ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്നും ഇത് രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് കമ്മീഷണർമാരെയും നേരിൽ കാണുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ എത്തിയെങ്കിലും പൊലിസ് തങ്ങളെ തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ എത്തിയപ്പോൾ അവരെ തടയേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല.
എന്നാൽ 300 എംപിമാർ കാണാൻ എത്തിയപ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ പോലും സാധിക്കുന്നില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യത്തിന് എന്താണ് അർഥമെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് സഹായം നൽകിയെന്നാണ് രാഹുലിന്റെ ആരോപണം. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കിയെന്ന കാര്യം രാജ്യത്തെ ജനങ്ങൾക്കും യുവാക്കൾക്കും തങ്ങളെ തടഞ്ഞ പൊലിസുകാർക്ക് പോലും ബോധ്യമുള്ള വസ്തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Tags : RahulGandhi ElectionCommission CentralGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews