ചന്ദ്രനിലിറങ്ങിയ ആൽഡ്രിൻ. ചിത്രമെടുത്ത ആംസ്ട്രോംഗിനെയും, ഈഗിൾ ലൂണാർ മൊഡ്യൂളിനെയും ആൽഡ്രിന്റെ ഹെൽമറ്റ് വൈസറിൽ പ്രതിഫലിച്ചതു കാണാം.
മനുഷ്യർ ഗുഹാവാസികളായി കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. കാട്ടുമൃഗങ്ങളിൽനിന്നും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടാൻ പ്രാകൃതമനുഷ്യൻ പ്രകൃതിദത്തമായ ഗുഹകളെ അഭയകേന്ദ്രങ്ങളാക്കി. ആ ഗുഹകളുടെ ചുവരുകളിൽ, മനുഷ്യരൂപങ്ങൾ, വേട്ടയാടലിന്റെ ദൃശ്യങ്ങൾ, മൃഗങ്ങൾ തുടങ്ങിയവ വരച്ചിട്ടു. അവർ തങ്ങളുടെ ജീവിതം വരകളാക്കി പകർത്തിവച്ചു ഗുഹാചുവരുകളിൽ. എന്നാൽ ഭൂമിയിലെ ഗുഹകളല്ല സംസാരവിഷയം, അന്പിളി മാമന്റെ മടിത്തട്ടിലെ ഗുഹകളെക്കുറിച്ചാണു ശാസ്ത്രലോകത്തു ചർച്ച. ചന്ദ്രനിൽ വീണ്ടും മനുഷ്യൻ കാൽകുത്താൻ ഒരുങ്ങുന്ന ഘട്ടത്തിൽ ഈ ഗുഹകളുടെ പഠനത്തിനു വലിയ പ്രാധാന്യണ്ട്. ചന്ദ്രനിലെ ഗുഹകൾ മനുഷ്യനു താവളമാക്കാൻ കഴിയുമോ എന്ന വലിയ അന്വേഷണത്തിലാണ് നാസ!
ചന്ദ്രന്റെ പ്രതലത്തിൽ കാണപ്പെടുന്ന ദുരൂഹമായ കൂറ്റൻ ഗർത്തത്തെയും അതിനുള്ളിൽ നിലനിൽക്കുന്നുവെന്നു കരുതപ്പെടുന്ന വിശാലമായ ലാവാ തുരങ്കങ്ങളെയും കുറിച്ചു പഠിക്കാനാണു നാസ തയാറെടുക്കുന്നത്. 'GIMLI' ( Geophysical Investigation of the Marius Hills Pit Lava Tube and Interior) എന്നു പേരിട്ടിരിക്കുന്ന ദൗത്യം പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിഎസ്ഐ) നേതൃത്വത്തിലാണു നടപ്പാക്കുന്നത്. നാസയുടെ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ദൗത്യത്തിനു സാമ്പത്തിക-സാങ്കേതിക സഹായം നൽകുന്നത്.

മാരിയസ് ഹിൽസിലെ ഗർത്തവും ലാവാ തുരങ്കങ്ങളും
ചന്ദ്രനിലെ പ്രാചീന അഗ്നിപർവത മേഖലയായ 'മാരിയസ് ഹിൽസി'ൽ സ്ഥിതി ചെയ്യുന്ന ഭീമൻ ഗർത്തത്തെ കേന്ദ്രീകരിച്ചാണു പഠനം. ഏകദേശം 34 മീറ്റർ ആഴവും 65 മുതൽ 90 മീറ്റർ വരെ വ്യാസവുമുള്ളതാണ് ഈ ഗർത്തം. ഉപഗ്രഹ ചിത്രങ്ങളിലൂടെ ഇതിന്റെ സാന്നിധ്യം മുൻപു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഈ ഗർത്തം ഉള്ളിലേക്കു നീളുന്ന കൂറ്റൻ ലാവ തുരങ്കങ്ങളുമായി ബന്ധിക്കുന്നുണ്ടോ എന്നു പൂർണമായി തെളിയിക്കാൻ ശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ചന്ദ്രനിൽ അഗ്നിപർവതങ്ങൾ സജീവമായിരുന്ന കാലത്തു രൂപപ്പെട്ടതാണ് ഇത്തരം ഭൂഗർഭ ലാവാ തുരങ്കങ്ങൾ.
ചന്ദ്രന്റെ ഉപരിതലത്തിൽനിന്നു നേരിട്ട് ഈ ഗർത്തത്തെക്കുറിച്ചു പഠിക്കാൻ 'GIMLI' ദൗത്യം വഴി സാധിക്കും. ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ, ഭൂകമ്പ മാപിനികൾ, ഗ്രാവിമീറ്റർ തുടങ്ങി വിവിധതരം അത്യാധുനിക ഉപകരണങ്ങൾ ഇതിനായി ഉപയോഗിക്കും. കൂടാതെ ഗർത്തത്തിന്റെ ഉൾവശത്തെ പാറക്കെട്ടുകളുടെ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ള കാമറകളും ഇതിൽ സജ്ജീകരിക്കും.

മനുഷ്യവാസത്തിനു വഴിതുറക്കുമോ?
ചന്ദ്രന്റെ ഉപരിതലത്തിൽ കഠിനമായ താപനില വ്യതിയാനങ്ങൾ, ബഹിരാകാശ വികിരണങ്ങൾ, ഉൽക്കാപതനങ്ങൾ എന്നിവ നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ ഗർത്തത്തിനുള്ളിലെ തുരങ്കങ്ങൾ കേടുപാടുകളില്ലാതെ നിലനിൽക്കുന്നുണ്ടെങ്കിൽ, ഭാവിയിൽ ചന്ദ്രനിൽ സ്ഥാപിക്കാൻ പോകുന്ന മനുഷ്യവാസകേന്ദ്രങ്ങൾക്കും ഗവേഷണതാവളങ്ങൾക്കും ഏറ്റവും സുരക്ഷിതമായ പ്രകൃതിദത്ത അഭയകേന്ദ്രങ്ങളായി അവ മാറും. അതോടൊപ്പം ചന്ദ്രന്റെ അഗ്നിപർവത ചരിത്രത്തെക്കുറിച്ചും താപനില വ്യതിയാനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ദൗത്യത്തിനു കഴിയുമെന്ന് നാസയിലെ മുതിർന്ന ഗവേഷകർ വ്യക്തമാക്കി.
Tags : International SpaceScience NASA GIMLI MariusHillsPit LunarCaves AstronautBase ScienceNews