മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പരിഹസിച്ച് മന്ത്രി രമേശ് ചെന്നിത്തല. ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന എൽഡിഎഫ് ആരോപണത്തിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽഡിഎഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന നിലയിലേക്കാണ് ഇടത് നേതാക്കൾ എത്തിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇടത് നേതാക്കളുടെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടി മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം.
സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ഒത്തുകളിയും നടന്നിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തുന്നത്. എന്തുപറഞ്ഞാലും ഇപ്പോൾ ഒത്തുകളിയാണെന്നാണ് ഇവരുടെ വാദം. സ്വന്തം പാപം കഴുകിക്കളയാൻ ഒത്തുകളിച്ചവർ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
Tags : RameshChennithala PinarayiVijayan M.V.Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews