൊടിപടലങ്ങൾ തിളങ്ങുമെങ്കിലും ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പ്രയാസമാണ്. ആഘാതം കൊണ്ട് ഭൂമിക്കോ മറ്റ് കൃത്രിമ ഉപഗ്രഹങ്ങൾക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്ന് നാസ വ്യക്തമാക്കുന്നു- ഇത് അപകടമൊന്നും സൃഷ്ടിക്കുന്നില്ല. എങ്കിലും ബഹിരാകാശ പേടകങ്ങളും അവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നതിലെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും ഇതു ചൂണ്ടിക്കാണിക്കുന്നുവെന്ന് ബഹിരാകാശ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ചന്ദ്രനിൽ മനുഷ്യനിർമിത വസ്തുക്കൾ പതിക്കുന്നത് ഇതാദ്യമല്ല. ശാസ്ത്രീയ പഠനങ്ങൾക്കായും സാങ്കേതിക തകരാറുകൾ മൂലവും മുൻപും നിരവധി വസ്തുക്കൾ ചന്ദ്രനിൽ ഇടിച്ചിറങ്ങിയിട്ടുണ്ട്. 1970ൽ നാസയുടെ സാറ്റൺ 5, 2009ൽ നാസയുടെതന്നെ എൽക്രോസ്, 2019ൽ ഇന്ത്യയുടെ ചാന്ദ്രയാൻ (വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാറുകൊണ്ടു തകർന്നുവീഴുകയായിരുന്നു) തുടങ്ങിയ നിരവധി ഉപഗ്രഹങ്ങൾ, ഉപഗ്രഹഭാഗങ്ങൾ ചന്ദ്രനിൽ ഇടിച്ചിറക്കിയിട്ടുണ്ട്.
ഭാവി ദൗത്യങ്ങൾ
നാസയുടെ ആർടെമിസ് പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനും, അവിടെ സ്ഥിരമായ ബഹിരാകാശ നിലയം സ്ഥാപിക്കാനുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ, അലഞ്ഞുതിരിയുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്കും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്കും വലിയ ഭീഷണിയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വരുംകാലങ്ങളിൽ റോക്കറ്റ് ഭാഗങ്ങൾ ദൗത്യത്തിനു ശേഷം സുരക്ഷിതമായി നശിപ്പിക്കാനോ അല്ലെങ്കിൽ കൃത്യമായ പാതയിലേക്ക് മാറ്റിവിടാനോ ഉള്ള കർശനമായ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ അത്യന്താപേക്ഷിതമാണ്.
International
ശാസ്ത്രലോകത്തിന് ചൊവ്വ എന്ന ചുവന്ന ഗ്രഹം എന്നു വിസ്മയമാണ്. ജീവന്റെ സാന്നിധ്യമുണ്ടോ/ഉണ്ടായിരുന്നോ, ഭാവിയിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ കഴിയുമോ തുടങ്ങിയ ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലം കൂടിയാണിത്. ഇപ്പോൾ, ചൊവ്വയിൽനിന്നുള്ള വിസ്മയകരമായ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. കണ്ണെത്താദൂരത്തോളം തേനീച്ചക്കൂടുകളുടെ മാതൃകയില് പരന്നുകിടക്കുന്ന അതിവിശാലമായ പ്രദേശമാണ് റോവര് കണ്ടെത്തിയത്. നേരത്തെ, ഇത്തരത്തിലുള്ള ചെറിയ ഘടനകള് ചൊവ്വാദൗത്യത്തിനിടയില് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വിശാലമായ മേഖല ശ്രദ്ധയില്പ്പെടുന്നത് അന്വേഷണചരിത്രത്തിലെ ആദ്യത്തെ അധ്യായമാണ്!
വാലെ ഗ്രാന്ഡെ എന്നു പേരിട്ടിരിക്കുന്ന ചൊവ്വാ താഴ്വരയിലേക്ക് ക്യൂരിയോസിറ്റി അടുത്തിടെ പ്രവേശിക്കാനാരംഭിച്ചപ്പോഴാണ് അതിശകരമായ കണ്ടെത്തൽ. ഏകദേശം 1.5 മുതല് മൂന്ന് ഇഞ്ചുവരെ വലിപ്പമുള്ള ബഹുഭുജ രൂപത്തിലുള്ള വിള്ളലുകളാല് സമൃദ്ധമാണ് പ്രദേശം. വ്യാപ്തിയുടെ കാര്യത്തില്, മുൻ കണ്ടെത്തലുകളേക്കാള് എത്രയോ മുകളിലാണ് വാലെ ഗ്രാന്ഡെയിലെ പ്രതിഭാസമെന്നു ദൗത്യത്തിനു പിന്നില് പ്രവര്ത്തിക്കുന്ന നാസയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.
റോവർ പകർത്തിയ 360-ഡിഗ്രി പനോരമ ദൃശ്യങ്ങളില്, നാനാഭാഗങ്ങളിലേക്കും പടര്ന്നുകിടക്കുന്ന ജ്യാമിതീയ രൂപങ്ങള് വ്യക്തമാണ്. പ്രദേശത്തുളള, ആറ് മീറ്റര് ഉയരമുള്ള മിറാഫ്ളോര്സ് എന്ന പാറക്കെട്ടിനു ചുറ്റുമാണ് ബഹുഭുജരൂപങ്ങൾ. റോവറിന്റെ കാമറകളിലൂടെ കൗതുകകരമായ പല കാഴ്ചകളും കണ്ടിട്ടുണ്ടെങ്കിലും, ഒരേ രീതിയിലുള്ള ഈ ക്രമം തികച്ചും അത്ഭുതപ്പെടുത്തുന്നതാണെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്ഷന് ലബോറട്ടറിയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.
കണ്ടെത്തിയ ഘടനകളുടെ ആകൃതിയും രാസഘടനയും ശാസ്ത്രജ്ഞര് വിശദമായ പഠനത്തിനു വിധേയമാക്കി. നേരത്തെ നടത്തിയ ദൗത്യങ്ങളില് ദൃശ്യമായ ഇത്തരം പ്രതിഭാസങ്ങള് ഉണങ്ങിവരണ്ട ചെളിയിലെ വിള്ളലുകള് കാരണം രൂപപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്, ഇപ്പോള് കണ്ടെത്തിയിരിക്കുന്ന വിള്ളലുകള്, ഒരുപോലെ ആവര്ത്തിക്കപ്പെടുന്ന തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥാ വ്യതിയാനങ്ങളോ, അല്ലെങ്കില് അവശിഷ്ടങ്ങള്ക്കടിയില് സമ്മര്ദം ചെലുത്തപ്പെട്ട് ജലം പുറന്തള്ളപ്പെട്ടപ്പോള് സംഭവിച്ച മാറ്റങ്ങളോ ആകാം എന്നാണ് ഗവേഷകുടെ വിലയിരുത്തല്. കൂടുതല് പഠനങ്ങളിലൂടെ ചൊവ്വയിലെ പ്രാചീന അന്തരീക്ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള് റോവറിന്റെ പുതിയ കണ്ടെത്തലിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണു നാസ.
International
2024 ജൂലൈ 16-ന് ആണ്, ലോകമെന്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ, ആ മഹാസംഭവം അരങ്ങേറിയത്. അമേരിക്ക ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂര തകർത്ത് പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്നെത്തിയ അതിഥി ബെഡ്റൂമിൽ പ്രവേശിച്ചിരിക്കുന്നു! വീട്ടുകാർ ഭയന്നുവിറച്ചു. പിന്നീട് അതിഥിയെ തിരിച്ചറിഞ്ഞപ്പോൾ, എല്ലാവരും ആവേശത്തിലായി. അന്യഗ്രഹജീവികളെക്കുറിച്ച് നിർണായക വിവരങ്ങളും അപ്രതീക്ഷിത അതിഥി പങ്കുവച്ചു. ആ അതിഥി ആരെന്നല്ലേ..?
ഇതുവരെ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ശുദ്ധമായ ഉൽക്ക! മണിക്കൂറിൽ ഏകദേശം 32,000 മൈൽ വേഗതയിൽ ന്യൂയോർക്ക് നഗരത്തിന്റെ അന്തരീക്ഷത്തിലേക്കു പാഞ്ഞുകയറിയ ഉൽക്ക, വലിയ ശബ്ദത്തോടെ ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. ഏകദേശം ഒരു കിലോഗ്രാമോളം തൂക്കമുള്ള ഇതിന്റെ അവശിഷ്ടങ്ങളാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം തകർത്ത് അകത്തേക്കു വീണത്.
ആ സമയത്തു ഞാൻ വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് ചെന്നു നോക്കിയപ്പോൾ കിടപ്പുമുറിയുടെ സീലിംഗിൽ വലിയൊരു സുഷിരം കണ്ടു. കരിഞ്ഞ ഗന്ധകത്തിന്റെ മണവും മുറിയിലാകെ കറുത്ത അവശിഷ്ടങ്ങളും പൊടിയും പടർന്നിട്ടുണ്ടായിരുന്നു- വീട്ടുടമ പറഞ്ഞു.
എന്നാൽ, വീട്ടുടമയുടെ സമയോചിതമായ ഇടപെടലാണ് ശാസ്ത്രലോകത്തിനു വലിയൊരു വഴിത്തിരിവായത്. ഉൽക്കയുടെ അവശിഷ്ടങ്ങളിൽ നേരിട്ടു സ്പർശിക്കാതെ, ഡിസ്പോസിബിൾ ഗ്ലൗസുകൾ ഉപയോഗിച്ച് അവ ശേഖരിക്കുകയും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ഗ്ലാസ് ജാറുകളിൽ അടച്ചു സൂക്ഷിക്കുകയും ചെയ്തു. ഇത് ബാക്ടീരിയകളോ മറ്റ് ഘടകങ്ങളോ ഉൽക്കയിൽ കലരുന്നതും അതിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതും തടഞ്ഞു. ഇതുവരെ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ശുദ്ധമായ ഉൽക്കാ സാമ്പിളുകളിൽ ഒന്നാണിത്.
International
വാഷിംഗ്ടൺ: പ്രപഞ്ചത്തിലെ വിദൂര തമോഗർത്തങ്ങളെയും അവ നക്ഷത്രങ്ങളെ വിഴുങ്ങുന്ന അപൂർവ പ്രതിഭാസങ്ങളെയും കണ്ടെത്താൻ നാസയുടെ പുതിയ ബഹിരാകാശ ദൂരദർശിനി ഒരുങ്ങുന്നു.
‘നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ്’എന്നു പേരിട്ടിരിക്കുന്ന ഈ ദൂരദർശിനിക്ക് ഏകദേശം 11 ശതകോടി വർഷങ്ങൾക്കുമുന്പ് നിലനിന്നിരുന്ന പുരാതന തമോഗർത്തങ്ങളെപ്പോലും കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത മാസം 30നാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
തമോഗർത്തങ്ങൾ നക്ഷത്രങ്ങളെ വലിച്ചുകീറി വിഴുങ്ങുന്ന ടൈഡൽ ഡിസ്റപ്ഷൻ ഇവന്റ് (ടിഡിഇ) എന്ന പ്രതിഭാസത്തെ നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നക്ഷത്രങ്ങൾ ഇത്തരത്തിൽ വിഴുങ്ങപ്പെടുമ്പോൾ പുറപ്പെടുന്ന ശക്തമായ പ്രകാശം വഴിയാണ് സാധാരണയായി ദൃശ്യമാകാത്ത ഭാരം കുറഞ്ഞ തമോഗർത്തങ്ങളെ തിരിച്ചറിയുന്നത്. പ്രപഞ്ച വികാസം മൂലം നീളം കൂടിയ തരംഗദൈർഘ്യമായി മാറിയ പ്രകാശകിരണങ്ങളെ കണ്ടെത്താൻ ഇൻഫ്രാറെഡ് സാങ്കേതികവിദ്യയാണ് ഈ ദൂരദർശിനിയിൽ ഉപയോഗിക്കുന്നത്.
പ്രതിവർഷം നൂറോളം ടിഡിഇ പ്രതിഭാസങ്ങൾ കണ്ടെത്താൻ റോമൻ ദൂരദർശിനിക്കു സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ജെയിംസ് വെബ് ദൂരദർശിനി പ്രപഞ്ചത്തിലെ ആദ്യകാല ഗാലക്സികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതുപോലെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മുൻകാല രഹസ്യങ്ങൾ ചുരുളഴിക്കാൻ റോമൻ ദൂരദർശിനിയുടെ വിക്ഷേപണത്തോടെ സാധിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 2 (എൽ2)ലാണ് ഈ ദൂരദർശിനി വിന്യസിക്കുന്നത്. ഈ സ്ഥാനം തടസമില്ലാത്തതും വിശാലവുമായ ആകാശക്കാഴ്ച ഇതിനു നൽകുന്നു.
International
ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ധൂമകേതു! മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തു, 3I/ATLAS.
വിസ്മയങ്ങളുടെ മഹാപ്രപഞ്ചത്തിൽ മനുഷ്യനു സങ്കൽപ്പിക്കാനാകുന്നതിന്നപ്പുറമുള്ള എത്രയെത്ര വിഷയങ്ങൾ! ഉത്തരം കണ്ടെത്താനാകാത്ത എത്രയെത്ര സംഭവങ്ങൾ! സൗരയൂഥത്തിന്റെ അതിരുകൾക്കപ്പുറം, പ്രപഞ്ചത്തിന്റെ ഏതോ അജ്ഞാതകോണിൽനിന്ന് നമ്മെ തേടി ഒരു അതിഥി എത്തിയിരുന്നു; 3I/ATLAS എന്ന ധൂമകേതു! മനുഷ്യചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തയതിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ അന്യഗ്രഹവസ്തുവാണിത്.
കഴിഞ്ഞവർഷം ജൂലൈ ഒന്നിനായിരുന്നു ശാസ്ത്രലോകം അന്യഗ്രഹ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ, സൂര്യന്റെ ഗുരുത്വാകർഷണത്തിനു വഴങ്ങാതെ; വ്യാഴത്തിന്റെ ഭ്രമണപഥവും കടന്ന്, പ്രപഞ്ചത്തിന്റെ ഇരുണ്ട ശൂന്യതയിലേക്കു മടങ്ങുന്നു... ഇനി ഒരിക്കലും ഭൂമിയുടെ വിരുന്നുകാരനായി ആ അന്യഗ്രഹവസ്തു തിരിച്ചുവരില്ല. എന്നാൽ, പോകും മുൻപ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ചില നിർണായക രഹസ്യങ്ങൾ ശാസ്ത്രജ്ഞർക്കു സമ്മാനിച്ചാണ് 3I/ATLAS മടങ്ങിയത്.
സൗരയൂഥത്തിന്റെ വെളിയിൽനിന്ന് എത്തിയ വസ്തുക്കളിൽ ആദ്യത്തേത് 2017-ൽ കണ്ടെത്തിയ ഓമുവമുവ (1I/Oumuamua) ആണ്. അതിന്റെ സഞ്ചാരംതന്നെ പ്രത്യേക ശൈലിയിലായിരുന്നു. രണ്ടാമത്തേത് 2019-ൽ കണ്ടെത്തിയ ബോറിസോവ് (2I/Borisov). മൂന്നാമതായി എത്തിയ അതിഥിയാണ് 3I/ATLAS. ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പും ചിലിയിലെ അൽമ (ALMA) ടെലിസ്കോപ്പും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാമൻ ശാസ്ത്രലോകത്തിനു നൽകിയത് സമാനതകളില്ലാത്ത അറിവുകളാണ്.
ഏകദേശം 1.5 മൈൽ വ്യാസമുള്ള പാറയും മഞ്ഞും നിറഞ്ഞ അന്യഗ്രഹവസ്തുവിന്റെ രാസഘടന പരിശോധിച്ച ഗവേഷകർ അദ്ഭുതകരമായ കാര്യങ്ങളിലേക്കാണ് എത്തിയത്. പാറകളിൽ കാണപ്പെടുന്ന സിലിക്കേറ്റുകൾ സാധാരണയായി പരൽ രൂപത്തിലോ അല്ലെങ്കിൽ, പ്രത്യേക രൂപമില്ലാതെയോ ആണ് കാണപ്പെടാറുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ ഇവ പരൽ രൂപത്തിലാണ്. എന്നാൽ 3I/ATLAS-ൽ ഇവ രൂപരഹിതമായാണ് കാണപ്പെട്ടത്. ഇതിനർഥം, വലിയ പ്രക്ഷുബ്ധതകളൊന്നുമില്ലാത്ത, തികച്ചും ശാന്തമായ അന്യഗ്രഹ വ്യൂഹത്തിന്റെ പുറംഭാഗത്താണ് ഇതു രൂപം കൊണ്ടതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
3I/ATLAS-ൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കൂടാതെ, ഇതിലെ ഹെവി വാട്ടർ -ന്റെ അളവ് നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളേക്കാൾ 30 മടങ്ങ് അധികമാണ്. മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിനും താഴെയുള്ള അതിശൈത്യമുള്ള അന്തരീക്ഷത്തിലേ ഈ പ്രതിഭാസം സാധ്യമാകൂ.
മനുഷ്യൻ കണ്ടതിൽ ഏറ്റവും പഴക്കമേറിയ വസ്തു
ജെയിംസ് വെബ് ടെലിസ്കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ ഇതിൽ കാർബൺ13- ന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിനർഥം പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ; ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ഒന്നാകാം ഇത്. അനുമാനം ശരിയാണെങ്കിൽ മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുവായിരിക്കും 3I/ATLAS.
കോടിക്കണക്കിന് വർഷം ശൂന്യാകാശത്തിലൂടെ യാത്ര ചെയ്ത് നമ്മളിലേക്ക് എത്തിയ അതിഥി, പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങളും നമ്മുടേതു പോലെ പ്രക്ഷുബ്ധമല്ലെന്നും തികച്ചും ശാന്തമായ പ്രപഞ്ചസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും തെളിയിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭാവിയിൽ ഇത്തരം വിരുന്നുകാരെ കൂടുതൽ അടുത്തറിയാൻ യൂറോപ്യൻ സ്പേസ് ഏജൻസി, കോമറ്റ് ഇന്റർസെപ്റ്റർ - പോലുള്ള ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിരാ സി. റൂബിൻ ഒബ്സർവേറ്ററി പോലെയുള്ള അത്യാധുനിക ടെലിസ്കോപ്പുകൾ കൂടി സജ്ജമായതോടെ, വരും വർഷങ്ങൾ അന്യഗ്രഹ വസ്തുക്കളെക്കുറിച്ചുള്ള പഠനം സുവർണ കാലഘട്ടമായി മാറുമെന്നാണ് ഗവേഷകലോകത്തിന്റെ വിലയിരുത്തൽ.
International
അസ്താന (കസാക്കിസ്ഥാൻ): നാസയുടെ ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന ദൗത്യസംഘം ഇന്നു ബഹിരാകാശത്തേക്ക് യാത്രയാകും.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിലാണ് റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിക്കുക. ഇന്ന് പ്രാദേശിക സമയം രാത്രി 7.47നാണ് (ഇന്ത്യൻ സമയം രാത്രി 8.17) കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് പേടകത്തിന്റെ വിക്ഷേപണം. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന് വംശജനായ 49 കാരൻ അനില് മേനോന് നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന് സൈനിക ഉദ്യോഗസ്ഥനുമാണ്.
‘സോയൂസ് എംഎസ്-29’ പേടകത്തിന്റെ വിക്ഷേപണത്തിന്റെയും പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതിന്റെയും (ഡോക്കിംഗ്) തത്സമയ ദൃശ്യങ്ങൾ നാസ പ്ലസ്, ആമസോൺ പ്രൈം, നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും.
വിക്ഷേപണത്തിനുശേഷം മൂന്നു മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ പേടകം സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ ബഹിരാകാശ നിലയത്തിന്റെ ‘പ്രിചാൽ’ മൊഡ്യൂളുമായി ബന്ധിപ്പിക്കും. തുടർന്ന് പേടകത്തിന്റെ വാതിലുകൾ തുറന്ന് ഇവർ ബഹിരാകാശ നിലയത്തിലേക്കു പ്രവേശിക്കും. നിലവിൽ അവിടെയുള്ള നാസയുടെയും യുറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും റഷ്യയുടെയും സഞ്ചാരികൾക്കൊപ്പം ഈ മൂവർസംഘവും ചേരും.
ദൗത്യം എട്ടു മാസം
നാസയുടെ എക്സ്പെഡിഷൻ 74/75 ദൗത്യങ്ങളുടെ ഭാഗമായി എട്ടു മാസമായിരിക്കും അനിൽ മേനോൻ ബഹിരാകാശത്തു ചെലവഴിക്കുക. 2027 ഏപ്രിലിലായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക.
ദീര്ഘകാല ബഹിരാകാശ യാത്രകള് മനുഷ്യശരീരത്തില് ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയില് രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില് ഉണ്ടാകുന്ന മാറ്റങ്ങള് എന്നിവ കേന്ദ്രീകരിച്ച് അനിൽ മേനോന് വിവിധ പരീക്ഷണങ്ങള് നടത്തും.
ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള് നിര്മിക്കാനുള്ള സാങ്കേതികവിദ്യകള് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണവും നടത്തും. ദീര്ഘദൂര ബഹിരാകാശ ദൗത്യങ്ങളില് ഈ സാങ്കേതികവിദ്യ വളരെ നിര്ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്ട്ടിഫിഷല് ഇന്റലിജന്സും ഉപയോഗിച്ചുള്ള അള്ട്രാസൗണ്ട് പരിശോധനകളും മേനോന് നടത്തും.
Kerala
ഒറ്റപ്പാലം: ഇനി ബഹിരാകാശത്തും ഒറ്റപ്പാലംപെരുമ. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന അഭിമാനനേട്ടത്തിന്റെ പിടവാതിലിലാണ് നാസയിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രഥമ മലയാളി പ്രസിഡന്റ് സർ സി. ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് ഡോ. അനിൽ മേനോൻ. ഡോ. അനിലിന്റെ തായ്വേര് ഒറ്റപ്പാലത്താണ്.
ചൊവ്വാഴ്ച കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും.
ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനിൽ മേനോൻ എട്ടു മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ടു റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.
അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ ചേറ്റൂർ കുടുംബാംഗമാണ്. ഹാർവാർഡിൽനിന്നു ന്യൂറോബയോളജിയിൽ ബിരുദംനേടിയ അനിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയിൽ കേണൽ ആയിരുന്നു. 2014ലാണ് അനിൽ മേനോൻ നാസയിൽ ഫ്ളൈറ്റ് സർജനായെത്തുന്നത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്.
ബഹിരാകാശദൗത്യവുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ അവസാനഘട്ടത്തിലാണ് അനിൽ. ചാന്ദ്ര, ചൊവ്വ ഗവേഷണത്തിലാകും രാജ്യാന്തര ബഹിരാകാശനിലയത്തിൽ അദ്ദേഹമടക്കമുള്ള സംഘം ഏർപ്പെടുന്നത്.
ദൗത്യം പൂർത്തിയാക്കിയ ഡോക്ടർ അനിൽ ഒറ്റപ്പാലത്ത് എത്തുന്പോൾ വൻ സ്വീകരണം നൽകുമെന്നു ചേറ്റൂർ ശങ്കരൻ നായർ ട്രസ്റ്റ് സെക്രട്ടറി ഇ.പി. ചിത്രേഷ് നായർ പറഞ്ഞു.
International
വാഷിംഗ്ടൺ: നാസ ബഹിരാകാശ സഞ്ചാരിയായ ഇന്ത്യൻ വംശജൻ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിക്കുന്നു.
ജൂലൈ 14നാണ് അനിൽ മേനോൻ ഖസാക്കിസ്ഥാനിലെ കോസ്മോഡ്രോമിൽനിന്നു യാത്രതിരിക്കുക. യുക്രെയ്ൻ-ഇന്ത്യൻ വംശജരായ ദന്പതികളുടെ മകനായി അമേരിക്കയിലെ മിന്നിയാപോലിസിൽ ജനിച്ച അനിൽ മേനോൻ (49) എമർജൻസി മെഡിസിനിൽ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സിൽ കേണലുമാണ്.
ഭാര്യ അന്ന വിൽഹേമും ബഹിരാകാശസഞ്ചാരിയാണ്.ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ സ്വദേശിനി ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ മേനോൻ
International
മഹാവിസ്മയപ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുണ്ടോയെന്ന നൂറ്റാണ്ടുകളായുള്ള അന്വേഷണം നിർണായകഘട്ടത്തിലെന്ന് ശാസ്ത്രലോകം! ഭൂമിയിൽനിന്ന് 25 പ്രകാശവർഷം അകലെ, അത്യപൂർവമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയിലേക്ക്, പുതിയ ഗ്രഹത്തെക്കൂടി ജ്യോതിശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തിരിക്കുന്നു! ജിജെ 3378ബി (GJ 3378b) എന്നു പേരു നൽകിയ പുതിയ ഗ്രഹം, ഭൂമിയേക്കാൾ ഇരട്ടി വലിപ്പമുള്ള സൂപ്പർ-എർത്ത് (Super-Earth) ആണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഗവേഷകസംഘത്തെ നയിച്ച പോൾ റോബർട്ട്സൺ ദി ആസ്ട്രോഫിസിക്കൽ ജേണലിൽ എഴുതിയ പഠനത്തിൽ; പുതിയ ഗ്രഹത്തെ ഭൂമിയുടെ, അയൽവാസി - എന്ന് വിളിക്കാമെന്നു വിശേഷിപ്പിക്കുന്നു. 1,00,000 പ്രകാശവർഷം വീതിയുള്ള ക്ഷീരപഥവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ 25 പ്രകാശവർഷം എന്നത് വളരെ അടുത്താണെന്നതാണ് ഇതിനു കാരണം.
ഗോൾഡിലോക്സ് സോൺ അഥവാ ഹബിറ്റബിൾ സോൺ
ഒരു നക്ഷത്രത്തിനു വളരെ അടുത്തല്ലാതെ, എന്നാൽ ഒരുപാട് അകലെയുമല്ലാതെ കിടക്കുന്ന ഈ മേഖലയിലാണ് ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ജലം ദ്രാവകാവസ്ഥയിൽ കാണപ്പെടാൻ സാധ്യതയുള്ളത്. ജിജെ 3378ബി എന്ന ഗ്രഹം, ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ ഗോൾഡിലോക്സ് സോണിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് സൂര്യനിൽ നിന്നും ലഭിക്കുന്ന വികിരണങ്ങളുടെ തൊണ്ണൂറു ശതമാനത്തോളം പുതിയ ഗ്രഹത്തിനും ലഭിക്കുന്നുണ്ട്.
ഈ ഗ്രഹത്തിന്റെ സ്ഥാനം ജീവന് അനുകൂലമാണെങ്കിലും, ശാസ്ത്രജ്ഞരുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതിനു സ്വന്തമായി, അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്നതാണ്. ജീവൻ നിലനിൽക്കാനും പ്രപഞ്ചത്തിലെ മാരകമായ വികിരണങ്ങളിൽനിന്ന് ഗ്രഹത്തെ സംരക്ഷിക്കാനും അന്തരീക്ഷം അത്യന്താപേക്ഷിതമാണ്.
ശാസ്ത്രജ്ഞരുടെ ഭാഷയിൽ ജിജെ 3378ബി നിൽക്കുന്നത്, കോസ്മിക് ഷോർലൈൻ - എന്ന അതിർവരമ്പിലാണ്. ഒരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിന് അതിന്റെ നക്ഷത്രത്തിൽനിന്നുള്ള കടുത്ത വികിരണങ്ങളെ പ്രതിരോധിച്ച് അന്തരീക്ഷത്തെ പിടിച്ചുനിർത്താൻ കഴിയുമോ എന്നു നിർണയിക്കുന്ന പരിധിയാണിത്.
നമ്മൾ ഭൂമിയെ ഒരു ആപ്പിളിന്റെ വലിപ്പത്തിലേക്ക് ചെറുതാക്കുകയാണെങ്കിൽ, അതിന്റെ അന്തരീക്ഷത്തിന് ആപ്പിളിന്റെ തൊലിയുടെ അത്രയും മാത്രമേ കനം കാണൂ. എന്നാൽ ജലം ദ്രാവകാവസ്ഥയിൽ നിലനിർത്താനും ശ്വസിക്കാൻ വായു നൽകാനും ബഹിരാകാശത്തെ കടുത്ത വികിരണങ്ങളിൽ നിന്നു സംരക്ഷിക്കാനും ആ ചെറിയ കനം മാത്രം മതി- പോൾ റോബർട്ട്സൺ വ്യക്തമാക്കി.
ചൊവ്വയുടെ മുന്നറിയിപ്പ്
അന്തരീക്ഷം നഷ്ടപ്പെട്ടാൽ ഒരു ഗ്രഹത്തിന് എന്തു സംഭവിക്കും എന്നതിന് ചൊവ്വ നമുക്ക് മുന്നിൽ മുന്നറിയിപ്പായി നിൽക്കുന്നുണ്ട്. കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് ചൊവ്വയ്ക്കും കട്ടിയുള്ള അന്തരീക്ഷവും ജലവും ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ സൂര്യനിൽ നിന്നുള്ള സൗരക്കാറ്റുകൾ കാലക്രമേണ ചൊവ്വയുടെ അന്തരീക്ഷത്തെ തുടച്ചുനീക്കിയതോടെയാണ് ഇന്നു കാണുന്ന മരുഭൂമിയായി ചൊവ്വ മാറിയത്.
ബയോസിഗ്നേച്ചർ
ടെക്സാസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ടെലിസ്കോപ്പിലുള്ള, ഹബിറ്റബിൾ-സോൺ പ്ലാനറ്റ് ഫൈൻഡർ, അരിസോണയിലെ ഡബ്ല്യുഐവൈഎൻ ടെലിസ്കോപ്പിലെ NEID സ്പെക്ട്രോമീറ്റർ - എന്നിവ ഉപയോഗിച്ചാണ് ഈ വലിയ കണ്ടെത്തൽ നടത്തിയത്.
ജിജെ 3378ബി - ഗ്രഹത്തിൽ അന്തരീക്ഷമുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശക്തിയേറിയ ബഹിരാകാശ ദൂരദർശിനികൾ ആവശ്യമാണ്. അങ്ങനെ അന്തരീക്ഷത്തിന്റെ സാന്നിധ്യം കണ്ടെത്താനായാൽ; അവിടെ ജീവന്റെ അടയാളങ്ങളായ, ബയോസിഗ്നേച്ചർ, ജലം എന്നിവ തെരയുന്നതിലേക്കുള്ള ഘട്ടത്തിലേക്കു കടക്കുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായ ഗോഗോഡ് ജെയിംസ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ഒരുപക്ഷേ, പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റയ്ക്കല്ലെന്ന കണ്ടെത്തലിലേക്ക് നമ്മെ നയിക്കുന്ന ആദ്യ ചുവടുവെപ്പായിരിക്കാം ജിജെ 3378ബി എന്ന ശാസ്ത്രലോകം അടിവരയിടുന്നു.
International
കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിൽക്കുമോ ഇല്ലയോ എന്നതു വേറെ കാര്യം! എന്നാൽ, ഭൂമി അതിജീവിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അഞ്ച് ബില്യൺ വർഷങ്ങൾക്കുശേഷം സൂര്യൻ അതിന്റെ ആയുസിന്റെ അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ, ഭൂമി എന്ന വിസ്മയഗ്രഹം ചാമ്പലാകും എന്നതായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിലയിരുത്തൽ. സൂര്യന്റെ മരണപ്പാച്ചിലിൽനിന്നു ഭൂമി ഒരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
കെയു ലൂവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി (ബെൽജിയം) യിലെ ഗവേഷകനായ മാറ്റ്സ് എസെൽഡൂർസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. സൂര്യനോടു സാമ്യമുള്ള മറ്റ് ഭീമൻ നക്ഷത്രങ്ങളുടെ വാർധക്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഭൂമിയുടെ അതിജീവന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.
സൂര്യന്റെ അന്ത്യയാത്ര
ഇനി, 500 കോടി വർഷങ്ങളിലേക്കുള്ള ഹൈഡ്രജൻ മാത്രമാണ് സൂര്യനിൽ അവശേഷിക്കുന്നത്. ഹൈഡ്രജൻ തീരുന്നതോടെ സൂര്യൻ നിലവിലുള്ളതിനേക്കാൾ നൂറിരട്ടി വലിപ്പത്തിലേക്കു വീർത്തുവരും. എനർജി തീരുമ്പോൾ സൂര്യൻ ആദ്യം ചുവന്ന ഭീമൻ നക്ഷത്രമായി (റെഡ് ജയന്റ്) മാറും. അതിനുശേഷം അസിംപ്റ്റോട്ടിക് ജയന്റ് ബ്രാഞ്ച് (എജിബി) എന്ന അതിലും വലിയ ഘട്ടത്തിലേക്ക് സൂര്യൻ കടക്കും. ഒടുവിൽ പുറംഭാഗങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിനിഴൽ പോലെ അവശേഷിക്കുന്ന കേന്ദ്രഭാഗം മാത്രമുള്ള വൈറ്റ് ഡ്വാർഫ് എന്ന അവസ്ഥയിൽ സൂര്യന്റെ ആയുസ് അവസാനിക്കും.
ഈ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അതിഭയങ്കരമായ താപതരംഗങ്ങൾ ഭൂമി, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളെ പൂർണമായും വിഴുങ്ങുമെന്നാണ് ശാസ്ത്രജ്ഞർ ദീർഘകാലമായി വിശ്വസിച്ചിരുന്നത്. എന്നാൽ സൂര്യന്റെ ഭാവിയോടു സാമ്യം പുലർത്തുന്ന; അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന, എൽ 2 പപ്പിസ് എന്ന നക്ഷത്രത്തെ നിരീക്ഷിച്ചതോടെയാണ് ഈ നിഗമനം തിരുത്തപ്പെടുന്നത്.
ഭൂമി രക്ഷപ്പെടാൻ രണ്ട് വഴികൾ
നക്ഷത്രങ്ങളുടെ പരിണാമമാതൃകകൾ പരിശോധിച്ച ഗവേഷകർ ഭൂമിയുടെ ഭാവിയെക്കുറിച്ച് രണ്ട് സാധ്യതകളാണു പറയുന്നത്.
1. ഗ്രഹത്തെ വിഴുങ്ങുന്ന ടൈഡൽ ഫോഴ്സ്
സൂര്യൻ വലിപ്പം വയ്ക്കുമ്പോൾ അതിന്റെ ശക്തമായ ഗുരുത്വാകർഷണ ബലം ഭൂമിയെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുകയും ഒടുവിൽ സൂര്യൻ ഭൂമിയെ വിഴുങ്ങുകയും ചെയ്യാം.
2. സ്റ്റെല്ലാർ വിൻഡ്
സൂര്യൻ അതിന്റെ അവസാന ഘട്ടത്തിൽ ശക്തമായ സ്റ്റെല്ലാർ വിൻഡ് പുറപ്പെടുവിക്കുകയും അതിവേഗം സ്വന്തം പിണ്ഡം നഷ്ടപ്പെടുകയും ചെയ്യാം. അങ്ങനെ വരുമ്പോൾ സൂര്യന്റെ ഗുരുത്വാകർഷണ ശക്തി കുറയുകയും, ഭൂമിക്ക് സൂര്യനിൽനിന്നും അകന്ന് കൂടുതൽ സുരക്ഷിതമായ ഒരു ഭ്രമണപഥത്തിലേക്ക് മാറിപ്പോകാൻ അവസരം ലഭിക്കുകയും ചെയ്യാം.
ഭൂമിയുടെ അന്തിമവിധി
സൂര്യനിൽനിന്ന് പിണ്ഡം നഷ്ടമാകുന്ന വേഗത്തെ ആശ്രയിച്ചിരിക്കും ഭൂമിയുടെ അന്തിമവിധി എന്ന് മുഖ്യ ഗവേഷകനായ മാറ്റ്സ് എസേൽഡൂർസ് പറയുന്നു. സൂര്യന്റെ ആകർഷണബലവും പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയും തമ്മിലുള്ള മത്സരമായിരിക്കും അന്നു നടക്കുക. ഇതിൽ ടൈഡൽ ഫോഴ്സ് ആണ് ജയിക്കുന്നതെങ്കിൽ ഭൂമി സൂര്യനിൽ ലയിക്കും. എന്നാൽ പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയ്ക്കാണ് മേൽക്കൈ എങ്കിൽ ഭൂമി സൂര്യന്റെ വലയത്തിൽനിന്നും അകന്നുമാറി അതിജീവിക്കും.
കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിന്നാലും ഇല്ലെങ്കിലും, പ്രപഞ്ചത്തിൽ ഭൂമി എന്ന ഗ്രഹത്തിന്റെ നിലനിൽപ്പ് പൂർണമായും അവസാനിക്കില്ലെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്.
Viral
ഭാവിയിൽ മനുഷ്യകുലം നടത്താൻ പദ്ധതിയിടുന്ന ഗ്രഹാന്തര അന്വേഷണങ്ങളിൽ, ചന്ദ്രനെ ഇടത്താവളമാക്കി മാറ്റാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. ലക്ഷ്യമിടുന്ന ചൊവ്വ പര്യവേഷണങ്ങൾ ഉൾപ്പെടെയുള്ള ബഹിരാകാശ പഠനങ്ങൾക്കു മനുഷ്യന്റെ ഇടത്തവളം ചന്ദ്രനിലുറപ്പിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ പദ്ധതിയിടുന്നുണ്ട്. മനുഷ്യനെ വരും വർഷങ്ങളിൽ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ മുന്നോട്ടുപോകുന്പോൾ, അദ്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് നാസ.
ചാന്ദ്രദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്കു വഹിക്കേണ്ടിവരുന്ന ഉപകരണങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന പുതിയൊരു "പദാർഥം' വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാസ. ചന്ദ്രന്റെ ഉപരിതലത്തിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും മനുഷ്യവാസം സാധ്യമാക്കാനുമുള്ള നാസയുടെ ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും. ചന്ദ്രോപരിതലത്തിൽനിന്നു ലോഹങ്ങളും, ഓക്സിജനും, റോക്കറ്റ് ഇന്ധനവും വേർതിരിച്ചെടുക്കാനുള്ള ഗവേഷണങ്ങളിലാണ് നാസ. ഇതിനു സഹായകമാകുന്ന ചന്ദ്രനിലെ മണ്ണിനെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള "പദാർഥ'മാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
International
ന്യുയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് റഷ്യയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തെ വായുചോര്ച്ച പരിഹരിക്കാന് തീവ്രശ്രമം. നേരത്തെ പലതവണ വായു ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അതിരൂക്ഷമാണ്.
ഈ സാഹചര്യത്തിലാണ് യുഎസിന്റെ സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലെ നാല് അംഗങ്ങളോടും ഓര്ബിറ്റല് ലാബിലെ യുഎസ് ബഹിരാകാശയാത്രികനോടും ഡ്രാഗണ് പേടകത്തിലേക്കു നീങ്ങാന് യുഎസ് ബഹിരാകാശ ഏജന്സിയായ നാസ നിര്ദേശിച്ചത്.
ചോര്ച്ച പരിഹരിക്കുന്നതിന് റഷ്യന് ബഹിരാകാശഗവേഷണ കേന്ദ്രമായ റോസ്കോസ്മോസ് വിപുലമായ അറ്റകുറ്റപ്പണികളിലേക്ക് കടന്നിരിക്കുകയാണ്.
യുഎസ് യാത്രികരായ ജെസീക്ക മെയര്, ജാക്ക് ഹാത്ത്വേ, യൂറോപ്യന് ബഹിരാകാശ ഏജന്സിയിലെ ഫ്രഞ്ച് ബഹിരാകാശയാത്രിക സോഫി അഡെനോട്ട്, നാസയുടെ സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലെ റഷ്യന് ബഹിരാകാശയാത്രിക ആന്ഡ്രി ഫെഡ്യേവ് യുഎസ് യാത്രികനായ ക്രിസ് വില്യംസ് എന്നിവരോടാണ് ഡ്രാഗൺ പേടകത്തിൽ എത്താൻ നിർദേശിച്ചത്. 190 ദിവസമായി ഇവര് രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ തന്ത്രപ്രധാനമായ ആണവ-ബഹിരാകാശ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാൻ എഫ്ബിഐ മൾട്ടി-ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. നാസയിലെ പ്രമുഖ ഇലക്ട്രിക്കൽ എൻജിനീയറായ ജോഷ്വ ലെബ്ലാങ്കിനെ (29) കത്തിക്കരിഞ്ഞ ടെസ്ല കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള ആണവോർജ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ജോഷ്വ. കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ ഇദ്ദേഹത്തെ പിന്നീട് അലബാമയിലെ വിജനമായ പ്രദേശത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിലെ സെൻട്രി മോഡ് ക്യാമറകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മരണദിവസം രാവിലെ ഹണ്ട്സ്വിൽ വിമാനത്താവളത്തിൽ ഇദ്ദേഹത്തിന്റെ കാർ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2022-നും 2026-നും ഇടയിൽ സമാനമായ സാഹചര്യത്തിൽ നടന്ന 11 ശാസ്ത്രജ്ഞരുടെ മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്ബിഐ പരിശോധിക്കുന്നത്. കൊല്ലപ്പെട്ടവരിലധികവും ആണവ ഗവേഷണം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഇത് രാജ്യത്തിനെതിരായ ആസൂത്രിത നീക്കമാണോ എന്ന് എഫ്ബിഐ സംശയിക്കുന്നു.
എഫ്ബിഐക്കൊപ്പം ഊർജ വകുപ്പും പ്രതിരോധ വകുപ്പും പ്രാദേശിക പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. എംഐടിയിലെ ആണവ ശാസ്ത്ര പ്രൊഫസർ നുനോ ലൂറിറോ, എയ്റോസ്പേസ് ഗവേഷക ആമി എസ്ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ഈ അന്വേഷണ പരിധിയിൽ വരും. ശാസ്ത്രജ്ഞരുടെ സുരക്ഷയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Viral
ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച ആർട്ടെമിസ് II ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോക്കിന് ലഭിച്ചത് ഹൃദയസ്പർശിയായ വരവേൽപ്പ്.
ശൂന്യാകാശത്തിന്റെ നിശബ്ദതയിൽ ദിവസങ്ങളോളം ചിലവഴിച്ചെത്തിയ ക്രിസ്റ്റീനയെ കാത്ത് ആൾക്കൂട്ടമോ ക്യാമറകളോ ആയിരുന്നില്ല, മറിച്ച് തന്റെ പ്രിയപ്പെട്ട വളർത്തുനായ സാഡിയായിരുന്നു വീട്ടുവാതിൽക്കൽ ഉണ്ടായിരുന്നത്.
മാസങ്ങൾ നീണ്ട വിരഹത്തിന് ശേഷം തന്റെ സുഹൃത്തിനെ കണ്ട ആവേശത്തിൽ സാഡി ചുറ്റും ഓടി നടന്നും കുരച്ചും കളിപ്പാട്ടങ്ങൾ കൊണ്ടുവന്നു നൽകിയും സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തെ അത്ഭുതക്കാഴ്ചകളേക്കാൾ വലുത് ഈ സ്നേഹമാണെന്ന് ആ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
പസഫിക് സമുദ്രത്തിലെ ലാൻഡിംഗിന് പിന്നാലെ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൺ എന്നിവർക്കൊപ്പം ക്രിസ്റ്റീനയും ലോകത്തിന് മുന്നിലെത്തിയിരുന്നു.
യാത്രയുടെ ആവേശം വിട്ടുമാറാത്തതിനാൽ താൻ തലേദിവസം ഉറങ്ങിയിട്ടില്ലെന്നും കഴിഞ്ഞ 10 ദിവസത്തെ അനുഭവങ്ങൾ എങ്ങനെ വാക്കുകളിൽ ഒതുക്കുമെന്ന് ചിന്തിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
കേവലം ശാസ്ത്രീയ നേട്ടങ്ങൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചാണ് അവർ സംസാരിച്ചത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും ഏകാന്തതയിലും പരസ്പരം താങ്ങായി നിൽക്കുന്ന ഒരു സംഘം കടമകളാൽ കോർക്കപ്പെട്ടവരാണെന്ന് ക്രിസ്റ്റീന തന്റെ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഈ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കൂട്ടായ്മയുടെയും അടയാളമായി മാറിയിരിക്കുകയാണ്.
International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യമായ ആര്ട്ടെമിസ് ദൗത്യം വിജയകരമായി പൂര്ത്തിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽ വിജയത്തെക്കുറിച്ചു സംസാരിച്ചത് ഇന്ത്യക്കാരനായ അമിത് ക്ഷത്രിയ.
നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററാണു ക്ഷത്രിയ. നാസ അഡ്മിനിസ്ട്രേറ്റര് ജാരെദ് ഐസക്മാന്റെ ഉപദേഷ്ടാവും ക്ഷത്രിയയാണ്.
സ്കോണ്സിനിലെ ബ്രൂക്ക്ഫീല്ഡിലാണ് അമിത് ക്ഷത്രിയ ജനിച്ചത്. ഇന്ത്യന് വംശജരായ മാതാപിതാക്കളുടെ മകനായ അദ്ദേഹം കലിഫോര്ണിയ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലുമാണ് പഠിച്ചത്.
2003 ലാണ് അമിത് ഘത്രിയ നാസയിൽ ചേരുന്നത്. 2014 മുതൽ 17 വരെ അദ്ദേഹം നാസയില് 2014 മുതല് 2017 വരെ ഐഎസ്എസ് ഫ്ലൈറ്റ് ഡയറക്ടറായിരുന്നു.
മൂണ് ടു മാര്സ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരവെയാണ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്.
International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യം വിജയം. പത്തുദിവസം നീണ്ട ദൗത്യത്തില് ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുമായി ചന്ദ്രനെ വലംവച്ച് യാത്രാപേടകം ഓറിയോണ് സുരക്ഷിതമായി പസഫിക് സമുദ്രത്തില് വന്നിറങ്ങി.
ഇന്ത്യന് സമയം ഇന്നലെ പുലര്ച്ചെ 5.38ന് പസഫിക് സമുദ്രത്തിലാണ് ഓറിയോണ് പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറില് 40,428.30 കിലോമീറ്ററായിരുന്നു പേടകത്തിന്റെ വേഗം. ഇതു ശബ്ദത്തേക്കാൾ 33 ഇരട്ടിയോളം വരും. ഉയർന്ന വേഗത്തിനൊപ്പം അതു സൃഷ്ടിക്കുന്ന താപവും വളരെ ഉയർന്നതായിരുന്നു.
ഓറിയോണിനു പുറത്തെ താപനില 2,800 ഡിഗ്രി സെൽഷസ് വരെ ഉയർന്നു. അതായത്, സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ചൂടിന്റെ ആധിക്യം മൂലം ചുവന്ന ഒരു തീഗോളമായി ഓറിയോൺ പേടകം മാറിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
പസഫിക് സമുദ്രത്തിൽ ഇറങ്ങുന്നതിന് 15 മിനിറ്റ് മുന്പ് (ഇന്ത്യൻ സമയം ഏകദേശം 5.23ന്) പേടകം ഏകദേശം നാലു ലക്ഷം അടി (122 കിലോമീറ്റർ) ഉയരത്തിലെത്തിയപ്പോൾ കനത്ത ചൂടു മൂലം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം ആറു മിനിറ്റോളം ഈ അവസ്ഥ തുടർന്നു. ഏകദേശം രണ്ടു ലക്ഷം അടി ഉയരത്തിലെത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
അപ്പോഴും ചൂടിനു വലിയ കുറവില്ലായിരുന്നു. തുടർന്ന് ചൂടും വേഗവും കുറയ്ക്കുന്നതിനായി കറക്ഷൻ ബേൺ നടത്തി പേടകത്തെ അല്പം ഉയർത്തുകയും സഞ്ചാരപാതയിൽ മാറ്റം വരുത്തുകയും ചെയ്തു. പിന്നീട്, 35000 അടി ഉയരത്തിലെത്തിയപ്പോൾ പേടകത്തിന്റെ വേഗം പരമാവധി കുറയ്ക്കാനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരച്യൂട്ടുകൾ വിടർത്തുകയും ചെയ്തു.
കൂറ്റൻ പാരച്യൂട്ടുകൾ വിടർന്നതോടെ പേടകത്തിന്റെ വേഗം കുറയുകയും (മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) നിയന്ത്രിത ലാൻഡിംഗ് (സ്പ്ലാഷ് ഡൗൺ) നടത്തുകയും ചെയ്തു. പേടകം കടലില് ഇറങ്ങിയ ഉടന്തന്നെ യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ് പി. മുര്ത്ത എന്ന കപ്പലിൽ കാത്തിരുന്ന നാവികസേനാംഗങ്ങൾ പേടകത്തെ സമുദ്രത്തിൽനിന്ന് വീണ്ടെടുത്തു.
യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ
സൂര്യഗ്രഹണം
ബഹിരാകാശത്തുവച്ച് സൂര്യഗ്രഹണം കാണുകയെന്ന അത്യപൂർവ കാഴ്ചയാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർക്കു ലഭിച്ചത്. ചന്ദ്രന് സൂര്യനെ മറയ്ക്കുന്ന അത്യപൂര്വ ദൃശ്യം കാമറയിൽ പകർത്താൻ അവർക്കായി. സൂര്യന്റെ കൊറോണ അടുത്തു കാണാനും പകർത്താനും സാധിച്ചു.
ഇരുണ്ട ഭാഗത്തെ ഉല്ക്കാ പതനങ്ങള്
ചന്ദ്രന്റെ ഇരുണ്ട ഭാഗം കാണാനായതാണ് യാത്രക്കാർക്കു ലഭിച്ച അസുലഭമായ മറ്റൊരനുഭവം. ഇരുണ്ട ഭാഗത്ത് ഓറിയോൺ ഉണ്ടായിരുന്ന 40 മിനിറ്റിൽ ആറുതവണ ഉൽക്കാ പതനമുണ്ടായി. ഉല്ക്കകള് പതിക്കുമ്പോഴുണ്ടായ പ്രകാശം പലതവണ കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിച്ചു. കൂടാതെ ഭൂമിയിലിരുന്ന് നമ്മൾ ചന്ദ്രന്റെ ഉദയവും അസ്തമയവും കാണുന്നതുപോലെ ഓറിയോൺ പേടകത്തിലെ യാത്രക്കാർ ഭൂമിയുടെ ഉദയവും അസ്തമയവും ചന്ദ്രന്റെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ കണ്ടു.
പുരാതന ലാവാപ്രവാഹങ്ങൾ
ചന്ദ്രനിലെ പുരാതന ലാവാ പ്രവാഹങ്ങളും വലിയ ഗർത്തങ്ങളും ഉപരിതലത്തിലെ കൂറ്റൻ വിള്ളലുകളും യാത്രക്കാർ കണ്ടു.
International
ഫ്ളോറിഡ: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്ട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കി ഇന്ത്യന് സമയം ഇന്നു പുലര്ച്ചെ 5.37ന് സാന്ഡിയാഗോ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില് ഓറിയോൺ പേടകം നിയന്ത്രിത ലാൻഡിംഗ് നടത്തും.
കഴിഞ്ഞ രണ്ടിനാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്നിന്ന് റോക്കറ്റ് സ്പേസ് ലോഞ്ച് സിസ്റ്റം പേടകത്തെയും വഹിച്ച് ചന്ദ്രനിലേക്കു യാത്ര തിരിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് വേഗവും താപവും നിയന്ത്രിക്കുകയെന്ന ഏറ്റവും അപകടകരമായ ഘട്ടം തരണം ചെയ്യേണ്ടതായുണ്ട്. ഈ സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില് 38,365 കിലോമീറ്റര്വരെയാകും.
ഈ വേഗം മൂലം പേടകത്തിന്റെ ഉപരിതലത്തിലെ ചൂട് 2760 ഡിഗ്രി സെല്ഷസ് വരെ ഉയരും. ഇതു മൂലം പേടകവുമായുള്ള ആശയവിനിമയം പോലും തടസപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഉയര്ന്ന താപനിലയിലും വികിരണങ്ങളില്നിന്നു സംരക്ഷണമേകുന്ന താപകവചം പേടകത്തിനുണ്ട്. ആർട്ടെമിസ്-1 ദൗത്യത്തില് ഈ താപകവചത്തിനു കേടുവന്നിരുന്നു. അക്കാരണത്താൽത്തന്നെ ഇത്തവണ കൂടുതല് കൃത്യതയോടെയും കരുതലോടെയുമാണു താപകവചം നിർമിച്ചിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന് സമയം രാത്രി 10:55ന് യാത്രാ പേടകമായ ഓറിയോണ് ചന്ദ്രന്റെ ഗുരുത്വാകര്ഷണ പരിധിയിൽനിന്നു പുറത്തെത്തി.
ചന്ദ്രന്റെ ഗുരുത്വാകര്ഷണത്തെ ഒരു ‘സെലസ്റ്റിയല് സ്ലിംഗ്ഷോട്ട്’ (ജ്വലനം നടത്താതെ മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലത്തെ ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹം ദിശാമാറ്റം നടത്തുകയും വേഗം കൈവരിക്കുകയും ചെയ്യുന്ന തന്ത്രം) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗം നേടിയാണു പേടകം മടക്കയാത്ര ആരംഭിച്ചത്. നിലവിൽ ഭൂമിയുടെ ഗുരുത്വാകര്ഷണ ബലത്തിനു കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യൻ സമയം പതിനൊന്നാം തീയതി ശനിയാഴ്ച പുലർച്ചെ 5.37ന് തിരിച്ചെത്തുന്ന വിധമാണ് മടങ്ങിവരവു ക്രമീകരിച്ചിരിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്
മടക്കയാത്രയിലെ പ്രധാന വെല്ലുവിളി ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനമാണ്. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിൾ കൃത്യമാക്കാൻ നിരവധി കറക്ഷൻ ബേൺ നടത്തേണ്ടതായുണ്ട്. ഇത്തരത്തിൽ യാത്രാ പേടകത്തിന്റെ സഞ്ചാരപഥം മാറ്റുകയെന്നത് വളരെ ശ്രമകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ആംഗിൾ കുറഞ്ഞാൽ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാനാവാതെവരും. അതായത്, ഒരു കല്ല് വെള്ളത്തിന്റെ പ്രതലത്തിൽ തട്ടിത്തെറിച്ചു പോകുന്നതുപോലെ. ഇനി ആംഗിൾ കൂടിയാൽ ഘർഷണം കൂടുകയും തന്മൂലമുണ്ടാവുന്ന ചൂട് നിയന്ത്രിക്കാൻ കഴിയാതെ പോയാൽ പേടകത്തിനു തീ പിടിക്കുകയും ചെയ്യും.
സ്കിപ്പ് റീ എൻട്രി
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് മണിക്കൂറില് ഏകദേശം 40,000 കിലോമീറ്റര് വേഗത്തിലാണ് ഒറിയോണ്. അന്തരീക്ഷവുമായുള്ള ഘര്ഷണം മൂലം 2,760 ഡിഗ്രി സെല്ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഇത് മറികടക്കാന് ‘സ്കിപ്പ് റീ എന്ട്രി’എന്ന സാങ്കേതികവിദ്യയാണ് പേടകം ഉപയോഗിക്കുക. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിളിൽനിന്ന് പ്രവേശിച്ച ശേഷം മാറ്റം വരുത്തി താപത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ.
താഴേക്കു വരുന്ന ആംഗിളിൽ മാറ്റം വരുത്തുന്നതോടെ അന്തരീക്ഷത്തിൽനിന്ന് പേടകം ഒന്നുകൂടി പുറത്തേക്കു പോവുകയും പിന്നീട് ചെറിയ ഉയരത്തിൽനിന്നു വീണ്ടും അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഘർഷണം കുറയുന്നു. അതോടെ താപവും വേഗവും നിയന്ത്രണ വിധേയമാക്കാനാവുന്നു. ഇതിലൂടെ പേടകത്തിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലം കുറയ്ക്കാനും ഇറങ്ങുന്ന സ്ഥലം കൃത്യമാക്കാനും സാധിക്കും.
നിയന്ത്രിത ലാൻഡിംഗ്
ഇന്ത്യന് സമയം ശനിയാഴ്ച പുലർച്ചെ 5.37-ന് സാന് ഡിയേഗോ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്യുക. സമുദ്രത്തിൽ പതിക്കുന്നതിനു മുന്പ് പേടകത്തിലെ കൂറ്റൻ പാരച്യൂട്ടുകൾ വിടരുന്നതോടെ വേഗം പരമാവധി കുറയും. യുഎസ് നേവിയുടെ യുഎസ്എസ് ജോണ് പി മൂര്ത്ത എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള നാവിക സേനാ മുങ്ങൽ വിദഗ്ധരുടെ സംഘം പേടകത്തെ സമുദ്രത്തിൽനിന്നു വീണ്ടെടുക്കും. പേടകത്തെ വീണ്ടെടുക്കാനുള്ള റിഹേഴ്സൽ രണ്ടുതവണ സംഘം നടത്തിക്കഴിഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ആര്ട്ടെമിസ് 2 ദൗത്യം ചരിത്രമായി മാറി. ബഹിരാകാശസഞ്ചാരികൾ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കു തയാറെടുക്കുകയാണ്. എന്നാൽ, ദൗത്യത്തിനിടയിൽ ചില സാങ്കേതിക തടസങ്ങൾ നാസയ്ക്കു വെല്ലുവിളി ഉയർത്തി.
ഓറിയോണ് പേടകത്തിനുള്ളിലെ ശുചിമുറിയാണ് വില്ലനായത്. യൂണിവേഴ്സല് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (യുഡബ്ല്യുഎംഎസ്) നേരിടുന്ന സാങ്കേതിക തടസങ്ങള് ബഹിരാകാശ സഞ്ചാരികളില് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയും ചെയ്തു. ഗുരുത്വാകര്ഷണമില്ലാത്ത അവസ്ഥയില് ദ്രവ-ഖര മാലിന്യങ്ങള് കൈകാര്യം ചെയ്യുന്നതിലെ സങ്കീര്ണത ബഹിരാകാശ ദൗത്യത്തിനു വെല്ലുവിളിയാണ്.
ഗുരുത്വാകര്ഷണം ഇല്ലാത്തതിനാല് ബഹിരാകാശ പേടകങ്ങളില് മാലിന്യങ്ങള് താഴേക്കു പതിക്കില്ല. ഇതിനായി വായു ഉപയോഗിച്ച് മാലിന്യങ്ങള് പുറന്തള്ളുന്ന രീതിയാണ് അവലംബിക്കുന്നത്. സഞ്ചാരികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഐസ് പ്ലഗ്ഗിംഗ് ആണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് (ഐഎസ്എസ്) ദ്രവമാലിന്യങ്ങള് ശുദ്ധീകരിച്ച് പുനരുപയോഗിക്കുമ്പോള്, ഓറിയോണ് പേടകത്തില് അവ ബഹിരാകാശത്തേക്കു നേരിട്ടു തള്ളുകയാണു ചെയ്യുന്നത്. പേടകത്തില്നിന്നു പുറന്തള്ളുന്ന ദ്രാവകം ശൂന്യതയിലെ കൊടും തണുപ്പില് പെട്ടെന്ന് ഐസ് കണികകളായി മാറുന്നു.
ഇത്തരത്തില് രൂപപ്പെട്ട ഐസ് കണികകള് വിസര്ജന നോസിലില് അടിഞ്ഞുകൂടിയതോടെ മാലിന്യം പുറന്തള്ളുന്നത് തടസപ്പെടുകയായിരുന്നു. ഇതു ഓറിയോണ് പേടകത്തിനുള്ളിലെ സ്റ്റോറേജ് ടാങ്ക് നിറഞ്ഞു കവിയുന്ന സാഹചര്യത്തിലെത്തി.
പ്രശ്നപരിഹാരത്തിനായി നാസ നടപ്പിലാക്കിയത് തെര്മല് ബേക്കിംഗ് എന്ന രീതിയാണ്. പേടകത്തിന്റെ ടോയ്ലെറ്റ് വെന്റ് ഭാഗം സൂര്യപ്രകാശത്തിനുനേരെ തിരിച്ചുപിടിച്ച് ചൂടാക്കുകയും നോസിലില് തങ്ങിനിന്ന ഐസ് ഉരുകുകയും തടസം നീക്കുകയും ചെയ്തു.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്ക്കും ദീര്ഘകാല ചന്ദ്രവാസം ലക്ഷ്യമിടുന്ന പദ്ധതികള്ക്കും ഇത്തരം വേസ്റ്റ് മാനേജ്മെന്റ് പാഠങ്ങള് നിര്ണായകമാണ്. ബഹിരാകാശത്തെ പരിമിതമായ സാഹചര്യത്തില് നൂറുശതമാനം കാര്യക്ഷമതയുള്ള ശുചിമുറി സംവിധാനങ്ങള് വികസിപ്പിക്കുക എന്നത് എന്ജിനിയറിംഗ് ലോകത്തു വലിയ ഗവേഷണവിഷയമാണ്.
International
ഫ്ലോറിഡ: ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് നിന്ന് പൂർണ സൂര്യഗ്രഹണം ദർശിച്ചു. ഭൂമിയിൽ പലയിടങ്ങളിലും ദൃശ്യമാകുന്ന ഈ പ്രതിഭാസം, ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് കാണാൻ കഴിഞ്ഞത് ദൗത്യത്തിലെ ഏറ്റവും അപൂർവ നിമിഷങ്ങളിലൊന്നായി മാറി. ഓറിയോൺ പേടകത്തിലിരുന്നാണ് സഞ്ചാരികൾ ഈ ദൃശ്യം പകർത്തിയത്.
ഭൂമിയിൽ നിന്ന് ഗ്രഹണം കാണുമ്പോൾ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതായാണ് അനുഭവപ്പെടുക. എന്നാൽ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിലൂടെ ചന്ദ്രന്റെ നിഴൽ അതിവേഗത്തിൽ നീങ്ങുന്ന കാഴ്ചയാണ് സഞ്ചാരികൾക്ക് കാണാൻ സാധിച്ചത്. ഭൂമിക്ക് മുകളിലൂടെ ഒരു വലിയ കറുത്ത നിഴൽ പടരുന്നതുപോലെയാണ് ഈ ദൃശ്യം. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് വെറും 4,067 മൈൽ മാത്രം അകലെയാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഈ സമയത്താണ് ഗ്രഹണവും ദൃശ്യമായത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘം ചന്ദ്രന്റെ മറുവശത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടരുകയാണ്.
ചന്ദ്രനെ വലംവെച്ച ശേഷമുള്ള മടക്കയാത്രയിൽ ഏർപ്പെട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭൂമിയിൽ തിരിച്ചെത്തും. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുക. ബഹിരാകാശത്ത് നിന്നുള്ള ഈ ഗ്രഹണ ദൃശ്യങ്ങൾ വരും ദിവസങ്ങളിൽ നാസ പുറത്തുവിടും.
International
ഹൂസ്റ്റൺ: ബഹിരാകാശ പര്യവേഷണത്തിൽ അരനൂറ്റാണ്ട് പിന്നിട്ട അപ്പോളോ 13ന്റെ റെക്കോർഡ് തകർത്ത് ആർട്ടെമിസ്-2 ദൗത്യസംഘം ചരിത്ര നേട്ടം കൈവരിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ബഹുമതിയാണ് ഇനി ഈ ദൗത്യസംഘത്തിന് സ്വന്തം.
ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30-ന് ആർട്ടെമിസ്-2 പേടകം അതിന്റെ യാത്രയിലെ ഏറ്റവും നിർണായകമായ പോയിന്റിൽ എത്തും. ഇതോടെ ഭൂമിയിൽ നിന്ന് 4,06,173 കിലോമീറ്റർ അകലെയെന്ന അപൂർവ നേട്ടം മനുഷ്യർ കൈവരിക്കും. 1970-ൽ അപ്പോളോ 13 സംഘം സ്ഥാപിച്ച റിക്കാർഡാണ് ഇതോടെ പഴങ്കഥയാകുന്നത്.
ഓറിയോൺ പേടകം ചന്ദ്രോപരിതലത്തിന് ഏകദേശം 6000 കിലോമീറ്റർ വരെ അരികിലെത്തും. ഈ സമയം ചന്ദ്രൻ പേടകത്തിനും ഭൂമിക്കും ഇടയിൽ മറയായി വരുന്നതിനാൽ, ഈ ദൗത്യത്തിനിടയിലെ ഏകദേശം 40 മിനിറ്റോളം പേടകത്തിന് ഭൂമിയുമായി ബന്ധപ്പെടാൻ സാധിക്കില്ല. റീഡ് വൈസ്മാൻ നയിക്കുന്ന നാലംഗ സംഘമാണ് ഈ ചരിത്ര യാത്രയിലുള്ളത്.
ആർട്ടെമിസ്-2 സംഘം ചന്ദ്രനിൽ ഇറങ്ങുന്നില്ല. എന്നാൽ, രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിന് ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ആർട്ടെമിസ് 2 ദൗത്യം, ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു. നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റിയുള്ള നിർണായകമായ "ഫ്ളൈബൈ' പൂർത്തിയാക്കാൻ മണിക്കൂറുകൾ.
ഭൂമിയിൽനിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡ് ഇന്നു തിരുത്തിക്കുറിക്കപ്പെടും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ ചരിത്രസഞ്ചാരികൾ.
ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ:
ബഹിരാകാശ സ്യൂട്ടുകളുടെ പരീക്ഷണം
നിലവിൽ സഞ്ചാരികൾ ഓറിയോൺ ക്രൂ സർവൈവൽ സിസ്റ്റം സ്യൂട്ടുകൾ പരിശോധിച്ചുവരികയാണ്. സീറ്റുകളിൽ ഇരിക്കുക, ചലിക്കുക, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഗവേഷകർ വിലയിരുത്തും. പേടകത്തിനുള്ളിലെ മർദം കുറയുകയോ മറ്റോ ചെയ്താൽ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ സ്യൂട്ടുകളാണ്.
ഓറിയന്റൽ ബേസിൻ, ഹെർട്സ്സ്പ്രംഗ് ബേസിൻ
യാത്രയ്ക്കിടയിൽ ചന്ദ്രോപരിതലത്തിലെ മുപ്പതു പ്രധാന സ്ഥലങ്ങളെക്കുറിച്ച് സംഘം പഠനം നടത്തും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓറിയന്റൽ ബേസിൻ ആണ്. ഏകദേശം 600 മൈൽ വീതിയുള്ള ഈ ഗർത്തം ചന്ദ്രന്റെ വശങ്ങളിലായിട്ടാണു സ്ഥിതി ചെയ്യുന്നത്.
കൂടാതെ, ചന്ദ്രന്റെ മറുവശത്തുള്ള ഹെർട്സ്സ്പ്രംഗ് ബേസിൻ എന്ന ഗർത്തവും ഇവർ നിരീക്ഷിക്കും. ഈ രണ്ട് ഗർത്തങ്ങളെയും താരതമ്യം ചെയ്യുന്നത് വഴി ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ചന്ദ്രന്റെ മറുവശത്തേക്ക് പേടകം കടക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. റേഡിയോ തരംഗങ്ങളെ ചന്ദ്രൻ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ചരിത്രയാത്ര തത്സമയം കാണാം.
International
ഹൂസ്റ്റൺ: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം അമേരിക്കയിലെ നാസ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.
ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ട വേളയിൽ മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ചിത്രം പകർത്തിയത്.
അറ്റ്ലാന്റിക് സമുദ്രഭാഗം ദൃശ്യമാകുന്ന ചിത്രത്തിൽ കടും നീല നിറത്തിലാണ് ഭൂമി ദൃശ്യമാകുത്. ഹെല്ലോ, വേൾഡ് എന്നാണ് ചിത്രത്തിന്റെ പേര്.
അർട്ടിമിസ് ദൗത്യം ഇന്നലെ ഉച്ചയോടെ ഭൂമിയിൽനിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു. ചന്ദ്രനിലേക്ക് അവശേഷിക്കുന്നത് 2,11,200 കിലോമീറ്റർ ദൂരം.
ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ നാലു ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്കു നീങ്ങുന്നത്.
പാതിദൂരം പിന്നിട്ടുവെന്ന അറിയിപ്പു ലഭിച്ചപ്പോൾ സഞ്ചാരികളെല്ലാം വളരെ സന്തോഷത്തിലായെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞതായി നാസ അറിയിച്ചു.
International
വാഷിംഗ്ടൺ: ചന്ദ്രനെ വലംവെക്കാനുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ആർട്ടെമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹരമായ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശത്തിന്റെ അഗാധമായ കറുപ്പിൽ ഒരു നീല മാണിക്യം പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം ഏപ്രിൽ മൂന്നിനാണ് നാസ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
നാസയുടെ ഓറിയോൺ പേടകത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ഏപ്രിൽ രണ്ടിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള നിർണായകമായ എൻജിൻ ബേൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സഞ്ചാരികൾ ഈ ദൃശ്യം കണ്ടത്.
1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമാണിത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നീ നാല് സഞ്ചാരികളാണ് പേടകത്തിലുള്ളത്. ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് 10-ാം ദിവസം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിനുള്ള മുന്നൊരുക്കമാണിത്.
International
വാഷിംഗ്ടൺ ഡിസി: ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ് ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി.
ഭൗമ പരിക്രമണപഥം വിടാനായി പേടകത്തിലെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ബേണ് പൂര്ത്തിയായതായി നാസ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ടിഎൽഐ ജ്വലനം. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക.
ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. അമേരിക്കൻ മാധ്യമങ്ങളുമായി അര മണിക്കൂറോളം സംസാരിച്ച സംഘം ദൗത്യപുരോഗതി പങ്കുവച്ചു.
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടിമിസ് 2. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്.
മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്.
ഏകദേശം 22 ലക്ഷം കിലോമീറ്റർ ആർട്ടെമിസ് 2 സംഘം യാത്ര ചെയ്യും. ഓറിയൺ പേടകത്തിലുള്ള പ്രത്യേക ഭക്ഷണമാണ് യാത്രികർ കഴിക്കുക. ആവശ്യത്തിനു വെള്ളവും ഓക്സിജനും പേടകത്തിൽ സംഭരിച്ചിട്ടുണ്ട്. യാത്രികർക്കായി നാല് സ്വകാര്യ അറകളും പൊതുവായി ഒരു ചെറിയ ശുചിമുറിയും പേടകത്തിലുണ്ട്.
രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.
ഓട്ടോമേറ്റഡ് സംവിധാനങ്ങള് തകരാറിലായാല് ഉപയോഗിക്കുന്ന മാന്വല് പൈലറ്റിങ് സംവിധാനം, പുതിയ ലേസര് കമ്മ്യൂണിക്കേഷന് സംവിധാനം അടക്കം സഞ്ചാരികള് പരീക്ഷിക്കും. തുടര്ന്ന് ബഹിരാകാശ കിരണങ്ങള് എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള് സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്പ് ഒരു തവണ ചന്ദ്രനെ ഓറിയോണ് പേടകം വലംവയ്ക്കും. ഏപ്രില് പത്തോടെ സംഘം തിരിച്ചെത്തും.
International
വാഷിംഗ്ഡൺ ഡിസി: നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര് ഗ്ലോവര്, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്സ് ഡെമോണ്സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില് ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
»» ആദ്യ ദിവസം ««
വിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ സമയത്ത് ഇന്റെറിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) പേടകത്തിൽനിന്നു വേർപെടും. തുടർന്ന് പ്രോക്സിമിറ്റി ഒാപ്പറേഷൻസ് നടക്കും. അതായത് വേർപെട്ട ഐപിഎസിനു ചുറ്റും പേടകം വലംവയ്ക്കും. അത് മാനുവൽ സംവിധാനം ഉപയോഗിച്ചായിരിക്കും നിയന്ത്രിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില് ഒരു പേടകത്തെ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണിത്. തുടർന്ന് വിശ്രമം.
»» രണ്ടാം ദിവസം ««
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിടുകയെന്ന പ്രവർത്തനമാണ് ഈ ദിവസത്തെ പ്രധാന ദൗത്യം. അതിനായി ഓറിയോണിന്റെ എൻജിൻ അരമണിക്കൂർ തുടർച്ചയായി ജ്വലിപ്പിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ യാത്രികരുടെ എല്ലുകൾക്കും മസിലുകൾക്കും ബലക്ഷയം ഉണ്ടാവാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി യാത്രാപേടകമായ ഓറിയോണിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലൈവീൽ എന്ന ഉപകരണത്തിന്റെ പ്രവർത്തനവും രണ്ടാം ദിവസം പരീക്ഷിക്കും.
»» മൂന്നാം ദിവസം ««
ഭൂമിയിൽ സിമുലേറ്ററുകളിൽ പരിശീലിച്ച (ഒരു യഥാർഥ സാഹചര്യത്തെ അല്ലെങ്കിൽ പ്രക്രിയയെ എങ്ങനെ നേരിടണമെന്ന് കംപ്യൂട്ടറോ മറ്റു യന്ത്ര സംവിധാനങ്ങളോ ഉപയോഗിച്ചു നടത്തുന്ന പരിശീലനം) കാര്യങ്ങളുടെ റിഹേഴ്സൽ ബഹിരാകാശത്തു (സീറോ ഗ്രാവിറ്റിയിൽ) നടത്തും. യാത്രാ പേടകത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കും. അടിയന്തര മെഡിക്കല് ചികിത്സാ രീതികളും യാത്രക്കാർ പരിശീലിക്കും.
»» നാലാം ദിവസം ««
പേടകത്തിന്റെ സഞ്ചാരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പതിയെപ്പതിയെ പേടകത്തെ ഉയർത്തുകയും ചെയ്യും. കറക്ഷൻ ബേൺ നടത്തിയാണു സഞ്ചാര പാത നിയന്ത്രിക്കുക. ചന്ദ്രനോടു കൂടുതൽ അടുക്കുന്ന ദിവസമായതിനാൽ ചന്ദ്രന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ പകർത്തും. കൂടാതെ ഭൂമിയിലെ മിഷൻ കൺട്രോൾ സംവിധാനവുമായി ആശയവിനിമയം നടത്തും. പരീക്ഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി യാത്രക്കാർക്കു സംസാരിക്കാനാവും.
»» അഞ്ചാം ദിവസം ««
ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്ന ദിനം. ചന്ദ്രന്റെ ഗുരുത്വാകർഷണം കൂടുതൽ അനുഭവപ്പെടും. പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കും. സ്പേസ് സ്യൂട്ടുകൾ ധരിക്കാനും പരിശീലിക്കും.
»» ആറാം ദിവസം ««
ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 6437 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തും. നാസയിലെ ശാസ്ത്രജ്ഞർ ഈ ദിനത്തെ ഡേ ഓഫ് എക്സൈറ്റ്മെന്റ് (ആവേശത്തിന്റെ ദിവസം) എന്നാണു വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ഡാർക്ക് ഏരിയയിലൂടെ (ഇരുണ്ട വശം) പേടകം സഞ്ചരിക്കും. ആ സമയത്തു മാത്രം നടത്തേണ്ട ചില പരീക്ഷണങ്ങൾ യാത്രക്കാർ നടത്തും. ഏകദേശം മൂന്നു മണിക്കൂറോളം സമയം പേടകം ചന്ദ്രന്റെ ഡാർക്ക് ഏരിയയിലായിരിക്കും. ചന്ദ്രനിലെ പ്രകൃതിയെ അടുത്തറിയാൻ കഴിയുന്നതും ഈ ദിവസമാണ്. ഗർത്തങ്ങളുടെയും കുന്നുകളുടെയും വ്യക്തമായ ചിത്രങ്ങൾ ഈ സയം യാത്രക്കാർ പകർത്തും.
»» ഏഴാം ദിവസം ««
ചന്ദ്രനെ വലംവച്ച ശേഷം മടക്കയാത്ര ആരംഭിക്കുന്ന ദിവസം. നാലു ദിവസം കൊണ്ട് ശേഖരിച്ചവിവരങ്ങളും നടത്തിയതുമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഭൂമിയിലെ മിഷൻ കൺട്രോളിലുള്ള വിദഗ്ധർക്കു കൈമാറും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തും.
»» എട്ടാം ദിവസം ««
ഭൂമിയുടെ കാന്തികവലയത്തിനു പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള് എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം നടത്തും. ഈ പരീക്ഷണം വളരെ നിർണായകമാണ്. പേടകത്തിലെ ജലസംഭരണിയുടെ പ്രവർത്തനവും ഹീറ്റ് ഷീൽഡിന്റെ പ്രവർത്തനവും പരീക്ഷിക്കും. വികിരണങ്ങലിൽനിന്നു സംരക്ഷണം നൽകാൻ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളാണിവ. മടക്കയാത്രയിലെ കറക്ഷൻ ബേൺ ആവശ്യമായി വരുന്ന ദിവസം. ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതും എട്ടാം ദിവസമാണ്.
»» ഒന്പതാം ദിവസം ««
ബഹിരാകാശത്തിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ദിവസം. ഭൂമിയിൽ ഇറങ്ങുന്പോൾ യാത്രക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളെയും മാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കും. അതിനായി പ്രത്യേകം തയാറാക്കിയിരികകുന്ന ‘കംപ്രഷന് വസ്ത്രങ്ങ’ളുടെ പ്രവർത്തനം പരീക്ഷിക്കും. പേടകത്തിനുള്ളിലെ ഉപകരണങ്ങൾക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
»» പത്താം ദിവസം ««
വിക്ഷേപണ ദിവസംപോലെതന്ന ഏറ്റവും നിർണായകമായ ദിവസം. ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ദിവസം. മണിക്കൂറില് ഏകദേശം 40,000 കിലോമീറ്റര് വേഗത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കും. ആ സമയം 2,760 ഡിഗ്രി സെല്ഷസ് ചൂടിനെയാണു യാത്രാപേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തും. പേടകം പസിഫിക് സമുദ്രത്തിനു മുകളിലെത്തുന്പോൾ പാരഷൂട്ടുകൾ നിവരും. മൂന്നു പാരഷൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ വേഗം കുറയുന്ന പേടകം സാന് ഫ്രാന്സിസ്കോ തീരത്തിനു സമീപം സമുദ്രത്തില് പതിക്കും. പേടകത്തിനായി കാത്തുനിൽക്കുന്ന യുഎസ് നാവികസേന യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുത്ത് കരയിലെത്തിക്കും.
International
ഫ്ലോറിഡ: അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ 'ആർട്ടെമിസ് 2' ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് നടക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ തറയിൽ നിന്ന് വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.54-നാണ് ലോകം കാത്തിരിക്കുന്ന ഈ വിക്ഷേപണം നടക്കുക.
കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ അംഗങ്ങൾ. ഇതിൽ വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് തിരിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനും, ക്രിസ്റ്റീന കോക്ക് ആദ്യ വനിതയുമാണ്. ജെറമി ഹാൻസെൻ കനേഡിയൻ ബഹിരാകാശ ഏജൻസിയെയാണ് പ്രതിനിധീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് ചാന്ദ്രപേടകമായ 'ഓറിയോണിനെ' വഹിച്ചുകൊണ്ട് കുതിച്ചുയരുന്നത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന 'ടാങ്കിങ്' പ്രക്രിയ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം 7,500 കിലോമീറ്റർ വരെ അടുത്തുകൂടി ചന്ദ്രനെ വലംവെച്ച് സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന 'ആർട്ടെമിസ് 3' ദൗത്യത്തിന് മുന്നോടിയായുള്ള സുപ്രധാന പരീക്ഷണമാണിത്.
International
വാഷിംഗ്ടണ് ഡിസി: 53 വർഷത്തിനുശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആര്ട്ടെമിസ് 2 ന്റെ കൗണ്ട്ഡൗണ് ആരംഭിച്ചു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.54ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ല് നിന്നാണു വിക്ഷേപണം.
നാലു ബഹിരാകാശ സഞ്ചാരികള് ഉള്പ്പെട്ട സംഘമാണ് ആര്ട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാന് കമാന്ഡറായും വിക്ടര് ഗ്ലോവര് പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷന് സ്പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയില്നിന്ന് 400171. 43 കി.മീ. ദൂരം ദൗത്യസംഘം സഞ്ചരിക്കും. ഭൂമിയില്നിന്നു ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രില് പത്തോടെ പേടകം പസഫിക് സമുദ്രത്തില് തിരികെയെത്തുന്ന വിധത്തിലാണു ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് അടിത്തറയിടുക എന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നതെങ്കിൽ ആർട്ടെമിസ് രണ്ട് നിര്ണായക പരീക്ഷണ ദൗത്യമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിലിറങ്ങില്ല. പകരം അവര് ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിലിറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
1972ലെ അപ്പോളോ 17 ആണ് അവസാന ചാന്ദ്രദൗത്യം. നാസയുടെ സെന്ഡ് യുവര് നെയിം ടു ദി മൂണ് ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകള് അടങ്ങിയ ഡിജിറ്റല് ആര്ക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണത്തില് സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. നാസയുടെ യുട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.
Todays Story
മൂന്നു പതിറ്റാണ്ടുകളായി ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച വന് മുന്നേറ്റങ്ങളിലൂടെ അമേരിക്കയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്ത്തുകയാണ് ചൈന. 2030-ഓടെ ചന്ദ്രനില് തങ്ങളുടെ സഞ്ചാരികളെ എത്തിക്കാനും തുടര്ന്ന് അവിടെ ഒരു സ്ഥിരം ഗവേഷണകേന്ദ്രം സ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലുമാണ് ചൈനീസ് ബഹിരാകാശ ഏജന്സിയായ സിഎന്എസ്എ.
പ്രോജക്റ്റ് 921 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ദീര്ഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ഭാഗമാണെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് (ഐഎസ്എസ്) നിന്ന് 2011-ല് അമേരിക്ക വിലക്കേര്പ്പെടുത്തിയതിനെത്തുടര്ന്ന് ചൈന സ്വന്തമായി തിയാന്ഗോംഗ് എന്ന ബഹിരാകാശ നിലയം നിര്മിച്ചു.
നിലവില് മൂന്ന് ചൈനീസ് ഗവേഷകര് അവിടെ താമസിച്ച് പഠനങ്ങള് നടത്തുന്നുണ്ട്. ബഹിരാകാശ നടത്തം, ഡോക്കിംഗ്, അറ്റകുറ്റപ്പണികള് എന്നിവയില് ചൈന ആര്ജിച്ച പ്രാവീണ്യം ചന്ദ്രനിലേക്കുള്ള യാത്രയില് നിര്ണായകമാകും. രാഷ്ട്രീയമായ സ്ഥിരതയും മുടങ്ങാത്ത ഫണ്ടിംഗുമാണ് ചൈനീസ് പദ്ധതികളുടെ വിജയരഹസ്യമെന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിലെത്താനുള്ള പുതിയ സാങ്കേതികവിദ്യ ചൈന ഇപ്പോള് പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഷെന്ഷൗ പേടകത്തിനു പകരമായി മെംഗ്ഷൗ എന്ന പുതിയ ബഹിരാകാശ പേടകം 2026-ല് പരീക്ഷിക്കും.
ഇതോടൊപ്പം ചന്ദ്രനിലേക്കു പേടകത്തെ എത്തിക്കാന് 90 മീറ്റര് നീളമുള്ള അതിശക്തമായ ലോംഗ് മാര്ച്ച്-10 റോക്കറ്റും വികസിപ്പിക്കുന്നുണ്ട്. 2028-29 കാലയളവില് ചന്ദ്രനില് ഇറങ്ങാനാവശ്യമായ ലാന്യു ലാന്ഡറും പരീക്ഷണ പറക്കലിനു തയാറെടുക്കുകയാണ്.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില് ഒരു അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില് ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 3ഡി - പ്രിന്റിംഗ് സാങ്കേതിക വിദ്യയലൂടെ കെട്ടിടങ്ങള് നിര്മിക്കാനുള്ള പരീക്ഷണം 2028-ലെ ചാംഗ് ഇ 8 - ദൗത്യത്തില് നടക്കും.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക, വിഭവങ്ങള് പ്രയോജനപ്പെടുത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്. അമേരിക്കയുമായി മത്സരത്തിനില്ലെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പരിമിതമായ സ്ഥലങ്ങളില് ആധിപത്യം സ്ഥാപിക്കുന്നത് വരുംകാലത്ത് വലിയ തര്ക്കങ്ങള്ക്കു കാരണമായേക്കാം.
ചന്ദ്രനില് താവളം ഉറപ്പിച്ച ശേഷം 2040-ന് ശേഷം ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പരീക്ഷണശാലയായി ഈ ചാന്ദ്രകേന്ദ്രത്തെ മാറ്റാനാണ് ചൈനയുടെ ലക്ഷ്യം.
SUNDAY DEEPIKA
അങ്ങനെ ആ ആശങ്ക ഒഴിഞ്ഞു..! 2032ല് ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ "2024 YR4' എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു. ജയിംസ് വെബ് ബഹിരാകാശ ദൂരദര്ശിനി ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര് കൃത്യമായി നിര്ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര് 22ന് ഇതു ഭൂമിയില് പതിക്കാന് സാധ്യതയുണ്ടെന്ന് ഗവേഷകര് അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കി. തുടര്ന്ന്, വിശദമായ പഠനങ്ങളില് ഏര്പ്പെട്ട നാസ, ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയല്ലെന്നു വിലയിരുത്തി. ഭൂമിയില് ഇടിച്ചില്ലെങ്കിലും ഇത് ചന്ദ്രനില് ഇടിക്കാന് സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു. ഇതും വലിയ ആശങ്കയായിരുന്നു.
ജയിംസ് വെബിന്റെ കണ്ടെത്തല്
ഭൂമിയില്നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന് ജയിംസ് വെബ് ദൂരദര്ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല് അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്. ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്തന്നെ ആദ്യമാണെന്ന് ജോണ്സ് ഹോപ്കിന്സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര് ആന്ഡി റിവ്കിന് പറഞ്ഞു.
13,200 മൈല് അകലം
ഫെബ്രുവരിയില് നടത്തിയ നിരീക്ഷണങ്ങള്ക്കൊടുവില്, ഛിന്നഗ്രഹം ചന്ദ്രനില് ഇടിക്കാനുള്ള സാധ്യത പൂര്ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്ഷന് ലബോറട്ടറി സ്ഥിരീകരിച്ചു. ചന്ദ്രനില്നിന്ന് ഏകദേശം 13,200 മൈല് അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില് ശാസ്ത്രജ്ഞര് കണക്കുകൂട്ടുന്നത്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര് അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്ത്തിക്കുന്ന "ആസ്റ്ററോയിഡ് ടെറസ്ട്രിയല്-ഇംപാക്റ്റ് ലാസ്റ്റ് അലര്ട്ട് സിസ്റ്റം' (ATLAS) ആണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല് 220 അടി വരെ (53-67 മീറ്റര്) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!
International
വാഷിംഗ്ടൺ: സാങ്കേതിക തടസങ്ങളെത്തുടർന്ന് നാസയുടെ ആർട്ടിമിസ് 2 ചാന്ദ്രദൗത്യം വീണ്ടും നീട്ടിവെച്ചു. 2026 മാർച്ചിൽ നടക്കാനിരുന്ന വിക്ഷേപണം നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഔദ്യോഗികമായി അറിയിച്ചു.
സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ഹീലിയം പ്രവാഹവുമായി ബന്ധപ്പെട്ട തടസമാണ് വിക്ഷേപണം നീട്ടാൻ പ്രധാന കാരണം. ഇത് പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
തകരാർ വിശദമായി പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കൂറ്റൻ എസ്എൽഎസ് റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിലേക്ക് തിരികെ മാറ്റും.
അൻപത് വർഷങ്ങൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയിലെ സുപ്രധാന ദൗത്യമാണ് ആർട്ടിമിസ് 2. മൂന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും ഒരു കനേഡിയൻ സഞ്ചാരിയും ഉൾപ്പെടുന്ന സംഘം ചന്ദ്രനെ വലംവെച്ച് തിരികെ വരുന്ന പത്ത് ദിവസത്തെ ദൗത്യമാണിത്.
2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് നാസയുടെ ദൗത്യം പ്രതിസന്ധിയിലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രഖ്യാപിച്ച ഈ ലക്ഷ്യം പൂർത്തിയാക്കാൻ നാസ കഠിനശ്രമത്തിലാണ്.
International
കലിഫോര്ണിയ: മനുഷ്യന് വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങള് തേടി യാത്രയാകുന്നു. ആർട്ടിമിസ് 2 ദൗത്യം മാർച്ച് ആറിനു നടക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
നാലംഗ ആർട്ടിമിസ് 2 ദൗത്യസംഘത്തിൽ കനേഡിയന് സ്പേസ് ഏജന്സിയുടെ ജെറമി ഹാൻസെണ്, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടര് ഗ്ലോവര്, റീഡ് വൈസ്മാന് എന്നിവരാണുള്ളത്. പത്തു ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങാനാണ് ഇവര് പദ്ധതിയിടുന്നത്.
നാസ നിർമിച്ച ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റായിരിക്കും ഒറിയോൺ പേടകവും വഹിച്ച് കുതിച്ചുയരുക. ഈമാസം നിശ്ചയിച്ചിരുന്ന ദൗത്യം പേടകത്തിലെ ചോർച്ചയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷമുള്ള മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്ട്ടിമിസ് 2. എന്നാല് അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില് കാല് കുത്തിയെങ്കില് ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുകയുള്ളൂ.
നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്ട്ടിമിസിലെ രണ്ടാം ദൗത്യമാണ് നടക്കാന് പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറിയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. 2027ലോ 2028ലോ നടക്കാനിരിക്കുന്ന ആര്ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972നുശേഷം ആദ്യമായി മനുഷ്യന് ചന്ദ്രനില് കാലുകുത്തുക.
54 വർഷത്തിനുശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
International
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ അയച്ച് നാസ. ഫ്ളോറിഡയിലെ കേപ് കാനവറൽ സ്പേസ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണു ബഹിരാകാശ യാത്രികരുടെ യാത്ര.
ഇന്ന് പ്രണയദിനത്തിൽ വൈകുന്നേരം 3.15ന് ഇവർ ബഹിരാകാശ നിലയത്തിലെത്തും. പ്രതികൂല കാലാവസ്ഥ കാരണം നിരവധി തവണ മാറ്റിവച്ചതിനു ശേഷമാണ് ഇന്നലെ വിക്ഷേപണം നടത്തിയത്.
നാസയിലെ ജെസീക്ക മെയർ (കമാൻഡർ), ജാക്ക് ഹാത്ത്വേ (പൈലറ്റ്), റഷ്യൻ ബഹിരാകാശയാത്രിക ആൻഡ്രി ഫദ്യേവ് , ഫ്രഞ്ച് സ്വദേശിയായ സോഫി അഡെനോട്ട് എന്നി വരാണ് സംഘത്തിലുള്ളത്. ജനുവരിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയവർക്ക് പകരക്കാരായാണ് ഇവർ നിലയത്തിലേക്കു പോകുന്നത്.
നിലവിൽ മൂന്ന് പേർ മാത്രമാണു നിലയത്തിലുള്ളത്. ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്കായുള്ള ഗവേഷണത്തിനു സഹായിക്കുന്ന നിരവധി പരീക്ഷണങ്ങൾ അവർ നടത്തും. എട്ടു മാസത്തിനു ശേഷം ബഹിരാകാശ യാത്രികർ മടങ്ങും.
Leader Page
ഇരുപത്തിയേഴു വർഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയിലെ നാസയിൽനിന്നു വിരമിച്ച സുനിത വില്യംസ് ചൊവ്വാഴ്ച ഇന്ത്യ സന്ദർശിക്കാനെത്തി. ശൂന്യാകാശ പര്യവേക്ഷണ മേഖലയിൽ നിരവധി റിക്കാർഡുകൾ സ്ഥാപിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ശൂന്യാകാശ കേന്ദ്രത്തിലേക്ക് മൂന്നു ദൗത്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യുഎസ് നേവി ക്യാപ്റ്റനും നാസയിലെ പ്രമുഖ ബഹിരാകാശ യാത്രികയുമായ സുനിത 2025 ഡിസംബറിലാണ് നാസയിൽനിന്നു വിരമിച്ചത്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിൽനിന്നുള്ള ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയക്കാരിയായ ഉർസുലിൻ ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹിയൊയിൽ ജനിച്ചു. സുനിത ശൂന്യാകാശത്ത് 608 ദിവസങ്ങളാണ് ചെലവഴിച്ചത്. നാസാ ഗഗനചാരിയുടെ കാര്യത്തിൽ രണ്ടാംസ്ഥാനക്കാരിയായി. ഒരു ശൂന്യാകാശയാത്രയിൽ ഏറ്റവും കൂടുതൽ ദിവസം (286 ദിവസം) നാസയുടെ ബോയിംഗ് സ്റ്റാർ ലൈനർ സ്പെയ്സ് എക്സ് ദൗത്യത്തിൽ ചെലവഴിച്ച സുനിത വില്യംസ് നിരവധി ശൂന്യാകാശ യാത്രികർക്കും ശാസ്ത്രജ്ഞർക്കും പ്രചോദനം നല്കിയിട്ടുണ്ടെന്നാണ് നാസയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
‘ഭൂതലത്തിൽ കാലുറപ്പിച്ച് നക്ഷത്രങ്ങളെ സ്വപ്നം കണ്ട വനിത’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുനിത ശൂന്യാകാശ യാത്രയുടെ ഭാഗമായി ഒന്പതു തവണ ശൂന്യാകാശത്തുകൂടി നടന്നിട്ടുണ്ട്. ആകെ 62 മണിക്കൂറോളം തന്റെ ‘നടത്ത’ത്തിൽ ചെലവഴിച്ച സുനിത വനിതാ യാത്രികരുടെ പട്ടികയിൽ ഒന്നാമതാണ്, ശൂന്യാകാശയാത്രാ ചരിത്രത്തിൽ നാലാമതും. ശൂന്യാകാശത്ത് ഒരു മാരത്തണ് ഓട്ടം നടത്തിയ ആദ്യത്തെ വ്യക്തിയാണ് സുനിത എന്നാണ് നാസ വിശേഷിപ്പിച്ചത്.
അമേരിക്കൻ നേവൽ അക്കാദമിയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും മെൽബോണിലെ ഫ്ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനിയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ സുനിത 40 വ്യത്യസ്ത വിമാനങ്ങളിലായി നാലായിരത്തോളം മണിക്കൂറുകൾ നായകത്വം എടുത്തിരുന്നു.
“എന്റെ പരിചയക്കാർക്കറിയാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ശൂന്യാകാശമാണെന്ന്” -ഒരിക്കൽ സുനിത പറഞ്ഞു. ഡിസ്കവറി സ്പെയ്സ് ഷട്ടിലിലാണ് സുനിത തന്റെ ശൂന്യാകാശയാത്രയ്ക്ക് ഹരിശ്രീ കുറിച്ചത്. ഫ്ളൈറ്റ് എൻജിനിയറായി ഡിസ്കവറിയിൽ സേവനമനുഷ്ഠിച്ച സുനിത അന്നത്തെ റിക്കാർഡായ നാല് ശൂന്യാകാശനടത്തം ചെയ്തിരുന്നു.
2012ൽ കസാക്കിസ്ഥാനിൽ ബൈക്കൗണ് കോസ്മോഡ്രോണിൽനിന്ന് വിക്ഷേപിച്ച ശൂന്യാകാശയാത്രയിൽ 127 ദിവസം ചെലവഴിച്ച സുനിത ആ ദൗത്യത്തിൽ കമാൻഡറായിരുന്നു. യാത്രയ്ക്കിടയിൽ മൂന്നു ശൂന്യാകാശ നടത്തം ചെയ്യേണ്ടതായി വന്ന സുനിത റേഡിയേറ്ററിലെ ഒരു ലീക്ക് മാറ്റാനും സോളാർ സിസ്റ്റത്തിലെ ചില ഭാഗങ്ങൾ മാറ്റിവയ്ക്കാനും സഹായിച്ചു.
2024 ജൂണിൽ നാസയുടെ ബോയിംഗ് ഫ്ളൈറ്റ് ടെസ്റ്റ് മിഷന്റെ ഭാഗമായി സ്റ്റാർ ലൈനർ ശൂന്യാകാശ പേടകത്തിൽ യാത്രികയായിരുന്ന സുനിത സ്പെയ്സ് സ്റ്റേഷന്റെ കമാൻഡർ പദവി ഏറ്റെടുത്തിരുന്നു.
യുവശാസ്ത്രജ്ഞരെയും നാസയിലെ മറ്റു സാങ്കേതിക ശാത്രജ്ഞരെയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പ്രചോദനം നല്കാനുള്ള പദ്ധതികളിൽ വ്യാപൃതയാണ് സുനിത.
(കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷണൽ
സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ വിസിറ്റിംഗ് പ്രഫസറാണ് ലേഖകന്)
International
വാഷിംഗ്ടണ്: ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില് ഒരാളായ സുനിത വില്യംസ് നാസയില് നിന്ന് വിരമിച്ചു. ദശാബ്ദങ്ങള് നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്.
ബഹിരാകാശത്ത് ഏറ്റവും കൂടുതല് സമയം ചിലവഴിച്ച വനിതകളില് ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല് തവണ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്ഡും ദീര്ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു. ഇന്ത്യന് വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്ക്ക്
പ്രചോദനമായിരുന്നു.
1998ലാണ് സുനിത വില്യംസ് നാസയില് ചേര്ന്നത്. നാസയില് ടെസ്റ്റ് പൈലറ്റ് എന്ന നിലയില് തന്റെ കരിയര് ആരംഭിച്ച അവര് പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില് അംഗമാവുകയും നിര്ണ്ണായകമായ പല ദൗത്യങ്ങളിലും പങ്കാളിയാവുകയും ചെയ്തു.
തന്റെ കരിയറില് ഉടനീളം നല്കിയ പിന്തുണയ്ക്ക് നാസയോടും സഹപ്രവര്ത്തകരോടും ലോകമെമ്പാടുമുള്ള ആരാധകരോടും നന്ദി പറഞ്ഞാണ് സുനിത വില്യംസ് വിരമിക്കന് പ്രഖ്യാപനം അറിയിച്ചത്. പുതിയ തലമുറ കൂടുതല് വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് വരണമെന്നാണ് അവര് ആഗ്രഹം പ്രകടിപ്പിച്ചത്.
സുനിത വില്യംസ് വിരമിച്ചെങ്കിലും, ഭാവിയില് നാസയുടെ മറ്റ് ഉപദേശക സമിതികളിലോ വിദ്യാഭ്യാസ മേഖലയിലോ അവരുടെ സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശത്തെ ഇന്ത്യന് കരുത്തിന്റെ പ്രതീകമായിരുന്ന അവര്ക്ക് ലോകമെമ്പാടും നിന്ന് ആശംസകള് പ്രവഹിക്കുകയാണ്.
International
കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ നാലോടെയാണ് അണ്ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ചായിരുന്നു അണ്ഡോക്കിംഗ്.
ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്നാണ് പേകടം കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും.
ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.
International
വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്.
ചരിത്രം കുറിക്കാൻ നാലുപേര്
നിലവിലെ കണക്കുകൂട്ടലുകള് പ്രകാരം 2026 ഫെബ്രുവരി ആറിന് ആര്ട്ടെമിസ് II വിക്ഷേപിക്കും. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്നിന്നു ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് വിക്ഷേപണം. എന്നിരുന്നാലും, കാലാവസ്ഥയും സാങ്കേതിക പരിശോധനകളും പരിഗണിച്ച് വിക്ഷേപണ തീയതിയില് മാറ്റങ്ങള് വരാം.
ആര്ട്ടെമിസ് II ദൗത്യത്തില് നാലു ബഹിരാകാശ സഞ്ചാരികളാണ് ഉള്ളത്.
റീഡ് വൈസ്മാന്- ദൗത്യത്തിന്റെ കമാന്ഡര് (നാസ).
വിക്ടര് ഗ്ലോവര്: പൈലറ്റ് (നാസ). ചന്ദ്രനിലേക്കു യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവര്ഗക്കാരന്.
ക്രിസ്റ്റീന കോക്ക്: മിഷന് സ്പെഷലിസ്റ്റ് (നാസ). ചന്ദ്രനിലേക്കു പോകുന്ന ആദ്യ വനിത എന്ന നേട്ടം ക്രിസ്റ്റീനയ്ക്കു സ്വന്തമാകും.
ജെറമി ഹാന്സണ്: മിഷന് സ്പെഷലിസ്റ്റ് (കാനഡ). നാസ പ്രോജക്ടിൽ അമേരിക്കക്കാരനല്ലാത്ത ഒരാള് ആദ്യമായാണ് ഒരു ചാന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്നത്.
Special News
നക്ഷത്രങ്ങള്ക്കിടയിലെ അനന്തതയിൽനിന്നു നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥികള് വരുന്നത് അപൂര്വമായ കാഴ്ചയാണ്. ഓമുവാമുവ-യ്ക്കും (2017), ബോറിസോവി-നും (2019) ശേഷം എത്തിയ 3I/ATLAS എന്ന മൂന്നാമത്തെ വസ്തുവും ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെ ആകാംക്ഷയുടെ മുള്മുനയില് നിര്ത്തിയിരുന്നു. ഇതു വെറുമൊരു ധൂമകേതുവാണോ അതോ അന്യഗ്രഹജീവികള് അയച്ച പേടകമാണോ എന്ന തര്ക്കങ്ങള്ക്കാണ് ഇപ്പോള് ശാസ്ത്രലോകം കൃത്യമായ മറുപടി നല്കിയിരിക്കുന്നത്.
2025 ജൂലൈയില് ദൃശ്യമായ ഈ വസ്തുവിന്റെ സഞ്ചാരപാതയും പ്രകൃതവും തുടക്കം മുതലേ സംശയങ്ങള്ക്കിടയാക്കിയിരുന്നു. പ്രശസ്ത ഹാര്വാര്ഡ് ശാസ്ത്രജ്ഞന് ആവി ലോബ് ഉള്പ്പെടെയുള്ളവര് ഇതൊരു കൃത്രിമ വസ്തുവാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. എന്നാല്, നാസ ഇതു കേവലം ഒരു ധൂമകേതു മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എങ്കിലും, ആധുനിക റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനകള്ക്കൊടുവില് സത്യാവസ്ഥ പുറത്തുവന്നു.
ടെക്നോസിഗ്നേചർ തേടിയുള്ള യാത്ര
ഗ്രീന് ബാങ്ക് ടെലിസ്കോപ്പ്, മീര്കാറ്റ് തുടങ്ങിയ ലോകോത്തര റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ചാണ് ഗവേഷകര് 3I/ATLAS-നെ നിരീക്ഷിച്ചത്. അന്യഗ്രഹ സാങ്കേതികവിദ്യയുടെ അടയാളങ്ങളായ ടെക്നോസിഗ്നേച്ചറുകള് (Technosignatures) കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അത്തരത്തിലൊരു സിഗ്നല് ലഭിച്ചിരുന്നെങ്കില് ഞങ്ങള് ഏറെ ആവേശഭരിതരായേനെ. പക്ഷേ, അവിടെ കൃത്രിമമായി ഒന്നുമില്ല- ബെഞ്ചമിന് ജേക്കബ്സണ് (യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയ) പറഞ്ഞു.
ഈ നിരീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സൂക്ഷ്മതയായിരുന്നു.
ഗ്രീന് ബാങ്ക് ടെലിസ്കോപ്പിന്റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കാന് ജേക്കബ്സണ് നല്കിയ ഉദാഹരണം ശ്രദ്ധേയമാണ്: ഒരു സാധാരണ സ്മാര്ട്ട്ഫോണ് ഏകദേശം ഒരു വാട്ട് ഊര്ജത്ിലാണ് റേഡിയോ തരംഗങ്ങള് പുറപ്പെടുവിക്കുന്നത്. എന്നാല്, 3I/ATLAS-ല് നിന്ന് ഒരു ഫോണിന്റെ പത്തിലൊന്ന് പവര് മാത്രമുള്ള (0.1 വാട്ട്) സിഗ്നല് ഉണ്ടായിരുന്നുവെങ്കില് പോലും തിരിച്ചറിയാന് ശാസ്ത്രജ്ഞര്ക്കു സാധിക്കുമായിരുന്നു. പരിശോധനയില് അത്തരം സിഗ്നലുകളൊന്നും ലഭിക്കാത്തതിനാല്, ഇതൊരു സ്വാഭാവിക ധൂമകേതു മാത്രമാണെന്ന് ശാസ്ത്രജ്ഞര് അടിവരയിടുന്നു.
സൗരയൂഥം വിടും
ഡിസംബര് 19ന് ഭൂമിയില്നിന്ന് ഏകദേശം 26.9 കോടി കിലോമീറ്റര് അകലെയാണ് 3I/ATLAS- കടന്നുപോയത്. നിലവില് ഇതു സൗരയൂഥം വിട്ടുപോകാനുള്ള യാത്രയിലാണ്. എങ്കിലും, ഈ നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ശാസ്ത്രജ്ഞര് ഇപ്പോഴും വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു.
അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ തേടിയുള്ള അന്വേഷണം ഇത്തവണ ഫലം കണ്ടില്ലെങ്കിലും, ഈ പഠനങ്ങള് ഭാവിയിലെ പര്യവേക്ഷണങ്ങള്ക്കു വലിയ മുതല്ക്കൂട്ടാണ്. മറ്റൊരു നക്ഷതരസമൂഹത്തില്നിന്ന് വന്ന ഈ വിരുന്നുകാരന്, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് ഒരു വാതില്കൂടി തുറന്നിട്ടിരിക്കുകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണല് എയ്റോനോട്ടിക്സ് ആന്ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില് പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില് മലയാളി വിദ്യാര്ഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11-ാം ക്ലാസ് വിദ്യാര്ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്ശിക്കാന് അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള് ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്ജിനിയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള് നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല് നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
District News
കൊച്ചി: അമേരിക്കയിലെ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തിൽ മലയാളി വിദ്യാർഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11-ാം ക്ലാസ് വിദ്യാർഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിക്കാൻ അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എൻജിനീയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കൽ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
National
ശുഭാംശു ബഹിരാകാശ നിലയത്തിൽ
ആക്സിയം 4 വിക്ഷേപണം വിജയം
ന്യൂഡല്ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്നിന്ന് ഇന്ത്യന് സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. 28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില് എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ് പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില് എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല് ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്റെ ഫാൽക്കണ്9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്, പോളണ്ടില്നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്നിന്നുള്ള ടിബര് കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില് അറുപതിലേറെ പരീക്ഷണങ്ങള് ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്ഒ നിര്ദേശിച്ച ഏഴു പരീക്ഷണങ്ങള് ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില് റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്, ശരീരത്തിന്റെ പേശികള്ക്കുണ്ടാകുന്ന മാറ്റങ്ങള്, മൈക്രോ ഗ്രാവിറ്റിയില് ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള് മുളപ്പിക്കലും വളര്ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില് ഉള്പ്പെടുന്നു.
അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്ഡില് 7.5 കിലോമീറ്റര് വേഗത്തിലാണ് ഞങ്ങള് വലംവച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ് പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.
ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്. അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.
International
ഫ്ളോറിഡ: പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജൂണ് 22ന് നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. അതേസമയം, പുതിയ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല.
ആക്സിയം മിഷന്-4 വിക്ഷേപണ സാധ്യതകള് പരിശോധിച്ച് വരികയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കുമെന്നുമാണ് നാസ അറിയിച്ചത്. അറ്റകുറ്റപ്പണികള്ക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന് കൂടുതല് സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാന് അന്താരാഷ്ട്ര ബഹിരാകാശ നിലയം തയാറാണെന്ന് ഉറപ്പാക്കാന് നാസ ആഗ്രഹിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള് പരിശോധിക്കാന് സമയം ആവശ്യമാണെന്നും നാസ വാർത്താക്കുറിപ്പില് അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.
ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്റെ ഭാഗമായാണു 39കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില് ബഹിരാകാശത്തേക്കു പോകാന് കാത്തിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്.
ആക്സിയം 4 ദൗത്യസംഘത്തെ വഹിച്ചുള്ള ഡ്രാഗണ് പേടകം സ്പേസ് എക്സിന്റെ ഫാല്ക്കണ് 9 റോക്കറ്റിൽ മേയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്നിന്നു വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ജൂണ് 8, 10, 11 തീയതികളിലും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല.
ആദ്യം കാലവസ്ഥാപ്രശ്നങ്ങളും പിന്നീട് ഫാല്ക്കണ് 9 റോക്കറ്റില് ദ്രവീകൃത ഓക്സിജന് ചോര്ച്ച കണ്ടെത്തിയതും ദൗത്യം വൈകിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ മര്ദവ്യതിയാനം കണ്ടെത്തിയത് ദൗത്യം വൈകാന് ഒടുവില് കാരണമായി. വിക്ഷേപണം വൈകിയതോടെ നിലവിൽ ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്.