വിഷ്ണു മോഹൻ.
കൊച്ചി: വിവാഹ സൽക്കാരത്തിന് ഭക്ഷണം നൽകാമെന്ന് കരാറുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ കാറ്ററിംഗ് സ്ഥാപന ഉടമയെ കൂത്താട്ടുകുളം പൊലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം ഇവന്റ് കാറ്ററിംഗ്’ ഉടമ വിഷ്ണു മോഹനനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
സമാനമായ മറ്റൊരു തട്ടിപ്പ് കേസിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ കൂത്താട്ടുകുളം പൊലിസ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലിൽ സുമംഗലാദേവി നൽകിയ പരാതിയിലാണ് പൊലിസിന്റെ നടപടി. പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16ന് നടന്ന ഹൽദി ചടങ്ങിന് 150 പേർക്കും 22ലെ വിവാഹ റിസപ്ഷന് 1000 പേർക്കും ഭക്ഷണം നൽകാം എന്നായിരുന്നു പ്രതിയുമായുള്ള കരാർ.
ഇതിനായി പരാതിക്കാരിയിൽ നിന്നും മകനിൽ നിന്നുമായി ഗൂഗിൾ പേ വഴി വിവിധ ഘട്ടങ്ങളിലായി 1,35,000 രൂപ ഇയാൾ മുൻകൂറായി കൈപ്പറ്റി. എന്നാൽ ഹൽദി ചടങ്ങിന് 100 പേർക്ക് മാത്രമാണ് ഇയാൾ ഭക്ഷണം എത്തിച്ചു നൽകിയത്. തുടർന്ന് പ്രധാന വിവാഹ റിസപ്ഷന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഭക്ഷണം നൽകാൻ കഴിയില്ലെന്ന് അറിയിച്ച് വിഷ്ണു പിന്മാറുകയായിരുന്നു.
മറ്റ് കാറ്ററിംഗുകാരെ ആരെങ്കിലും നോക്കിക്കൊള്ളാൻ പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ പ്രതി ഹൽദിക്ക് നൽകിയ ഭക്ഷണത്തിന്റെ തുകയായ 25,000 രൂപ കിഴിച്ച് ബാക്കി നൽകേണ്ട 1,10,000 രൂപ തിരികെ നൽകാതെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. കൂത്താട്ടുകുളം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.
Tags : VishnuMohan KuthattukulamPolice PoliceQuestioning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews